TopTop
Begin typing your search above and press return to search.

സ്വവർഗഭോഗത്തിന്റെ ഫലം ലൈംഗിക അരാജകത്വം, സ്വയംഭോഗം തിന്മ; മധ്യകാല മൂല്യ ബോധന പാഠ പുസ്തകവുമായി ചങ്ങനാശ്ശേരി എസ് ബി കോളേജ്

സ്വവർഗഭോഗത്തിന്റെ ഫലം ലൈംഗിക അരാജകത്വം, സ്വയംഭോഗം തിന്മ; മധ്യകാല മൂല്യ ബോധന പാഠ പുസ്തകവുമായി ചങ്ങനാശ്ശേരി എസ് ബി കോളേജ്

കേരളത്തിലെ പ്രഥമ സ്വയംഭരണാധികാര കോളേജായ, സിറിയൻ കാത്തോലിക് ചർച്ചിനു കീഴിൽ പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജ് ഇന്ത്യയിൽ തന്നെ മികച്ച വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്ന സ്ഥാപനമാണ്. എന്നാൽ സ്വയംഭരണാധികാരത്തിൻ്റെ കരുത്തിൽ സ്വവർഗഭോഗ വിരുദ്ധ മത യാഥാസ്ഥിതികതയുടെ പിന്തിരിപ്പൻ വാദങ്ങൾ തിരുകിക്കയറ്റിയ സിലബസ് തയ്യാറാക്കി വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പാത്രമായിരിക്കുകയാണ് കോളേജ് അധികൃതർ.

ഡിഗ്രി രണ്ടാം സെമസ്റ്റർ പാഠ്യവിഷയങ്ങളിൽ വിദ്യാർത്ഥികൾ നിർബന്ധമായും പഠിക്കേണ്ടിയിരിക്കുന്ന വാല്യു എജ്യുക്കേഷൻ വിഭാഗത്തിൽ തയ്യാറാക്കിയ 'ജീവിതാനന്ദം' എന്ന പുസ്തകത്തിലാണ് വിവാദപരമായ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഒരേ വർഗത്തിൽ പെട്ടവർ ഇണകളായി മാറുന്ന സ്വവർഗഭോഗമെന്ന പ്രവണതയുടെ ഫലം ലൈംഗിക അരാജകത്വമാണെന്നും ജന്മസിദ്ധമായോ പെരുമാറ്റ വൈകല്യം വഴിയോ ഇത് ഉത്ഭവിക്കാമെന്നാണ് 'സ്വവർഗഭോഗം' എന്ന തലക്കെട്ടിനു കീഴിൽ നൽകിയ കുറിപ്പിൽ പറയുന്നത്. തുടർന്ന് പറയുന്നു ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും ഒന്നാവുകയെന്ന ലൈംഗികതയുടെ ദൈവികമായ ലക്ഷ്യവും അർത്ഥവും സാധ്യമാകാത്ത സ്വവർഗഭോഗ പ്രവണതയെ ചികിത്സ, ആത്മീയ ജീവിതം സന്മാർഗബോധം എന്നീ മാർഗങ്ങളിലൂടെ മറികടക്കാനാവുന്നതാണ്.

എസ് ബി കോളേജ് വിദ്യാർത്ഥികൾക്കിടയിലും കേരളാ LGBT ആക്ടിവിസ്റ്റുകൾക്കിയിലും വൻ വിമർശനങ്ങൾക്കു പാത്രമായ വിവാദ പാഠഭാഗത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധങ്ങൾ ശക്തമാണ്.

"സർക്കാരിൽ നിന്ന് കോടികളുടെ ഫണ്ട് കൈപ്പറ്റി സ്വയംഭരണാധികാരത്തിന്റെ ഹുങ്കിൽ ചങ്ങനാശ്ശേരി SB കോളേജ് കാണിച്ചു കൂട്ടുന്നത് UGC നിഷ്കര്‍ഷിച്ചിട്ടുള്ള ആന്റി റാഗിങ് പോളിസിക്ക് വിരുദ്ധമാണെന്ന് കേരളാ ക്വീർ ആക്ടിവിസ്റ്റ് ഉനൈസ് ആരോപിച്ചു.

സ്വയംഭോഗം, ഗർഭഛിദ്രം തുടങ്ങിയ വിഷയങ്ങൾ മുതൽ ആൺ പെൺ ദ്വന്ദ്വാടിസ്ഥാനത്തിലുള്ള സങ്കുചിത യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകളും വിശദീകരണങ്ങളുമാണ് പാഠഭാഗങ്ങളിൽ നിറഞ്ഞിരിക്കുന്നതെന്ന് ഈ വിഷയത്തിൽ ആദ്യമായി പരസ്യ വിമർശനവുമായി കടന്നുവന്ന അക്ഷയ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. യുജിസിയുടെ റാഗിങ് നിർവ്വചനത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണിതെന്നും പോപ്പ് പോലും പിന്തുണ അറിയിച്ച സ്വവർഗാനുരാഗത്തെ നിയമ വിധേയമാക്കിക്കൊണ്ട് ഇന്ത്യയിൽ ഐപിസി 377 എടുത്ത് കളഞ്ഞ് രണ്ട് വർഷം തികയാറായിട്ടു പോലും ഇവരുടെയൊക്കെ തലയിൽ സൂര്യനുദിക്കാൻ സമയമായില്ലെ എന്നു ചോദിക്കുന്നു അദ്ദേഹം. തങ്ങളുടെ സ്വത്വം വെളിപ്പെടുത്താത്ത എത്രയോ ലൈംഗിക ന്യൂനപക്ഷ വിദ്യാർത്ഥികൾ എല്ലാം സഹിച്ചും പരീക്ഷയിൽ മാർക്ക് വാങ്ങിക്കാൻ മാത്രമായി പഠിക്കുകയാണെന്നും അദ്ദേഹം പറയുന്നു.


സ്വയംഭോഗം പോലുള്ള ഒരാൾ തനിയെ ചെയ്യുന്ന ലൈംഗിക പ്രവൃത്തി തെറ്റാണെന്നും ജഡികതയുടെ അതിപ്രസരവും അശ്ലീല പ്രസിദ്ധീകരണങ്ങളുടെ പ്രചാരവും വസ്ത്രധാരണത്തിലെ അടക്കമില്ലായ്മയുമെല്ലാം ഇത്തരം തിന്മകളെ വളർത്തുന്നു എന്നും 'സ്വയംഭോഗം ' എന്ന തലക്കെട്ടിലെ ഭാഗങ്ങളിൽ പറയുന്നു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പേരുകേട്ട ഒരു കോളേജ് ഇത്തരത്തിൽ അധപതിക്കുന്നതിനു പിന്നിൽ കോളേജ് നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റിലേക്കു തിരിഞ്ഞാൽ തന്നെ മതി. പക്ഷേ, യുജിസിയുടെ അംഗീകാരത്തോടെ കോടികളുടെ സർക്കാർ ഫണ്ട് അനുഭവിച്ച് കഴിയുന്ന ഒരു സ്ഥാപനം മാനേജ്മൻ്റിൻ്റെ മത യാഥാസ്ഥിതിക താൽപര്യങ്ങൾ വിറ്റഴിക്കാനുള്ള വേലകൾ നടത്തുമ്പോൾ അത് നഖശിഖാന്തം എതിർക്കപ്പെടേണ്ടതും തൂത്തുവാരി കളയേണ്ടതുമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories