TopTop
Begin typing your search above and press return to search.

കോവിഡ് 19: കേന്ദ്ര പാക്കേജ് എന്തുകൊണ്ട് കൂടുതൽ സമഗ്രമാവണം? എം.ബി രാജേഷ് എഴുതുന്നു

കോവിഡ് 19: കേന്ദ്ര പാക്കേജ് എന്തുകൊണ്ട് കൂടുതൽ സമഗ്രമാവണം? എം.ബി രാജേഷ് എഴുതുന്നു

രാജ്യം പൂർണ്ണമായും പൂട്ടിയിട്ട് 36 മണിക്കൂറുകൾക്കു ശേഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ. 21 ദിവസത്തേക്കാണ് രാജ്യം പൂട്ടിയിരിക്കുന്നത്. ചരിത്രത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ലാത്ത ഈ അസാധാരണ നടപടി, പക്ഷേ അനിവാര്യമായിരുന്നു. കോവിഡിൻ്റെ സമൂഹ വ്യാപനം തടയാൻ പൂട്ടൽ ഒഴിവാക്കുക അസാധ്യമായിരുന്നു. കോവിഡ് നേരത്തേ പടർന്നു പിടിച്ച പല രാജ്യങ്ങൾക്കും ഇതു ചെയ്യേണ്ടി വന്നിട്ടുണ്ട്. പൂട്ടൽ ഒഴിവാക്കുക അസാധ്യമായിരുന്നെങ്കിലും അതിന് കൂടുതൽ മെച്ചപ്പെട്ട മുൻകരുതലും തയ്യാറെടുപ്പും സാധ്യമായ കാര്യമായിരുന്നു. മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ പൂട്ടലിൻ്റെ മാനുഷികവും സാമൂഹികവുമായ ആഘാതം വൻതോതിൽ കുറയ്ക്കുകയും ചെയ്യുമായിരുന്നു. പൊള്ളുന്ന ചൂടിൽ, പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള കുടുംബാംഗങ്ങളുമായി നഗരങ്ങളിൽ നിന്ന് ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ കൂട്ടപ്പലായനം പോലുള്ള ദുരിതങ്ങൾ ഇത്ര രൂക്ഷമാകാതെ നോക്കാമായിരുന്നു. നൂറു കണക്കിന് കിലോമീറ്റർ കൊടുംചൂടിൽ, ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോലുമില്ലാതെ താണ്ടുന്ന ദരിദ്രരായ മനുഷ്യരുടെ ദൈന്യം എത്ര ഹൃദയഭേദകമാണ്? പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അതുണ്ടാക്കുന്ന ആരോഗ്യഭീഷണി എത്ര വലുതാണ്‌? പൂട്ടലിൻ്റെ ലക്ഷ്യത്തിനു തന്നെ വിപരീതമായ ഫലം അത് സൃഷ്ടിച്ചേക്കാം. ലഭിച്ച സാവകാശം, പൂട്ടലിൻ്റെ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട് മതിയായ തയ്യാറെടുപ്പ് നടത്താൻ ഉപയോഗിക്കാമായിരുന്നു.

ആ തയ്യാറെടുപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂട്ടലിന് മുമ്പുതന്നെ അതിനെ തുടർന്നുണ്ടാവുന്ന സാഹചര്യം നേരിടാനുള്ള സാമ്പത്തികമായ മുന്നൊരുക്കം നടത്തുക എന്നതായിരുന്നു. അതിനുതകുന്ന പാക്കേജ് പൂട്ടലിന് മുമ്പേ, ഒരു പക്ഷേ പ്രധാനമന്ത്രി രാജ്യത്തെ ആദ്യം അഭിസംബോധന ചെയ്ത സന്ദർഭത്തിൽ തന്നെ പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള പ്രായോഗിക നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങുകയും ചെയ്തിരുന്നെങ്കിൽ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് അല്പം ആശ്വാസമുണ്ടാകുമായിരുന്നു. അതാതിടത്തു തന്നെ തുടരാനുള്ള ധൈര്യവും ഉറപ്പുമാകുമായിരുന്നു. ജനങ്ങളുടെ കൈയ്യിൽ പണമെത്തിക്കുക, ഭക്ഷ്യലഭ്യത ഉറപ്പാക്കുക, പൊതു ആരോഗ്യ സംവിധാനം അടിയന്തിര സാഹചര്യം നേരിടാവുന്ന വിധം ശക്തിപ്പെടുത്തുക എന്നിവയാണല്ലോ ഇതുപോലൊരു സന്ദർഭത്തിൽ പാക്കേജിൻ്റെ ലക്ഷ്യങ്ങൾ. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ, സാമ്പത്തിക മെല്ലെപ്പോക്ക് ഏറെക്കാലമായി തുടർന്നു വരികയും ഒരു മാന്ദ്യത്തിൻ്റെ വക്കിൽ രാജ്യം എത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് കൂനിൻമേൽ കുരുപോലെ കോവിഡ് പടരുന്നത്. വളർച്ചാ ഇടിവ്, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ, വരുമാനത്തകർച്ച, അതിരൂക്ഷമായ അസമത്വം, കാർഷിക-ഗ്രാമീണ തകർച്ച എന്നിവ ജനജീവിതത്തെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കായിരിക്കുകയാണ്. അടച്ചുപൂട്ടൽ കൂടിയാവുമ്പോൾ ജനം നിലയില്ലാക്കയത്തിലാകും. ലോകം മാന്ദ്യത്തിലായിക്കഴിഞ്ഞുവെന്ന് ഐഎംഎഫ്. മേധാവി പറഞ്ഞത് ഇന്നലെയാണ്. അതിഗുരുതരമായ ഈ സാഹചര്യത്തെ നേരിടാൻ പര്യാപ്തമാണോ കേന്ദ്ര സർക്കാരിൻ്റെ പാക്കേജ്?

ജനങ്ങൾക്ക് പണം നേരിട്ട് കൈമാറുകയും ഭക്ഷ്യധാന്യ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന രണ്ട് നടപടികളാണ് പാക്കേജിൻ്റെ പ്രധാനപ്പെട്ട ഉള്ളടക്കം.പ്രായം ചെന്നവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മൂന്നു മാസത്തേക്ക് രണ്ടു തവണകളായി 1000 രൂപ നൽകുന്നതാണ് ഇതിലൊന്ന്. പ്രതിമാസം കണക്കാക്കിയാൽ 333 രൂപ. വിലക്കയറ്റത്തിൻ്റെ സ്ഥിതിയും ഏറ്റവും ആലംബഹീനരായ ഈ വിഭാഗങ്ങളുടെ ജീവിതാവസ്ഥയും കണക്കിലെടുക്കുമ്പോൾ ഈ തുക എന്തിന് തികയും? കേരളം അടുത്ത രണ്ട് മാസത്തെ മുൻകൂർ ഉൾപ്പെടെ ഏഴ് മാസത്തെ ക്ഷേമപെൻഷൻ 8600 രൂപ ഒരുമിച്ച് ലഭ്യമാക്കുന്നുണ്ടെന്ന് ഓർക്കുക. കേന്ദ്ര പാക്കേജില്‍ സ്ത്രീകളുടെ പേരിലുള്ള ജൻ ധൻ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്ന് പറഞ്ഞത് മൂന്ന് മാസത്തേക്ക് ഓരോ മാസവും വെറും 500 രൂപയാണ്. അയ്യായിരം രൂപ എല്ലാ ജൻധൻ അക്കൗണ്ടുകളിലും നിക്ഷേപിക്കണമെന്ന് സിപിഐ(എം)-ഉം മറ്റ് നിരവധി സാമ്പത്തിക വിദഗ്ദ്ധരും ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ഓരോ വ്യക്തികൾക്കും നൽകുന്നത് 1200 ഡോളർ (9,00,00 രൂപ) നൽകുന്നുവെന്നറിയുക. മാത്രമല്ല ജൻധൻ പ്രകാരമുള്ള 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്തവർക്ക് ഇപ്പോൾ സഹായമായി എത്തുന്ന തുക പിൻവലിക്കാൻ കഴിയുകയുമില്ല. ആക 60 ലക്ഷം പേരാണ് ഇങ്ങനെ ഓവർ ഡ്രാഫ്റ്റ് എടുത്തവർ. മൂന്നു തവണകളായി 500 രൂപ വീതം അക്കൗണ്ടിലേക്ക് വരുന്നതു കൊണ്ട് തുച്ഛമായ ഈ തുക കൈപ്പറ്റാൻ അത്രയും തവണ ഈ ദരിദ്രർ ബാങ്കുകളിൽ എത്തേണ്ടി വരും. ഒന്നിച്ച് ഈ തുക അക്കൗണ്ടിലേക്ക് നൽകിയാൽ അത്രയും ആശ്വാസമാകും. പിഎം കിസാൻ പദ്ധതിയിലെ കർഷകർക്കുള്ള 6,000 രൂപയിൽ ആദ്യ ഗഡു ഇപ്പോൾ നൽകും. നിലവിലുള്ള പദ്ധതിയായതുകൊണ്ട് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവില്ലെന്നിരിക്കേ 6,000 രൂപയും ഇപ്പോൾ ഒന്നിച്ച് നൽകുന്നത് കൃഷിക്കാർക്ക് സഹായകരമാകുമായിരുന്നു. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വിളവിറക്കൽ സീസണാണിത് എന്നതുകൊണ്ട്.

ഇതിൻ്റെ പ്രധാന പരിമിതി, ഭൂമിയുള്ള കൃഷിക്കാർക്കേ ഈ സഹായം ലഭിക്കൂ എന്നതാണ്. കർഷകരിൽ സിംഹഭാഗവും ഭൂരഹിതരായ ദരിദ്ര കർഷകരായതിനാൽ അവർക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയുമില്ല. കർഷകരുടെ വായ്പകൾക്ക് ഒറ്റത്തവണ എഴുതിത്തള്ളൽ നടപ്പാക്കേണ്ട നിർണായക സാഹചര്യമാണിത്. വൻകിട വായ്പകൾ എഴുതിത്തള്ളാൻ വൈമനസ്യം കാണിക്കാത്ത കേന്ദ്രം ഇപ്പോൾ കർഷകർക്ക് ന്യായമായും കടാശ്വാസം നൽകേണ്ടതാണ്. ഗ്രാമീണ ദരിദ്രർക്ക് ആശ്വാസം പകരുന്നതും അവരുടെ കൈയ്യിൽ പണമെത്തിക്കാൻ ഉതകുന്നതുമാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയിലെ കൂലിയിൽ 50 രൂപയും തൊഴിൽ ദിനങ്ങളിൽ 50 ദിവസവും വർദ്ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേരളം ആവശ്യപ്പെട്ടത് ഇവിടുത്തെ കാർഷിക മേഖലയിലെ മിനിമം കൂലിയായ 490 രൂപയാക്കണം സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി എന്നായിരുന്നു. എന്നാൽ കൂലിയിൽ നാമമാത്രമായി വെറും 20 രൂപയാണ് വർദ്ധിപ്പിച്ചത്. ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പെട്ട് കൂലി വർദ്ധനവ് പദ്ധതിയുടെ ഭാഗമായതുകൊണ്ട് ഇത് ഇപ്പോഴത്തെ സാഹചര്യമനുസരിച്ചുള്ള അധിക വർദ്ധനവല്ല. അല്ലെങ്കിൽ തന്നെ സ്വാഭാവികമായി വർദ്ധിക്കുന്നതു മാത്രമാണ്. തൊഴിൽ ദിനങ്ങളൊട്ടു വർദ്ധിപ്പിക്കാൻ കേന്ദ്രം കൂട്ടാക്കിയിട്ടുമില്ല. എടുത്ത തൊഴിലിൻ്റെ കൂലി കുടിശ്ശികയായ 7650 കോടി രൂപ ഉടൻ കൊടുത്തു തീർക്കേണ്ടത് ഇനി വൈകിപ്പിക്കുന്നതിന് ന്യായമില്ല. യു.പി പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. കേരളത്തിന് മാത്രം 330 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ട്. കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പ് വിഹിതം 10,000 കോടി കുറച്ച കേന്ദ്ര സർക്കാർ, ഈ അടിയന്തിര ഘട്ടത്തിൽ പോലും ദരിദ്രർക്ക് ആശ്രയമായ തൊഴിലുറപ്പിനെ വിപുലമാക്കാൻ ശ്രമിക്കാത്തത് ദു:ഖകരമാണ്.

ഭക്ഷ്യധാന്യം ഇപ്പോഴുള്ള അഞ്ചു കിലോ എന്നത് 10 കിലോയായി വർദ്ധിപ്പിച്ച് ലഭ്യമാക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. ഇത് മുഴുവൻ സൗജന്യമാണോ അതോ അധികവിഹിതം മാത്രമാണോ സൗജന്യം എന്ന് വ്യക്തമല്ല. ഒരു കുടുംബത്തിന് ഒരു കിലോ പയർവർഗ്ഗങ്ങൾ ലഭ്യമാക്കുമെന്നാണ് പാക്കേജിൽ പറയുന്നത്. രാജ്യത്തെ ജനങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും വലിയൊരു വിഭാഗം പോഷകാഹാരക്കുറവും വിളർച്ചയും വളർച്ചാ മുരടിപ്പും ഭാരക്കുറവും അനുഭവിക്കുന്നവരാണ് എന്ന വസ്തുതയും കോവിഡിനെ നേരിടാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, മതിയായ പോഷകാഹാരം ഉറപ്പുവരുത്താനാവശ്യമായ അളവിൽ റേഷൻ കിറ്റുകൾ ജനങ്ങൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കേണ്ടതാണ്.

തൊഴിലാളികൾക്കും ലേ ഓഫിനെ തുടർന്നും മറ്റും തൊഴിൽ നഷ്ടപ്പെട്ടവർക്കുമുള്ള ആശ്വാസ നടപടികളും ഒട്ടും പര്യാപ്തമല്ല. തൊഴിൽ നഷ്ടപ്പെട്ട എല്ലാവർക്കും ചുരുങ്ങിയത് മൂന്നു മാസത്തെ വേതനം ലഭ്യമാക്കിയാൽ മാത്രമേ അവരുടേയും കുടുംബങ്ങളുടേയും ജീവിതം വഴിമുട്ടാതിരിക്കൂ. കൂട്ടപ്പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമാണ്. നിർമ്മാണത്തൊഴിലാളികളായ അവരെ സഹായിക്കാൻ നടപടികൾ നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയത് പൂട്ടൽ പ്രഖ്യാപിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ്. നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ ആകെ 52,000 കോടി രൂപയുണ്ടെന്നും അതിൽ നിന്ന് അവർക്ക് സഹായം നൽകാമെന്നും നിർദ്ദേശിച്ച് കേന്ദ്ര തൊഴിൽ മന്ത്രി മാർച്ച് 24ന് സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി പറയുന്നത് നിർമ്മാണ ക്ഷേമനിധിയിൽ 31,000 കോടി രൂപയുണ്ടെന്നാണ്. 21,000 കോടി രൂപയുടെ കുറവ്! പാവപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസം നൽകുമെന്ന പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയ്ക്കു നേരെ ചോദ്യങ്ങളുയർത്താനേ ഇതെല്ലാം ഇടയാക്കൂ. 15,000 രൂപയിൽ താഴെ വരുമാനമുള്ള തൊഴിലാളികൾക്ക് അവരുടെ മാസവേതനത്തിൻ്റെ 24 ശതമാനം പ്രൊവിഡൻറ് ഫണ്ടിൽ അടയ്ക്കുന്നത് അവർക്ക് പ്രത്യേകിച്ച് അധിക പ്രയോജനമൊന്നും ചെയ്യുന്നതല്ല. അത് അവരുടെ തന്നെ സമ്പാദ്യമാണല്ലോ. സർക്കാരിന് ചെലവൊന്നുമില്ല. പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും വലിയ പ്രഖ്യാപനം ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ്. 50 ലക്ഷമെന്ന് കേൾക്കുമ്പോൾ കയ്യടിക്കാൻ തോന്നും. പക്ഷേ ഇത് അപായം സംഭവിച്ചാൽ മാത്രം ലഭിക്കുന്നതാണ്. യഥാർത്ഥത്തിൽ ഇൻഷ്വറൻസിന് പകരം വേണ്ടിയിരുന്നത്, ജീവൻ പണയപ്പെടുത്തി അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അധിക ആനുകൂല്യങ്ങളും അപായം സംഭവിച്ചാൽ മതിയായ നഷ്ടപരിഹാരവുമാണ്. അതിനെക്കുറിച്ച് പരാമർശമേയില്ല എന്നത് നിരാശാജനകമാണ്.

പടർന്നു പിടിക്കുന്ന ഈ മഹാവ്യാധിയെ ചെറുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങളാണല്ലോ. ആരോഗ്യമാണെങ്കിൽ ഒരു സംസ്ഥാന വിഷയുമാണ്. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുകയും സജ്ജമാക്കുകയും ചെയ്യുക എന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രം സ്വീകരിക്കേണ്ട പരമപ്രധാനമായ നടപടിയാണ്. ഈ പാക്കേജ് അക്കാര്യത്തെ അഭിസംബോധന ചെയ്യാനേ തയ്യാറാവാത്തത് അമ്പരപ്പിക്കുന്നു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളുടേയും ധനസ്ഥിതി മോശമാണ്. രാജ്യമാകെയുണ്ടായ സാമ്പത്തിക മെല്ലെപ്പോക്കും ജിഎസ്ടി വരുമാനത്തിലെ ഇടിവും ജിഎസ്ടിക്കു ശേഷം സ്വന്തമായി വിഭവ സമാഹരണത്തിനുള്ള സാദ്ധ്യതകൾ അടഞ്ഞതുമെല്ലാം എല്ലാ സംസ്ഥാനങ്ങളേയും ബാധിച്ചു. നിയമാനുസൃതം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ജിഎസ്ടി വിഹിതം, നഷ്ടപരിഹാര കുടിശിക എന്നിവ ഇപ്പോഴെങ്കിലും സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കിയേ തീരൂ. കേരളത്തിന് മാത്രം ആ ഇനത്തിൽ 8,000 കോടിയിലധികം ലഭിക്കാനുണ്ട് എന്നോർക്കുക. ഇതിനു പുറമെ, സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തണമെന്ന ആവശ്യത്തോടും കേന്ദ്രത്തിന് മൗനമാണ്. സംസ്ഥാന ജിഡിപിയുടെ 3 ശതമാനം മാത്രമേ വായ്പയെടുക്കാനാവൂ എന്ന ധന ഉത്തരവാദിത്ത നിയമത്തിലെ നിബന്ധന ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉപേക്ഷിക്കേണ്ടതാണ്. അസാധാരണ സാഹചര്യങ്ങളെ നേരിടാൻ ധനപരമായ യാഥാസ്ഥിതികത്വം കൈവെടിഞ്ഞ് പ്രായോഗികമായ സമീപനം സ്വീകരിക്കാനുള്ള അയവും വഴക്കവും വിവേകവും കേന്ദ്രം പ്രദർശിപ്പിക്കണം. വായ്പാപരിധി ചുരുക്കിയത് 5 ശതമാനമെങ്കിലുമാക്കേണ്ടതാണ്.

കേന്ദ്ര പാക്കേജ് തന്നെ, സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ സമഗ്രവും വിപുലവുമാക്കണം. 1.85 ലക്ഷം കോടി രൂപ (പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടി കൂടി ചേർത്ത്) എന്നത് ഒറ്റയടിക്ക് കേൾക്കുമ്പോൾ വലിയ തുകയല്ലേ എന്ന് തോന്നാമെങ്കിലും 135 കോടി ജനങ്ങളുള്ള ഒരു രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ ചെറുതാണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ വളർന്നു എന്ന് അഭിമാനിക്കുമ്പോഴും ഡെൻമാർക്കിനെപ്പോലെ, ഇന്ത്യയേക്കാൾ ചെറിയ സമ്പദ് വ്യവസ്ഥയും ഇന്ത്യയുടെ 0.44 ശതമാനം മാത്രം ജനസംഖ്യയുമുള്ള ഒരു രാജ്യം പോലും പ്രഖ്യപിച്ച പാക്കേജ് നമ്മുടെ ഇരട്ടി (3.75 ലക്ഷം കോടി രൂപ)യാണെന്ന് അറിയണം. ഇനി കേരളം പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് നോക്കൂ. ഏകദേശം ആളോഹരി 5,714 രൂപ. കേന്ദ്രത്തിൻ്റെ ആളോഹരി വെറും 1,370 രൂപ; കേരളത്തിൻ്റെ നാലിലൊന്ന്. 2014 -19 കാലയളവിൽ കേന്ദ്രം എഴുതിത്തള്ളിയ വൻകിട വായ്പകൾ 7.77 ലക്ഷം കോടി രൂപയാണ്. അതിൻ്റെ അഞ്ചിലൊന്നേ കോവിഡ് പാക്കേജ് വരുന്നുള്ളൂ. കഴിഞ്ഞ ഓഗസ്തിൽ നൽകിയ കോർപ്പറേറ്റ് നികുതി, കയറ്റുമതി തീരുവ ഇളവുകളായ 2.15 ലക്ഷം കോടിയേക്കാൾ 30,000 കോടിയും കുറവാണ് ഈ പാക്കേജ്.

കൂടുതൽ വിഭവങ്ങളും അവ സമാഹരിക്കാന്‍ അധികാരവുമുള്ള കേന്ദ്ര സർക്കാർ, അതുപയോഗിച്ച് സമഗ്രമായ ഒരു തുടർ പാക്കേജ് ആവിഷ്കരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട നിർണായക സന്ദർഭമാണിത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read:

കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല

https://www.azhimukham.com/editorial/what-will-be-the-global-impact-of-corona-virus-spread-70650


Next Story

Related Stories