TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാവും മതേതര കോണ്‍ഗ്രസിനെ മൃദു ഹിന്ദുത്വം കോരിത്തരിപ്പിക്കുന്നത്? ശബരിമലയില്‍ നിന്നും ഗുരുവായൂരിലേക്ക്

എന്തുകൊണ്ടാവും മതേതര കോണ്‍ഗ്രസിനെ മൃദു ഹിന്ദുത്വം കോരിത്തരിപ്പിക്കുന്നത്? ശബരിമലയില്‍ നിന്നും ഗുരുവായൂരിലേക്ക്

ദുരന്തകാലം ഭരിക്കുന്നവര്‍ക്കുള്ളതാണ് പൊതുവില്‍. സര്‍ക്കാരിന്റെ മറ്റ് രംഗങ്ങളിലെ എല്ലാ വീഴ്ചകളും മറച്ചുപിടിക്കാന്‍ പറ്റുമെന്നതാണ് ദുരന്തം കൊണ്ട് ഭരണക്കാര്‍ക്കുള്ള സൗകര്യം. ഒരു ദുരന്തം ആരാണ് ആഗ്രഹിക്കാത്തത് എന്ന മട്ടില്‍ പെരുമാറുന്ന ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ഉദാഹരണത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍. എന്തൊക്കെ പ്രതിസന്ധികളായിരുന്നു. സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമായി കിടുക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്തെമ്പാടും പ്രതിഷേധം. സമീപകാലത്തൊന്നും കാണാത്ത രീതിയിലുള്ള ഊര്‍ജ്ജം ആ സമരങ്ങള്‍ക്കുണ്ടായിരുന്നു. അങ്ങനെ സര്‍വ മേഖലയിലും നേരിടുന്ന തിരിച്ചടിക്ക് ബദലായി ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിഭാഗീയ നിലപാടുകള്‍ മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുളള പ്രതിവിധി. ആ സമയത്താണ് കൊറോണ വന്നത്. സമരം അവസാനിപ്പിക്കേണ്ടി വന്നു. അതുവരെ ഉണ്ടാക്കിയെടുത്ത സാമ്പത്തിക പ്രതിസന്ധി എല്ലാം ഇനി കൊറോണ അക്കൗണ്ടിലേക്ക് മാറ്റാം. അങ്ങനെ കൊറോണ വലിയ സഹായകരമായി മോദിക്ക്. നേരത്തെ തന്നെ വ്യവസ്ഥാപിത പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമൊന്നുമുണ്ടാകാതിരുന്നതുകൊണ്ട് അതേക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനുമില്ല.

എന്നാല്‍ കേരളത്തിലെ സ്ഥിതി അല്‍പം വ്യത്യസ്തമാണ്. കൊറോണ ഭരണപക്ഷത്തിന് ഒരു സാധ്യതയായി മാറുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ കൊറോണ പ്രവര്‍ത്തനങ്ങള്‍ വളരെ പെട്ടെന്ന് ഹിറ്റായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളും അതുപോലെ താഴെ തട്ടിലെ ഭരണ സംവിധാനം പോലും ചടുലമായി പ്രവര്‍ത്തിച്ചതും സര്‍ക്കാരിന് വലിയ പ്രതിച്ഛായ മേല്‍ക്കൈ നേടിക്കൊടുത്തു. കേരളത്തിലേക്ക് നോക്കാന്‍ ദേശീയ മാധ്യമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. അത്തരമൊരു അവസ്ഥയില്‍ പെട്ടുപോകുന്ന പ്രതിപക്ഷത്തിന്റെ അവസ്ഥ വലിയ വെല്ലുവിളിയാണ്. കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാരിന്റെ ഇടപെടലുകളില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നിത്തുടങ്ങിയാല്‍, എന്ത് ചെയ്യും. അങ്ങനെ ഒരു കാലത്തെ പ്രതിപക്ഷ പ്രവര്‍ത്തനം ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യമല്ല. പ്രതിപക്ഷത്തിന്റെ ചില ഇടപെടലുകള്‍ തുടക്കം മുതല്‍ തന്നെ വിശ്വാസ നഷ്ടമുണ്ടാക്കുകയും ചെയ്തു. അതിന് ശേഷം ഉന്നയിച്ച ചില ആരോപണങ്ങളില്‍ ചിലതില്‍ ചര്‍ച്ച ചെയ്യാന്‍ ചിലതുണ്ടായിരുന്നിട്ടുകൂടി കാര്യമായി ക്ലച്ച് പിടിച്ചില്ല. ഇങ്ങനെ വഴിയേതെന്നറിയാതെ അലയുകയായിരുന്ന കോണ്‍ഗ്രസിനു മുന്നിലാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സംഭാവന വിഷയം വന്നുപെട്ടിരിക്കുന്നത്.

ഒരു ദുരന്തം വരുമ്പോള്‍ സര്‍ക്കാരിന് പണം സംഭാവന ചെയ്യുന്ന ലോകത്തെയോ ഇന്ത്യയിലെയോ ആദ്യത്തെ ആരാധാനലയമൊന്നുമല്ല ഗുരുവായൂര്‍ ക്ഷേത്രം. അങ്ങനെ കൊടുക്കുന്ന പണം കൊണ്ട് സര്‍ക്കാര്‍ ചിലവഴിക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളില്‍ ക്ഷേത്ര വിശ്വാസികളും സ്വാഭാവികമായി ഉണ്ടാകും. എല്ലാ പൊതുപരപാടികളും അങ്ങനെയാണല്ലോ. എന്നാലും ബിജെപി നേതാക്കളും ശശികലയുമൊക്കെ അവര്‍ക്ക് അറിയുന്ന ഏക രാഷ്ട്രീയവുമായി രംഗത്തിറങ്ങി. ഹിന്ദു ക്ഷേത്രത്തിന്റെ സ്വത്ത് സര്‍ക്കാരിന് കൊടുത്തേ, ക്ഷേത്രങ്ങളെ തകര്‍ക്കുന്നേ എന്ന് പ്രസ്താവനകള്‍ ഇറക്കി തുടങ്ങി. കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റ് പ്രധാന കാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ശശികലയുടെയും കൂട്ടരുടെയും വിഷ വാക്കുകള്‍ക്ക് അധികം ആരും ശ്രദ്ധ നല്‍കിയില്ല. കോവിഡിനെതിരായ പ്രതിരോധത്തില്‍ നാട് പതിവു പോലെ മുഴുകി. അതിനിടയിലാണ് നേരത്തെ സൂചിപ്പിച്ച പ്രതിപക്ഷം, അതായത് കോണ്‍ഗ്രസ് - എങ്ങോട്ട് പോകണം എന്ത് ചെയ്യണമെന്നറിയാതെ പോയ പ്രതിപക്ഷം- ചാടി വീഴുന്നത്. ഗുരുവായൂരിലെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അത് ഒരു പ്രാദേശിക പരിപാടിയാകും, അല്ലെങ്കില്‍ നാളെ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഒരു റിഹേഴസല്‍ പരിപാടിയാകുമെന്നാണ് കരുതിയത്. നേരത്തെ ശബരിമലക്കാലത്ത് ജി രാമന്‍ നായരൊക്കെ ചെയ്തതുപോലെ.

എന്നാല്‍ സംഗതി പ്രാദേശികമായിരുന്നില്ല. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശീര്‍വാദം പ്രതിഷേധത്തിനുണ്ടായിരുന്നുവെന്നാണ് ഡിസിസിയുടെ ഉത്തരവാദിത്തമുള്ള പത്മജ വേണുഗോപാല്‍ പറഞ്ഞത്. അവരുടെ സഹോദരന്‍ കൂടിയായ എം പി കെ മുരളീധരനും അതു തന്നെ പറഞ്ഞു. സംഭാവന നല്‍കിയത് വലിയ തെറ്റാണെന്ന്. കോണ്‍ഗ്രസുകാരില്‍ ചിലര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയം കിട്ടിയതിന്റെ സന്തോഷത്തിലാണ്. ശബരിമലയിലെ ഹിന്ദുത്വ നിലപാടാണ് മറിച്ച് രാഷ്ട്രീയമല്ല ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങളെ ജയിപ്പിച്ചതെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളാണ് കൂടുതല്‍. ആ വിജയം ആവര്‍ത്തിക്കണമെങ്കില്‍ സമയാസമയം ഹിന്ദു വര്‍ഗീയതയ്ക്ക് വെള്ളം ഒഴിച്ചുകൊടുത്താല്‍ മതിയെന്നും ഇവര്‍ കരുതുന്നു. അതിനുള്ള അവസരമാണ് ഗുരുവായൂര്‍ ക്ഷേത്രം സര്‍ക്കാരിന് പണം സംഭാവന ചെയ്യുക വഴി ഉണ്ടായിട്ടുള്ളതെന്ന തോന്നലിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെറെ പേരും എന്നുവേണം മനസ്സിലാക്കാന്‍. ഭക്തിക്ക് രാഷ്ട്രീയമില്ലെന്നും അവിടെ ബിജെപിയും കോണ്‍ഗ്രസുമില്ലെന്നാണ് പത്മജ പറഞ്ഞത്. അവര്‍ അതൊക്കെ മനസ്സിലാക്കിയത് തന്റെ കുടുംബത്തില്‍ നിന്നാണെന്നുമാണ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതായത് സാക്ഷാല്‍ കെ കരുണാകരനില്‍ നിന്നാണെന്ന്. ഒരു തവണ കൂടി കരുണാകരന്റെ രാഷ്ട്രീയത്തെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ എന്നറിയില്ല. അത് വേറെ കാര്യം. എന്നുമാത്രമല്ല, വിശ്വാസത്തിന് രാഷ്ട്രീയമില്ലെന്ന് പറയുന്ന കോണ്‍ഗ്രസുകാരുടെ, കോവിഡിന്, അല്ലെങ്കില്‍ മനുഷ്യന്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാടെന്താണ്. അവര്‍ ഒന്നും വിശദീകരിക്കുമെന്ന് തോന്നുന്നില്ല. ചെറുതായി ഒന്നു കുളം കലക്കിയാലെങ്കില്‍ കുറച്ചെങ്കിലും മീന്‍ കിട്ടുമോ എന്നത് മാത്രമാണ് നോട്ടം. സവിശേഷമായി ശ്രദ്ധിക്കേണ്ട കാര്യം കേരളത്തിലെന്ത് ജനകീയ പ്രശ്‌നമുണ്ടായാലും മൃദു ഹിന്ദുത്വം പോലെ കേരളത്തിലെ കോണ്‍ഗ്രസിനെ ചലിപ്പിക്കുന്ന മറ്റൊരു വിഷയവും ഉണ്ടായി കാണില്ല. എന്തുകൊണ്ടാവും മതേതര കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം എന്ന് കേള്‍ക്കുമ്പോള്‍ കോരിത്തരിക്കുന്നത്. അത് വലിയൊരു രോഗവാസ്ഥയാണ്. വൈറസിനെ പോലെ സോപ്പുവെളളം കൊണ്ട് കഴുകിയാല്‍ ഇല്ലാതാവത്തത്.


Next Story

Related Stories