TopTop
Begin typing your search above and press return to search.

ശരിദൂര പരീക്ഷണ ശാലയിലെ 62 ശതമാനം പോളിംഗ്; വട്ടിയൂര്‍ക്കാവ് സുകുമാരന്‍ നായര്‍ക്ക് പണിയാകുമോ?

ശരിദൂര പരീക്ഷണ ശാലയിലെ 62 ശതമാനം പോളിംഗ്; വട്ടിയൂര്‍ക്കാവ് സുകുമാരന്‍ നായര്‍ക്ക് പണിയാകുമോ?

കേരളത്തിൽ അഞ്ചു നിയമ സഭ മണ്ഡലങ്ങളിലേക്കു ഇന്നലെ നടന്ന ഉപ തെരെഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചാ വിഷയമായത് എൻ എസ് എസ്സിന്റെ യു ഡി എഫ് അനുകൂല നിലപാടോ, ശബരിമല വിഷയമോ, വോട്ടു കച്ചവടമോ ആയിരുന്നില്ല, മറിച്ച് വോട്ടെടുപ്പ് ദിനത്തിൽ വില്ലനായി കടന്നുവന്ന മഴ തന്നെയായിരുന്നു. കനത്ത മഴയെ തുടർന്ന് എറണാകുളത്തെ റോഡുകളൊക്കെ തോടായി മാറിയതോടെ സർക്കാരിനും കൊച്ചി കോർപറേഷനുമെതിരെ പല കോണുകളിൽ നിന്നും രൂക്ഷ വിമർശനവും ഉയർന്നു. എങ്കിലും റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ചല്ലാതെ ചതുപ്പു നിലങ്ങൾ നികത്തി നഗരം പടുത്തുയർത്തിയതിനെതിരെ ഇന്നലെ അധികമാരും സംസാരിച്ചു കേട്ടില്ല. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കോരിച്ചൊരിയുന്ന മഴ തന്നെയായിരുന്നു. എറണാകുളം മണ്ഡലത്തിൽ കനത്ത വെള്ളക്കെട്ട് ഉണ്ടാവുകയും പല പോളിങ് ബൂത്തുകളും വെള്ളത്തിലാവുകയും ചെയ്തതോടെ ഒരു ഘട്ടത്തിൽ അവിടുത്തെ തിരെഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും എന്ന പ്രതീതിയും ഉണ്ടായി. എന്നാൽ ഒടുവിൽ അവിടെയും തിരെഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അതിന്റെ എല്ലാ ക്ഷീണവും പോളിങ് ശതമാനത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചും എറണാകുളം മണ്ഡലത്തിലെ പോളിങ് ശതമാനം വെറും 57.89 മാത്രമാണ്. 2016 ലെ നിയമസഭ തിരെഞ്ഞെടുപ്പിൽ ഇത് 71.72 ശതമാനവും 2019 ലെ ലോക് സഭ തിരെഞ്ഞെടുപ്പിൽ 73.29 ശതമാനവും ആയിരുന്നു.

സമദൂരം മാറ്റി എൻ എസ് എസ് പ്രഖ്യാപിച്ച ശരിദൂരം കൊണ്ട് ഉദ്ദേശിക്കുന്നത് യു ഡി എഫിന് അനുകൂല നിലപാടാണെന്ന് സംഘടനയുടെ നേതാവ് തന്നെ വ്യക്തമാക്കിയ വട്ടിയൂർക്കാവിലും പോളിങ് ശതമാനത്തിൽ വലിയ ഇടിവുണ്ടായി എന്നതും ശ്രദ്ധേയമാണ്. 62.66 ശതമാനം വോട്ടുകൾ മാത്രമാണ് ഇവിടെ പോൾ ചെയ്യപ്പെട്ടത്. 2016 ൽ പോളിങ് ശതമാനം 70.07 ഉം 2019 ൽ 69.34 ഉം ആയിരുന്നു. മഴ മാത്രമായിരുന്നില്ല വട്ടിയൂർക്കാവിൽ പോളിങ് കുറയാൻ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. അവസാന നിമിഷം കുമ്മനം രാജ ശേഖരനെ മാറ്റി ബി ജെ പി ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കിയാത്തിൽ ആർ എസ് എസ്സിന് ഉണ്ടായ അതൃപ്തിയും എൻ എസ് എസ്സ് താലൂക്ക് യൂണിയൻ നേതാവിന്റെ യു ഡി എഫ് അനുകൂല പരസ്യ പ്രസ്താവനയും മണ്ഡലത്തിലെ നായർ വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയ അസ്വാരസ്യവുമൊക്കെ കാരണങ്ങളായി ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബി ജെ പി ഏറെ പ്രതീക്ഷ വെച്ച കോന്നിയിലും പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല. 2016 ൽ 72.99 ശതമാനവും 2019 ൽ 74.24 ശതമാനവും പോളിങ് നടന്ന ഇവിടെ ഇത്തവണ പോളിങ് 70.07 ശതമാനം ആണ്.

അതേസമയം ഇരുകൂട്ടര്‍ക്കും പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി ചാനൽ പ്രവചിക്കുമ്പോൾ മനോരമ തൊട്ടടുത്ത മണ്ഡലമായ കോന്നിയിലാണ് എൽ ഡി എഫിന് അട്ടിമറി ജയം പ്രവചിക്കുന്നത്. വട്ടിയൂർക്കാവിൽ ഫോട്ടോ ഫിനിഷാണ് മനോരമ പറയുന്നത്. ബി ജെ പി യുടെ എൻ ഡി എ ക്കു ഒരു മണ്ഡലത്തിലും മേൽക്കൈ പോയിട്ട് നല്ല പ്രകടനം പോലും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങളുടെ പൊള്ളത്തരം മുൻപും പലതവണ നാം കണ്ടതാണ്. അതുകൊണ്ടു തന്നെ യഥാർത്ഥ ജനവിധി അറിയാൻ മറ്റന്നാൾ വരെ കാത്തിരിക്കേണ്ടി വരും. എങ്കിലും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നതുപോലെ കോന്നിയിലും വട്ടിയൂർക്കാവിലും ബി ജെ പി സ്ഥാനാർത്ഥികൾ ദയനീയ പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിൽ ബി ജെ പി ക്കും എൻ ഡി എക്കും ഉള്ളിൽ ഒരു വലിയ പൊട്ടിത്തെറി തന്നെ ഉണ്ടാകും. ബി ജെ പി യിൽ നേതൃമാറ്റത്തിന് മാറ്റം തന്നെ പ്രതീക്ഷിക്കാം. എൻ ഡി എ യിൽ ബി ഡി ജെ എസ് എന്ന പാർട്ടിയുടെ പുറത്തേക്കുള്ള പോക്കിനും ഇത് ഒരു പക്ഷെ വഴിയൊരുക്കും. വട്ടിയൂർക്കാവിലും കോന്നിയിലും യു ഡി എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടുന്ന പക്ഷം എൻ എസ് എസ് നേതൃത്വവും വിചാരണ ചെയ്യപ്പെടും എന്ന കാര്യത്തിലും തർക്കം വേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories