TopTop
Begin typing your search above and press return to search.

ബ്ലാക് പാന്തറും കബാലിയും പിന്നെ ബാഹുബലിയിലെ കാലകേയരും

ബ്ലാക് പാന്തറും കബാലിയും പിന്നെ ബാഹുബലിയിലെ കാലകേയരും

ആഫ്രോ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജാമില്‍ സ്മിത്ത് ടൈം മാസികയില്‍ എഴുതിയ ലേഖനത്തില്‍ 2018ല്‍ മാര്‍വല്‍ സ്റ്റുഡിയോ തിയറ്ററുകളില്‍ എത്തിച്ച ചാഡ്വിക് ബോസ്മാന്‍ അഭിനയിച്ച ബ്ലാക്ക് പാന്തറിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "എല്ലാതരം പ്രേക്ഷകരില്‍ നിന്നും ലാഭം കൊയ്യാന്‍ ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ ആഖ്യാനത്തിന് സാധിക്കുമെന്ന് ബ്ലാക്ക് പാന്തര്‍ തെളിയിക്കും". കച്ചവടത്തിനും ലാഭത്തിനും പ്രാമുഖ്യം കൊടുക്കുന്ന ഹോളിവുഡ് എന്റര്‍ടെയിന്‍മെന്‍റ് ബിസിനസില്‍ സുവര്‍ണ്ണ ലിപിയില്‍ എഴുതിവെക്കേണ്ട വാക്കുകളാണ് സ്മിത്തിന്റേത്.

ബ്ലാക്ക് പാന്തറിന്റെ ബോക്സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ ചുരുക്കി എഴുതാം; ലോകമാകെ നേടിയ ബോക്സോഫീസ് കളക്ഷന്‍ 1.347 ബില്ല്യണ്‍ ഡോളര്‍, ഏറ്റവും കൂടുതല്‍ പണം കൊയ്ത സോളോ സൂപ്പര്‍ ഹീറോ ഫിലിം, സൂപ്പര്‍ ഹീറോ സിനികളുടെ കളക്ഷന്‍ റെക്കോര്‍ഡില്‍ അഞ്ചാം സ്ഥാനം, മാര്‍വല്‍ കോമിക് സീരീസില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ അഞ്ചാമത്തെ സിനിമ, ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ഒന്‍പതാമത്തെ സിനിമ, കറുത്ത വംശജനായ ഒരു സംവിധായകന്റെ ഏറ്റവും മികച്ച ബോക്സോഫീസ് വിജയം... ഇങ്ങനെ നീണ്ടു പോകുന്നതാണ് ആ നേട്ടങ്ങളുടെ കണക്ക് പട്ടിക.

ഇനി പുരസ്കാരങ്ങളുടെ മേഖല
നോക്കാം, മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടുന്ന ആദ്യ സൂപ്പര്‍ ഹീറോ സിനിമയായാണ് ബ്ലാക് പാന്തര്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. 7 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതില്‍ മൂന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്തു. (അതേ വര്‍ഷം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ആഫ്രിക്കന്‍ അമേരിക്കന്‍ ജാസ് പിയാനിസ്റ്റ് ഡോണ്‍ ഷര്‍ലിയുടെ കഥ പറഞ്ഞ ഗ്രീന്‍ ബുക്ക് ആണ്. കറുത്ത വംശജര്‍ കയ്യില്‍ കരുതിയിരിക്കേണ്ട യാത്രാ സഹായിയാണ് ഗ്രീന്‍ ബുക്ക്. അതില്‍ അവര്‍ക്ക് തങ്ങാനുള്ള ഹോട്ടലുകള്‍, ബാറുകള്‍, സഞ്ചരിക്കാവുന്ന വഴികള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ വിവരണങ്ങളും മാപ്പും ഉണ്ടായിരിക്കും. അമേരിക്ക കടന്നു പോയ വര്‍ണ്ണവിവേചന ചരിത്രത്തിലെ കുപ്രസിദ്ധ നാളുകളുടെ ആവിഷ്ക്കാരമാണ് ഗ്രീന്‍ ബുക്ക്) അമേരിക്കന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂസും അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും തിരഞ്ഞെടുത്ത 2018ലെ മികച്ച 10 സിനിമകളില്‍ ഒന്നായിരുന്നു ബ്ലാക് പാന്തര്‍.

ബ്ലാക് ലൈവ്സ് മാറ്റര്‍, ഓസ്കാര്‍ ഈസ് സോ വൈറ്റ് ക്യാമ്പയിന്‍ കാലത്താണ് ബ്ലാക് പാന്തര്‍ എന്ന സിനിമയും ചാഡ്വിക് ബോസ്മാന്‍ എന്ന നടനും റ്യാന്‍ കൂഗ്ലര്‍ എന്ന സംവിധായകനും ചരിത്രത്തില്‍ഇടം നേടിയത്. ഹോളിവുഡ് സ്റ്റുഡിയോ സിനിമകള്‍ മുന്നോട്ട് വെച്ച കറുത്ത വംശജരെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകളെയും അമേരിക്കന്‍ വെള്ള ദേശീയവാദത്തെയും ഇതുപോലെ തകര്‍ത്ത ജനപ്രീയ സംസ്കാര വസ്തു മറ്റൊന്നുണ്ടാവില്ല.
കോളന്‍ ക്യാന്‍സര്‍ ബാധിച്ച് 43-മത്തെ വയസില്‍ അന്തരിക്കുമ്പോള്‍ ഒട്ടുമിക്ക കറുത്ത വംശജരായ അഭിനേതാക്കളെയും പോലെ ചില എണ്ണം പറഞ്ഞ ബയോപ്പിക്കുകളില്‍ ഒതുങ്ങിപ്പോവുമായിരുന്ന
ചാഡ്വിക് ബോസ്മാന്റെ
ചലച്ചിത്ര ജീവിതത്തെയാണ് ബ്ലാക്ക് പാന്തര്‍ മാറ്റിമറിച്ചത്. ആഫ്രോ അമേരിക്കന്‍ ബെയ്സ് ബോള്‍ കളിക്കാരന്‍ ജാക്കി റോബിന്‍സണിന്റെ ജീവിത കഥ പറഞ്ഞ 42, അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയ തുര്‍ഗൂഡ് മാര്‍ഷലിന്റെ കഥ പറഞ്ഞ മാര്‍ഷല്‍ എന്നിവയായിരുന്നു ബ്ലാക് പാന്തറിന് മുന്‍പ് ബോസ്മാന്‍ അഭിനയിച്ച എണ്ണം പറഞ്ഞ സിനിമകള്‍.
'വക്കാണ്ട' എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെയും അവിടത്തെ ടി' ചല്ല എന്ന ബ്ലാക് പാന്തര്‍ രാജാവിന്റെയും അതിജീവനത്തിന്റെ പോരാട്ട കഥ പറയുന്ന ബ്ലാക് പാന്തര്‍ കറുത്ത വംജരുടെ പ്രതിനിധാനം സംബന്ധിച്ച വലിയ സംവാദങ്ങള്‍ തന്നെ ഉയര്‍ത്തിവിടുകയുണ്ടായി. "യഥാര്‍ത്ഥ ജീവിത സംഘര്‍ഷത്തിന്റെ സാങ്കല്‍പ്പിക ആഖ്യാനമായാണ്" ഈ ചിത്രത്തെ ചരിത്രകാരനായ നാഥന്‍ ഡി ബി കൊനോളി വിലയിരുത്തിയത്. അമേരിക്കയിലെ "500 വര്‍ഷക്കാലത്തെ ആഫ്രിക്കന്‍ ജനതയുടെ ചരിത്രം സ്വാതന്ത്ര്യവും ഭൂമിയും ദേശീയ സ്വയംഭരണവും" സപ്നം കാണുന്നു എന്നും അദ്ദേഹം എഴുതുന്നു.
കറുപ്പിന്റെ പ്രതിനിധാനത്തിന്റെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ 2016ല്‍ ഇറങ്ങിയ പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനി കാന്ത് സൂപ്പര്‍ ഹീറോ ചിത്രം കബാലി ഉയര്‍ത്തിവിട്ട സംവാദങ്ങളും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. ഒപ്പം ഹൈന്ദവ രാജവംശത്തിന്റെ കഥ പറഞ്ഞ ബാഹുബലിയിലെ കാലകേയ 'പ്രാകൃത' ഗോത്രത്തെ കുറിച്ചും.
ചാഡ്വിക് ബോസ്മാനെ കുറിച്ച് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത അദ്ദേഹം ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുന്നു എന്നാണ്. ബോസ്മാന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഏറ്റവും അവസാനം ചെയ്ത ട്വീറ്റ് , ട്വിറ്ററിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ട്വീറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് ഇങ്ങനെയാണ് "A tribute fit for a King"


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories