TopTop
Begin typing your search above and press return to search.

കത്തെഴുതിയ 23 പേരെ പുറത്താക്കാന്‍ നടക്കുന്ന കോണ്‍ഗ്രസിന് വിയോജിച്ചവരെ കേട്ട സിപിഎം പോളിറ്റ് ബ്യൂറോയുടെ ജനാധിപത്യ പാഠം പഠിക്കാന്‍ തയാറുണ്ടോ?

കത്തെഴുതിയ 23 പേരെ പുറത്താക്കാന്‍ നടക്കുന്ന കോണ്‍ഗ്രസിന് വിയോജിച്ചവരെ കേട്ട സിപിഎം പോളിറ്റ് ബ്യൂറോയുടെ ജനാധിപത്യ പാഠം പഠിക്കാന്‍ തയാറുണ്ടോ?

കഴിഞ്ഞ ആറ് വര്‍ഷമായി അധികാരത്തിലില്ല, അധികാരമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ പോലും അത് നിലനിർത്താൻ പാടുപെടുന്നു. ഒരു വര്‍ഷത്തിലേറെയായി മുഴുവന്‍ സമയ പ്രസിഡന്റില്ല. 135 വര്‍ഷത്തെ ചരിത്രം കണക്കാക്കിയാല്‍, ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നതെന്ന് പറയാം. വലിയ പുന:പരിശോധനകള്‍ക്ക് സാധാരണ ഗതിയില്‍ ഏത് നേതൃത്വവും തയ്യാറാകുമെന്ന് കരുതാവുന്ന സാഹചര്യം. എന്നാല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സ്വീകരിച്ച മാര്‍ഗം അതല്ല. നേരെ തിരിച്ചാണ്. വിമത സ്വാഭാവം കാണിക്കുന്നവരെ അതിശക്തമായി നേരിട്ടുകൊണ്ട് പാര്‍ട്ടിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസിലെ പ്രഥമ കുടുംബം. സമീപ കാലത്ത് നടത്തിയ പുനഃസംഘടനകളില്‍ തെളിയുന്ന ചിത്രം അതാണ്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സോണിയാ ഗാന്ധി താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നു. ഇതിനിടയില്‍ ഭരണമുണ്ടായിരുന്ന കര്‍ണാടകയും മധ്യപ്രദേശും പാര്‍ട്ടിക്ക് നഷ്ടമാകുന്നു. കോണ്‍ഗ്രസ് പൂര്‍ണമായും തകരുന്നുവെന്ന സംശയം സൃഷ്ടിക്കപ്പെടുന്നു. ഈ ഘട്ടത്തിലാണ് 23 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായി കുരുതിയിരുന്ന ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ കത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായതെന്ന് കത്തെഴുതിയവർ തന്നെയാണ് പറഞ്ഞത്. പ്രവര്‍ത്തക സമിതി യോഗം തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല, തങ്ങള്‍ അതി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടില്ല എന്നും ഇവർ സങ്കടപ്പെട്ടു.

പിന്നീട് സംഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ 'വിമതരായ'വരെ ഒതുക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും വിശ്വസ്തരായവരെ പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ നിയമിച്ച് സംഘടനയുടെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ കുടുംബത്തില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നതാണ് അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സൂചന. സോണിയാ ഗാന്ധിയെ സഹായിക്കാന്‍ പുതുതായി രൂപീകരിച്ച കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാറ്റങ്ങളില്‍ പ്രധാനം. ഇതില്‍ മുഴുവന്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തരാണ്. ഫലത്തിൽ കൂടുതൽ അംഗങ്ങളുള്ള പ്രവർത്തക സമിതിയുടെ സ്വാധീനം കുറയുമെന്ന സൂചനയാണ് ലഭിക്കുന്നത്.

പാര്‍ട്ടിയുടെ അതിജീവനത്തിന് ജനാധിപത്യം ഒരു വഴിപോലുമല്ലെന്നാണ് ആ പാര്‍ട്ടിയുടെ നേതൃത്വം കരുതുന്നതെന്നാണ് സമീപകാല നീക്കങ്ങള്‍ തെളിയിക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന്, കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലത്ത്, ഏഴ് വര്‍ഷമൊഴികെ എല്ലാ കാലവും കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു . ചരിത്രത്തില്‍ ഇനിയും അത് അങ്ങനെ തന്നെയായിരിക്കണമെന്നതാണ് സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും മോഹം എന്നുവേണം അവരുടെ സമീപ കാല പ്രവര്‍ത്തിയില്‍നിന്ന് മനസ്സിലാക്കാന്‍.

കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുടെ കാലത്ത് പേരിനെങ്കിലും തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. സീതാറാം കേസരിയെ പുറത്താക്കി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം 'തെരഞ്ഞെടുപ്പ്' നടത്തിയാണ് സോണിയാ ഗാന്ധി വീണ്ടും കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നത്. ജിതേന്ദ്ര പ്രസാദ് അവര്‍ക്കെതിരെ മല്‍സരിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ അന്തരീക്ഷമായിരുന്നില്ല, മറിച്ച് ഗാന്ധി കുടുംബത്തോടുള്ള വിധേയത്വമായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കളെ നയിച്ചതെന്നത് വേറെ കാര്യം.

ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രസിഡന്റിനെ നിയമിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയും. അമിത് ഷായും ജെ പി നഡ്ഢയുമെല്ലാം പാര്‍ട്ടി അധ്യക്ഷന്മാരായി നിയമിതരാവുകയായിരുന്നു; അല്ലെങ്കിൽ നാഗ്പൂരിൽ നിന്ന് നിർദ്ദേശിക്കപ്പെടുകയായിരുന്നു.

ഈ സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെത്. മൂന്ന് വര്‍ഷത്തെ ഇടവേളകളില്‍ താഴെത്തട്ടുമുതല്‍ പാർട്ടി സമ്മേളനങ്ങള്‍ നടത്തി നേതൃത്വ നിരയെ കണ്ടെത്തുന്ന രീതിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.

ഇതുമാത്രമല്ല, വ്യത്യസ്ത സമീപനങ്ങളോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് കോണ്‍ഗ്രസിന് ഏറെ പഠിക്കാനുണ്ടെന്നാണ് പ്രശസ്ത ഗ്രന്ഥകാരനും കോളമിസ്റ്റുമായ ബദ്രി റെയ്‌ന പറയുന്നത്. സിപിഎമ്മിന്റെ ഈ സമീപനത്തെ വിശദീകരിക്കാന്‍ അദ്ദേഹം ഒരു ഉദാഹരണവും പറയുന്നുണ്ട്. ചൈനയില്‍ ദെങ് സിയാവോ പിങ് ഭരണകൂടം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുള്ള കാര്യങ്ങളാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ന് ഇഎംഎസായിരുന്നു ജനറല്‍ സെക്രട്ടറി. ടിയാനന്‍മെന്‍ കൂട്ടക്കൊലയെ ന്യായീകരിക്കുന്ന സമീപനമായിരുന്നു സിപിഎം സ്വീകരിച്ചത്. ഇതിനെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് ബദ്രി റെയ്‌നയും സുമിത് സര്‍ക്കാരും ലേഖനം എഴുതി.


ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കോണമിക്‌സില്‍ നടന്ന ചടങ്ങില്‍ താന്‍ ഇഎംഎസ്സിനെ കണ്ട കാര്യം ബദ്രി റെയ്‌ന ഈയിടെ ദി വയറിൽ എഴുതിയ ലേഖനത്തില്‍ അനുസ്മരിക്കുന്നുണ്ട്. 'ആ ലേഖനം' എഴുതിയ ആള്‍ എന്ന നിലയിലാണ് ഇഎംഎസ്സിനു മുന്നില്‍ താന്‍ പരിചയപ്പെടുത്തപ്പെട്ടതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എകെജി ഭവനില്‍നിന്ന് ഒരു ഫോണ്‍ സന്ദേശം ബദ്രി റെയ്‌നെയെ തേടിയെത്തുന്നു. ഒരു പരിപാടിക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു ക്ഷണം. നിശ്ചയിച്ച സമയത്ത്, പരിപാടിക്കായി ക്ഷണിച്ച ആന്ധ്ര ഭവനിൽ എത്തുമ്പോള്‍ സുമിത് സര്‍ക്കാര്‍ ഉള്‍പ്പെടെ സിപിഎം നിലപാടിനെ വിമര്‍ശിച്ചവര്‍ അവിടെ ഉണ്ടായിരുന്നു. ഇഎംഎസ്, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, ബാസവപുന്നയ്യ, പ്രകാശ് കാരാട്ട് തുടങ്ങി പാര്‍ട്ടിയുടെ ഏകദേശം മുഴുവന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളും അവിടെ ഉണ്ടായിരുന്നതായി ബദ്രി റെയ്‌ന ഓര്‍ത്തെടുക്കുന്നു. ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെക്കുറിച്ചും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ സുര്‍ജിത്ത് തങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് റെയ്ന ഓർക്കുന്നു. ഇതേ തുടർന്ന് അഞ്ച് മണിക്കൂറോളം തങ്ങള്‍ സംസാരിച്ചുവെന്നാണ് ബദ്രി റെയ്‌ന എഴുതുന്നത്. ഒരിക്കല്‍ പോലും തടസ്സപ്പെടുത്തലില്ലാതെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോ അംഗങ്ങള്‍ കേട്ടിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നന്ദിഗ്രാം സംഭവത്തിന് ശേഷവും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

തങ്ങളുടെ നിലപാടുകള്‍ സിപിഎമ്മിനെ സ്വാധീനിച്ചോ എന്നറിയില്ലെങ്കിലും തങ്ങളെ കേള്‍ക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായി എന്നത് ചെറിയ കാര്യമല്ലെന്നും ബദ്രി റെയ്‌ന പറയുന്നു. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കത്തെഴുതിയവരോട് സോണിയ ഗാന്ധി ഈ സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ രാഷ്ട്രീയമായ അതിജീവനത്തിന് ജനാധിപത്യം ഒരു വഴിയേ അല്ലെന്ന് കരുതുന്ന നേതാക്കള്‍ക്ക് അതെങ്ങനെ ഒരു മാര്‍ഗമാകും എന്നതാണ് ചോദ്യം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories