TopTop
Begin typing your search above and press return to search.

ഡീൽ ഓര്‍ നോ ഡീല്‍; വോട്ട് കച്ചവടം ഒരു മുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ്

ഡീൽ ഓര്‍ നോ ഡീല്‍; വോട്ട് കച്ചവടം ഒരു മുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ്

കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ' വോട്ടു കച്ചവടം' എന്ന പതിവ് ആരോപണം വീണ്ടും ഉയർന്നിരിക്കുന്നു. മുൻ കാലങ്ങളിൽ ' കോ-ലീ-ബി' സഖ്യം എന്ന ആക്ഷേപം ഉന്നയിച്ചിരുന്നത് എൽ ഡി എഫ് (പ്രത്യേകിച്ചും സിപിഎം ) ആയിരുന്നെങ്കിൽ ഇക്കുറി 'മാ-ബി' ( മാർക്സിസ്റ്റ് - ബിജെപി) സഖ്യം എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് യുഡിഫ് ആണ്. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വട്ടിയൂർക്കാവ് മുൻ എം എൽ എയും ഇപ്പോൾ വടകരയിൽ നിന്നുള്ള എം പിയുമായ കെ മുരളീധരനാണ് 'മാ - ബി' സഖ്യം എന്ന ആരോപണത്തിന്റെ മുൻനിരയിൽ. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതാവും കേന്ദ്ര സഹ മന്ത്രിയുമായ വി മുരളീധരനും ഇത് സംബന്ധിച്ചു ഡീൽ ഉറപ്പിച്ചുവെന്നും അവർ ആരോപിക്കുന്നു. കേരളത്തിൽ ബിജെപിയും സി പി എമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയത് എന്നതാണ് ഇവരുടെ വാദം. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ മാണി സി കാപ്പന്റെ അട്ടിമറി വിജയവും ബി ജെ പി സ്ഥാനാർത്ഥിയുടെ വോട്ടു വിഹിതത്തിൽ ഉണ്ടായ വലിയ ഇടിവും 'മാ-ബി' സഖ്യത്തിനുള്ള മറ്റൊരു തെളിവായി ഇവർ മുന്നോട്ടു വെക്കുന്നു. മുല്ലപ്പള്ളിയുടെ ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് വോട്ടു കച്ചവടം പോലുള്ള ചെറ്റത്തരം കാണിക്കുന്നവരല്ല എൽ ഡി എഫ് എന്നായിരുന്നു. തങ്ങളുടെ കൈവശം ഉണ്ടെന്നു മുല്ലപ്പള്ളി അവകാശപ്പെടുന്ന തെളിവ് പരസ്യമാക്കാനും പിണറായി വെല്ലുവിളിച്ചിട്ടുണ്ട്.

വോട്ടു കച്ചവടം: ആരോപണങ്ങളും യാഥാർഥ്യവും

ആരൊക്കെ എങ്ങനെയൊക്കെ നിഷേധിച്ചാലും തിരെഞ്ഞെടുപ്പ് വേളകളിൽ പലപ്പോഴും ചില രഹസ്യ ധാരണകളും അതിന്റെ അടിസ്ഥാനത്തിലുള്ള നീക്കുപോക്കുകളും നടന്നിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ഇത് പലപ്പോഴും ചില മണ്ഡലങ്ങളെയും സ്ഥാനാർഥികളെയും കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിൽ ഒരു 'അവിശുദ്ധ കൂട്ടുകെട്ട്' രൂപപ്പെട്ടത് കേരളത്തിൽ അസംബ്ലി തിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991 ലായിരുന്നു. കെ കരുണാകരൻ മുൻകൈ എടുത്തു നടത്തിയ രഹസ്യ ചർച്ചകൾക്കൊടുവിലാണ് കുപ്രിസിദ്ധമായ ' കോ-ലീ-ബി ' സഖ്യം രൂപപ്പെട്ടത്. വടകര ലോക്സഭ മണ്ഡലത്തിലും ബേപ്പൂർ നിയമസഭ മണ്ഡലത്തിലും ബിജെപിക്കു കൂടി സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മഞ്ചേശ്വരം നിയമസഭാ സീറ്റിൽ ബിജെപി നേതാവ് കെ ജി മാരാരെ വിജയിപ്പിക്കുക, ഇതിനു പ്രത്യുപകാരമായി ബാക്കി എല്ലായിടത്തും ബിജെപി വോട്ടുകൾ യു ഡി എഫിന് നൽകുക എന്നതായിരുന്നു അന്നത്തെ ധാരണ. എന്നാൽ രഹസ്യം പരസ്യമായതോടെ വടകരയിലും ബേപ്പൂരും മാത്രമല്ല ബിജെപി ആദ്യമായി കേരള നിയമസഭയിൽ പ്രാധിനിത്യം ഉറപ്പിക്കാമെന്ന് കണക്കുകൂട്ടിയ മഞ്ചേശ്വരത്തും കോ-ലീ-ബി സഖ്യം പാളി. ഇക്കാര്യം കെ ജി മാരാർ തന്നെ പിന്നീട് തുറന്നു പറഞ്ഞതാണ്. അന്നത്തെ കോ -ലീ- ബി സഖ്യത്തിന്റെ പ്രധാന ഗുണഭോക്താവ് ഇപ്പോൾ മാ -ബി സഖ്യം ആരോപിക്കുന്ന കെ മുരളീധരൻ ആയിരുന്നു എന്നതും ഒരു വസ്തുതയാണ്.

മുസ്ലിം ലീഗിന്റെ നേതാക്കൾ കൂടി അറിഞ്ഞുകൊണ്ടായിരുന്നു കോ-ലീ-ബി സഖ്യ രൂപീകരണമെങ്കിലും സംഗതി അങ്ങാടിപ്പാട്ടായതോടുകൂടി അണികൾ നേതൃത്വത്തിനെതിരെ തിരിയുകയും മഞ്ചേശ്വരത്തും വടകരയിലും ബേപ്പൂരിലുമൊക്കെ അവർ പാലം വലിക്കുകയും ചെയ്തുവെന്ന് മാരാർ തന്നെ തുറന്നു സമ്മതിച്ച കാര്യമാണ്. ഇതോടൊപ്പം തന്നെ മാരാർ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചിരുന്നു. തന്റെ തോൽവി ഉറപ്പുവരുത്താൻ മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം മുസ്ലിം ലീഗ് സ്ഥാനാർഥി ചെർക്കളം അബ്ദുള്ളക്ക് വോട്ടു മറിച്ചുവെന്ന്. ഈ ആരോപണം ബി ജെ പി ഇന്നും ഉന്നയിക്കുന്നുണ്ട്. ഇതിൽ അൽപ്പം വാസ്തവം ഇല്ലാതിരിക്കാൻ സാധ്യത കുറവാണുതാനും. ഈ അടുത്ത കാലം വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇടതു വലതു പാർട്ടികൾ പലപ്പോഴും ബിജെപി യുമായി ചേർന്ന് ഭരണം പങ്കിട്ട ചരിതം ഉണ്ടായിരുന്നു. എന്നാൽ ബി ജെ പി കേരളത്തിൽ ക്രമാനുഗതമായ വളർച്ച കൈവരിക്കുകയും കേന്ദ്ര ഭരണം അവരുടെ കൈയ്യിൽ ആവുകയും ചെയ്തതോടെ ആ അധ്യായവും ഏതാണ്ട് അടഞ്ഞ മട്ടിലാണ്.

മുല്ലപ്പള്ളിയുടെ ആരോപണത്തിന് പിന്നിലെ വസ്തുതകൾ

'മാ-ബി' സഖ്യമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ മുരളീധരന്റെയും ആരോപണം പ്രധാനമായും കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കേണ്ടെന്ന തീരുമാനവും പാലായിലെ യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ' അപ്രതീക്ഷിത ' തോൽവിയും മണ്ഡലത്തിലെ ബി ജെ പി വോട്ടിലുണ്ടായ ഇടിവുമാണ്. ജോസ് ടോമിന്റേത് അപ്രതീക്ഷിത പരാജയം ആയിരുന്നില്ല എന്നതാണ് വസ്തുത. ചെയർമാൻ സ്ഥാനത്തിനുവേണ്ടി കേരള കോൺഗ്രസിൽ നടക്കുന്ന ഗുസ്തിയും പി ജെ ജോസഫിനെ യു ഡി എഫ് കൺവെൻഷനിൽ കൂവി വിളിച്ചതും ഒക്കെ മാണി പുത്രൻ വലിയ കാര്യമായി കണ്ടെങ്കിലും വോട്ടർമാർ അങ്ങനെ കണ്ടില്ലെന്നതാണ് വാസ്തവം. ജനത്തെ കൊഞ്ഞനം കുത്തുന്ന ഏർപ്പാട് കണ്ടില്ലെന്നു നടിച്ച യു ഡി എഫ് നേതൃത്വം അമിത പ്രതീക്ഷ വെച്ച് പുലർത്തിയെങ്കിൽ അത് അവരുടെ മാത്രം കുറ്റം. ബി ജെ പി വോട്ടിലുണ്ടായ കുറവിന് ബി ഡി ജെ എസ്സും ഒരു ഘടകം തന്നെ. വലിയ വാഗ്‌ദാനങ്ങൾ നൽകി എൻ ഡി എ യിൽ എടുത്ത ആ പാർട്ടി ഇപ്പോഴും പുറമ്പോക്കിലാണ് കഴിയുന്നത്. അപ്പോൾ പിന്നെ ബി ഡി ജെ എസ്സിന്റെ രൂപീകരണത്തിന് ശേഷം നടന്ന അസംബ്ലി, ലോക് സഭ തിരഞ്ഞെടുപ്പുകളിൽ എൻ ഡി എ സ്ഥാനാർഥിക്കു കിട്ടിയ വോട്ടു തന്നെ ബി ഡി ജെ എസ ഇടഞ്ഞു നിൽക്കുമ്പോഴും കിട്ടണമെന്ന് ശഠിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ശബരിമലയും പെരിയ ഇരട്ടക്കൊലയും വീണ്ടും വിഷയമാകുമ്പോൾ

ബി ഡി ജെ എസ്സിന്റെ, പ്രത്യേകിച്ചും എസ് എൻ ഡി പിയുടെ ഭാഗത്തു നിന്നും ഉണ്ടായ മനം മാറ്റത്തെക്കുറിച്ചു പറയുമ്പോൾ തന്നെ പാലാ ഉപ തിരെഞ്ഞെടുപ്പിൽ ഏശാതെ പോയ ഒന്നായിരുന്നു ശബരിമല വിഷയം. കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളെക്കുറിച്ചും പിണറായി സർക്കാരിന്റെ അലംഭാവം മൂലം അവയിൽ പലതും ഇതുകൊണ്ടു കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാവാതെ പോകുന്നുവെന്ന് പറയുന്നതിനൊപ്പം പാലായിലും ശബരിമല ബി ജെ പി ഒരു പ്രധാന തിരെഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി. ഇക്കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ ശബരിമല വിഷയം തങ്ങൾക്കാണ് കൂടുതൽ ഉപകരിച്ചതെന്നതിനാൽ യു ഡി എഫും അതേറ്റു പിടിച്ചു. എന്നാൽ തിരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശബരിമല നിലവിൽ ഒരു വലിയ കാമധേനു അല്ലെന്നു കോൺഗ്രസിനും ബി ജെ പി ക്കും ഏതാണ്ട് ബോധ്യവുമായിട്ടുണ്ട്. എന്നിരുന്നാലും ചുരുങ്ങിയ പക്ഷം കോന്നിയിലും വട്ടിയൂർക്കാവിലുമെങ്കിലും ശബരിമല തങ്ങൾക്കു വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബി ജെ പി. ''ശബരിമല ഞങ്ങളുടെ ഹൃദയമല്ലേ?" എന്ന ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍പിള്ളയുടെ ചോദ്യം ഇതിനു അടിവരയിടുന്നു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവർക്കു വീണുകിട്ടിയ ഒരു പ്രചാരണായുധമാണ് പെരിയ ഇരട്ടക്കൊലപാതകകേസ് സി ബി ഐക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പക്ഷെ ഈ വിഷയം മഞ്ചേശ്വരം മണ്ഡലത്തിൽ എത്രകണ്ട് വോട്ടാക്കി മാറ്റാൻ കഴിയുമെന്നതിൽ യു ഡി എഫ് നേതൃത്വത്തിന് സംശയം ഉണ്ട്, പ്രത്യേകിച്ചും യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിം ലീഗിൽ നിന്നുതന്നെ അതൃപ്തി ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ. വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ സമാനമായ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതിന്റെയൊക്കെ കൂടി വെളിച്ചത്തിൽ വേണം ഇപ്പോഴത്തെ വോട്ടു കച്ചവട ആരോപണത്തെയും കാണാൻ എന്ന് തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories