TopTop
Begin typing your search above and press return to search.

"താമര കുമ്പിളല്ലോ മമ ഹൃദയം" എന്ന കെ മുരളീധരന്റെ പരിഹാസം മുല്ലപ്പള്ളിക്ക് ചേരില്ല, പക്ഷേ കെ പി സി സി അദ്ധ്യക്ഷന്‍റേത് വലിയ പിഴ

"താമര കുമ്പിളല്ലോ മമ ഹൃദയം" എന്ന കെ മുരളീധരന്റെ പരിഹാസം മുല്ലപ്പള്ളിക്ക് ചേരില്ല, പക്ഷേ കെ പി സി സി അദ്ധ്യക്ഷന്‍റേത് വലിയ പിഴ

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്നിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ സംയുക്തമായി പ്രമേയം പാസ്സാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കോ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പ്രമേയം പാസ്സാക്കുക മാത്രമല്ല തിരുവനന്തപുരത്തു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രതിക്ഷേധ കൂട്ടായ്മയും നടന്നു. സത്യത്തിൽ സംയുക്ത പ്രക്ഷോഭം എന്ന ആശയം തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് ആയിരുന്നു. എന്നാൽ കാര്യങ്ങൾ വളരെ പെട്ടെന്നു മാറിമറിഞ്ഞു. കേരളം ഭരിക്കുന്ന ഇടതു മുന്നണി സർക്കാരിനും അതിന്റെ തലവനായ പിണറായി വിജയനും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരം ഒരുക്കി കൊടുത്തു എന്ന പഴി ചെന്നിത്തലയുടെ മേൽ വന്നു ചേർന്നു. അതോടെ സംയുക്ത പ്രക്ഷോഭം എന്ന ആശയത്തിൽ നിന്നും യു ഡി എഫ് പിൻവാങ്ങുകയും സ്വന്തം സമര പാത തിരഞ്ഞെടുക്കുകയും ചെയ്തു. ഇതൊക്കെ നടക്കുമ്പോഴും നിയമ സഭ പാസ്സാക്കിയ പ്രമേയത്തിനെതിരെ രംഗത്തുവന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു- വലതു മുന്നണി നേതാക്കൾ ശക്തമായി തന്നെ നില ഉറപ്പിക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിലെ എൽ ഡി എഫ് - യു ഡി എഫ് പ്രതിക്ഷേധത്തിന്റെ ഒരു ആമുഖം ഇതാണ്.

പൗരത്വ നിയമത്തിനെതിരെ ഇക്കഴിഞ്ഞ ദിവസ്സം എൽ ഡി എഫ് മനുഷ്യ മഹാ ശൃംഖല തീർക്കുകയും ഇക്കാലമത്രയും യു ഡി എഫിനും അതിന്റെ മുഖ്യ ഘടക കക്ഷിയായ മുസ്ലിം ലീഗിനുമൊപ്പം നിലകൊണ്ടിരുന്ന സംഘടനകളും നേതാക്കളും അതിൽ കണ്ണിയാവുകയും ചെയ്തതോടെ കേരളത്തിലെ പൗരത്വ നിയമ വിരുദ്ധ പോരാട്ടങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നു. ഇക്കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് നടത്തിയ തേരോട്ടത്തിനു പിന്നിൽ വർത്തിച്ച മത ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനൊപ്പം പോയി എന്ന ആശങ്കയാണ് ഇപ്പോൾ കേരളത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെയും അവർക്കൊപ്പം നിൽക്കുന്ന മുസ്ലിം ലീഗിനെയും ഭരിക്കുന്നതെന്നത് ഇന്നലയെയും ഇന്നുമായി ഇരു പാർട്ടിയുടെയും നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ നിന്നും ഏറെക്കുറെ വ്യക്തമാണ്. പൗരത്വ നിയമ പ്രശ്നത്തിൽ മുസ്ലിം ലീഗ് തന്നെ രണ്ടു രണ്ടു തട്ടിലായിക്കഴിഞ്ഞിരിക്കുന്നു എന്നതും അവരെ കൂടുതൽ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. അതിനിടയിൽ കെ പി സി സി പുനഃസംഘടനാ വിഷയത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയോട് ഇടഞ്ഞ കെ മുരളീധരൻ എം പി എരിതീയിൽ എണ്ണ ഒഴിക്കുന്ന വിധത്തിലുള്ള ചില വിമർശനങ്ങളും ഉയർത്തുന്നുണ്ട്‌.

നേരത്തെ എല്ലാ വിമർശങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിരക്കായിരുന്നുവെങ്കിൽ ഇപ്പോൾ ചുട്ടു പൊള്ളുന്നത് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നതാണ് ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും പുതിയ ട്വിസ്റ്റ്. മുല്ലപ്പള്ളി സ്വന്തം പാർട്ടയെക്കുറിച്ചും മുന്നണിയെക്കുറിച്ചും മാത്രമാണ് ചിന്തിച്ചതെന്ന് വാദിക്കുന്നവർ ഉണ്ടാവാം. പക്ഷെ ശബരിമല വിഷയം ഒരു സുവർണാവസരം ആയി കണ്ട അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ ശ്രീധരൻ പിള്ള എടുത്തു ചാടി കാര്യങ്ങൾ കുളമാക്കിയെങ്കിൽ മുല്ലപ്പള്ളി തുടക്കത്തിൽ കൈയും കെട്ടി വെറുതെയിരുന്ന് കാര്യങ്ങൾ കൈവിട്ടു പോകാൻ അനുവദിക്കുകയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പ് കാലത്തു മുല്ലപ്പള്ളി തന്നെയായിരുന്നു കെ പി സി സി പ്രസിഡന്റ്. അതുകൊണ്ടു ആ തിരെഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാകുന്നില്ലല്ലോ. കോൺഗ്രസിനെ എന്നും തുണച്ചുപോന്നിരുന്ന എൻ എസ് എസ് ശബരിമല വിഷയത്തിൽ എടുത്ത യു ഡി എഫ് അനുകൂല നിലപാടും കേന്ദ്രത്തിൽ ഒരു മോദി ഇതര സർക്കാർ രൂപീകരിക്കുന്നതിൽ മുൻകൈ എടുക്കാൻ കോൺഗ്രസിനെ കഴിയൂ എന്ന മുസ്ലിം ജനതയുടെ കണക്കുകൂട്ടലും ചേർന്നൊരുക്കിയ ആ വിജയത്തിൽ അങ്ങനെ ഒരു ക്രെഡിറ്റ് ഒരിക്കലും മുല്ലപ്പള്ളിക്ക് മാത്രം അവകാശപ്പെടാൻ കഴിയില്ല എന്നതാണ് വസ്തുത.

മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു കമ്മ്യൂണിസ്റ്റ് വിരോധിയാണ്. അദ്ദേഹം ഒരിക്കലും ഒരു ആർ എസ് എസ് മനസ്സുള്ള ആളല്ല താനും. അതുകൊണ്ടുതന്നെ "താമര കുമ്പിളല്ലോ മമ ഹൃദയം" എന്ന കെ മുരളീധരന്റെ പരിഹാസം ഒരിക്കലും മുല്ലപ്പള്ളിക്ക് ചേരില്ല. എന്നാൽ പൗരത്വ നിയമ പ്രശ്നത്തിൽ മുല്ലപ്പള്ളിക്ക് എവിടെയൊക്കെയോ പിഴച്ചു. അതുകൊണ്ടു തന്നെയാണ് സംയുക്ത പ്രക്ഷോഭത്തിനെതിരെ രംഗത്ത് വന്നതും. സംയുക്ത പ്രക്ഷോഭം നടത്തിയാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ പിണറായിയും സി പി എമ്മും കൊണ്ടുപോകും എന്ന ആ ബേജാറ് തന്നെയാണ് കാര്യങ്ങൾ ഇത്രമേൽ വഷളാക്കിയത് എന്ന കാര്യത്തിൽ തര്ക്കമില്ല. മുസ്ലിം ലീഗിൽ തന്നെ പൗരത്വ നിയമ പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ള നിലപാടിനെക്കുറിച്ചു സംശയം ഉളവാക്കാൻ ഇടയാക്കിയിയതും എക്കാലവും മുസ്ലിം ലീഗിനും അതുവഴി കോൺഗ്രെസ്സിനുമൊപ്പം നിലകൊണ്ടിരുന്ന ഇ കെ സുന്നി വിഭാഗം സമസ്തയുടെ നേതാക്കളയേയും പ്രവർത്തകരെയും ഇടത് പക്ഷത്തിന്റെ പ്രക്ഷോഭത്തിൽ അണിചേരാൻ പ്രേരിപ്പിച്ചിട്ടുള്ളതും എന്നുതന്നെ വേണം കരുതാൻ.

ഇനി ഇതിന്റെ ലാഭ നഷ്ട്ട കണക്കുകളിലേക്കു വന്നാൽ കോൺഗ്രസിനും യു ഡി എഫിനും ആശങ്ക ഉണ്ടാക്കുന്ന ഈ പുതിയ ചേരിതിരിവിനെ പക്ഷെ ശാശ്വതമായ ഒന്നായി കണക്കാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം പ്രതീക്ഷിക്കാൻ ഇത് വക നൽകുന്നുണ്ടെങ്കിലും നിയമ സഭ തിരെഞ്ഞെടുപ്പിൽ തുടർ ഭരണം ഉറപ്പുവരുത്താൻ പോന്ന ഒരു പ്രതിഭാസമായി ഇപ്പോൾ ഇതിനെ വിലയിരുത്തുന്നത് ഒട്ടും ശരിയല്ലെന്നു തോന്നുന്നു. മുസ്ലിം ലീഗിനുള്ളിൽ കോൺഗ്രസിനെതിരെ പുകയുന്ന അമർഷവും ഇപ്പോൾ ബി ഡി ജെ എസ്സിൽ ഉണ്ടായിട്ടുള്ള പിളർപ്പുമൊക്കെ തീർച്ചയായും പിണറായി വിജയനും എൽ ഡി എഫിനും പ്രതീക്ഷക്കു വക നല്കുന്നവ തന്നെ. ലോക് സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഉപ തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് നേടിയ അട്ടിമറി വിജയങ്ങൾ കൂടി നിരത്തി വേണമെങ്കിൽ അങ്ങനെയൊക്കെ വാദിക്കാമെങ്കിലും രാഷ്ട്രീയ കാലാവസ്ഥ എങ്ങനെ എപ്പോൾ മാറി മാറിയും എന്നു ഇപ്പോൾ പ്രവചിക്കുന്നത് അസാധ്യം തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories