TopTop
Begin typing your search above and press return to search.

മതമല്ല പ്രശ്നം, ഗുദമാണ്‌ പ്രശ്നം

മതമല്ല പ്രശ്നം, ഗുദമാണ്‌ പ്രശ്നം

ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു. തൃശൂർ മോഡൽ സ്‌കൂൾ ആണ്. ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ). നല്ല ചന്തവും വണ്ണവുമുണ്ട്. പക്ഷെ ആർക്കും കണ്ടൂടാ. ചൂരൽ ഉണ്ട്. ഇപ്പോഴത്തെ പോലല്ല, ഉപയോഗിക്കാൻ മടിയും ഇല്ല. കുട്ടികൾ തമ്മിൽ തിരിച്ചു ഭേദം കാണിക്കും.

ഞങ്ങടെ ക്‌ളാസ്സിന്റെ മുന്നിൽ, ടീച്ചർ പഠിപ്പിക്കുന്നതിന്റെ പുറകിൽ, ഒരു അടഞ്ഞ വാതിൽ ഉണ്ട്. അതിനപ്പുറത്താണ് എട്ടാം ക്‌ളാസ്. ഈ വാതിലിൽ ഒരു ഓട്ടയുണ്ട്. ആ ഓട്ടയിലൂടെ നോക്കാൻ പാടില്ല! അതെന്താണ് എന്ന് വഴിയേ മനസ്സിലാവും.

ഓട്ട ഉള്ള കാര്യം ടീച്ചർ ശ്രദ്ധിക്കുന്നില്ല. ഒരു ദിവസം ക്‌ളാസെടുക്കുമ്പോൾ, അപ്പുറത്തെ ക്‌ളാസിൽ ടീച്ചർ ഇല്ലാത്ത സമയത്ത്, ഏതോ ഒരു വിരുതൻ, ഒരു കോൽ എടുത്ത്, ഓട്ടയിലൂടെ ഒരൊറ്റ കുത്ത്! ശാരദ ടീച്ചറുടെ ചന്തിക്കിട്ട്!

"അയ്യോ"- ടീച്ചർ ഒറ്റച്ചാട്ടം. ഞങ്ങൾ ചിരിയോടു ചിരി ഉടൻ തന്നെ ടീച്ചർ ഒരു കണ്ണടച്ച് ഓട്ടയിലൂടെ നോക്കി!

ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണെന്ന്, ഇവിടെ കൊച്ചു കുഞ്ഞുങ്ങൾ ഞങ്ങൾക്ക് വരെ അറിയാം.

എന്താണന്നല്ലെ?

തണ്ണിൽ കുപ്പും!

തണ്ണിൽ കുപ്പുംന്ന്.

അതായത്, ആ ഓട്ടയിലൂടെ നോക്കിയാൽ, അപ്പുറത്തുള്ള ആരേലും നോക്കുന്നവന്റെ കണ്ണിൽ തുപ്പും!

ടീച്ചർ ആണെങ്കിലും ശരി!

കണ്ണ് തുടച്ചു നിവർന്ന ടീച്ചർ അലറി ചിരിക്കുന്ന ഞങ്ങളെ നോക്കി. ഒരൊറ്റ പോക്കാണ്. ചൂരലുമായി വന്നു, ഞങ്ങളെ എല്ലാവരെയും അച്ചാലും മുക്കാലും വീക്കി. അപ്പുറത്തെ ക്‌ളാസിൽ പോയി അവരെ ഡബിൾ സ്ട്രെങ്ങ്തിൽ വീക്കി.

"ആരാന്നു പറയടാ" എന്ന് പറഞ്ഞാണ് വീക്ക്. "ഞാനല്ല, ഞാനല്ല, ടീച്ചർ' എന്നൊക്കെ ഞങ്ങൾ കരയുന്നുണ്ട്. ഒരു രക്ഷയുമില്ല.

പിന്നെ രണ്ടു മൂന്നാഴ്ച്ചക്ക് ആരും ഞങ്ങൾക്ക് ക്‌ളാസും എടുക്കുന്നില്ല.

അല്ല സുഹൃത്തുക്കളെ - ഞാൻ ചോദിക്കുകയാണ്, ഞങ്ങൾ എന്ത് ചെയ്തിട്ടാണ്? ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ അവനെ പിടിക്കണം. അല്ലാതെ ഒരു മാതിരി...

കള്ളപ്പണം ഉണ്ട്, കള്ള നോട്ട് ഉണ്ട്, കിടുതാപ്പി ഒക്കെ ഉണ്ടത്രേ.

പോയി പിടിക്കണം ഹേ - ആരുടെ പിതാമഹന്റെ കൈയിലാണ് പോലീസും പട്ടാളോം എൻഫോഴ്‌സ്‌മെന്റും?

അല്ലാതെ എന്റേം നിങ്ങടേം കയ്യിലുള്ള നോട്ടൊക്കെ നിരോധിച്ചിട്ട് അത് കള്ളപ്പണം അല്ലെന്നു നമ്മൾ തെളിയിക്കണം പോലും. എത്ര സാധാരണക്കാരാണ് മൂട്ടിൽ തീ പിടിച്ച പോലെ- സോറി; ഗുദത്തിൽ ആഴി വന്നു വെന്ത പോലെ ഓടിയത്?

സീ, എന്റെ രക്തത്തിൻ രക്തമാന സുഹൃത്തുക്കളെ. പത്തു നാൽപ്പത് കൊല്ലം മുൻപ്, ഒരു കുറ്റാക്കുറ്റിരുട്ടുള്ള രാത്രിയിൽ. ഡിം എന്നൊരു ശബ്ദം കേട്ടു. പിന്നെ ഒരു കുഞ്ഞിന്റെ കരച്ചിലും.

വേറൊന്നുമല്ല, ഞാൻ പെറ്റു വീണതാണ്.

എനിക്ക് ഒന്നും ഓര്‍മ്മയില്ല. ആരും എന്നോട് ഒന്നും ചോദിച്ചില്ല. ബ്രൗൺ നിറമുള്ള ദ്രവീഡിയൻ ആവാൻ ഞാൻ ചോദിച്ചില്ല. മലയാളനാട്ടിൽ ജനിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ മഹാരാജ്യത്ത് തന്നെ വന്നു സംജാതം ആകണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഉണ്ടായിരുന്നില്ല. നസ്രാണി മാപ്പിള എന്ന ജാതിയിൽ ജനിക്കണം എന്ന് തീരെ ആവശ്യപ്പെട്ടതുമല്ല.

ഇവിടെ വളർന്നു. ഇവിടെ ജോലി ചെയ്തു, ടാക്സ് അടച്ചു. എം എസ് പഠിച്ചോണ്ടിരിക്കുന്ന എന്നെ അർജന്റ് ആയി വിളിച്ചു വരുത്തി, വോട്ടേഴ്‌സ് ഐ ഡി എടുക്കണമത്രേ. എടുത്തു. വോട്ടും ചെയ്തു.

പിന്നെ പാൻ കാർഡ് വേണമെന്നായി. അതിനും ഗുദത്തിൽ ആഴിയുമായി ഓടി.

പിന്നെ മണിക്കൂറുകൾ ക്യൂ നിന്ന് കണ്ണൊക്കെ സ്കാൻ ചെയ്ത്, ഉള്ള വിരലിലെ ഫിംഗർപ്രിന്റ് ഒക്കെ എടുത്ത് ഒരു സാധനം തന്നു- ആധാർ. "ആധാർ നമ്മുടെ അവകാശം പോലും!" - ഒക്കെ. നല്ലതിനല്ലേ. നടക്കട്ടെ.

പിന്നെ ബന്ധിപ്പിക്കണം ! ഫോൺ നമ്പർ ബന്ധിപ്പിക്കണം. അകൗണ്ട് ഒക്കെ ബന്ധിപ്പിക്കണം. അങ്ങനെ ഒക്കെ ചെയ്തു. നെറ്റിയിൽ വിയർപ്പുണ്ടേ, ഗുദത്തിൽ ആഴിയും.

ഇപ്പൊ പറയാണെ- പൗരത്വം തെളിയിക്കണമത്രേ. ഗുദത്തിൽ ആഴി ന്യായമായും വരും. നമ്മുടെ നാടല്ലേ.

എന്തിനാണത്? ആധി പിടിക്കേണ്ട യാതൊരു ആവശ്യവുമില്ലത്രേ.

ദേ - ഇന്നാള് ഡ്രൈവിംഗ് ലൈസൻസ് പുതുക്കി. അപ്പൊ ജിമ്മി മാത്യു എന്നതിന്റെ ജിമ്മിയുടെ സ്പെല്ലിങ്, y ക്കു പകരം ഐ! എന്താണെന്നു നോക്കണേ.

കഴിഞ്ഞ മാസം വീട്ടുകരം അടക്കാൻ പോയപ്പോ, ഇപ്പൊ കീറും എന്നുള്ള സ്‌പെഷ്യൽ പേപ്പറിൽ രസീത് - നോക്കിയപ്പോ "ജിമ്മി മത്തി".

ആരാണ് ഹേ ഈ മത്തി?

മാറ്റി എഴുതാൻ പറഞ്ഞപ്പോ പറയുകയാ, കഴിഞ്ഞ വർഷോം അത് തന്നെ ആണത്രേ എഴുതിയത്! നോക്കിയപ്പോ ശരിയാ. ദേ എഴുതി വച്ചിരിക്കുന്നു- "ജിമ്മി മത്തി"

അപ്പൊ ഇനി എങ്ങനെ ശരിയാക്കും? അതിനു ആധാർ കാർഡ്, ആധാരം. അപേക്ഷ, -ഗുദത്തിൽ ആഴീടെ പ്രശ്നം തന്നെ- മനസ്സിലായല്ലോ? ആരുടെ കുഴപ്പമാണ് ഹേ? നമ്മുടെ തന്നെ. ആദ്യം നമ്മൾ ശ്രദ്ധിച്ചില്ലല്ലോ? ഏത്?

ആധാർ എടുത്തു നോക്കിയപ്പോ ഇംഗ്ളീഷിൽ എഴുതിയിരിക്കുന്നത് ശരിയാണ്. പക്ഷെ അടുത്ത്, മലയാളം പരിഭാഷ ഉണ്ട്- അതിൽ എഴുതി വച്ചിരിക്കുന്നു ജി മ് മി മ ത തെ ! ആരാണ് ഈ ജി മ് മി മ ത തെ?

കുഴപ്പം ഉണ്ടാക്കാൻ ഇതൊക്കെ മതി. "ഇത് ഒരു സംസ്കാര ഇന്ത്യൻ പേരല്ല" - അതും ഒരു പ്രശ്നമാകാം എന്ന് കൂടി ആളുകൾക്ക് തോന്നിയാലോ? പേടിക്കണ്ട, പേടിക്കണ്ട എന്നൊക്കെ പറയാൻ കൊള്ളാം.

നുഴഞ്ഞു കയറ്റക്കാർ ഉണ്ടത്രേ! ഉണ്ടെങ്കിൽ പിടിക്കണം ഹേ. അതിനല്ലേ പൊതുജനം വിയർപ്പൊഴുക്കുന്ന പണം വച്ച് നിയന്ത്രിക്കുന്ന പോലീസും, ഉദ്യോഗസ്ഥരും ഒക്കെ? അതല്ലേ ഹീറോയിസം. പാവം ഞങ്ങടെ നെഞ്ചത്തേക്ക് എന്തിനു കേറുന്നു?

കുറെ ഫെയ്ക്ക് ആധാർ ഉണ്ടത്രേ. അതിപ്പോ ആരുടെ കുറ്റാ? ങേ, ങേ?

ആരോ പറയുന്നത് കേട്ടു - "ഇന്ത്യ ഇന്ന ആളുടെ അപ്പന്റെ വകയല്ല" എന്ന്. തെറ്റാണത്. ഈ മണ്ണ് അങ്ങേരുടെ അപ്പന്റെ വക തന്നെ ആണ്. അമ്മയുടെയും വക ആണ്.

എന്റെയും നിങ്ങടെയും അപ്പന്റേയുടേം അമ്മയുടെയും കൂടി ആണെന്ന് മാത്രം.

ഡെമോഗ്രാഫിക് ഡിവൈഡ് കത്തി നിൽക്കുന്ന സമയം ആണെന്ന് ഓർക്കണം. നാട്ടിൽ മൊത്തം ചെറുപ്പക്കാരാണ്. അവരെ പഠിപ്പിക്കണം. കോളേജുകൾ, സ്‌കൂളുകൾ വേണം. ജോലി വേണം. ഫാക്ടറികളും, ശാസ്ത്ര പുരോഗതിയും വേണം. തുല്യ അവസരങ്ങൾ വേണം. അടുത്ത ഒരു ഇരുപത് വര്ഷം ആണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനം.

"മതമല്ല, മതമല്ല, പ്രശ്നം.

ഗുദമാണ് ഗുദമാണ് പ്രശ്നം

ആഴിയാൽ വേവുന്ന ഗുദമാണ്, ഗുദമാണ് പ്രശ്നം.

മതമല്ല, മതമല്ല, പ്രശ്നം.

ചോറാണ് പ്രശ്നം, കറിയാണ് പ്രശ്നം

വയറും അതിനുള്ളിൽ വിളിയാണ് പ്രശ്നം

മതമല്ല, മതമല്ല പ്രശ്നം.

ആസന്നഭാവിയിൽ വരും എന്ന് ഭയമുള്ള

കൂട്ടക്കൊലകൾ തൻ മണമാണ് പ്രശ്നം

ചോര തൻ ചൂരാണ് പ്രശ്നം.

മതമല്ല, മതമല്ല പ്രശ്നം

പശുവല്ല, പാലാണ് പ്രശ്നം

കുരിശല്ല പ്രശ്നം, തരിശു കിടക്കുന്ന

മണ്ണിന്റെ തിള ആണ് പ്രശ്നം.

മതമല്ല, മതമല്ല പ്രശ്നം

മണ്ണാണ് പ്രശ്നം,

എന്റെയും നിന്റെയും

തന്തേടേം തള്ളേടേം

മണ്ണാണ് പ്രശ്നം

അത് തന്നാണ് പ്രശ്നം."

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories