TopTop
Begin typing your search above and press return to search.

വിശ്വാസത്തിന്റെ അട്ടിപ്പേര്‍; മഞ്ചേശ്വരത്ത് സി പി എമ്മില്‍ നിന്ന് കേള്‍ക്കുന്നതും 1957ല്‍ നടന്നതും

വിശ്വാസത്തിന്റെ അട്ടിപ്പേര്‍; മഞ്ചേശ്വരത്ത് സി പി എമ്മില്‍ നിന്ന് കേള്‍ക്കുന്നതും 1957ല്‍ നടന്നതും

മതം. ജാതി. വിശ്വാസം. ആചാരം. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലേക്ക് എത്തവെ ഇവയെ മുറുകെ പിടിച്ച് പോര്‍ക്കളത്തില്‍ നിറയുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. വോട്ടിനായി വിശ്വാസികളെ ചേര്‍ത്ത് പിടിച്ച് അവരുടെ ആശിസ്സ് ഉറപ്പാക്കാനുള്ള തീവ്രശ്രമം. ആസന്നമായ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും അത് പതിവ് തെറ്റാതെ പ്രയോഗപഥത്തിലെത്തിയ്ക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇടത്തും വലത്തും നടുവിലും ഒക്കെയുള്ള പ്രസ്ഥാനങ്ങള്‍. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി എം.ശങ്കര്‍ റെയുടെ വിശ്വാസപ്രഖ്യാപനവും ആചാരങ്ങളിലുള്ള കൂറും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശേഷിച്ചും ശബരിമലയെ മുന്‍നിര്‍ത്തിയും തന്റെ ഈശ്വരവിശ്വാസത്തെ അടിസഥാനപ്പെടുത്തിയും അദ്ദേഹം ആവര്‍ത്തിച്ച് നടത്തുന്ന പ്രസ്താവങ്ങള്‍. ശബരിമലയിലെ സ്ത്രീ പ്രവേശ നടപടികളുമായി ബന്ധപ്പെട്ട് കൈവിട്ടുപോയ വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കാനുള്ള സിപിഎമ്മിന്റേയും ഇടതു മുന്നണിയുടേയും തന്ത്രമാണിതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ഒക്കെ വിമര്‍ശനം ഉയര്‍ത്തുന്നത്.

'ജാതി ഗ്രൂപ്പുകളുടെ ഫെഡറേഷനാണ്' നമ്മുടെ രാഷ്ടട്രീയ പാര്‍ട്ടികളെല്ലാം എന്ന് സൂക്ഷ്മമായി നോക്കിയാല്‍ കാണാനാകും. വിശ്വാസികളെ ഒപ്പം നിര്‍ത്താനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പെടാപ്പാട് പക്ഷെ, നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ യുക്തിപൂര്‍ണതയിലേക്ക് വളര്‍ന്ന, കാര്യകാരണ ബന്ധം മനസ്സിലാക്കാനാവുന്ന മനസ്സ്- റാഷണല്‍ മൈന്‍ഡ് - എക്കാലവും തങ്ങള്‍ക്കൊപ്പമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തുള്ള മുന്‍നിര നേതാക്കള്‍ തന്നെ പ്രതീക്ഷാപൂര്‍വം ശബരിമല അയ്യപ്പനിലേക്ക് നോക്കുന്ന ചിത്രം. വിശ്വാസത്തിനു മേലെ പ്രത്യയശാസ്ത്രം വച്ചാല്‍ വോട്ടുപെട്ടിയിലെ സമ്മതി കണക്കില്‍ പിറകില്‍ പോകുമെന്ന ഭീതി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളെ സര്‍ക്കാര്‍ കൈയൊഴിഞ്ഞതിന്റെ പരിണതിയാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം ഇടതുപക്ഷം സര്‍വാത്മനാ സ്വീകരിച്ചതുപോലെ തോന്നുന്നു.

അതുകൊണ്ടാവണം, തങ്ങളുടെ മുന്നണിയെ അയ്യപ്പന്‍ രക്ഷിക്കുമെന്ന തരത്തിലെ ഇടതു നേതാക്കളുടെ അര്‍ഥനാപൂര്‍ണമായ പ്രസ്താവങ്ങള്‍. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത് ഈ സര്‍ക്കാരാണെന്നും അതുകൊണ്ട് മുന്നണിയെ അയ്യപ്പന്‍ സഹായിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെപ്പോലെ ഒരു നേതാവ് പ്രത്യാശിക്കുമ്പോള്‍, ഭഗവാന്‍ അയ്യപ്പന്‍ രക്ഷിക്കുമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്റെ നിഷ്‌ക്കളങ്ക ചിത്തം തുറന്നുവെച്ച് മന്ത്രി ഇ.പി. ജയരാജനും മുന്നണിയുടെ കണക്കുകൂട്ടലുകളില്‍ വിശ്വാസികളുടെ വോട്ടിനെ എത്രമാത്രം ബാങ്ക് ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുന്നു. ആചാരങ്ങളെ നവീകരിക്കാനുള്ള സംവാദങ്ങള്‍ക്ക് മുന്നില്‍ നിന്നവര്‍ കറതീര്‍ന്ന ആചാര വിശ്വാസിയെ സ്ഥാനാര്‍ഥിയായി കളത്തിലിറക്കുന്നു. വിശ്വാസ സംബന്ധിയായ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് സര്‍വാത്മനായുള്ള പിന്തുണയുമായി പ്രമുഖ നേതാക്കളൊക്കെ രംഗത്ത് വരുന്നു. കേരളത്തിന്റെ നവോത്ഥാന മനസ്സിനെ തെളിച്ചു മുന്നോട്ടുകൊണ്ടുപോകുന്നത് തങ്ങളാണെന്ന് എക്കാലത്തും പറഞ്ഞുവരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഈ ആദരണീയ നേതാക്കളുടെ പ്രസ്താവന അങ്ങ് ദഹിപ്പിക്കാനാവാതെ നില്‍ക്കുന്നവരെ പല കോണുകളിലും നാം കാണുന്നു. പുത്തന്‍ കാല മാധ്യമപ്രവര്‍ത്തകര്‍ അതിനെ വലിയ വാര്‍ത്തകളാക്കി തീര്‍ക്കുന്നുമുണ്ട്. പക്ഷെ ചരിത്രമെന്താണ്?

കേരളത്തില്‍ എക്കാലങ്ങളിലും വിശ്വാസികളുടെ ധാരയേയും ജാതി മത സമവാക്യങ്ങളേയും ചേര്‍ത്ത് പിടിച്ച് മാത്രമായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. ഓരോരുത്തരും ഓരോ കാലത്തും പ്രീണിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ജാതി/മത വിഭാഗങ്ങള്‍ മാറിയേക്കാം. പക്ഷെ ഇത്തരം പ്രീണനം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാതലാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും വലതുപക്ഷ കക്ഷികളും ബിജെപിയും ഒക്കെ എക്കാലത്തും സാമ്പ്രദായികമായ അധീശത്വധാരകള്‍ക്ക് കീഴ്‌പ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെന്ന നിലയില്‍ പരസ്യമായി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. അവയോട് സമരസപ്പെടാനാവാത്ത ചുരുക്കം ചില നേതാക്കള്‍ കോണ്‍ഗ്രസിലും മറ്റും എക്കാലത്തും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പാര്‍ട്ടി നിലപാടുകളേയോ കൂട്ടുകെട്ടുകളേയോ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം തീരുമെന്ന് പറഞ്ഞ സി. കേശവനെപ്പോലുള്ള നാസ്തികര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നുവെങ്കിലും അത്തരക്കാര്‍ക്ക് പാര്‍ട്ടിയ്ക്കകത്തെ അധീശമനസ്സായി വളരാന്‍ ഒരുകാലത്തും ആയിട്ടില്ല. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്ന് ആദ്യതെരഞ്ഞെടുപ്പ് നടന്നത് 1948 ഫെബ്രുവരിയിലാണ്. അന്ന് എന്‍എസ്എസ്സിനും എസ്എന്‍ഡിപിയ്ക്കും 40 വീതം സീറ്റുകള്‍ നല്‍കിക്കൊണ്ടാണ് പട്ടം താണുപിള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് അന്ന് 120ല്‍ 96 സീറ്റുകള്‍ നേടുകയും ചെയ്തു. അത്ര പ്രകടമല്ലെങ്കിലും, വലിയ ഗീര്‍വാണങ്ങള്‍ക്കൊന്നും നില്‍ക്കാതെ കോണ്‍ഗ്രസും അവര്‍ നയിക്കുന്ന മുന്നണിയും ഇക്കാലമത്രയും പലരൂപങ്ങളില്‍ ഇത്തരം ജാതി -മത പ്രീണനങ്ങള്‍ പരസ്യമായി നടത്തിപ്പോന്നു.

പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും അവരോടൊപ്പമുള്ള സോഷ്യലിസ്റ്റ് കക്ഷികളുടേയും നില അതായിരുന്നില്ല. ജാതിയില്‍ നിന്നും മതത്തില്‍ നിന്നും വേര്‍തിരിവുകളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനായി വിവിധ ജാതി മതങ്ങളിലും സമൂഹത്തിലാകെ തന്നേയും ഉയര്‍ന്നുവന്ന പലവിധ മുന്നേറ്റങ്ങളുടേയും വെള്ളവും വളവും വലിച്ചെടുത്ത് വളരുകയും അത്തരം മുന്നേറ്റങ്ങളുടെ തുടര്‍ച്ച തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു ഈ പ്രസ്ഥാനങ്ങളൊക്കെ തന്നെ. ജാതി, മത സംഘടനകളില്‍ പ്രവര്‍ത്തിച്ച് അവയ്ക്കു പുരോഗമനം പോരെന്ന തോന്നലിലും തിരിച്ചറിവിലും എത്തിയവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടേയും മുന്നണിയില്‍ നിന്നത് അഥവാ അതിനെ രൂപപ്പെടുത്തിയത്. ആധുനിക കേരളത്തിലെ ഒട്ടുമിക്ക നവോത്ഥാന പരിശ്രമങ്ങളും ജാതി സംഘടനകള്‍ക്കകത്ത് നിന്നും അവയെ അഭിസംബോധന ചെയ്‌തോ അവയോട് ഭിന്നിച്ചോ ആരംഭിച്ചവ ആയിരുന്നു.

ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍, നാരായണ ഗുരു, അയ്യങ്കാളി, അയ്യ വൈകുണ്ഠസ്വാമി, എസ്എന്‍ഡിപി, എന്‍എസ്എസ്, യോഗക്ഷേമ സഭ എത്തരത്തിലുള്ളവയില്‍ നിന്നും ഉയര്‍ന്നുവന്ന വിവിധം വാശികളായി പ്രവര്‍ത്തനങ്ങളാണ് വലിയ മുന്നേറ്റമായി പില്‍ക്കാലത്ത് മാറിയതും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ മനസ്സിനും ഇവിടെ വേരുറപ്പിക്കാന്‍ ഇടം നേടികൊടുത്തതും. ഇപ്പോള്‍ നമ്മള്‍ വിപുലമായി ചര്‍ച്ച ചെയ്യുന്ന നവോത്ഥാനം എന്ന പരികല്‍പ്പന തന്നെ പടിഞ്ഞാറന്‍ സങ്കല്പമാണ്. ഭാരതീയ നവോത്ഥാനവും പാശ്ചാത്യ നവോത്ഥാന സങ്കല്പവും പല പ്രകാരത്തിലും ഭിന്നങ്ങളാണെന്ന വാസ്തവവും മനസ്സിലാക്കാതെയല്ല ഇത് പറയുന്നത്. നമ്മുടെ വിഷയം അതല്ലാത്തതിനാല്‍, തല്‍ക്കാലം വിട്ടുകളയുന്നു.

ഇത്തരത്തില്‍ ജാതീയമായും മതപരമായും ഉണ്ടായ ഉണര്‍വുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പ്രബുദ്ധതയുടെ മുന്നിരിപ്പുമായി സ്വന്തം രാഷ്ട്രീയ ഇടം തേടിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും അവയുടെ നേതാക്കന്മാര്‍ക്കും ജാതി/മത സ്വത്വങ്ങളില്‍ നിന്നും വിടുതല്‍ നേടി പുറത്തുവരാന്‍ പ്രയാസമായിരുന്നു. സ്വന്തം കുടുംബത്തിനകത്ത് പോലും ജാത്യാതീത/മതാതീത റാഷണല്‍ മൈന്‍ഡ് രൂപപ്പെടുത്താന്‍ അവരില്‍ ഭൂരിപക്ഷത്തിനും ആയില്ല. എന്തിന് ജാതിവാല്‍ പോലും മുറിച്ചുകളയാന്‍ പോലും ആ പാര്‍ട്ടിയുടെ പ്രമുഖരായ മുന്‍നിര നേതാക്കള്‍ക്കുപോലും ആയില്ല. മുന്നില്‍ സഖാവ് എന്ന വിശേഷണവും പിന്നില്‍ ജാതി ദ്യോതകമായ വിശേഷണവും ഒരേപോലെ അവര്‍ കൊണ്ടുനടന്നു. അതിനെ ഭൂഷണമായി കണ്ടു. വിശേഷണം കൊണ്ടുള്ള ഇരട്ടി പ്രയോജനം തീര്‍ത്തും പരമ്പരാഗതമായ മനസ്സുള്ള കേരളീയ സമൂഹത്തില്‍ നിന്നും നേടിയെടുക്കണമെന്ന് അവര്‍ ആഗ്രഹിച്ചതുപോലെ. കമ്യൂണിസ്റ്റ് നേതാവെന്നത് ജാതി സ്ഥാനത്തിനു ഭൂഷണമായി ഭവിക്കുന്നതായി അവര്‍ കരുതി. അത് മുന്നില്‍ വെച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു തീര്‍ത്തും സമര്‍പ്പിത ചിത്തരും വ്യക്തിപരമായ അഴിമതിയുടേയും മറ്റും കറ തെല്ലുപോലും ഏശിയിട്ടില്ലാത്തവരുമായ ആ നേതാക്കളും ചെയ്തിരുന്നത്. എ.കെ. ഗോപാലനേയും കെ. ദാമോദരനേയും എന്‍. ഇ. ബലറാമിനേയും പോലുള്ള വാലുപേക്ഷിച്ച നേതാക്കളെ വിസ്മരിച്ചല്ല ഇതെഴുതുന്നത്.

പക്ഷെ ഭൂരിപക്ഷവും വാല് നിലനിര്‍ത്തിയവരായിരുന്നു. പേരിനുള്ള വാല് നിലനിര്‍ത്തല്‍ മാത്രമായിരുന്നില്ല അത്. സംവരണം സംബന്ധിച്ചും ദലിത് , പിന്നോക്ക വിമോചനം സംബന്ധിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളും സമീപനങ്ങളും പലപ്പോഴും ഹിന്ദുത്വ ബ്രാഹ്മണിക്കല്‍ സമീപനങ്ങളുമായി സമരസപ്പെട്ടുപോകുന്നത് നമുക്ക് കാണാം. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ മൂല്യങ്ങളുടേയും ഫ്യൂഡല്‍ മൂല്യങ്ങളുടേയും ശക്തരായ വിമര്‍ശകരായി രംഗത്ത് പ്രത്യക്ഷപ്പെടുമ്പോഴും സമാനമൂല്യങ്ങള്‍ പലപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തന മൂലധനമായി അറിഞ്ഞോ അറിയാതേയോ മാറിത്തീരുന്നുണ്ട് കേരളത്തില്‍. അതുകൊണ്ടാണ് ഹിന്ദുത്വശക്തികളുടെ വേരോട്ടം ഇവിടെ ശക്തമാകുന്നതിന് കാലം ഏറെ എടുക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈഥില്യത്തിലൂടെ മാത്രമേ ഹിന്ദുത്വശക്തികള്‍ക്ക് കാര്യമായ വേരോട്ടം സാധ്യമാകുകയുള്ളുവെന്ന കാര്യം പരക്കെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. സാംസ്‌കാരിക ദേശീയതാ വാദത്തിന്റെ പരിണാമവും ബംഗാള്‍ നവോത്ഥാനത്തിന്റെ ഗതിയും ഇപ്പോഴത്തെ അവിടത്തെ രാഷ്ട്രീയ നിലയും പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബാന്തരീക്ഷം ഏറിയ പങ്കും ആചാരനിബദ്ധവും പാരമ്പര്യ സൃഷ്ടവും ആയിരുന്നു. ഏത് കടുത്ത വിശ്വാസിയേയും പോലെ കടുത്ത ഹിന്ദുത്വ ചിഹ്നങ്ങളും പേറി കേരളത്തിലെ ഒരു മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്റെ മകള്‍ കൈകളില്‍ പൂജാദ്ര്യവ്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പോകുന്ന കാഴ്ച ഇതെഴുതുന്നയാള്‍ പതിവായി കാണുന്നതാണ്. എത്ര നേതാക്കളുടെ മക്കളാണ് ഇരുമുടിക്കെട്ടുമായി വ്രത തീവ്രതയോടെ, ആചാരനിബദ്ധതയോടെ മലചവിട്ടുന്നത്. അതവരുടെ വ്യക്തിപരമായ കാര്യം മാത്രം. ആര്‍ക്കും വിശ്വാസിയും അവിശ്വാസിയുമാകാം. പക്ഷെ, കേരളത്തിന്റെ റാഷണല്‍ മൈന്‍ഡ് ഉറപ്പിച്ചുനിര്‍ത്താനായി നവോത്ഥാന സമതിയൊക്കെ ഉണ്ടാക്കുന്നവര്‍ക്ക് ബ്രാഹ്മണിക്കല്‍ മൂല്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ആചാരബദ്ധതയില്‍ നിന്നും വിശ്വാസത്തിന്റെ പരമ്പരാഗതമായ അടയാളപ്പെടുത്തലുകളില്‍ നിന്നും സ്വന്തം കുടുംബാഗങ്ങളെപ്പോലും മോചിപ്പിക്കാനാവാതെ പോയത് എന്തേ എന്നൊരു ചോദ്യമുണ്ട്. ഈ പ്രതിസന്ധിയുടെ ശബ്ദം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടത്തെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട കാലം മുതല്‍ കേള്‍ക്കുന്നതാണ്.

കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറിയ പങ്കും ജാതി-മത സംഘടനകളിലൂടെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായവരായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്‍എസ്എസ് പ്രസിഡന്റായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള കേര കര്‍ഷക സംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. എം.എന്റെ പിതാവ് പന്തളം മുളയ്ക്കല്‍ വി.ആര്‍. നാരായണ പിള്ളയ്ക്ക് എന്‍എസ്എസിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായിരുന്നു. സി.ജി. സദാശിവനും പി. ഗംഗാധരനും മറ്റും എസ്എന്‍ഡിപിയുടെ സജീവ പ്രവര്‍ത്തകരും. പിന്നീടാണവര്‍ കമ്യൂണിസ്റ്റുകളാവുന്നത്. ഇത്തരം ജാതീയമായ ധാരകളുടെ സംഗമമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉള്‍ത്തലം. ഡൈലക്ടിക്കല്‍ മെറ്റിരിയലിസത്തിലടിസ്ഥാനമിട്ട കമ്യൂണിസ്റ്റ് തത്വചിന്താധാരയ്‌ക്കൊപ്പം ഇവരില്‍ ഓരോരുത്തരിലും തങ്ങളുടെ സ്വത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയ നോര്‍മേറ്റീവ് ഫംങ്ഷണലിസവും ആന്ത്രോപ്പോളജിക്കല്‍ ഫംങ്ഷണലിസവും സന്നിവേശിച്ചിരുന്നു. ഇതവരെ വര്‍ഗരാഷ്ട്രീയത്തിനും സ്വത്വരാഷ്ട്രീയത്തിനും ഇടയില്‍ ആടിക്കളിക്കുന്നതിന് പ്രേരിപ്പിച്ചു. ഈ വൈരുദ്ധ്യങ്ങളെ അതിജീവിക്കാന്‍ അവര്‍ പ്രയാസപ്പെട്ടതോടെ, പി. ഗംഗാധരനെ പോലുള്ളവര്‍ ജാതി രാഷ്ട്രീയവും സോഷ്യലിസവും ചേര്‍ന്ന ചില പൊളിറ്റിക്കല്‍ മിക്‌സുകളിലേക്ക് എത്തിയ്ക്കുകയും കാലാന്തരത്തില്‍ അത്തരം രാഷ്ട്രീയ ധാരകള്‍ ഇല്ലാതെയാകുകയും ചെയ്തു. അത് മറ്റൊരു വിഷയമാണ്.

റിഫൈന്‍ഡ് ഫ്യൂഡല്‍ മൂല്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ ആദ്യകാലം മുതല്‍ വേരോടിയിരുന്നു. 1957ല്‍ ടി.വി. തോമസിനെ മുഖ്യമന്ത്രിയാക്കിയില്ലെന്നതുപോകട്ടെ, മന്ത്രി പോലുമാക്കാന്‍ ആദ്യം തയാറാകാതിരുന്ന നേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നില്‍ ഇത്തരം മൂല്യങ്ങളുടെ നിര്‍ബന്ധ ബുദ്ധികളുണ്ടായിരുന്നുവെന്ന വിമര്‍ശനം ഉണ്ടായി. ടി.വിയെ മന്ത്രി പോലും ആക്കില്ലെന്ന തീരുമാനവുമായെത്തിയ സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ എറണാകുളം ടിഡിഎം ഹാളില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ ചെറുപ്പക്കാരായ എംഎല്‍എമാര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ വീണ്ടും പാര്‍ട്ടിയുടെ ഉന്നത സമതി ചേര്‍ന്ന് കെ. ആര്‍. ഗൗരിയെ വിവാഹം ചെയ്യാമെന്ന് ടിവിയുടെ ഉറപ്പ് വാങ്ങിയശേഷം മന്ത്രിയാക്കുകയായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ ലത്തീന്‍ കത്തോലിക്കരും പിന്നോക്ക ഹിന്ദുക്കളും അധികമായി നിലകൊണ്ടിരുന്നതിനാല്‍ ആ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ വിലയിരുത്താന്‍ തയാറാകാത്ത മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുണ്ടായിരുന്നുവെന്ന വിമര്‍ശനവും ഈ പശ്ചാത്തലത്തില്‍ വേണം നോക്കി കാണാന്‍.

1957ല്‍ പാര്‍ട്ടി കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ ആദ്യം ആഗ്രഹിച്ചത് എ.കെ. ഗോപാലനെ മുഖ്യമന്ത്രിയാക്കാനായിരുന്നു. താന്‍ പാര്‍ലമെന്റിലേക്ക് പോകാനാണ് താല്പര്യപ്പെടുന്നതെന്ന തീരുമാനത്തില്‍ എകെജി ഉറച്ച് നിന്നതോടെ എംഎന്റെ ദൃഷ്ടി ഇഎംഎസ്സിലേക്ക് എത്തുകയായിരുന്നു. ആ നീക്കത്തിന് മലബാറിലെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നുവെന്നും ശ്രുതികളുണ്ട്. അത്തരം പുരാവൃത്തങ്ങളിലേക്ക് പോയാല്‍ ഏറെ പറയേണ്ടിവരുമെങ്കിലും ചില കാര്യങ്ങള്‍ കൂടി ഒന്ന് പരാമര്‍ശിച്ച് പോകാതിരിക്കാനാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി 1957ല്‍ സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത് കോണ്‍ഗ്രസ് നേതാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനും എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനും തമ്മില്‍ ഉടലെടുത്ത ഭിന്നതകളുടെ പശ്ചാത്തലത്തില്‍ മധ്യകേരളത്തില്‍ പരമാവധി നായര്‍ വോട്ടുകള്‍ സമാഹരിക്കുന്നത് ലക്ഷ്യം വെച്ചായിരുന്നു. 1954 ല്‍ കളത്തില്‍ വേലായുധന്‍ നായരോട് പത്താനാപുരത്ത് പരാജയപ്പെട്ട എം.എന്‍. ഗോവിന്ദന്‍ നായര്‍ 57ല്‍ മത്സര രംഗത്ത് ഇറങ്ങിയില്ല.

മധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ പട്ടിക പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. സി.എസ്. ഗോപാലപിള്ള(ഏറ്റുമാനൂര്‍), കോട്ടയം ഭാസി(കോട്ടയം), എന്‍. രാഘവക്കുറുപ്പ്(വാഴൂര്‍), എം. കല്യാണകൃഷ്ണന്‍ നായര്‍(ചങ്ങനാശ്ശേരി), ശങ്കരനാരായണന്‍ തമ്പി(ചെങ്ങന്നൂര്‍), ജി.പദ്മനാഭന്‍ തമ്പി(തിരുവല്ല), പി.ഭാസ്‌ക്കര പിള്ളയെന്ന തോപ്പില്‍ ഭാസി(പത്തനംതിട്ട), എന്‍.രാജഗോപാലന്‍ നായര്‍(പത്തനാപുരം), ഇ. ചന്ദ്രശേഖരന്‍ നായര്‍(കൊട്ടാരക്കര), പി.ആര്‍. മാധവന്‍ പിള്ള(കുന്നത്തൂര്‍), ജി.ജനാര്‍ദ്ദന കുറുപ്പ്(കരുനാഗപ്പള്ളി), കെ.നാരായണന്‍ നായര്‍(തൊടുപുഴ). തിരുവല്ലയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചത് സാക്ഷാല്‍ പി.കെ. വാസുദേവന്‍ നായരായിരുന്നു. അക്കാലത്ത് ആര്‍. ബാലകൃഷ്ണ പിള്ളയെപ്പോലെ ഏറെ സ്ഥാനി നായന്മാര്‍ കമ്യൂണിസ്റ്റുകാരായി തെരഞ്ഞുടുപ്പ് പ്രചാരണത്തിലും മറ്റും സജീവമായിരുന്നു. ജനിച്ച ചോവനും നശിച്ച നായരും പിഴച്ച മാപ്പിളയും കമ്യൂണിസ്റ്റാകുമെന്ന സ്വസിദ്ധാന്തം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് മധ്യതിരുവിതാകൂറില്‍ കമ്യൂണിസ്റ്റായിരുന്നാല്‍ പോലും നായര്‍ക്ക് വോട്ടു കൊടുക്കാനും ക്രിസ്ത്യന്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും മന്നം ഉറച്ചു. അത് മനസ്സിലാക്കിയ ഇടത് നേതാക്കള്‍ മന്നത്തിന്റെ ആശിസ്സിനായി നേരില്‍ കണ്ട് വണങ്ങി. അതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്തു. എന്‍എസ്എസ് ആസ്ഥാനമായ ചങ്ങനാശ്ശേരിയില്‍ രണ്ട് നായന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ കമ്യൂണിസ്റ്റ് നായരായ കല്യാണ കൃഷ്ണന്‍ നായര്‍ 2846 വോട്ടുകള്‍ക്ക് ജയിച്ചുവെന്നത് സ്വയം സംസാരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നായരായ പി. രാഘവന്‍ പിള്ളയ്ക്കു 19693 വോട്ടും എം. കല്യാണകൃഷ്ണന്‍ നായര്‍ക്ക് 22539 വോട്ടുമാണ് ലഭിച്ചത്.

ഒട്ടാകെയുള്ള 126 മണ്ഡലങ്ങളില്‍ 100 ഇടങ്ങളില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 60 സീറ്റുകളില്‍ വിജയിച്ചു. അഞ്ചു സ്വതന്ത്രരും ജയിച്ചു. കമ്യൂണിസ്റ്റ് എംഎല്‍എമാരില്‍ 90 ശതമാനവും ഹിന്ദുക്കള്‍. ക്രിസ്ത്യാനികളായി വെറും അഞ്ചു പേര്‍ മാത്രം. 10 ക്രിസ്ത്യാനികളെയായിരുന്നു മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഇവരില്‍ ജയിച്ചുകയറിയ അഞ്ചു പേരും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്നായിരുന്നു. കെ.സി. ജോര്‍ജ്(മാവേലിക്കര), ടി.വി.തോമസ്(ആലപ്പുഴ), റോസമ്മ പുന്നൂസ്(ദേവികുളം), ജോസഫ് മുണ്ടശ്ശേരി(മണലൂര്‍), കെ.വി.ജോണ്‍(കുഴല്‍മന്ദം) എന്നിവരായിരുന്നു വിജയികളായത്. അഞ്ചു മുസ്ലിംങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരരംഗത്തിറക്കിയെങ്കിലും ടി.എ. മജീദ്(വര്‍ക്കല), കെ.ഒ. അയിഷാബായ് (കായംകുളം) എന്നിവര്‍ക്ക് മാത്രമാണ് ജയിക്കാനായത്. കോണ്‍ഗ്രസ് പക്ഷത്തെ 43 പേര്‍ ജയിച്ചുകയറി. അതില്‍ 19 പേര്‍ ക്രൈസ്തവരായിരുന്നു. ആറ് പേര്‍ നായന്മാരും.

എ.കെ.ജി. പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ച കാസര്‍കോടില്‍ പെടുന്ന നിലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്നാണ് ഇഎംഎസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവിടെ പാര്‍ട്ടിയുടെ സംവരണ സ്ഥാനാര്‍ഥിയായ കല്ലളന്‍ വൈദ്യര്‍ 44,754 വോട്ടുകള്‍ നേടിയപ്പോള്‍, ഇഎംഎസ്സിന് ലഭിച്ചത് 38,090 വോട്ടുകള്‍ മാത്രമായിരുന്നു. പാര്‍ലമെന്റിലേക്ക് ഈ മണ്ഡലത്തില്‍ നിന്ന് എകെജിക്ക് ഇഎംഎസ്സിനേക്കാള്‍ 1422 വോട്ടുകള്‍ അധികമായി ലഭിക്കുകയും ചെയ്തു. എകെജിയുടെ ജനപ്രീയതയുടെ ചിറകേറിയാണ് ഇഎംഎസ് ജയിച്ച് കയറിയതെന്ന വിമര്‍ശനം അക്കാലത്തേ പാര്‍ട്ടിയ്ക്കത്തും പുറത്തുമുണ്ടായിരുന്നു. പലരും ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍. ഒരു പട്ടികജാതി/വര്‍ഗം, രണ്ട് ഈഴവര്‍, രണ്ട് നായന്മാര്‍, രണ്ട് ഉന്നത ഹൈന്ദവര്‍, മുന്നു ക്രിസ്ത്യാനികള്‍, ഒരു മുസ്ലിം. ഇത്തരത്തിലായിരുന്നു പ്രാതിനിധ്യം. ജയിച്ചു വന്ന അഞ്ച് ക്രൈസ്തവ എംഎല്‍എമാരില്‍ മൂന്നു പേരും മന്ത്രിമാരായി. രണ്ട് കത്തോലിക്കരും ഒരു ഓര്‍ത്തഡോക്‌സുകാരനും.

പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളുടേയും മന്ത്രിസഭ രൂപീകരണത്തിന്റേയും ഒക്കെ ചരിത്രം പരിശോധിച്ചാല്‍ ജാതി-മത ധ്രൂവീകരണങ്ങളുടേയും അവയെ ലക്ഷ്യം വെച്ചുള്ള പ്രീണനങ്ങളുടേയും ജാതി മത സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ഇടപെടലുകളുടേയും ഒക്കെ വളരെ നീണ്ട പുരാവൃത്തങ്ങള്‍ തന്നെ പുറത്ത് വരും. ജാതിയും മതവും എക്കാലത്തും ഉണ്ടായിരുന്നു. അവയെ അതിജീവിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും സാധ്യമായിട്ടില്ല. അതിനുള്ള ബൗദ്ധികപരിസരമുണ്ടായിരുന്ന ഇടതുപക്ഷമാവട്ടെ ഫലപ്രദമായി ഇക്കാര്യത്തില്‍ ചെയ്തതായും കാണുന്നില്ല. ഏറ്റവും ആദര്‍ശാത്മകമായ അന്തരീക്ഷം ആ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന 57ല്‍ പോലും എന്താണ് സംഭവിച്ചതെന്ന് കാണിക്കാനാണ് കുറച്ചു പുരാവൃത്തങ്ങള്‍ പങ്കുവെച്ചത്. ഈ പശ്ചാത്തലത്തില്‍ വേണം മഞ്ചേശ്വരത്തും മറ്റും നടക്കുന്ന സംഭവഗതികളെ മനസ്സിലാക്കാന്‍.

എല്ലാ തെരഞ്ഞെടുപ്പുകളിലും ജാതി മത പരിഗണനകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടന്നുവന്നിരുന്നുവെന്നത് പകല്‍ പോലെ വ്യക്തം. നവോത്ഥാനവും പരമ്പര്യ നിരാസവും പുട്ടിനു പീരയിടുന്നതുപോലെ രാവിലെ മുതല്‍ വൈകിട്ട് വരെ പറയുന്ന ഈ പാര്‍ട്ടിയുടെ നേതാക്കള്‍ പിന്തുണ തേടി ജാതി സംഘടനകളുടെ അടുക്കളകളില്‍ 57 മുതല്‍ തന്നെ കയറി ഇറങ്ങിയിട്ടുമുണ്ട്. അതുകൊണ്ടാണ് സമൂദായ നേതാക്കള്‍ സമദൂരമെന്നും ശരിദൂരമെന്നുമൊക്കെ പറയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍പോലും വ്യാകുലചിത്തരാകുന്നത്. ഹിന്ദുക്കളുടെ അട്ടിപ്പേറ് ആരും എടുക്കേണ്ടെന്നൊക്കെ പറയുന്നതും ഇത്തരം വേവലാതികളാല്‍ തന്നെ. ആ അട്ടിപ്പേറിന്റെ സ്വാസ്ഥ്യം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അത്ര അറിഞ്ഞവര്‍ വേറെ ഉണ്ടാകാനും ഇടയില്ല. ശബരിമലയുടെ പേരിലെ ഈ വ്യാകുലതകളുടെ പ്രാണകേന്ദ്രവും അത് തന്നെ. ബിജെപി കേരളത്തില്‍ ഗണ്യമായ തരത്തില്‍ സ്വാധീനത കൈവരിക്കാതെ പോകുന്നതിന്റെ പ്രധാന കാരണവും ഒരുപക്ഷെ, ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയായി ഇപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തുടരുന്നത് കൊണ്ടുകൂടിയാകണം.


കടപ്പാട്:
1. വോട്ടു ചരിതം, കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രം, കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണം
2. വര്‍ഗീയത സമീക്ഷയും വിശ്ലേഷണവും, മൂല്യങ്ങളുടെ കുഴമറിച്ചില്‍, നിത്യചൈതന്യ യതി, ഡിസി ബുക്‌സ് , കോട്ടയം
3. നക്ഷത്രവും ചുറ്റികയും, കേരളത്തിലെ കമ്യൂണിസത്തിന്റെ ചരിത്രം, രാമചന്ദ്രന്‍, പ്രണത ബുക്‌സ് , കൊച്ചി
4. അറുപതിലെത്തിയ കേരളത്തിന്റെ തെരഞ്ഞെടുപ്പ്, ഡോ.എസ്. രാമചന്ദ്രന്‍ നായര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
5. Collected Works, M.N.Sreenivasan, Oxford University Press
6. Castes of Mind, Nicholas B.Dirks,Permanent Black

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories