TopTop
Begin typing your search above and press return to search.

നിയമസഭയില്‍ കാട്ടിക്കൂട്ടിയ തറവേലത്തരങ്ങള്‍ക്കുള്ള വലിയ പിഴയോ മാണി സാറിനുള്ള സ്മാരകം, അതോ 'കുട്ടനാട് പാക്കേജോ'?

നിയമസഭയില്‍ കാട്ടിക്കൂട്ടിയ തറവേലത്തരങ്ങള്‍ക്കുള്ള വലിയ പിഴയോ മാണി സാറിനുള്ള സ്മാരകം, അതോ

കേരളത്തിന്റെ ധന മന്ത്രി ഡോ. തോമസ് ഐസക് ഇന്നു നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കേണ്ടത് ഒരു പക്ഷെ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം എന്ന കടുത്ത വെല്ലുവിളിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം എന്നതുതന്നെയാവണം. രണ്ടു നാൾ മുൻപ് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമർശിച്ചുകൊണ്ട് ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ.രതിൻ റോയ് നടത്തിയ പരാമർശമാണോ ഹേതുവായതെന്നു അറിയില്ല. കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച വാർഷിക ബജറ്റ് പ്രഭാഷണം നടത്തുമ്പോളായിരുന്നു ഡോ.രതിൻ റോയിയുടെ വിമർശം. മാന്ദ്യം ഉണ്ടെന്നു അംഗീകരിച്ച് അത് പരിഹരിക്കാനുള്ള ആദ്യ നടപടിയാണ് വേണ്ടതെന്നും എന്നാൽ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമന്റെ പ്രസംഗത്തിലെവിടെയും ' മാന്ദ്യം ' എന്ന പദം പോലും ഉണ്ടായിരുന്നില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ആ നിരീക്ഷണത്തെ കൂട്ടുപിടിച്ചൊന്നും ആയിരിക്കണമെന്നില്ല കേരളത്തിന്റെ ധന മന്ത്രി സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു തന്റെ ബജറ്റ് പ്രസംഗത്തിൽ ആമുഖമായി പറഞ്ഞത്. കാരണം അത്യാവശ്യം മികച്ച ഒരു സാമ്പത്തിക ശാസ്ത്ര വിദഗ്‌ധൻ തന്നെയാണ് താനെന്നു തെളിയിച്ച ആൾ തന്നെയാണ് ഡോ. തോമസ് ഐസക്.

കേന്ദ്രത്തിന്റെ ചിറ്റമ്മ നയം തുടർക്കഥയാവുന്ന ഒരു കാലത്തു തന്നെയാണ് ഡോ. തോമസ് ഐസക് 2020 -21 വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. കേരള നിയമസഭയിൽ അദ്ദേഹം അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബജറ്റ് എന്ന പ്രത്യേകത കൂടി ഇന്നത്തെ ബജറ്റിന് ഉണ്ടായിരുന്നു. ക്ഷേമ പെൻഷനുകളിൽ 100 രൂപയുടെ വർധന, കാൻസർ രോഗികൾക്ക് പ്രത്യേക പാക്കേജ് , 25 രൂപയ്ക്ക് ഊണ്... തുടങ്ങി ഒട്ടേറെ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയ ബജറ്റിൽ വനിതകൾക്കും കുഞ്ഞുങ്ങൾക്കും വൃദ്ധരായ മാതാപിതാക്കൾക്കും മാത്രമല്ല പൊതു വിദ്യാഭ്യാസത്തിനും വലിയ ഊന്നൽ തന്നെയാണ് നൽകിയിട്ടുള്ളത്. എന്നാൽ സാമ്പത്തിക മാന്ദ്യത്തോടൊപ്പം പൗരത്വ പ്രശ്നം കൂടി അതിരൂക്ഷമായിട്ടുള്ള ഇക്കാലത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നൊക്കെ നികുതി സമാഹരണം നടത്തി ഇതെല്ലാം കൂടി അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയുമോ എന്നതൊക്കെ കാലം തെളിയിക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ തന്നെ എന്ത് വിശ്വാസത്തിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റും പുതിയ നിക്ഷേപം ഉണ്ടാവുക ? അതും ഉള്ള കിടപ്പാടം പോലും ഇട്ടെറിഞ്ഞു പോകേണ്ടിവരുമെന്ന ഭീതി നിലനിൽക്കുന്ന ഒരു നാട്ടിൽ പ്രത്യേകിച്ചും ?
ആ വിഷയം തല്ക്കാലം അവിടെ നിൽക്കട്ടെ. ഇന്നത്തെ ബജറ്റ് പ്രസംഗത്തിൽ ഏറെ കൗതുകരമായി തോന്നിയ ഒരു കാര്യം അന്തരിച്ച കേരള കോൺഗ്രസ് നേതാവും റെക്കോഡ് തവണ കേരളത്തിൽ ധനകാര്യ മന്ത്രിയുമായിരുന്ന കെ എം മാണിക്ക് സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിനുവേണ്ടി 5 കോടി രൂപ അനുവദിക്കുന്നു എന്ന പ്രസ്താവനയാണ്. അഞ്ചു പതിറ്റാണ്ടിലേറെ കേരള നിയമ സഭയിലെ സ്ഥിരം സാന്നിധ്യം ആയിരുന്ന വ്യക്തിയാണ് കെ എം മാണി എന്ന കാര്യത്തിലോ തോമസ് ഐസക്കിനേക്കാൾ കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ആളായിരുന്നു അദ്ദേഹം എന്ന കാര്യത്തിലോ ആർക്കും ലവലേശം സംശയം ഇല്ല. പക്ഷെ ഈ സാമ്പത്തിക മാന്ദ്യ കാലത്തു എന്തിന്റെ കേടാണ് ഐസക് ഡോക്ടർക്ക് എന്നു കേരള കോൺഗ്രസ് എന്ന പാർട്ടിയെയും മലയോര മാർക്സ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ശ്രീ കെ എം മാണിയെയും ഒക്കെ നന്നായി അറിയുന്നവർ ചോദിച്ചാൽ നമ്മുടെ ധന മന്ത്രി എന്ത് ഉത്തരമാണ് നൽകുക എന്നറിയില്ല. കിട്ടിയതും വെട്ടിപ്പിടിച്ചുണ്ടാക്കിയതുമായ റവന്യൂ ഭൂമി മാണി സാറിന്റെ പാർട്ടിക്കാർ എന്തുചെയ്തു എന്നറിയണമെങ്കിൽ ഓരോ ജില്ലയിലും ചെറിയൊരു അന്വേഷണം നടത്തിയാൽ മതിയാവും.
ഇനി ഒരു പക്ഷെ ഏഷ്യാനെറ്റിന്റെ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അനിൽ അക്കരെ എം എൽ എ പറഞ്ഞതുപോലെ ബാർ കോഴക്കേസ് ചൂടുപിടിച്ചു നിന്ന വേളയിൽ ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയ കെ എം മാണിയെ തടഞ്ഞതിലുള്ള പശ്ചാത്താപം കൊണ്ടാവുമോ? അന്ന് മാണിയെ തടയാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ ശ്രീമാൻ തോമസ് ഐസക്കും ഉണ്ടായിരുന്നു എന്നതിനാൽ അനിൽ അക്കരെയുടെ വാക്കുകൾ കടമെടുത്താൽ, "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ" എന്നതാണോ? എന്നാൽ അങ്ങനെ കരുതാൻ മാത്രം മണ്ടൻമാരൊന്നുമല്ല കേരളത്തിലെ ജനങ്ങൾ എന്നു ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ. കേരള നിയസഭയിൽ മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനും മുൻപ്, ബാർ ക്കോഴക്കേസു പൊട്ടിവീഴുന്നതിനും മുൻപ്, കെ എം മാണിയെ എൽ ഡി എഫിലേക്കു സ്വീകരിച്ചാനയിക്കുവാൻ കാത്തുകെട്ടി നിന്നവരാണ് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾ. ആയിടക്ക് പാലാക്കാട് നടന്ന സി പി എം പ്ലീനത്തിൽ മാണി പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രഭാഷകനുമായിരുന്നു. ഇതിൽ എതിർപ്പ് പ്രകടിച്ചാണ് വി എസ് അച്യുതാന്ദൻ അന്ന് വേദി വിട്ടതും. അന്ന് മാണിയെ കൂടെ ഒപ്പം കിട്ടിയെന്നു കരുതിയവർ ആ കിനാവ് ഫലിക്കാതെ വന്നപ്പോൾ കാട്ടിക്കൂട്ടിയ തറ വേലത്തരങ്ങളാണ് പിന്നീട് നിയമസഭയിൽ കണ്ടത് എന്നു പറയുന്നതാവും കൂടുതൽ ശരി.
ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യത്തിലേക്ക്. 'തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മധുരവിതരണം എന്റെ നയമല്ല' എന്നായിരുന്നു 2020 -21 വർഷത്തെ ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടുന്നതിനു മുൻപ് ധന മന്ത്രി ഡോ. തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ആലപ്പുഴക്കും കുട്ടനാടിനും ഈ ബജറ്റിൽ നൽകിയിട്ടുള്ള പ്രാധാന്യം ശ്രദ്ധിച്ചാൽ ഉടനെ നടക്കാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിനെ കൂടി ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഇന്നത്തെ ബജറ്റ് എന്നു വ്യക്തമാകും. രണ്ടാം കുട്ടനാട് പാക്കേജ് തന്നെ അതിൽ പ്രധാനം. ഇവിടെയാണ് കടുത്ത ധനകമ്മിക്കിടയിലും കെ എം മാണിക്ക് സ്മാരക മന്ദിരം നിർമിക്കാനുള്ള തോമസ് ഐസക്കിന്റെ പെടാപ്പാടിനു പിന്നിലെ രാഷ്ട്രീയ കൗശലം കുടികൊള്ളുന്നത്. മാണിയുടെ മരണത്തോടെ രണ്ടു വഴിക്കായിരിക്കുകയാണ് കേരള കോൺഗ്രസ് - എം എന്ന പാർട്ടി. ചെയർമാൻ പ്രശ്നത്തിൽ തുടങ്ങിയ തമ്മിൽ തല്ല് പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി പുത്രൻ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയുടെ പരാജയത്തിൽ മാത്രം ഒതുങ്ങിയില്ല. പാലായിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ജോസ് കെ മാണി കാണിച്ച അതേ വാശി തന്നെയാണ് കുട്ടനാട്ടിൽ പി ജെ ജോസഫ് കാണിക്കുന്നത്. അതും പോരാഞ്ഞു നേരത്തെ പാർട്ടി വിട്ടുപോയി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച ഫ്രാൻസിസ് ജോർജിനെക്കൂടി തിരിച്ചുകൊണ്ടുവരാനുള്ള ഭഗീരഥ ശ്രമത്തിലാണ് ജോസഫ്. ഈ ഘട്ടത്തിൽ ഒരു ഗതിയും പരഗതിയുമില്ലാതെ നിൽക്കുന്ന ജോസ് കെ മാണിയെയും സംഘത്തെയും ഒന്നുകിൽ ഇടതു പാളയത്തിൽ എത്തിക്കുക അല്ലെങ്കിൽ കുട്ടനാട്ടിൽ പി ജെ യുടെ സ്ഥാനാർത്ഥിയെ പാരപണിതു തോൽപ്പിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നൊരു ചെറിയ സൂത്രപ്പണികൂടിയുണ്ട് ഈ സ്മാരക നിർമാണ ഫണ്ട് പ്രഖ്യാപനത്തിനു പിന്നിൽ എന്നത് പകൽ പോലെ വ്യക്തമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories