TopTop
Begin typing your search above and press return to search.

'സി ഐ ഡി കൾ പല വേഷത്തിലും വരും'; കൊറോണ കാലത്തെ കുറ്റാന്വേഷണം

സി ഐ ഡി കൾ പല വേഷത്തിലും വരും; കൊറോണ കാലത്തെ കുറ്റാന്വേഷണം

നാടോടിക്കാറ്റ് എന്ന സിനിമയിലെ 'സി ഐ ഡി കൾ പലവേഷത്തിലും വരും' എന്ന ഡയലോഗ് മലയാളികൾ മറന്നിട്ടുണ്ടാകാൻ ഇടയില്ല. സിനിമയിലെ ഡയലോഗ് പോലീസ് സേനയിലെ സി ഐ ഡി കളെക്കുറിച്ചാണെങ്കിലും സി ഐ ഡി പണി ചെയ്യുന്നവർ ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ടവർക്കിടയിലും ഉണ്ടെന്നത് ഒരു പച്ചപരമാര്‍ത്ഥമാണ്. അപ്പോൾ പിന്നെ രാഷ്ട്രീയത്തിലും സി ഐ ഡികൾ ഉണ്ടാകുന്നതിൽ അത്ഭുതത്തിനു വകയില്ല തന്നെ. കേരള രാഷ്ട്രീയത്തിലും സി ഐ ഡികൾക്കു പഞ്ഞമില്ല. ഇക്കൂട്ടത്തിൽ പേരും പെരുമയും ഉള്ള സി ഐ ഡി കളാണ് പൂഞ്ഞാർ പുലിയെന്നു ഫാൻസ്‌ അസോസിയേഷൻകാർ വാഴ്ത്തിപ്പാടുന്ന പ്ലാത്തോട്ടത്തിൽ ചാക്കോ ജോർജ് എന്ന പി സി ജോർജും ഡിക്റ്റക്റ്റീവ് സുര എന്നറിയപ്പെടുന്ന കുന്നുമ്മൽ സുരേന്ദ്രൻ എന്ന കെ സുരേന്ദ്രനും. ഇരുവരും കുറ്റാന്വേഷണത്തിൽ ഡോക്ടറേറ്റ് എടുത്ത ആളുകളാണ്. വിഷയം എന്തുമാകട്ടെ (അവിഹിതം, മദ്യം, രാഷ്ട്രീയക്കാരുടെ വീടുകളിലെ കുടുംബ കലഹം തുടങ്ങി പാരാവാരം പോലെ നീണ്ടു കിടക്കുന്നു അത്) എല്ലാം കിറുകൃത്യമായി പറഞ്ഞു തരും ഇവർ. സോളാർ കുംഭകോണത്തിലും ബാർ കുംഭകോണത്തിലും കെ എം മാണിയുടെയും ബാലകൃഷ്‌ണ പിള്ളയുടെയും കുടുംബത്തിലെ അച്ഛൻ -മകൻ പോരിന്റെ കാര്യത്തിലും അതിവിദഗ്ധമായി സി ഐ ഡി വർക്ക് ചെയ്ത പൂഞ്ഞാർ പുലി ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കൊക്കെതിരായ ബലാത്സംഗ ആരോപണം പരാതിക്കാരി കെട്ടിച്ചമച്ചതാണെന്നു വരെ കണ്ടെത്തി കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ആളാണ്. ബി ജെ പി നേതാവ് കുന്നുമ്മൽ സുരേന്ദ്രൻ എന്ന ഡിക്ടറ്റീവ് സുര ആവട്ടെ നോട്ടു നിരോധനത്തെ തുടർന്നു സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലൂടെ മാറ്റപ്പെട്ട നിരോധിക്കപ്പെട്ട നോട്ടുകളെക്കുറിച്ചും സോളാർ, ബാർ കുംഭകോണകളെക്കുറിച്ചും ആയിരുന്നു പ്രധാനാമായും അന്വേഷണം നടത്തിയത്. സോളാർ കേസിൽ നിർണായകമായ ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയെങ്കിലും അതൊക്കെ പത്ര സമ്മേളനം വിളിച്ചുകൂട്ടി വെളിപ്പെടുത്തിയതല്ലാതെ സോളാർ കേസ് അന്വേഷണ കമ്മീഷൻ വിളിച്ചിട്ടും ചെന്നു മൊഴി നൽകാൻ കൂട്ടാക്കിയില്ല. അല്ലെങ്കിൽ തന്നെ പ്രഗത്ഭമതികളായ ഡിക്ടറ്റീവുകൾ ഏതെങ്കിലും തുക്കടാ അന്വേഷണ കമ്മീഷനുകൾക്കു മുൻപിൽ എന്തിനു പോകണം?

ഇപ്പറഞ്ഞ പ്രഗത്ഭമതികളോട് ഒപ്പം നിൽക്കാൻ പോന്നവരെല്ലെങ്കിലും കുറ്റാന്വേഷണത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല തങ്ങളും എന്നു തെളിയിക്കാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇക്കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കൂടി കൂട്ടുപിടിച്ചു നടത്തിയ പത്രസമ്മേളത്തിൽ ചോമ്പാൽ ഗാന്ധി എന്നുകൂടി അറിയപ്പെടുന്ന മുല്ലനും ചെന്നിത്തല ഗാന്ധിയും കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഒരു വലിയ കുറ്റപത്രം തന്നെ നിരത്തുകയുണ്ടായി. എല്ലാം സി ഐ ഡി വർക്കിലുടെ അതിവിദഗ്‌ധമായി കണ്ടെത്തിയ കാര്യങ്ങൾ എന്ന മട്ടിൽ തന്നെയാണ് അവതരിപ്പിച്ചതും. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടു കേരള മുഖ്യൻ വിദേശ മലയാളി പ്രതിനിധികൾ എന്ന പേരിൽ വീഡിയോ കോൺഫെറെൻസിങ് നടത്തിയത് ചില ശത കോടീശ്വരൻമാരുമായി മാത്രമായാണെന്നും ആയതിനാൽ പ്രസ്തുത ചർച്ച വെറും പ്രഹസനം ആണെന്നുമാണ് ഡിക്ടറ്റീവ് മുല്ലപ്പള്ളിയുടെയും ഡിക്ടറ്റീവ് ചെന്നിത്തലയുടെയും സുപ്രധാന കണ്ടെത്തലുകളിൽ ഒന്ന്. മറ്റൊന്ന് കോടികൾ കടം വാങ്ങി അഴിമതിയും കെടുകാര്യസ്ഥതയും കാണിച്ചു എല്ലാം നശിപ്പിച്ചതിനു ശേഷം ജനങ്ങളുടെ മുന്നിൽ കാശിനായി കൈ നീട്ടുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. പ്രളയ കാലവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ സ്ഥിതി കൊറോണക്കാലത്തു മെച്ചമാണെന്നൊരു കണ്ടെത്തൽ കൂടി ഡിക്ടറ്റീവ് ചെന്നിത്തല നടത്തിയിട്ടുണ്ട്. (പ്രളയ കാലത്തു സാലറി ചലഞ്ചിനെ എതിർത്തയാളാണ് കൊറോണക്കാലത്തെ സാലറി ചലഞ്ചിനെ എതിർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കൊറോണക്കാലത്തു കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്നു പറയുന്നത്) ഇതിനെ സാധൂകരിക്കുന്നതിനായി അദ്ദേഹം ചില വിശദാoശങ്ങൾ കൂടി നിരത്തുന്നുണ്ട്. കേന്ദ്രത്തിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നുമായി കിട്ടിയ 1894 കോടി രൂപ ഇപ്പോൾ കേരളത്തിന്റെ കയ്യിലുണ്ട്. ജി എസ് ടി നഷ്ടപരിഹാര തുകയുടെ ഇനത്തിൽ വെറും രണ്ടു മാസത്തെ പണം മാത്രമേ കേന്ദ്രത്തിൽ നിന്നും കിട്ടാൻ ബാക്കിയുള്ളൂ. അപ്പോൾ പിന്നെ എന്തു സാമ്പത്തിക ഞെരുക്കമെന്നാണ് കേരള സർക്കാർ പറയുന്നതെന്നാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചോദിക്കുന്നത്. തീർന്നില്ല നമ്മുടെ ഡിക്ടറ്റീവുമാരുടെ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും സംബന്ധിച്ച കണ്ടെത്തലുകൾ. പ്രളയ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണത്തിന്റെ കുത്തൊഴുക്കു തന്നെ ഉണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വന്നു ചേർന്നത് 4039.91 കോടി രൂപ. സാലറി ചലഞ്ചിലൂടെ കിട്ടിയത് 1026.2 കോടി( കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാരിൽ ഭൂരിഭാഗവും ഈ ഇനത്തിൽ കാൽ കാശ് നൽകിയില്ലെന്നും ഓര്‍ക്കണം),കേന്ദ്ര സഹായമായി 2904.8 കോടി. ഇത്രയൊക്കെ കിട്ടിയിട്ടും ചെലവഴിച്ചത് വെറും 2041 കോടി രൂപ മാത്രം. ബാക്കി പണം എന്തു ചെയ്തുവെന്നും അതോടൊപ്പം തന്നെ റീ ബിൽഡ് കേരളക്കു എ ഡി ബി യിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 1780 കോടി രൂപ എന്തുചെയ്തുവെന്നും വ്യക്തമാക്കണെമെന്നാണ് തങ്ങളുടെ കിടിലൻ കണ്ടെത്തലുകൾ അവതരിപ്പിച്ചു കൊണ്ട് ഡിക്ടറ്റീവുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിലെ രണ്ടു പ്രഗത്ഭ ഡിക്ടറ്റീവുമാർ തന്നെക്കൂടി കൂട്ടുപിടിച്ചു നടത്തിയ പത്രസമ്മേളനത്തിൽ തന്റെ വകയായി എന്തെങ്കിലും വേണ്ടേ എന്നു കരുതിയിട്ടാവണം കാസർകോട് മെഡിക്കൽ കോളേജിന്റെ കാര്യം ഉമ്മച്ചൻ എടുത്തിട്ടത്. താൻ മുഖ്യമന്ത്രിയായിരുന്ന മുൻ യു ഡി എഫ് സർക്കാർ തുടങ്ങിവെച്ച കാസർകോട് മെഡിക്കൽ കോളേജ് എൽ ഡി എഫ് സർക്കാർ യഥാസമയം പൂർത്തിയാക്കിയിരുന്നെങ്കിൽ ലോക് ഡൌൺ കാലത്തു പത്തു ജീവൻ പൊലിയില്ലായിരുന്നു എന്നാണ് ഉമ്മച്ചന്റെ പരാതി. തുടങ്ങിവെച്ചു എന്നു പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞു പറയുന്ന കാസർകോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ കഥ എന്താണെന്ന് കാസർകോട്ടെ ജങ്ങൾക്കു നന്നായി അറിയാം. 2012 ൽ ഉമ്മൻ‌ചാണ്ടി ഭരണാനുമതി നൽകിയ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു പിന്നീട് ചെറിയൊരു അനക്കം വെച്ചത് 2014 ലെ ലോക്സഭ തിരെഞ്ഞെടുപ്പ് കാലത്താണ്. അതും വെറുമൊരു തറക്കല്ലിടലിൽ ഒതുങ്ങി. പിന്നീട് 2016 ലെ നിയമ സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി സ്ഥലം എം എൽ എ എൻ എ നെല്ലിക്കുന്നിനെക്കൊണ്ട് നിർമാണ പ്രവർത്തനങ്ങളുടെ ഒരു ഉദ്ഘാടനം. അതും പ്രതീകാത്മകകമായി ഒന്ന്. ഇക്കാര്യങ്ങളൊക്കെ ഇന്നലെ തന്നെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വിശദമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഡിക്ടറ്റീവുമാർ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ മുല്ലപ്പള്ളി ഉന്നയിച്ച ആരോപണം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി എന്തുകൊണ്ടും ശ്രദ്ധേയമാണ്. കോവിഡ് ദുരന്തം നേരിടുന്ന സർക്കാരിനെ വിമർശിക്കുന്നവർ ഇത്തരം ഇടുങ്ങിയ മനസ്സ് ദുരന്ത സമയത്തെങ്കിലും ഒഴിവാക്കണമായിരുന്നു. കേരളത്തെ അപമാനിക്കാൻ എന്തുകിട്ടുമെന്നു നോക്കിനടക്കുകയാണ് ചിലരെന്നും കാലമെത്ര മാറിയാലും ചിലർ മാറില്ല എന്നതിന്റെ തെളിവാണ് മുല്ലപ്പള്ളിയെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമായിരുന്നെന്നും അല്ലാതെ പത്രസമ്മേളനം നടത്തി പറയുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നും പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഇത്തരം സൈക്കോളജിക്കൽ നീക്കങ്ങൾ കൊണ്ടൊന്നും ഡിക്ടറ്റീവ് മുല്ലപ്പള്ളിയെയും ഡിക്ടറ്റീവ് ചെന്നിത്തലയേയും കീഴ്പ്പെടുത്താമെന്നു കരുതേണ്ട. ഇനി വാർത്താ സമ്മേളനത്തിന്റെ കാര്യമാണെങ്കിൽ ഈ കൊറോണക്കാലത്തു മുഖ്യമന്ത്രി മാത്രം വാർത്താ സമ്മേളനം നടത്തി ഷൈൻ ചെയ്‌താൽ മതിയോ. പ്രതിപക്ഷ നേതാവിനും വേണ്ടേ ഒരവസരം? ആരോഗ്യ മന്ത്രി വാർത്ത സമ്മേളനം നടത്തുന്നത് മീഡിയ മാനിയ കൊണ്ടാണെന്നു വിമർശിച്ചതു കൊണ്ട് പ്രതിപക്ഷ നേതാവ് ഈ കൊറോണക്കാലം മുഴുവൻ വായ പൂട്ടിക്കെട്ടി വീട്ടിൽ ഇരിക്കണമെന്നൊക്കെ പറയുന്നത് പ്രതിപക്ഷത്തോടുള്ള വെല്ലുവിളിയല്ലെങ്കിൽ പിന്നെന്താണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories