TopTop
Begin typing your search above and press return to search.

സംഘപരിവാറിന്റെ 'ഉഡായിപ്പ് ന്യായികരണ' സംഘവും അമിത്ഷായുടെ കേരള സന്ദർശനവും

സംഘപരിവാറിന്റെ

താൻ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്യമെങ്ങും പ്രതിക്ഷേധം അലയടിക്കുന്നു എന്നതിനാൽ പ്രസ്തുത നിയമത്തെ ന്യായീകരിക്കുക എന്ന ലക്ഷ്യവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ അമിത് ഷാക്ക് ആദ്യ ദിനത്തിൽ തന്നെ ' ഗോ ബാക്ക് ' വിളി കേൾക്കേണ്ടി വന്നു. ഡൽഹിയിലെ ലജ്‌പത്‌ നഗറിലെ ഒരു ഫ്‌ളാറ്റിൽ നിന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരനെയും പരിവാരത്തെയും നടുക്കിയ ആ 'ഗോ ബാക്ക് ' വിളി മുഴങ്ങിയത്. ' Shame, C A A and N R C. crossed out; Jai Hind ; Azadi and # NotIn MyName' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചുകൊണ്ട് രണ്ടു യുവതികളാണ് അമിത് ഷാക്കെതിരെ പ്രതിക്ഷേധം പ്രകടിപ്പിച്ചത്.

ഇരുട്ടിന്റെ മറപറ്റി, പോലീസിന്റെ ഒത്താശയോടെ ഒരു സംഘം മുഖമൂടി ധാരികൾ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ വേട്ടക്കിറങ്ങിയ നേരത്തു തന്നെയായിരുന്നു കേന്ദ്ര ആഭ്യന്തരന്റെ പ്രചാരണ പരിപാടിയും. 'ഗോ ബാക്ക് ' വിളിച്ച സൂര്യ തങ്കപ്പൻ എന്ന മലയാളി യുവതിക്കും സുഹൃത്ത് ഉത്തർപ്രദേശുകാരി ഹർമിയക്കും സംഘപരിവാർ ഭീഷണിയെ തുടർന്ന് ഫ്‌ളാറ്റ് വിട്ടുപോകേണ്ടി വന്നു എന്നത് മറ്റൊരു കാര്യം. നൂറ്റി അൻപതിലേറെ വരുന്ന അമിത് ഷാ അനുകൂലികൾ ഫ്‌ളാറ്റിലേക്കു ആർത്തിരമ്പിയെത്തിയെങ്കിലും പ്രധാന കവാടം അകത്തു നിന്നും പൂട്ടിയതിനാൽ തങ്ങൾ രക്ഷപ്പെട്ടുവെന്നാണ് സൂര്യ പിന്നീട് ഇതേക്കുറിച്ചു പറഞ്ഞത്.

തൊട്ടടുത്ത ദിവസ്സങ്ങളിലൊന്നിൽ പൗരത്വ ഭേദഗതി നിയമം ബഹുകേമമെന്നും അതിനെ എതിർക്കുന്ന 'തുക്കടെ തുക്കടെ ഗാങ് ' കൾക്ക് പിന്നിൽ അർബൻ നക്സലുകളും പാകിസ്താൻ അനുകൂലികളുമാണെന്നു പറഞ്ഞു നടക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രക്ഷോഭം ഭയന്ന് അസ്സമിലെക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു. ' ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനവുമായി നിശ്ചയിക്കപ്പെട്ട യാത്രയാണ് മോദിക്ക് ഒഴിവാക്കേണ്ടി വന്നത്. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണത്രെ മോദിക്കു അസ്സമിലെക്കുള്ള യാത്ര റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. മോദിയും ഷായും സംഘ പരിവാറും ഏറെ കൊട്ടിഘോഷിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള പ്രക്ഷോഭം അത്രമേൽ ശക്തമാണ് അസമിൽ എന്ന് ചുരുക്കം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആർഎസ്എസ് അജണ്ടക്കനുസൃതമായി സിഎഎയും എൻപിആറും ഒക്കെ നിർമ്മിച്ചെടുത്ത അമിത് ഷാ മിക്കവാറും ഈ മാസം 15 നു കേരളത്തിൽ എത്തുമെന്നാണ് വിവരം. തിയ്യതി കൃത്യമായി പറയാൻ സംഘ പരിവാർ സംഘടനകൾ മടിക്കുന്നത് ഷായുടെ കേരള സന്ദർശനത്തിനു മുൻപായി ബിജെപിക്കു അതിന്റെ കേരള അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട് എന്നതിനാലാണ്.

ചർച്ചകൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ടെങ്കിലും ഒരു തീരുമാനത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. കെ സുരേന്ദ്രൻ, എം ടി രമേശ് , എ എൻ രാധാകൃഷ്ണൻ , ശോഭ സുരേന്ദ്രൻ എന്നീ പേരുകൾ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നു എന്നു പറഞ്ഞതുപോലെ വി മുരളീധരനും പി കെ കൃഷ്ണദാസും തമ്മിലുള്ള വടംവലി തുടരുകയാണ്. ഇനിയിപ്പോൾ ഒരു രക്ഷയുമില്ലെങ്കിൽ കുമ്മനം രാജശേഖരനെയോ പി കെ കൃഷ്ണദാസിനെയോ പിടിച്ചു അധ്യക്ഷനാക്കാനും അത് വഴി അമിത് ഷായുടെ കേരള പര്യടനം വൈകാതെ കാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ടത്രേ.

അമിത് ഷാ കേരളത്തിലേക്ക് വരുന്നത് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുക എന്ന ഒരൊറ്റ ലക്‌ഷ്യം വെച്ചാണ്. പ്രധാന മന്ത്രി കാലുകുത്താൻ ഭയക്കുന്ന അസമിൽ പോയിട്ട് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പോലും തന്റെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയാത്ത കേന്ദ്ര ആഭ്യന്തരനാണ് കേരളത്തിൽ, അതും കോഴിക്കോട് വന്നു ന്യായീകരണ റാലി നടത്താൻ പോകുന്നതെന്ന് പുച്ഛിച്ചു തള്ളുകയൊന്നും വേണ്ട. കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനു ശേഷവും ബിജെപി യുടെ ദേശീയ അധ്യക്ഷ പദവിയിൽ തുടരുന്ന ഒരാളുടെ കേരള സന്ദർശനത്തിനു പിന്നിൽ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളുവെന്നു കരുതുക വയ്യ.

അപകടം തിരിച്ചറിഞ്ഞിട്ടെന്നോണം അമിത് ഷായുടെ സന്ദർശനവേളയിൽ പ്രതിഷേധ മതിൽ ഉയർത്താൻ തീരുമാനിച്ചിരുന്ന യൂത്ത് ലീഗിനെ മുസ്ലിം ലീഗ് നേതൃത്വം പിന്തിരിപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോൾ 2017 ൽ 'ചുവുപ്പു - ജിഹാദി ഭീകരതക്കെതിരെ' എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന ബി ജെ പി സംഘടിപ്പിച്ച ജൻ രക്ഷ യാത്രയിൽ നിന്നും മുങ്ങിയതുപോലെ അമിത് ജി കോഴിക്കോട് റാലി മാറ്റി വെച്ചുകൂടായ്കയുമില്ല. അന്ന് മകനെതിരെ കേസ് വന്നതായിരുന്നു കാരണം. ഇന്നിപ്പോൾ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം പുനർ അന്വേഷണം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ തിരക്കിട്ടു നടക്കുന്നുണ്ട്.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് സംഘ പരിവാർ നടത്തുന്ന പ്രചാരണം കേരളത്തിൽ വേണ്ടത്ര ഏശുന്നില്ല എന്നൊരു ആക്ഷേപം നേതാക്കൾക്കിടയിൽ ശക്തമാണെന്ന് ഇന്നത്തെ മലയാള മനോരമ റിപ്പോർട്ടിൽ പറയുന്നു. പ്രചാരണത്തിന് നിയോഗിക്കപ്പെട്ടവർക്കിടയിൽ തന്നെ നിയമത്തെക്കുറിച്ചു ധാരണക്കുറവെണ്ടെന്നും റിപ്പോർട്ട് പറയുന്നു. അല്ലെങ്കിൽ തന്നെ നിലവിൽ കേരളത്തിൽ ബി ജെ പി ക്കാർ നടത്തുന്നത് ഒരു തരം ഉഡായിപ്പു പരിപാടിയാണെന്ന് ആർക്കാണ് അറിയാത്തത്.

ഒരു സംഘം ആൾക്കാർ വീടുകളും ഓഫിസുകളും കയറി ഇറങ്ങുന്നു. കൂട്ടത്തിലൊരാൾ ഒരു ലഘുലേഖ നൽകുന്നു. ഒപ്പം ഒരു ക്യാമറ പ്രയോഗവും . ശേഷം പണി സംഘി സൈബർ പോരാളികൾ വകയാണ്. ഈ കുടുംബം അല്ലെങ്കിൽ ഈ വ്യക്തി പൗരത്വ നിയത്തിനൊപ്പം എന്നാണു പ്രചാരണം. ഈ ഉഡായിപ്പു പരിപാടിക്കാരുടെ ഇരകൾ മുഖ്യമായും മുസ്ലിമുകളാണ്. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നാസ്സർ ഫൈസി കൂടത്തായി, കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് തുടങ്ങി പല പ്രമുഖരെയും ചതിയിൽ പെടുത്തിയ ഉഡായിപ്പു സംഘം ഇക്കഴിഞ്ഞ ദിവസ്സം വയനാട് ജില്ലാ കളക്ടർ അദീല അബ്ദുല്ലക്കെതിരെയും ഇതേ ചതി പ്രയോഗം തന്നെ നടത്തി. സംഘപരിവാറിന്റെ ഈ തറ വേല ഭയന്ന് താമരശ്ശേരി ഭാഗത്തു പല വീടുകളുടെയും മതിലിൽ ഉഡായിപ്പു സംഘത്തിന് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.


Next Story

Related Stories