TopTop
Begin typing your search above and press return to search.

ചൈനയ്ക്ക് ഇന്ത്യയെ എപ്പോഴും സംശയമാണ്; നാം അക്സായി ചിന്‍ തിരികെ ആവശ്യപ്പെടും എന്നാണ് അവരുടെ പേടി; സംഘര്‍ഷമൊഴിയുമ്പോള്‍ മോദിയും സൈന്യവും വീഴ്ചയ്ക്ക് ഉത്തരം പറയേണ്ടതുണ്ട്

ചൈനയ്ക്ക് ഇന്ത്യയെ എപ്പോഴും സംശയമാണ്; നാം അക്സായി ചിന്‍ തിരികെ ആവശ്യപ്പെടും എന്നാണ് അവരുടെ പേടി; സംഘര്‍ഷമൊഴിയുമ്പോള്‍ മോദിയും സൈന്യവും വീഴ്ചയ്ക്ക് ഉത്തരം പറയേണ്ടതുണ്ട്

ഇന്ത്യയും ടിബറ്റും തമ്മിലുള്ള 'ഡി ഫാക്ടോ' അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കഴിഞ്ഞ നാല് ആഴ്ചകളായി അസാധാരണമായ ചിലത് സംഭവിക്കുന്നുണ്ട്. പാന്‍ഗോംഗ് സോയുടെ വടക്കേ കരയില്‍ മേയ് അഞ്ച്, ആറ് രാത്രിയിലും വടക്കന്‍ സിക്കിമിലെ നാകു ലായില്‍ മേയ് ഒമ്പതിനും ഇന്ത്യ, ചൈന പട്ടാളക്കാര്‍ തങ്ങളില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായതായി മേയ് പത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിന് ശേഷം, പാന്‍ഗോംഗ് സോയുടെ വടക്കേ കരയിലുള്ള ഗാല്‍വന്‍ നദിയിലും ഒരുപക്ഷെ ചാങ് ചെന്‍മോ നദീതടത്തിലെ ഹോട്ട് സ്പ്രിംഗിലും നടന്ന കടന്നുകയറ്റങ്ങളെയും മുഖാമുഖം നില്‍ക്കലിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരാന്‍ തുടങ്ങി. സ്ഥിതിഗതികള്‍ തീവ്രമാവുകയാണെങ്കില്‍ സഹായത്തിനായി കരുതല്‍ സൈന്യത്തെ വിന്യസിച്ചത് കൂടാതെ കൂടുതല്‍ സൈന്യത്തെ ഉള്‍പ്പെടുത്തിയുള്ള 'മിറര്‍ ഡിപ്ലോയ്മെന്റും' ഇരുഭാഗവും നടത്തി. ഇന്ത്യ ഹെലിക്കോപ്റ്ററുകളുടെ സാന്നിധ്യവും പ്രതിരോധ വിമാന വ്യൂഹത്തിന്റെ വിന്യാസവും വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തരാഖണ്ഡിലെ സെന്‍ട്രല്‍ സെക്ടര്‍ പോലെയുള്ള മറ്റ് യഥാര്‍ത്ഥ നിയന്ത്രണരേഖകളിലും സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെയുള്ള നഗാരിയില്‍ യുദ്ധവിമാനങ്ങള്‍ നിറുത്തിയിട്ടിരിക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരീക്ഷണ ചെറുത്തുനില്‍പ്പുകളും ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതും ഏപ്രില്‍ അവസാനം തന്നെ ആരംഭിച്ചിരുന്നുവെന്നുള്ള ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. ചൈന അവകാശപ്പെടുന്ന നിയന്ത്രണരേഖ ഇന്ത്യ ആക്രമണോത്സുകമായി അതിലംഘിക്കുകയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) നിരീക്ഷണങ്ങളെ ചെറുക്കുകയാണെന്നും ചൈനീസ് മാധ്യമങ്ങളും ഔദ്യോഗിക വക്താക്കളും ആരോപിക്കുന്നുണ്ട്. രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് തന്റെ സേനകള്‍ക്ക് ഇതിനിടെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെയോ സൈന്യത്തിന്റെയോ ഏതെങ്കിലും തരത്തിലുള്ള വാര്‍ത്താക്കുറിപ്പുകളുടെ അഭാവത്തില്‍, യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചും ചൈനയുടെ രാഷ്ട്രീയ/സൈന ക ലക്ഷ്യങ്ങളെ കുറിച്ചുമുള്ള ഊഹാപോഹങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. 2018ല്‍ വുഹാനിലും 2019ല്‍ മാമല്ലപുരത്തും നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഷീ ജിന്‍പിംഗിന്റെയും ഔനൗദ്യോഗിക ഉച്ചകോടികള്‍ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സമാധാനവും സ്വസ്ഥതയും നിലനിറുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു നേതാക്കളും പറയുകയും അതിര്‍ത്തി പരിപാലനത്തെ കുറിച്ച് ഇരു സേനകള്‍ക്കും തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന ഏതൊരു സംഘര്‍ഷത്തിന്റെയും പ്രഭവകേന്ദ്രം രാഷ്ട്രീയ ലക്ഷ്യമായിരിക്കും. ആ ലക്ഷ്യം നേടിയെടുക്കാനുള്ള ഉപാധി മാത്രമാണ് സൈനിക നടപടികള്‍. ഈ പ്രക്രിയയെ തിരിച്ചിടാനും, സൈനിക സാഹചര്യങ്ങളും ഇന്ത്യ-ചൈന മുഖാമുഖം നിലനില്‍ക്കുന്ന പ്രദേശങ്ങളുടെ തന്ത്രപരമായ പ്രാധാന്യം വിലയിരുത്തിക്കൊണ്ടും ആ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അനുമാനിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. സൈനിക സാഹചര്യങ്ങള്‍ഈ സാഹചര്യത്തില്‍ സ്പഷ്ടമായ ഒരു വിലയിരുത്തലിന് എന്നെ അനുവദിക്കുക. 1962, 1965, 1999 വര്‍ഷങ്ങളില്‍ സംഭവിച്ചത് പോലെ തന്നെ, തന്ത്രപരവും പ്രവര്‍ത്തനപരവുമായ തലങ്ങളില്‍ നാം അത്ഭുതപ്പെടുകയുണ്ടായി എന്നതിന് സംശയമില്ല. കാരണം, പൊടുന്നനെ മറ്റ് മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് പുനര്‍വിന്യാസം നടത്തിയ നമ്മുടെ പ്രവര്‍ത്തി അതിന്റെ തെളിവാണ്. തന്ത്രപരമായ തലത്തില്‍ നിന്ന് നോക്കുമ്പോള്‍, അതിര്‍ത്തി പ്രതിരോധ സംഘങ്ങളെ മാറ്റി പിന്‍നിരയിലുള്ള ആസ്ഥാന സൈനീകരെ വിന്യസിക്കുന്നതിന് പിഎല്‍എ നടത്തിയ ശ്രമങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന്റെ (റോ) പരാജയമാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന സൈനിക നീക്കങ്ങള്‍ കണ്ടെത്തുന്നതിനുള്ള നമ്മുടെ പൈലറ്റ്‌രഹിത വിമാനങ്ങളുടെയും പെട്രോളിംഗിന്റെയും സാന്നിധ്യം അപര്യാപ്തമായിരുന്നു എന്നതാണ് പ്രവര്‍ത്തനപരമായ മേഖലയില്‍ തെളിഞ്ഞുവരുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് നമ്മുടെ അതിര്‍ത്തികള്‍ നിരീക്ഷിക്കുന്നത്. അവര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലല്ല എന്നതാണ് മറ്റൊരു വിരോധാഭാസം. പിഎല്‍എ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കുകയും ഗാല്‍വന്‍ റിവറിലുള്ള നമ്മുടെ 3-4 കിലോമീറ്റര്‍ വരുന്ന സ്ഥലങ്ങളും പാന്‍ഗോംഗ് സോയുടെ വടക്കേ കരയിലുള്ള 8-10 കിലോമീറ്ററുകള്‍ വരുന്ന മൊത്തം പ്രദേശവും (2017ലെ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഈ മേഖല കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്) കൈയടക്കുകയും ചെയ്തതായി സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ പറയുന്നു. ഹോട്ട് സ്പ്രിംഗ്‌സിലും ലഡാക്കിലെ ചാങ് ചെന്‍മോ നദീതടത്തിലും ഡെംചോക്കിലും ചെറിയ കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഗാല്‍വന്‍ റിവറിലും പാന്‍സോംഗ് സോയുടെ വടക്കേ കരയിലും പരമാവധി ഓരോ സൈനിക വ്യൂഹങ്ങളെ വീതം പിഎല്‍എ വിന്യസിച്ചിട്ടുണ്ടാവാം എന്നാണ് എന്റെ അനുമാനം. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ പ്രതിരോധശേഷി കുറഞ്ഞ മേഖലകളിലകള്‍ക്കും ആക്രമണ കേന്ദ്രങ്ങള്‍ക്കുമായി വിക്ഷേപണ കേന്ദ്രങ്ങള്‍ ഒരു മുന്‍കരുതല്‍ വിന്യാസമെന്ന നിലയില്‍ ഏര്‍പ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്. ഇന്ത്യയുടെ പ്രതികരണം/സേനാ വര്‍ദ്ധനവ് അഭിമുഖീകരിക്കുന്നതിന് തയ്യാറാവാന്‍ കരുതല്‍ സേനയെ സജ്ജമാക്കിയിട്ടുമുണ്ടാവാം. നഗാരിയിലെ വ്യോമതാവളം നവീകരിക്കുകയും അവിടെ യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഡെപ്‌സാങ് സമതലം, ഹോട്ട് സ്പ്രിംഗ്‌സ്, സ്പാന്‍ഗൂര്‍ ഗ്യാപ്, ചുമാര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സേനകളെ വിന്യസിച്ചിരിക്കാനും സാധ്യതയുണ്ട്. സാധാരണ പെട്രോളിംഗ് നടത്തുന്ന ട്രൂപ്പുകള്‍ തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന മേഖലകളില്‍ പോകുന്നത് പോലെയല്ല, മറ്റ് മേഖലകളിലേക്ക് ട്രൂപ്പുകള്‍ കടന്നുകയറുന്ന സാഹചര്യം. ഗാല്‍വന്‍ റിവറിലെ 3-4 കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങള്‍ ഒരു സൈനിക വ്യൂഹമാണ് കൈവശപ്പെടുത്തിയതെങ്കില്‍, വടക്ക്. തെക്ക് ഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിരിക്കുമെന്നും അതുവഴി 15 മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ അധീനതയിലാക്കിയിട്ടുണ്ടാവാം എന്നുമാണ് അത് അര്‍ത്ഥമാക്കുന്നത്. തത്തുല്യമായി തന്നെ, പാന്‍ഗോംഗ് സോയിലെ 8-10 കിലോമീറ്ററുകള്‍ പിഎല്‍എ കൈവശപ്പെടുത്തി എന്നതിനര്‍ത്ഥം വടക്കേ തീരത്തിന്റെ വടക്കേ ഭാഗത്ത് ഉയര്‍ന്ന സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും അതുവഴി 35-40 ചതുരശ്ര കിലോമീറ്ററുകള്‍ അതുവഴി അവരുടെ അധീനതയിലായിരിക്കുകയും ചെയ്തിരിക്കാം എന്നാണ് അതിന്റെ അര്‍ത്ഥം. കൈവശപ്പെടുത്തിയ മേഖലകളിലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ വിവിധ ദിശകളിലേക്ക് പോവുകയാണെങ്കില്‍ കൈവശപ്പെടുത്തിയ മേഖലകളുടെ അളവ് വലിയ രീതിയിലായിരിക്കും.സെന്‍ട്രല്‍ സെക്ടറിലുള്ള നമ്മുടെ വിന്യാസം വളരെ നേര്‍ത്തതാണ്. സ്ഥിതിഗതികള്‍ മൂര്‍ദ്ധന്യാവസ്ഥയിലാവുന്ന സാഹചര്യത്തില്‍ ഒരു ഭീഷണി ഉയര്‍ത്തിക്കൊണ്ട് നമ്മുടെ തന്ത്രപരമായ സൈനിക വിന്യാസത്തിന്റെ കൈകെട്ടുന്നതിനും മേഖലകള്‍ പിടിച്ചടക്കുന്നതിനുമായിട്ടാവണം പരമാവധി ഒരു സൈനിക വ്യൂഹത്തെ പിഎല്‍എ വിന്യസിച്ചിട്ടുണ്ടാവുക. വടക്കന്‍ സിക്കിമിലെ സമനിരപ്പ് പ്രദേശങ്ങളില്‍ ഒരു പരിമിത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ചുംബി താഴ്വരയിലേക്ക് നാം കടന്നു ചെല്ലാതിരിക്കാനുള്ള മുന്നറിയിപ്പ് എന്ന രീതിയിലായിരിക്കണം. അരുണാചല്‍ പ്രദേശില്‍ നാം മുന്‍കരുതല്‍ വിന്യാസങ്ങള്‍ നടത്തേണ്ടതായിരുന്നു. അക്‌സായി ചിന്നിനും പ്രത്യേകിച്ചും ഗാല്‍വന്‍, ഹോട്ട്‌സ്പ്രിംഗ്‌സ്, പാന്‍ഗോംഗ് സോ മേഖലകളിലുമുണ്ടായേക്കാവുന്ന ഭീഷണി ഒഴിവാക്കുന്നതിനായി ലഡാക്കിലുള്ള നമ്മുടെ അതിര്‍ത്തി പശ്ചാത്തല സൗകര്യങ്ങളുടെ വികസനം തടയുക എന്നതാവും ചൈനയുടെ സൈനിക ലക്ഷ്യം. 'മുഖാമുഖം' നില്‍ക്കുന്ന പ്രദേശങ്ങളുടെ തന്ത്രപരമായ പ്രാധാന്യംപാകിസ്ഥാനും ചൈനയും തമ്മിലുള്ള പ്രത്യക്ഷമായ സൈനിക ഗൂഢാലോചനയ്ക്ക് സാധ്യതയുള്ള ഒരേയൊരു മേഖല ലഡാക്കാണ്. വടക്കന്‍ ഉപമേഖല (എസ്എസ്എന്‍) സിയാച്ചിന്‍ മഞ്ഞുമലയ്ക്ക് കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ദൗലത്ത് ബെഗ് ഓള്‍ഡി വ്യോമതാവളത്തിന്റെ നവീകരണം നടത്തിയതിന് ശേഷവും വളരെ നേര്‍ത്ത ആശയവിനിമയ സംവിധാനങ്ങളാണ് നിലനില്‍ക്കുന്നത് എന്നതിനാല്‍ തന്നെ നമുക്ക് വളരെ അപകടകരമായ ഒരു മേഖലയാണത്. ഇന്ത്യയില്‍ നിന്നും നേരിട്ട് അക്‌സായി ചിന്നിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ഒരേയൊരു മേഖലയുമാണത്. എസ്എസ്എന്നില്‍ എന്തെങ്കിലും ഭീഷണിയുയര്‍ത്താന്‍ ചൈന ആഗ്രഹിക്കില്ല. എസ്എസ്എന്നില്‍ നിന്നും അക്‌സായി ചിന്നിലേക്കുള്ള എന്തെങ്കിലും ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഒരു സൈനിക ഡിവിഷനെയും മെക്കാനിക്കല്‍ വിഭാഗത്തെയും വിന്യസിച്ചുകൊണ്ടുള്ള ഒരു ചൈനീസ് സൈനിക അഭ്യാസം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. നിലവിലുള്ള പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് എസ്എസ്എന്നിലേക്ക് രണ്ട് റോഡുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ 2007ല്‍ നമ്മള്‍ ആരംഭിച്ചിരുന്നു. നുബ്ര നദീതടത്തില്‍ നിന്നും സാസെര്‍ ലാ ചുരത്തിലൂടെയുള്ളതായിരുന്നു ആദ്യത്തേത്. നിര്‍ഭാഗ്യവശാല്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണ് സാസെര്‍ ലാ. നമ്മള്‍ ഒരു തുരങ്കം നിര്‍മ്മിക്കാതിരിക്കുന്നിടത്തോളം അതൊരു വേനല്‍ക്കാല റോഡ് മാത്രമായി തീരും. മുര്‍ഗോയും ദെപ്‌സാങ്ങും വഴി ദാര്‍ബുക്കില്‍ നിന്നും ഷൈയോക്ക് നദീതടം വഴിയുള്ള പൂര്‍ത്തിയാക്കിയ 255 കിലോമീറ്റര്‍ റോഡാണ് രണ്ടാമത്തേത്. ഷൈയോക്ക് നദീതടത്തിന്റെ ചെങ്കുത്തായ മലയിടുക്കളിലൂടെയുള്ള ഈ നിര്‍മ്മാണം എഞ്ചിനീയറിംഗിന്റെ ഒരു അത്ഭുത സാക്ഷ്യം തന്നെയായിരുന്നെങ്കിലും മുര്‍ഗോ വരെയുള്ള യഥാര്‍ത്ഥ അതിര്‍ത്തിരേഖയ്ക്ക് സമാന്തരമായാണ് അത് സഞ്ചരിക്കുന്നത്. ഷൈയോക്കിന്റെയും ഗാല്‍വന്‍ നദിയുടേയും സംഗമസ്ഥാനം യഥാര്‍ത്ഥ അതിര്‍ത്തി രേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ്. യഥാര്‍ത്ഥ അതിര്‍ത്തി രേഖയിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ചെറിയ റോഡ് നിര്‍മ്മിക്കാമെന്ന ഒരു നിര്‍ദ്ദേശം നമ്മള്‍ മുന്നോട്ട് വച്ചെങ്കിലും ഗാല്‍വന്‍ നദീതടത്തിലെ 'ഫേസ്-ഓഫി'ലാണ് ഇത് കലാശിച്ചത്. എസ്എസ്എന്നിലേക്കുള്ള നമ്മുടെ പാതകളെ സംരക്ഷിക്കുന്നതിനായി ഗാല്‍വന്‍ റിവര്‍ താഴ്വരയില്‍ പ്രതിരോധ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത് ചൈന ഇഷ്ടപ്പെടുന്നില്ല. ഈ റോഡുമായി ബന്ധപ്പെട്ടാണ് 2013ല്‍ ഡെസ്പാംഗ് സമനിലത്തില്‍ സംഘര്‍ഷമുണ്ടായതും.

Likely area secured by PLA in North Bank Pangong Tso | Lt Gen HS Panag

Likely area secured by PLA in Galwan River | Lt Gen HS Panag

കോംഗ ലായില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ താഴെയുള്ള ഹോട്ട് സ്പ്രിംഗികളില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ സൈനിക പോസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ചാങ് ചെന്‍മോ താഴ്വരയിലൂടെ, തെക്ക് നിന്നാണ് അക്‌സായി ചിന്നിലേക്ക് നമുക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന മറ്റൊരു വഴി. പോബ്രാംഗ്-മാര്‍സിമിക് ലായിലൂടെ ലുകുങ്ങില്‍ നിന്നും ചാങ് ചെന്‍മോ നദീക്കരയിലൂടെ മറ്റൊരു പാത നാം വികസിപ്പിച്ചിരുന്നു. ഒരു ചെറിയ സംഘര്‍ഷത്തിന് സാധ്യതയുള്ള ഒരു പ്രദേശം ഇതാണ്.

ഈ റോഡില്‍ നിന്നും പോബ്രാങില്‍ നിന്നും തെക്കുകിഴക്കായുള്ള ആന്‍ ലേ ചുരത്തിലേക്ക് ഒരു സമാന്തര റോഡ് പോകുന്നുണ്ട്. ഈ ചുരം വര്‍ഷത്തില്‍ എല്ലാ കാലത്തും തുറന്നുകിടക്കും. സിരിജാപ്പിലും ഘുര്‍നാക്കിലുടെയും പാന്‍ഗോംഗ് സോയുടെ വടക്കന്‍ കരയിലുള്ള ചൈനീസ് പ്രതിരോധത്തിന്റെ പിന്നിലെത്താന്‍ ഇത് നമ്മെ അനുവദിക്കും. 'വിരലുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിരവധി ഊടുവഴികള്‍ പാന്‍ഗോംഗ് സോയുടെ വടക്കേ കരയിലുണ്ട്. ഫിംഗര്‍ നാല് വരെയുള്ള സ്ഥലങ്ങള്‍ നമ്മുടെ നിരീക്ഷണത്തിലാണെങ്കിലും സിരിജാപ്പിന് സമീപമുള്ള ഫിംഗര്‍ എട്ട് വരെയുള്ള സ്ഥലങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ്. ഫിംഗര്‍ എട്ടില്‍ ചൈനയുടെ നിരീക്ഷണ താവളം ഉണ്ടെങ്കിലും സിരിജാപ്പിന് സമീപമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുള്ള ഫിംഗര്‍ എട്ട് വരെ നമ്മള്‍ നിരീക്ഷണം നടത്തുന്നുണ്ട്. ചൈനക്കാര്‍ക്ക് ഫിംഗര്‍ എട്ടില്‍ നിരീക്ഷണ കേന്ദ്രമുണ്ട് എന്ന് മാത്രമല്ല ഈ റോഡുകള്‍ ഭീഷണിയുയര്‍ത്തിയേക്കാവുന്ന ഫിംഗര്‍ രണ്ട് വരെയുള്ള പ്രദേശങ്ങളുടെ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. കാര്‍ഗില്‍ യുദ്ധം നടന്ന 1999ല്‍, ഇപ്പോള്‍ മൂന്നാമത്തെ സംഘര്‍ഷം നടക്കുന്ന ഫിംഗര്‍ അഞ്ചിലേക്ക് ചൈന ഒരു റോഡ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. സിന്ധു താഴ്വരയില്‍ ഉള്‍പ്പെടുന്ന നാഗരി, ഒരു വ്യോമത്താവളം ഉള്‍പ്പെടുന്ന ചൈനയുടെ നിര്‍ണായക താവളമാണ്. എന്‍എച്ച് 219 നാഗരിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് ഭൂമിശാസ്ത്രപരമായ മേല്‍ക്കൈയുള്ള ഡെംചോക്കില്‍ നിന്നും അമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണിത്. ചുമ്മാറില്‍ നിന്നും നാഗരിക്ക് ഭീഷണി ഉയര്‍ത്താന്‍ സാധിക്കും. ഈ പ്രദേശത്ത് അടിക്കടി സംഘര്‍ഷമുണ്ടാവുന്നതിന്റെ കാരണമിതാണ്. രാഷ്ട്രീയ ലക്ഷ്യംതന്ത്രപരമായി നോക്കിയാല്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ഇന്ത്യന്‍ പ്രദേശങ്ങളെല്ലാം 1962ന് മുമ്പ് തന്നെ ചൈന കൈവശപ്പെടുത്തിയിരുന്നു. ടിബറ്റ്-ജീപിയാംഗ് എന്‍എച്ച്-219 ന് ആവശ്യമായ അക്‌സായി ചിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണത്. 1962ലെ യുദ്ധത്തിന് ശേഷം, തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ ഒഴികെ ലഡാക്കിലെ പിടിച്ചെടുത്ത പ്രദേശങ്ങളുടെ അവകാശവാദം ചൈന ഉപേക്ഷിച്ചിരുന്നു. 1960-കളില്‍ അവര്‍ അവകാശപ്പെട്ട നിയന്ത്രണരേഖയായ ഡെപ്‌സാംഗ്, ഗാല്‍വന്‍ റിവര്‍, പാന്‍ഗോംഗ് സോയ്ക്ക് വടക്കുള്ള സിരിജാപ്-ഘുര്‍നാക് കോട്ട, ഡെംചോക്കിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കൈലാസ മലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അക്‌സായി ചിന്‍, എന്‍എച്ച് 219-ലേക്കുള്ള പ്രവേശനം നിഷേധിക്കുന്ന മേഖലകളാണ് അവ. അന്നുമുതല്‍, ഇന്ത്യയെ കുഴപ്പിച്ച് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ ചൈന നടത്തുന്ന നീക്കങ്ങളായിരുന്നു യഥാര്‍ത്ഥ നിയന്ത്രണരേഖയിലുള്ള സംഘര്‍ഷങ്ങളെല്ലാം തന്നെ. എന്നാല്‍ അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ ആകപ്പാടെ മാറി.ഇന്ത്യയെ അങ്ങേയറ്റം സംശയമാണ് ചൈനയ്ക്ക്. അക്‌സായ് ചിന്നും ചൈന കൈവശപ്പെടുത്തിയ/നിയന്ത്രണത്തിലാക്കിയ മറ്റ് മേഖലകളിലും 1950-നു മുമ്പുള്ള തത്സ്ഥിതി തുടരണമെന്ന തന്ത്രപരവും ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യമാണ് ഇന്ത്യയുടേത് എന്നവര്‍ വിശ്വസിക്കുന്നു. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ വരുന്ന പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലും ഗില്‍ജിത് ബലൂച്ചിസ്ഥാനിലുമുള്ള ഇന്ത്യയുടെ അവകാശവാദങ്ങളും യുഎസുമായുള്ള ബന്ധങ്ങളും ഇന്ത്യയില്‍ രൂപീകരിച്ചിട്ടുള്ള ടിബറ്റന്‍ സര്‍ക്കാരിന്റെ സാന്നിധ്യവും ചൈനയുടെ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. തങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന യഥാര്‍ത്ഥ അതിര്‍ത്തിരേഖയിലെ തത്സ്ഥിതി തുടരാനും അക്‌സായ് ചിന്നിലും എന്‍എച്ച് 2019ലും ഉണ്ടായേക്കാവുന്ന എത്ര ചെറിയ ഭീഷണിയും മുളയിലെ നുള്ളാനുമുള്ള ഒന്നായിട്ടേ ചൈനയുടെ നീക്കങ്ങളിലെ അതിര്‍ത്തി രാഷ്ട്രീയ അവകാശവാദങ്ങളെ എനിക്ക് വിലയിരുത്താന്‍ സാധിക്കുന്നുള്ളൂ.ചൈനയെ തുറിച്ച് നോക്കുകനിര്‍ണായക പ്രദേശങ്ങളില്‍ അതിര്‍ത്തിരക്ഷാ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് മുമ്പ്, നമുക്ക് ശക്തിയുള്ള മേഖലകള്‍ കൈവശപ്പെടുത്താതിരിക്കുക എന്ന സൈനിക തന്ത്രപരമായ പിഴവ് നമ്മള്‍ വരുത്തിയിരിക്കുന്നു. പിഎല്‍എ നമ്മെ കവച്ചുവച്ചു. ക്യാച്ച് 22ന് സമാനമായ ഒരു സാഹചര്യത്തിലാണ് ഇന്ത്യയുള്ളത്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലുള്ള ഒരുതരത്തിലുള്ള തിരിച്ചടിയും അതിജീവിക്കാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. സ്ഥിതിഗതികള്‍ രൂക്ഷമാക്കാന്‍ ഓരോ തവണ ശ്രമിക്കുമ്പോഴും, ചൈന അവരുടെ ചെറിയ ശക്തിപോലും ഉപയോഗിക്കുമ്പോഴും ഏറ്റവും മോശം അവസ്ഥകളെ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണം; അതാകട്ടെ, വലിയ തോതില്‍ സൈനിക വിന്യാസം നടത്താന്‍ നമ്മെ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന ഒന്നാണ്. മുന്‍നിശ്ചിത പ്രകാരമോ അല്ലെങ്കില്‍ പ്രതികരണം എന്ന നിലയിലോ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയില്‍ മേധാവിത്വം നേടിയെടുക്കുന്ന മേല്‍ക്കോയ്മയ്ക്ക് നമ്മള്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ നമ്മുടെ സൈനിക ശേഷി ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പക്ഷെ കടന്നുകയറ്റക്കാര്‍ക്ക് നമ്മള്‍ ശരിയായ തിരിച്ചടി നല്‍കുകയും അവരെ തടയുകയും ചെയ്യേണ്ടിയിരിക്കുന്നു.എന്നിരുന്നാലും, ചൈനയ്ക്ക് നേര്‍ക്ക് നേര്‍ നില്‍ക്കാനുള്ള ശേഷി നമുക്കുണ്ട്. 2020 ഏപ്രില്‍ ഒന്നിന് മുമ്പുള്ള തല്‍സ്ഥിതി തുടരുന്നതിനാണ് നയതന്ത്രജ്ഞര്‍ മുന്‍ഗണന നല്‍കുന്നത് എന്നതിനാല്‍ തന്നെ ഒരു യുദ്ധം ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. എന്നാല്‍ നയതന്ത്രജ്ഞത പരാജയപ്പെടുകയാണങ്കില്‍ ഒരു അതിര്‍ത്തി സംഘര്‍ഷത്തിനും ചെറിയ രീതിയിലുള്ള ഒരു യുദ്ധത്തിനും ഇന്ത്യ തയ്യാറെടുക്കേണ്ടിയിരിക്കുന്നു. പക്ഷെ, ഒരിക്കല്‍ സാധാരണ നില പുനഃസ്ഥാപിച്ച് കഴിയുമ്പോള്‍, രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയത്തെ കുറിച്ചും നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്ന മേഖലകളെ കുറിച്ചും ചൈനയുമായി ബന്ധപ്പെട്ട നമ്മുടെ ശേഷി തുലനമാവാതിരിക്കുന്നതിനെ കുറിച്ചും നരേന്ദ്ര മോദി സര്‍ക്കാരിനെയും സൈന്യത്തെയും കൊണ്ട് ഉത്തരം പറയിക്കേണ്ടതുണ്ട്.(ചിത്രം: കിഴക്കന്‍ ലഡാക്കില്‍ ദര്‍ബാക്കിനും ദൌലത് ബെഗ് ഓള്‍ഡിക്കും ഇടയില്‍ ഇന്ത്യ നിര്‍മിക്കുന്ന റോഡ്‌- എഎന്‍ഐ)(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് കരാര്‍ പ്രകാരം ഐപിഎംഎസ് ഫൌണ്ടേഷന്റെ അനുമതിയോടെ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്)[Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions]


Next Story

Related Stories