TopTop
Begin typing your search above and press return to search.

ഈ ജനാധിപത്യത്തെ കൊണ്ട് 'തോറ്റു'; മഹാരാഷ്ട്രയും ഹരിയാനയും പിന്നെ മരിച്ചിട്ടും മരിക്കാത്ത കോൺഗ്രസ്സും

ഈ ജനാധിപത്യത്തെ കൊണ്ട്

ടെലിവിഷൻ ചാനലുകളുടെ അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നത് പോലെ നടന്നിരുന്നെങ്കിൽ മഹാരാഷ്ടയിലേയും ഹരിയാനയിലേയും നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോൺഗ്രസ്സിന്റെ കൃത്യമായ ശവഘോഷയാത്ര ആകുമായിരുന്നു. രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ പ്രധാന ജനഹിത പരിശോധനകൾ ആണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിസന്ധി കോൺഗ്രസ്സ് നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസ്ഥ. പാർട്ടിക്ക് വ്യക്തമായ ഒരു ദേശീയ നേതൃത്വം പോലും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചുറ്റുപാട്. ഒരേ വിഷയത്തിൽ തന്നെ വ്യത്യസ്‍തമായ അഭിപ്രായങ്ങൾ നിരുത്തരവാദിത്വപരമായി അഭിപ്രായം പറയുന്ന നേതാക്കൾ. ബി ജെ പി വച്ച് നീട്ടുന്ന കറൻസി നോട്ടുകളിൽ കണ്ണ് മഞ്ഞളിച്ച് കൂറുമാറുന്ന കോൺഗ്രസ്സ് നേതാക്കളും നിയമസഭാ സാമാജികരും. കർണ്ണാടകയിലെ കോൺഗ്രസ്സ്-ജനതാദൾ സർക്കാരിനെ തന്നെ പണം കൊണ്ട് അവർ വലിച്ചു താഴെയിട്ടു. പി ചിദംബരത്തെ പോലുള്ള നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ദുർബലമായ കേസുകളിൽ ജയിലിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവസ്ഥയിൽ വാക്കുകൾ കൊണ്ടു പോലും പ്രതിരോധം ഉയർത്താൻ ആകാതെ പോകുന്ന പാർട്ടി. കൊഴിഞ്ഞു പോകലുകൾക്ക് മുന്നിൽ നിസ്സഹായരാവുന്ന ദീര്‍ഘ വീക്ഷണമില്ലാത്ത നേതാക്കൾ.

മറുവശത്ത് നരേന്ദ്ര മോദിയും അമിത്‌ ഷായും തങ്ങളുടെ സാമുദായിക അജണ്ടയിലെ ഓരോ അമ്പും കൃത്യമായി എടുത്തു പ്രയോഗിച്ചുകൊണ്ടിരുന്നു. അസമിലെ പൗരത്വ പ്രശ്നവും കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയലും കൊണ്ട് ആത്യന്തികമായി അവർ ഉദ്ദേശിച്ചത് ബി ജെ പിക്ക് അനുകൂലമായി രാജ്യവ്യാപകമായ വിപുലമായ ഒരു ഹിന്ദു കൺസോളിഡേഷൻ ആയിരുന്നു. സവർക്കർക്ക് ഭാരത രത്‌നം മുതൽ ഹിന്ദി ദേശീയ ഭാഷയാക്കൽ വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ അസഹിഷ്ണുതയുടെ ഒരു ഹിന്ദു ദേശീയത രാജ്യവ്യാപകമായി ഉയർത്തിക്കൊണ്ടുവരുവാനും അവർ ശ്രമിച്ചു. മോദിയും ഷായും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മുഖ്യമായും പ്രചാരണ ആയുധമാക്കിയതും കാശ്മീരും അസമും കടുത്ത ഹിന്ദു ദേശീയ വികാരവുമായിരുന്നു. ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തിലെ അനൈക്യവും യുദ്ധങ്ങളും കൂടി അവർ മുതലാക്കാൻ ശ്രമിച്ചു. ഏതാണ്ട് പൂർണമായും ബി ജെ പി ക്കു കീഴടങ്ങിയ ദേശീയ മാധ്യമങ്ങളും ഇക്കാര്യത്തിൽ ബി ജെ പിയുടെ കൂടെ ശക്തമായി നിലയുറപ്പിച്ചു. ഗുരുതരമായ സാമ്പത്തിക മാന്ദ്യവും വളർച്ചാ മുരടിപ്പും പോലും വളരെ കൃത്യമായും സമഗ്രമായും മൂടിവയ്ക്കപ്പെട്ടു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നു എന്നിരിക്കിലും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് നിലമെച്ചപ്പെടുത്തി എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. തങ്ങളെ എങ്ങനെയെങ്കിലും ഒന്നപ്രസക്തരാക്കൂ എന്ന മട്ടിലുള്ള കോൺഗ്രസ്സിന്റെ സമീപനം കാണാതെയാണ് വോട്ടർമാർ അവരുടെ നില മെച്ചപ്പെടുത്തിക്കൊടുത്തത്. ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ സാധ്യമാകുന്ന തലത്തിലേക്ക് വരെ എത്തി കാര്യങ്ങൾ. മഹാരാഷ്ട്രയിൽ ശക്തമായ ഒരു പ്രതിപക്ഷം ആയി മാറാൻ കോൺഗ്രസ്സിന് കഴിഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രമാണ് ഭൂപീന്ദർ സിംഗ് ഹൂഡ ഹരിയാനയിലെ കോൺഗ്രസ്സ് നേതൃത്വത്തിലേക്ക് മടക്കി കൊണ്ടുവരപ്പെട്ടത്. തനിക്ക് ഒരാറുമാസം സമയം കിട്ടിയിരുന്നു എങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തം ആകുമായിരുന്നു എന്നാണ് ഫലങ്ങൾ വന്നു തുടങ്ങിയപ്പോൾ ഹൂഡയുടെ ആദ്യ പ്രതികരണം. അശോക് തൻവാറിനെ പോലുള്ളവർ പാർട്ടി വിട്ടു പോയിട്ടും നല്ലനിലയിൽ ഒരു തിരിച്ചു വരവ് കോൺഗ്രസ്സിന് ഹരിയാനയിൽ ഉണ്ടായി. മഹാരാഷ്ട്രയിലും കുറേക്കൂടി ആസൂത്രിതമായും സമയബന്ധിതമായും കോൺഗ്രസ്സ് ശ്രമിച്ചിരുന്നുവെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമായിരുന്നു.

ഈ രണ്ടു തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത് പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഒരു വിശാല ഐക്യം ഉണ്ടായാൽ രാജ്യം നിലവിൽ നേരിടുന്ന ഹിന്ദുത്വ ഫാസിസത്തെ അതിജീവിക്കാൻ ആകും എന്ന് തന്നെയാണ്. ഏറ്റവും വലിയ മതേതര കക്ഷി എന്ന നിലയിൽ അങ്ങനെയൊരു ഐക്യം സ്ഥാപിച്ചെടുക്കാൻ മുന്നിൽ നിൽക്കേണ്ടത് കോൺഗ്രസ്സ് തന്നെയാണ്. കോൺഗ്രസ്സ് സംഘടനാപരമായും ആശയപരമായും കരുത്താർജിക്കുക എന്നത് തന്നെയാണ് അതിൽ പ്രധാനപ്പെട്ട കാര്യം. രാഹുൽ ഗാന്ധി യുഗത്തിൽ തഴയപ്പെട്ട പഴയ സോണിയാ ഗാന്ധി വിശ്വസ്തരാണ് ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന് നിലവിൽ ജീവശ്വാസം നൽകിയിരിക്കുന്നത്. പഴയവരോ പുതിയവരോ എന്നതിനപ്പുറം കണ്ടെത്തി ചുമതലകൾ ഏൽപ്പിക്കുക എന്നതിലേക്ക് കോൺഗ്രസ്സിന് മാറാനായാല്‍ മാത്രമേ ബി ജെ പിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് ഇല്ലാതാക്കാൻ സാധിക്കൂ. മുന്നണി രാഷ്ട്രീയത്തിന്റെ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനും അതിനായി പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാനും കോൺഗ്രസ്സിന് കഴിയണം.

കോൺഗ്രസ്സിന്റെ നിലവിലുള്ള വലിയൊരു പരിമിതി ദേശീയ തലത്തിൽ നിലപാടുകൾ രൂപപെടുത്താൻ ചുമത്തപ്പെട്ടവരിൽ നല്ലൊരു പങ്ക് എ കെ ആന്റണിയെയും കെ സി വേണുഗോപാലിനെയും പോലുള്ള കേരളത്തിൽ നിന്നുള്ള നേതാക്കളാണ് എന്നുള്ളതാണ്. അന്ധമായ ഇടതുപക്ഷ വിരോധത്തിനപ്പുറം രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ സംബന്ധിച്ച ഒരു ജാഗ്രതയും ആശങ്കകളും ഇല്ലാത്ത ഇത്തരം നേതാക്കളിൽ നിന്നും അത്തരം ചുമതലകൾ വിശാല ദേശീയ ബോധം ഉള്ളവരിലേക്ക് മാറേണ്ടതുണ്ട്.

കേരളത്തിൽ രണ്ടു ഉറച്ച സീറ്റുകൾ കെടുകാര്യസ്ഥത കൊണ്ട് കളഞ്ഞെങ്കിലും ഉപതെരഞ്ഞെടുപ്പുകളിൽ ചത്തിസ്‌ഗഡിലും ഗുജറാത്തിലും പഞ്ചാബിലും നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ശക്തവും ചലനാത്മകവുമായ ഒരു നേതൃത്വം കോൺഗ്രസിന് നിലവിൽ ഇല്ലെന്നതാണ് ആ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സാഹചര്യങ്ങൾ മുഴുവൻ എതിരായിരുന്നിട്ടും തങ്ങൾ കാര്യമായി ഒന്നും അധ്വാനിക്കാതിരുന്നിട്ടും കോൺഗ്രസിനെ ഇനിയും ജനങ്ങൾ കൈവിടുന്നില്ല എന്നത് മതേതര ബഹുസ്വര ഇന്ത്യയെ സംബന്ധിച്ച് ഒരു ശുഭസൂചന തന്നെയാണ്. നെഹ്രുവുമായി ബന്ധപ്പെട്ട എല്ലാം പൊളിച്ചെഴുതാനും ചരിത്രത്തെ തന്നെ മാറ്റി എഴുതാനുമുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അവയ്ക്കൊന്നും അനുഗുണമായി പൊതുബോധം മാറുന്നില്ല എന്നത് ചില്ലറ കാര്യമല്ല.

കാശ്മീരുമായി ബന്ധപ്പെട്ടുണ്ടാക്കിയ അതിവൈകാരികത ഒട്ടും വോട്ടായി മാറിയില്ല എന്നതൊരു സവിശേഷ സാഹചര്യം തന്നെയാണ്. തമിഴ്നാട്ടിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ടതു പോലുള്ള വിശാലമായ ഒരു മതേതര ജനാധിപത്യ ഐക്യം ആണ് കാലഘട്ടം ആവശ്യപ്പെടുന്നത്. വെറുപ്പിന്റെ ശക്തികൾക്കെതിരായ ആ വിശാല ഐക്യത്തിൽ കോൺഗ്രസ്സും ഇടതു പക്ഷവും വിഭിന്ന പ്രാദേശിക പാർട്ടികളും ഒരുപോലെ ഉൾച്ചേർന്നാൽ മാത്രമേ നിലവിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories