TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് എങ്ങനെയാണ് ജനാധിപത്യത്തിന് അന്ത്യം കുറിക്കുന്നത്?

കൊറോണ വൈറസ് എങ്ങനെയാണ് ജനാധിപത്യത്തിന് അന്ത്യം കുറിക്കുന്നത്?

"ഭാവിയെക്കുറിച്ചുള്ള ഒരു ചിത്രം വേണമെങ്കില്‍, എന്നെന്നേയ്ക്കുമായി ചവിട്ടിയരയ്ക്കപ്പെടുന്ന ഒരു മനുഷ്യമുഖം സങ്കല്‍പ്പിക്കുക": ജോര്‍ജ് ഓര്‍വെല്‍, 1984

1. രണ്ടായിരത്തി ഇരുപതാമാണ്ട് മനുഷ്യചരിത്രത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധി എന്ന നിലയിലാകും ഭാവി ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ പോകുന്നത്. കൊറോണ വൈറസ്‌ മഹാമാരി ഇതിനോടകം തന്നെ ലോകമെമ്ബാടും ലക്ഷക്കണക്കിനുപേരുടെ ജീവനെടുത്തു കഴിഞ്ഞിരിക്കുന്നു, അതിന്‍റെ പ്രതികരണമെന്ന നിലയില്‍ ലോകമെമ്ബാടും നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അടച്ചുപൂട്ടലുകളെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വ്യവസ്ഥയൊന്നാകെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. സാമൂഹിക വ്യവസ്ഥിതിയെ സംബന്ധിച്ച അടിസ്ഥാനപരമായ സങ്കല്പങ്ങളെല്ലാം തന്നെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. എന്നാല്‍ വരുംനാളുകള്‍ ഈ കാലത്തെ അടയാളപ്പെടുത്താന്‍ പോകുന്നത് എങ്ങനെയാണീ മഹാമാരി ആഗോള തലത്തില്‍ നിര്‍മിത ബുദ്ധി (Artificial Intelligence - AI) യിലധിഷ്ടിതമായ രഹസ്യ നിരീക്ഷണ സംവിധാനങ്ങളുടെ അനായാസമായ വ്യാപനത്തിന്നു വഴിതെളിച്ചത് എന്ന നിലയിലായിരിക്കും. വ്യക്തിഗത വിവരങ്ങളുടെ നിയന്ത്രണത്തിനായി ഭരണകൂടങ്ങള്‍ തമ്മിലും നവസാങ്കേതിക കുത്തകകള്‍ തമ്മിലും ഇപ്പോള്‍ നടന്നുവരുന്ന ചേരിപ്പോരിനെ ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. വികസിത, വികസ്വര രാഷ്ട്രഭേദമന്യേ ലോകമെമ്ബാടുമുള്ള ഒട്ടുമിക്ക ജനങ്ങളും നിര്‍മിത ബുദ്ധി തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത് എന്നതിനെപ്പറ്റി അവ്യക്തമായ ധാരണ മാത്രമുള്ളവരോ അല്ലെങ്കില്‍ തീര്‍ത്തും ധാരണയില്ലാത്തവരോ ആണ്. കഴിഞ്ഞ കുറെക്കാലങ്ങളായി അതിവേഗം വികസിച്ചുകൊണ്ടിരുന്ന സാങ്കേതിക വിദ്യകള്‍ മനുഷ്യരാശിയെ അതിന്‍റെ ഏറ്റവും കഠിനമായ പരീക്ഷണ സന്ധിയില്‍ത്തന്നെ നേരിടുന്ന സവിശേഷ സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

2. സിലിക്കണ്‍വാലിയിലെ നവ വിവരസാങ്കേതിക ഭീമന്മാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭരണകൂടങ്ങളെ ലക്ഷ്യമിട്ടു വിപണനം ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. ഒരു തരം വൈദ്യുതാഘാത ചികിത്സയ്ക്കു സമാനമായ സംഗതിയാണ് മറനീക്കി പുറത്തു വരുന്നത്. ഒരു വശത്ത്‌ ശവശരീരങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുമ്ബോള്‍ മറുവശത്ത്‌ മനുഷ്യരാശിയുടെ തന്നെ ഭാവി പുനര്‍വിഭാവനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അമൂല്യമായ മനുഷ്യജീവനുകള്‍ രക്ഷിക്കാനെന്ന പേരില്‍ ഏര്‍പ്പെടുത്തപ്പെട്ട ആഴ്ചകളും മാസങ്ങളും നീളുന്ന ദുരിതപൂര്‍ണമായ അടച്ചിടലുകളെ അതിഭീമമായ ലാഭത്തിന്റെതായ ഒരു ഭാവിയെ നിര്‍മിച്ചെടുക്കാനുള്ള ജീവിക്കുന്ന ഒരു പരീക്ഷണശാലയായിട്ടാണ് യഥാര്‍ഥത്തില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണകൂടങ്ങള്‍ക്കും കുത്തക മൂലധനത്തിനും മനുഷ്യരാശിയെത്തന്നെ അന്തിമമായി മെരുക്കിയെടുക്കാനുള്ള അഭൂതപൂര്‍വമായ ഒരു സുവര്‍ണാവസരമാണ് ഈ സാഹചര്യം പ്രദാനം ചെയ്യുന്നത്. മനുഷ്യന്‍ വ്യാവസായിക കാലിത്തൊഴുത്തുകളില്‍ ബന്ധനസ്ഥരാക്കപ്പെട്ട് യജമാനനു വേണ്ടി ഭീമമായ അളവില്‍ വിവരങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന വളര്‍ത്തു മൃഗങ്ങളെപ്പോലായിത്തീരുന്ന തീര്‍ത്തും സംഭവ്യമായ ഒരു അപായസാധ്യതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

3. ഇത്തരത്തിലുള്ള, ഭാവിയില്‍ തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായ ഇടങ്ങള്‍ എന്ന നിലയില്‍ നാം കണ്ടുപോന്നിരുന്ന നമ്മുടെ വീടുകളെ അതിവേഗ ഇന്റര്‍നെറ്റ്‌ ശൃംഖലകളുടെ സഹായത്തോടെ നമ്മുടെ വിദ്യാലയങ്ങളും, ആശുപത്രികളും, കലാ-കായിക വേദികളുമായി പുനര്‍വിഭാവനം ചെയ്തിരിക്കുന്നു (ഭരണകൂടം തീരുമാനിച്ചാല്‍ നമ്മുടെ ജയിലുകളും). വരേണ്യ വര്‍ഗ്ഗത്തിന് ഏറെക്കുറെ എല്ലാവിധ സേവനങ്ങളും പ്രതീതി യാഥാര്‍ത്ഥ്യ (Virtual Reality) സങ്കേതങ്ങളിലൂടെയും സ്ട്രീമിംഗ് സേവനദാതക്കളിലൂടെയും ലഭ്യമാവുന്ന, എല്ലാവിധ ഉപഭോഗ വസ്തുക്കളും സ്വയംനിയന്ത്രിത വാഹനങ്ങളും ഡ്രോണുകളും വഴി വീടുകളില്‍ വിതരണം ചെയ്യപ്പെടുന്ന സൌകര്യപ്രദമായ ഒരു ഭാവികാലമാണിത്. വളരെ ചുരുങ്ങിയ എണ്ണം മാത്രം ആദ്ധ്യാപകരും, ഡോക്ടര്‍മാരും, ഡ്രൈവര്‍മാരും മാത്രം ആവശ്യമുള്ള ഒരു ഭാവി കൂടിയായിരിക്കും ഇത്. വൈറസ്‌ വ്യാപനത്തെ നിയന്ത്രിക്കുന്നതിന്റെ പേരില്‍ കറന്‍സിയും ക്രെഡിറ്റ്‌ കാര്‍ഡുകളും വ്യവഹാരയോഗ്യമല്ലാത്ത, പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാതാക്കപ്പെട്ട, ചുരുങ്ങിയ അളവില്‍ മാത്രം കലാപ്രകടനങ്ങള്‍ക്ക് പൊതുവേദികള്‍ അനുവദനീയമായ ഒന്ന്. നിര്‍മിതബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുമെന്ന് അവകാശപ്പെടുന്ന ഈ ഭാവിയെ യഥാര്‍ത്ഥത്തില്‍ താങ്ങിനിര്‍ത്താന്‍ പോകുന്നത് അതിതീവ്രമായ ചൂഷണത്തില്‍ നിന്നും രോഗങ്ങളില്‍നിന്നും യാതൊരുവിധ സംരക്ഷണവുമില്ലാതെ മൊത്തവിതരണ പാണ്ടികശാലകളിലും, വ്യാവസായിക കൃഷിതോട്ടങ്ങളിലും, മംസസംസ്കരണശാലകളിലും, ഡാറ്റ സെന്‍ററുകളിലും, സെമികണ്ടക്ടര്‍ നിര്‍മാണശാലകളിലും, ലിഥിയം ഖനികളിലും, ജയിലുകളിലും എല്ലാം അഹോരാത്രം പണിയെടുക്കുന്ന ദശലക്ഷക്കണക്കിനു വരുന്ന അദൃശ്യരായ തൊഴിലാളികള്‍ ആയിരിക്കും. ഭരണകൂടങ്ങള്‍ക്കും വിവരസാങ്കേതിക ഭീമന്മാര്‍ക്കും വേണ്ടി ജനങ്ങളുടെ എല്ലാ പ്രവര്‍ത്തികളും എല്ലാ ചിന്തകളും എല്ലാ വ്യക്തിബന്ധങ്ങളും അനുനിമിഷം നിരീക്ഷിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ഭാവിയായിരിക്കുമത്.

4. കോവിഡ് പൂര്‍വ ലോകത്ത് ഇത്തരത്തിലുള്ള താല്‍ക്കാലിക ജോലിയിലധിഷ്ഠിതമായ , ആപ്പ്-നിയന്ത്രിത സമ്ബദ്വ്യവസ്ഥയെ ഉപഭോക്താവിന് സൌകര്യപ്രദമായ ഒന്ന് എന്ന രീതിലാണ് അതിന്‍റെ ഉപജ്ഞാതാക്കള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്, എന്നാല്‍ നമ്മളില്‍ പലര്‍ക്കും പലവിധ ഉത്‌കണ്‌ഠകളും ഉണ്ടായിരുന്നു - സ്വകാര്യതയെപ്പറ്റി, വിവര സുരക്ഷയെപ്പറ്റി, ഓണ്‍ലൈന്‍ പഠനത്തിന്റെയും ടെലി മെഡിസിന്റെയും നിലവാരത്തെപ്പറ്റി, സ്വയംനിയന്ത്രിത വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിടുന്നതിനെപ്പറ്റി, ഡ്രോണുകള്‍ സാധനങ്ങള്‍ (ചിലപ്പോള്‍ മനുഷ്യരെയും) തച്ചുടയ്ക്കുന്നതിനെപ്പറ്റി, സ്ഥാനനിര്‍ണയ (Location Tracking) സങ്കേതങ്ങളും ഇലക്‌ട്രോണിക് വ്യാപാരവും (e-Commerce) ചേര്‍ന്നു സ്വകാര്യതയെ തുടച്ചുനീക്കുന്നതിനെപ്പറ്റി, വംശീയ-ലിംഗ വിവേചനങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനെപ്പറ്റി, തത്വദീക്ഷയില്ലാത്ത സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ മാധ്യമ ആവാസ വ്യവസ്ഥയെയും നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തെയും മലീമസമാക്കുന്നതിനെപ്പറ്റി, സെന്‍സറുകളും ക്യാമറകളും കൊണ്ട് നിറഞ്ഞ നമ്മുടെ നഗരങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളെ അപ്രസക്തമാക്കുനതിനെപ്പറ്റി. കൂടാതെ തന്നെ പുത്തന്‍ സാങ്കേതികവിദ്യകള്‍ തുടച്ചുനീക്കുന്ന നല്ല തൊഴിലുകളെപ്പറ്റിയും അതുകാരണം തന്നെ കൂണുകള്‍ പോലെ പൊട്ടിമുളയ്ക്കുന്ന മോശം തൊഴിലുകളെപ്പറ്റിയും.

5. എല്ലാറ്റിനുമുപരി ജനാധിപത്യത്തിനു തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ വിരലിലെണ്ണാവുന്ന ചില സാങ്കേതിക കുത്തകകള്‍ തങ്ങള്‍ക്കു മേല്‍ക്കയ്യുള്ള, ചില്ലറ വ്യാപാര, ഗതാഗത, മാധ്യമ മേഖലകളിലെല്ലാം തന്നെ അപരിഹാര്യമായ നാശനഷ്ടങ്ങള്‍ വിതയ്ക്കുമ്ബോഴും ഉത്തരവാദിത്തങ്ങളില്‍ നിന്നു സമര്‍ഥമായി ഒഴിഞ്ഞുമാറിക്കൊണ്ട് അധികാരവും സമ്ബത്തും കേന്ദ്രീകരിക്കുന്നതിനെപ്പറ്റിയും ഉത്‌കണ്‌ഠകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മരണം അതിന്‍റെ താണ്ഡവനൃത്തമാടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതേ സാങ്കേതിക വിദ്യകള്‍ തന്നെ വിപണനം ചെയ്യപ്പെടുന്നത്, നമ്മുടെ ജീവിതങ്ങളെ മഹാമാരി മുക്തമാക്കാനും നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതരാക്കാനും മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന സംശയാസ്പദമായ വാഗ്ദാനം ഉയര്‍ത്തിക്കൊണ്ടാണ്.

6. യന്ത്രങ്ങള്‍ മനുഷ്യരെ തൊഴില്‍രഹിതരാക്കുമെന്ന ഭീതി ഒട്ടും പുതുതല്ല, എന്നാല്‍ മുന്‍കാലങ്ങളിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ കൊണ്ട് കാലഹരണപ്പെട്ട തൊഴിലുകള്‍ക്ക് പകരം പുത്തന്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതാണ് നാം കണ്ടുപോന്നത്. എന്നാല്‍ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ പുത്തന്‍ സാങ്കേതിക വിദ്യകള്‍ തൊഴിലുകളെ സംബന്ധിച്ച പഴയ സങ്കല്പങ്ങളെയെല്ലാം തന്നെ പൊളിച്ചെഴുതാന്‍ പോന്നതാണ്. മുന്‍കാലങ്ങളില്‍ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള മത്സരം പ്രധാനമായും കായിക നൈപുണ്യത്തെ സംബന്ധിച്ചായിരുന്നെങ്കില്‍ സ്വയം ഗ്രഹണശേഷിയുള്ള പുത്തന്‍ യന്ത്രങ്ങള്‍ സമ്ബദ്വ്യവസ്ഥയില്‍ തൊഴിലാളികളെന്ന നിലയില്‍ മനുഷ്യരെത്തന്നെ അപ്രസക്തരാക്കുന്നു. യന്ത്രങ്ങളെ എല്ലായ്പ്പോഴും കവച്ചുവെയ്ക്കാന്‍ മനുഷ്യനു മാത്രമായി കൈവശമുള്ള ഒരു വൈദഗ്ദ്യവും ഇന്ന് നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമ്ബദ്വ്യവസ്ഥയിലുള്ള തങ്ങളുടെ മൂല്യം നഷ്ടമാവുന്നതു മൂലം നൂറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ചുരുങ്ങിയ തോതിലെങ്കിലുമുള്ള രാഷ്ട്രീയാധികാരം കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ് തൊഴിലാളികള്‍ ഇന്ന് നേരിടുന്നത്. ആശങ്കയുണര്‍ത്തുന്ന മറ്റൊരു വസ്തുത, കോടിക്കണക്കായ ജനങ്ങളെ ഉപയോഗശൂന്യരാക്കുന്ന ഇതേ സാങ്കേതിക വിദ്യകള്‍ തന്നെ അതേ ജനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കമെന്നുള്ളതാണ്.

7. കൊറോണവൈറസ്‌ മഹാമാരിക്കു മുന്നേ തന്നെ ജനാധിപത്യ രാജ്യങ്ങളുള്‍പ്പടെ ലോകമെമ്ബാടും ഒട്ടനവധി ഭരണകൂടങ്ങള്‍ അഭൂതപൂര്‍വമായ രഹസ്യനിരീക്ഷണ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍ ഇസ്രയേല്‍ അധീനതയിലുള്ള വെസ്റ്റ് ബാങ്ക് സര്‍വ്വവ്യാപിയായ രഹസ്യനിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്കുള്ള ഒരു മാതൃകയാണ്. ഓരോ പാലസ്തിന്‍ പൌരന്റെയും എല്ലാ ഫോണ്‍ സംഭാഷണങ്ങളും എല്ലാ സമൂഹമാധ്യമ ഇടപെടലുകളും എല്ലാ യാത്രാവിവരങ്ങളും ഇസ്രായേലി മൈക്രോഫോണുകളും രഹസ്യ ക്യാമറകളും ഡ്രോണുകളും സ്പൈവെയറുകളും വഴി നിരീക്ഷിക്കപ്പെടുന്നു. സങ്കീര്‍ണ്ണമായ കമ്ബ്യൂട്ടര്‍ പ്രോഗ്രാമുകള്‍, ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളെ വിശകലനം ചെയ്ത് തങ്ങള്‍ക്കു ഭീഷണിയാകാന്‍ സാധ്യതയുള്ള ഓരോ ഇരകളെയും വേട്ടയാടി ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യത്തെ സഹായിക്കുന്നു. വെസ്റ്റ് ബാങ്കിലുള്ള ചില പട്ടണങ്ങളും ഗ്രാമങ്ങളും പാലസ്തിന്‍ സ്വയംഭരണത്തിന്‍ കീഴിലാണെങ്കിലും ആകാശം, റേഡിയോ തരംഗങ്ങള്‍, സൈബറിടങ്ങള്‍ എന്നിവയിലുള്ള ഇസ്രായേലിന്റെ സമ്ബൂര്‍ണ്ണമായ ആധിപത്യം ഈ സ്വയംഭരണത്തെ ഒരു തമാശയാക്കി മാറ്റുന്നു എന്നതാണ് യഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ വെസ്റ്റ് ബാങ്കിലെ രണ്ടര ദശലക്ഷത്തോളം വരുന്ന പാലസ്തിനികളുടെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങള്‍ വരെ നിയന്ത്രിക്കാന്‍ ഇസ്രായേലിനു വളരെ ചുരുക്കം സൈനികരെ മാത്രമേ വിന്യസിക്കേണ്ടി വരുന്നുള്ളൂ.

8. ലോകമെമ്ബാടുമുള്ള ഭരണകൂടങ്ങള്‍ കോവിഡ് മഹാമാരിയോടുള്ള പ്രതികരണമെന്ന പേരില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അപസര്‍പ്പക കഥകളെ വെല്ലുന്ന സാമൂഹിക വ്യവസ്ഥാ സങ്കല്പങ്ങള്‍ തന്നെയാണ് കഴിഞ്ഞ കുറെക്കാലങ്ങളായി ഭരണസിരാകേന്ദ്രങ്ങളുടെ ഉപശാലകളിലും മാധ്യമ/ജനസമ്ബര്‍ക്ക പരിപാടികളിലുമൊക്കെയായി സിലിക്കോണ്‍ വാലി വിവരസാങ്കേതിക ഭീമന്മാര്‍ മുന്നോട്ട് വച്ചുകൊണ്ടിരുന്നത്. ഈ സങ്കല്പത്തിന്റെ കാതല്‍ എന്നു പറയുന്നത് ഭരണയന്ത്രവും സാങ്കേതിക രംഗത്തെ ഏതാനും ഭീമന്മാരും ചേര്‍ന്നുള്ള വിളക്കിച്ചേര്‍ക്കലുകളില്ലാത്ത സമന്വയം തന്നെയാണ്. ഇത് അര്‍ത്ഥമാക്കുന്നത് പൊതുമേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും മുതല്‍ ക്രമസമാധാന, സൈനിക മേഖലയിലുള്ള സ്ഥാപനങ്ങള്‍ വരെ തങ്ങളുടെ കാതലായ പല പ്രവര്‍ത്തികളും ഇത്തരത്തിലുള്ള സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന സാഹചര്യമാണ്. ഗൂഗിളിന്റെ എറിക് ഷ്‌മിദ്റ്റിനെയും, മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സിനെയും പോലുള്ള സൈബര്‍ ആദര്‍ശവാദികള്‍ നിര്‍മിതബുദ്ധി, 5ജി ശൃംഖലകള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൌകര്യമൊരുക്കല്‍ തുടങ്ങിയ മേഖലകളിലുള്ള ഗവേഷണങ്ങള്‍ക്ക്‌ പൊതുഖജനാവില്‍ നിന്നു പണം ചിലവഴിക്കുന്നത് കുത്തനെ വര്‍ദ്ധിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. രസകരമായ സംഗതി എന്താണെന്നു വച്ചാല്‍ ഇത്തരത്തില്‍ നികുതിപ്പണത്തില്‍ല്‍നിന്നു വരുന്ന നിക്ഷേപത്തിന്‍റെ നേരിട്ടുള്ള ഗുണഭോക്താക്കളും ഇവര്‍ക്ക് ഗണ്യമായ പങ്കാളിത്തമുള്ള കമ്ബനികള്‍ത്തന്നെയാണ് എന്ന വസ്തുതയാണ്.

9. ചൈനീസ് ഭരണകൂടം രഹസ്യനിരീക്ഷണ സാങ്കേതികവിദ്യകള്‍ക്കുവേണ്ടിയുള്ള അടിസ്ഥാന സൌകര്യമൊരുക്കുന്നതിനും മറ്റും പരിധികളില്ലാതെ നിക്ഷേപം നടത്തുന്നതും അതിന്‍റെ വാണിജ്യസാധ്യതകളില്‍ നിന്നും ഭീമമായ ലാഭമുണ്ടാക്കാന്‍ ബായിഡു, അലിബാബ, ടെന്‍സെന്റ്‌ പോലുള്ള ചൈനീസ് സാങ്കേതിക ഭീമന്മാരെ അനുവദിക്കുന്നതും മൂലം ആഗോള സമ്ബദ്വ്യവസ്ഥയില്‍ അമേരിക്കയുടെ മേല്‍ക്കോയ്മ തകര്‍ച്ചയുടെ വക്കിലാണെന്ന വാദമാണ് എറിക് ഷ്‌മിദ്റ്റിനെപ്പോലുള്ളവര്‍ മുന്നോട്ടു വയ്ക്കുന്നത്. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല ഉപഭോക്താക്കള്‍ രഹസ്യനിരീക്ഷണ മേഖലയിലാണെന്ന് ഇവര്‍ തന്നെ വാദിക്കുന്നു. വ്യാപകമായ രീതിയില്‍ പൌരന്മാരെ നിരീക്ഷിക്കുന്നതില്‍ ഡീപ് ലേര്‍ണിംഗ് സാങ്കേതികവിദ്യയുടെ സാധ്യതകളും ഇവര്‍ വിപണനം ചെയ്യുന്നു. ഈയടുത്തകാലം വരെ പൊതുസമൂഹത്തില്‍നിന്നും ഇത്തരം കമ്ബനികള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ ചെറുത്തുനില്‍പ്പുയര്‍ന്നിരുന്നു. യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ ഭീമന്‍ വിവരസാങ്കേതിക സ്ഥാപനങ്ങളെ വിഭജിക്കുന്നതിനെപ്പറ്റി പരസ്യമായി ചര്‍ച്ച ചെയ്തിരുന്നു. ആമസോണ്‍ അതിന്‍റെ ആസ്ഥാനം ന്യൂയോര്‍ക്കില്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രാദേശിക പ്രതിരോധമാണ് നേരിട്ടത്‌. ഗൂഗിള്‍ അതിന്‍റെ പല രഹസ്യനിരീക്ഷണ പദ്ധതികളുടെ പേരിലും നിയമക്കുരുക്കുകള്‍ നേരിടേണ്ടിവന്നിരുന്നു. സൈനികപരമായ ഉപയോഗങ്ങളുള്ള രഹസ്യനിരീക്ഷണ സംവിധാനങ്ങള്‍ വികസിപ്പിക്കാനായി ഭരണകൂടങ്ങളുമായുള്ള വഴിവിട്ട സഹകരണത്തിന്റെ പേരില്‍ ഗൂഗിള്‍ പൊതുസമൂഹത്തില്‍നിന്നും അതിന്‍റെ തന്നെ ജീവനക്കരില്‍നിന്നും വന്‍തോതിലുള്ള എതിര്‍പ്പുകളാണ് അഭിമുഖീകരിച്ചു വന്നിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വഴിവിട്ട ഇടപെടലുകള്‍ എന്നിവയുടെ പേരില്‍ ഫേസ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബെര്‍ഗ് അമേരിക്കന്‍ ജനപ്രതിനിധികളുടെ നേരിട്ടുള്ള ചോദ്യംചെയ്യലിനു ഹാജരാവേണ്ടി വന്നിട്ടുണ്ട്.

10. ചുരുക്കത്തില്‍ ഈ സാങ്കേതിക ഭീമന്മാര്‍ക്ക് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്വപ്നലോകത്തെ സക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം ജനാധിപത്യവും അതിന്‍റെ ഭാഗമായ സ്ഥാപനങ്ങളും ചട്ടക്കൂടുകളും പൊതുവിചാരണയുമാണ്. ഇപ്പോള്‍ കൊറോണവൈറസ്‌ ലോകമെമ്ബാടും ഭയവും അനിശ്ചിതത്വവും കൊണ്ട് സംഹാരതാണ്ഡവമാടുമ്ബോള്‍ ഈ കമ്ബനികള്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കൊണ്ടുള്ള അസൌകര്യങ്ങളെ ഒഴിവാക്കാനുള്ള ഒരു അവസരമായാണിതിനെ കാണുന്നത്. തൊഴില്‍/മനുഷ്യാവകാശ നിയമങ്ങളുടെ പ്രതിബന്ധങ്ങളില്ലാത്ത ചൈനീസ് കമ്ബനികളുമായി തുല്യശക്തികളെന്ന നിലയില്‍ പോരാടാന്‍ ഈ സാഹചര്യം സിലിക്കണ്‍വാലി കമ്ബനികളെ പ്രാപ്തരാക്കിയിരിക്കുന്നു.

11. വിവരശേഖരണത്തിനു വേണ്ടിയുള്ള ഈ ഓട്ടപ്പന്തയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് FAANG എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ഫേസ്ബുക്ക്‌, ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്ലിക്സ്, ഗൂഗിള്‍ എന്നീ അഞ്ച് അമേരിക്കന്‍ സാങ്കേതിക ഭീമന്മാരാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഈ അഞ്ചു കമ്ബനികളും നാള്‍ക്കുനാള്‍ നിര്‍മിതബുദ്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലേക്ക് നോക്കിയാല്‍ BAT അഥവാ ബായിഡു, അലിബാബ, ടെന്‍സെന്റ്‌ എന്നീ മുന്‍നിര നിര്‍മിതബുദ്ധി സാങ്കേതിക ഭീമന്മാര്‍ത്തന്നെയാണ് ചൈനയിലെ ഏറ്റവും മൂല്യമുള്ള കമ്ബനികളും. 2030-ഓടെ ചൈനയെ നിര്‍മിതബുദ്ധി സാന്ങ്കേതികവിദ്യയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കാനുള്ള പദ്ധതിയാണ് 2017ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രഖ്യാപിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് പൌരന്മാരെ രഹസ്യനിരീക്ഷണ സംവിധാനങ്ങളിലൂടെ നിയന്ത്രിക്കാനും അതിസങ്കീര്‍ണമായ സൈനികശേഷി കൈവരിക്കാനുമുതകുന്ന ഈ ലക്ഷ്യത്തിന്റെ വ്യാപ്തി അമേരിക്കയിലും മറ്റും അല്പമല്ലാത്ത അസ്വസ്ഥതയാണ് ഉളവാക്കിയത്.

12. ഓസ്ട്രേലിയന്‍ ഭരണകൂടം കൊറോണവൈറസ്‌ സമ്ബര്‍ക്ക നിരീക്ഷണത്തിനായി പുറത്തിറക്കിയ വിവാദാസ്പദമായ മൊബൈല്‍ ആപ്പു വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സംഭരിക്കാന്‍ ആമസോണുമായി ഉടമ്ബടിയുണ്ടാക്കിക്കഴിഞ്ഞു. കാനഡയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി തപാല്‍ വകുപ്പിനെ ഒഴിവാക്കി സര്‍ക്കാര്‍ ആമസോണുമായുണ്ടാക്കിയ സംശസ്പദമായ കരാറുകള്‍ വാര്‍ത്തയായിരുന്നു. ഇന്ത്യയിലും കൊറോണവൈറസ്‌ സമ്ബര്‍ക്ക നിരീക്ഷണത്തിനായെന്ന പേരില്‍ യാതൊരു സുതാര്യതയുമില്ലാതെ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പ് അനുദിനമെന്നോണം വിപുലമാക്കപ്പെടുന്ന അതിന്‍റെ സാധ്യതകളിലൂടെ പഴയ സോവിയറ്റ്‌ യൂണിയനെ വെല്ലുന്ന അതിബൃഹത്തായ ഒരു രഹസ്യനിരീക്ഷണ ഭരണകൂടമാണ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയും കോടിക്കണക്കിനു വരുന്ന പൌരന്മാരുടെ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് ആമസോണിനു തന്നെ. ഗേറ്റ്സ് ഫൌണ്ടേഷന്‍ അതിന്‍റെ ജീവകാരുണ്യ സംഭാവനകളിലൂടെയും മൈക്രോസോഫ്ട്‌ അതിന്‍റെ സാങ്കേതികവിദ്യകള്‍ വഴിയും ലോകമെമ്ബാടും തീര്‍ത്തും ജനാധിപത്യവിരുദ്ധമായ രീതിയില്‍ പൊതുവിദ്യാഭ്യാസ/ആരോഗ്യ നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. നമ്മുടെ കുട്ടികള്‍ എങ്ങനെ പഠിക്കണം, നമ്മുടെ പൊതു ആരോഗ്യ മുന്‍ഗണനകള്‍ എന്തായിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതില്‍ പൌരന്മാരെന്ന നിലയില്‍ നമുക്കൊരു പങ്കുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. പുത്തന്‍ സാങ്കേതികവിദ്യകളുടെ ഈ ലോകത്ത് പൊതുജനം തീര്‍ത്തും അപ്രസക്തരാവുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

13. എന്നാല്‍ ചൈനീസ് സാങ്കേതിക ഭീമന്മാര്‍, കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ വ്യാപ്തി മാത്രം പരിഗണിച്ചാല്‍ നിലവില്‍ BAT ഈ പന്തയത്തില്‍ ബഹുദൂരം മുന്നിലാണെന്നു പറയേണ്ടിയിരിക്കുന്നു. 500 ബില്ല്യന്‍ ഡോളറിലധികം വിപണിമൂല്യവുമായി ടെന്‍സെന്റ്‌ ലോകത്തിലെ ഏറ്റവും വലിയ ഗേമിംഗ് കമ്ബനിയാണ്. ചൈനക്കാര്‍ മൊബൈലില്‍ ചിലവഴിക്കുന്ന സമയത്തില്‍ 60 ശതമാനവും വീചാറ്റുള്‍പ്പെടെയുള്ള ടെന്‍സെന്റ്‌ ആപ്പുകളിലാണ്. റെഡ്ഡിറ്റ്, സ്നാപ്ചാറ്റ്, ടെസ്ല തുടങ്ങി അനവധി കമ്ബനികളിലാണ് ടെന്‍സെന്റിനു തന്ത്രപരമായ പങ്കാളിത്തമുള്ളത്. 500 ബില്ല്യന്‍ ഡോളര്‍ വിപണിമൂല്യവുമായി അലിബാബ കൈകാര്യം ചെയ്യുന്നത് ആമസോണും ഇ-ബേയും ചേര്‍ന്നു ലോകമാസകലം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ചരക്കുകളാണ്. അലിബാബയുടെ ഉടമസ്ഥതയിലുള്ള അലിപേ യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ് ആപ്പായ പേടിഎമ്മിന്‍റെ ഉടമസ്ഥരും മറ്റാരുമല്ല. അലിപേയുടെ ലഘുനിക്ഷേപ സംവിധാനമായ യുവെ-ബാവോ 233 ബില്ല്യന്‍ ഡോളറിന്‍റെ നിക്ഷേപവുമായി ജെപി മോര്‍ഗനെ വെല്ലുന്ന ധനകാര്യ നിക്ഷേപ സ്ഥാപനമാണ്‌. ഊബര്‍, ലിഫ്റ്റ്‌ എന്നീ ആഗോള ടാക്സി ഷെയറിംഗ് ഭീമന്മാരേക്കള്‍ ഒന്നര മടങ്ങ്‌ വിപണിവിഹിതമുള്ള ദിദി എന്ന ചൈനീസ് ഭീമന്‍ സ്വയം വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സ്ഥാപനം എന്നാണ്. ബായിഡു, അലിബാബ, ടെന്‍സെന്റ്‌ എന്നീവര്‍ക്കെല്ലാം ദിദിയില്‍ നിക്ഷേപമുണ്ട്. ഇന്ത്യന്‍ ടാക്സി ഷെയറിംഗ് ആപ്പായ ഓലയില്‍ ടെന്‍സെന്റിനും ദിദിയ്ക്കും ഗണ്യമായ നിക്ഷേപമാണുള്ളത്. ആഗോളതലത്തില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പൊതുവിപണിയുടെ 70 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത് ചൈനീസ് കമ്ബനിയായ DJI ആണ്. ഇസ്രായേലി സേന ശത്രുനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന മാവിക് ഡ്രോണുകള്‍ നിര്‍മിക്കുന്നതും മറ്റാരുമല്ല.

14. കോടിക്കണക്കിനാളുകളുടെ ജീവിതത്തില്‍ ഗുണകരമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു സാങ്കേതിക പരിഹാരമുണ്ട് എന്നു കരുതുന്നത് മൂഢത്തരമായിരിക്കും. മനുഷ്യഭാവനകൊണ്ടു സങ്കല്‍പ്പിക്കാന്‍ സാധിക്കുന്ന എല്ലാ സമസ്യകള്‍ക്കും സാങ്കേതികവിദ്യകൊണ്ട് പരിഹാരമുണ്ടാക്കാമെന്ന് വിശ്വസിക്കുന്ന എറിക് ഷ്‌മിദ്റ്റിനെയും, ബില്‍ ഗേറ്റ്സിനെയും പോലുള്ളവര്‍ക്ക് നമ്മുടെ ഭാവിസാമൂഹ്യ വ്യവസ്ഥയെ വിഭാവനം ചെയ്യാനുള്ള കരാര്‍ എല്പ്പിച്ചുകൊടുക്കുന്നത് അപകടകരമായിരിക്കും. അവരെ സംബധിച്ചിടത്തോളം കോവിഡ് മഹാമാരി തങ്ങള്‍ക്കിതുവരെയും അന്യായമായി വിലക്കപ്പെട്ടിരുന്ന ആദരവും, കൃതജ്ഞതയും, അധികാരവുമെല്ലാം ഏറ്റുവാങ്ങാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്.

15. ഇതുവരെയും ഈ കമ്ബനികളെല്ലാം, അത് അമേരിക്കനോ ചൈനീസോ ആവട്ടെ, സൌജന്യ വിവരങ്ങളും സേവനങ്ങളും വിനോദവും മറ്റും വാഗ്ദാനം ചെയ്തു തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ആ ശ്രദ്ധയെ പരസ്യക്കമ്ബനികള്‍ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ശ്രദ്ധാ വ്യാപാരികളായാണ് പ്രവര്‍ത്തിച്ചുപോന്നത്‌. എന്നാല്‍ ഇതിനെ കേവലം പരസ്യങ്ങളുടെ വില്പനയായി മാത്രം ചുരുക്കിക്കാണാനാവില്ല. നമ്മുടെ ശ്രദ്ധയകര്‍ഷിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ അവര്‍ ശേഖരിക്കുന്നത് നമ്മളെപ്പറ്റിത്തന്നെയുള്ള വിപുലമായ അളവിലുള്ള വിശകലനയോഗ്യമായ വിവരങ്ങളാണ്. ഇതിന്‍റെ മൂല്യം ഏതു പരസ്യവരുമാനത്തെക്കാളും പതിന്മടങ്ങാണ്. നമ്മള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ഉപഭോക്താക്കള്‍ അല്ല; മറിച്ച്‌ നമ്മളാണ് അവരുടെ ഉത്പ്പന്നം. തങ്ങളുടെ ഏറ്റവും അമൂല്യമായ വ്യക്തിവിവരങ്ങള്‍ പോലും സൌജന്യ സേവനങ്ങള്‍ക്കും വിനോദത്തിനും വേണ്ടി സസന്തോഷം കൈമാറ്റം ചെയ്യാന്‍ ഏതാണ്ടെല്ലാ സാധാരണക്കാരും തയ്യാറാണ്. പോകെപ്പോകെ ഇത്തരം ശൃംഖലകളെ ആശ്രയിക്കാതെ നമ്മുടെ ദൈനംദിന ജീവിതത്തിലെ നിസ്സാരമായ തീരുമാനങ്ങള്‍ തുടങ്ങി ഭൌതികമായ നിലനില്‍പ്പു തന്നെയും സാധ്യമല്ലാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ആത്യന്തികമായി ഇത്തരത്തിലുള്ള വിവരങ്ങളുടെ ഒഴുക്കിനെ തടയാന്‍ ജനങ്ങളുടെ ശ്രമങ്ങള്‍ എല്ലാം തന്നെയും ഈ ശക്തികളുടെ മുന്നില്‍ നിഷ്പ്രഭമായിത്തീരുന്നു. നമ്മളില്‍ പലരും വ്യക്തിപരമായി ഈയൊരു സാഹചര്യം നേരുടുന്നുണ്ടാവാം; എന്നാല്‍ ഇതിന്റെയൊക്കെ തീവ്രമായ ഒരു പതിപ്പാണ്‌ ഭാവിയില്‍ നാം കാണാന്‍ പോകുന്നത്.

16. സ്വാതന്ത്ര്യം, സമത്വം തുടങ്ങി ശക്തമെന്നു നാം കരുതുന്ന പല ആദര്‍ശങ്ങളുടെയും അടിത്തറ വളരെ ദുര്‍ബലമാണെന്നതാണ് യഥാര്‍ത്ഥ്യം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യേക സാങ്കേതിക സാഹചര്യങ്ങള്‍ മൂലം വിജയംകണ്ട ഇത്തരം ആശയങ്ങള്‍ അല്പായുസ്സായേക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ത്തന്നെ പുരോഗമനാശയങ്ങള്‍ക്കെല്ലാം തന്നെ ലോകമെമ്ബാടും വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം വര്‍ദ്ധിതമായ രീതിയില്‍ വംശീയതയിലും വര്‍ഗീയതയിലും അധിഷ്ഠിതമായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നേതാക്കള്‍ ഭൂരിപക്ഷ പ്രീണന, ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഈയൊരു പരിവര്‍ത്തനത്തിനു സങ്കീര്‍ണ്ണമായ പല കാരണങ്ങളും ഉണ്ടാവാമെങ്കിലും സമകാലീന സാങ്കേതിക വികാസങ്ങള്‍ക്ക് ഈ മാറ്റത്തിലുള്ള പങ്ക് അവഗണിക്കാനാവാത്തതാണ്. കഴിഞ്ഞ കാലങ്ങളില്‍ ജനാധിപത്യത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിയ സാങ്കേതികവിദ്യകള്‍ കൂടുതല്‍ക്കൂടുതല്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. നിര്‍മിതബുദ്ധിയില്‍ സമീപഭാവിയില്‍ ഉണ്ടാവാന്‍ പോകുന്ന വികാസങ്ങള്‍ ജനാധിപത്യത്തിന്‍റെ തന്നെ അന്ത്യം കുറിക്കാന്‍ പോന്നതാണ്.

17. അധികാരത്തിന്റെയും വിവരങ്ങളുടെയും വികേന്ദ്രീകരണം സാദ്ധ്യമാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. അധികാരത്തിന്‍റെ കേന്ദ്രീകരണത്തിന് പ്രതിരോധം തീര്‍ക്കാന്‍ കെല്‍പ്പുള്ളതെന്ന രീതിയില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഒന്നാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ. ശൈശവാവസ്ഥയിലുള്ള ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍, നിര്‍മിതബുദ്ധിയുടെ ഏകാധിപത്യ പ്രവണതകളെ പ്രതിരോധിക്കാന്‍ പര്യാപ്തമാവുമോ എന്ന് ഇനിയും പറയാറായിട്ടില്ല. സകലതരത്തിലുള്ള സ്വേച്ഛാധിപത്യത്തില്‍നിന്നും മനുഷ്യനു വിടുതല്‍ നല്‍കാന്‍ പോന്ന ഒരു ഒറ്റമൂലിയായിട്ട് വിഭാവനം ചെയ്യപ്പെട്ട ഇന്റര്‍നെറ്റ്‌ എങ്ങനെയാണ് ഏകാധിപത്യ ഭരണകൂടങ്ങളുടെ കയ്യിലെ ഏറ്റവും ശക്തമായ ഉപകരണമായി മാറിയതെന്ന് ഈയവസരത്തില്‍ ഓര്‍മിക്കുന്നത്‌ ഉചിതമായിരിക്കും.

18. ലോകാധിപത്യത്തിനായി മത്സരിക്കുന്ന നവസാങ്കേതിക കമ്ബനികളെ പിടിച്ചുകെട്ടുന്നതിനാല്‍ വ്യക്തിവിവരങ്ങളെ ദേശസാത്കരിക്കുന്നത് ഒരു പരിഹാരമായി തോന്നാം. എന്നാല്‍ ഉഗ്രപ്രതാപികളായ ഭരണകൂടങ്ങള്‍ക്ക് വിവരസംരക്ഷണത്തിന്റെ താക്കോല്‍ക്കൂട്ടം കൈമാറുന്നതില്‍പ്പരം ബുദ്ധിശൂന്യമായി മറ്റൊന്നുമില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌. അധികാരവും സ്വത്തും വളരെ ചെറിയ ഒരു വരേണ്യ വര്‍ഗത്തിലേക്കു മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നതു തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗം വ്യക്തിവിവരങ്ങളുടെ ഉടമസ്ഥതയില്‍ വ്യവസ്ഥാപിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍, ദാര്‍ശനികര്‍, നിയമജ്ഞര്‍ തുടങ്ങി നമ്മുടെ കവികള്‍ വരെയുള്ളവര്‍ ശ്രദ്ധ തിരിക്കേണ്ട അതിപ്രധാനമായ ഒരു വിഷയമാണിത്. വിവര സമ്ബദ്വ്യവസ്ഥയെ ജനധിപത്യവല്‍ക്കരിക്കാന്‍ നമുക്കു സാധിക്കുമോ ഇല്ലയോ എന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ തന്നെ ഭാവിയെ സംബന്ധിച്ച്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന ഒരു സമസ്യയാണ്.

19. മനുഷ്യര്‍ കൂട്ടിലടക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളെപ്പോലെ, ഭീമാകാരമായ ഒരു വിവര വിശകലന യന്ത്രത്തിന്റെ ഘടകങ്ങളായി ഭീമമായ തോതില്‍ വിവരങ്ങള്‍ ഉത്പാദിപ്പിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായിത്തീരാനുള്ള ഒരു സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇത്തരത്തിലുള്ള ഈ പുത്തന്‍ മനുഷ്യന്‍ തനിക്കു പ്രകൃതിദത്തമായി ലഭിച്ച ധിഷണാശേഷിയുടെ ഒരംശം പോലും ഉപയോഗിക്കാന്‍ സാധിക്കാതെ ജീവിച്ചു മരിക്കേണ്ടി വരുന്ന ഒരു ഭാവിയാണ് നമ്മെക്കാത്തിരിക്കുന്നത്. വാക്സിനുകള്‍, കൃത്രിമ ബീജസങ്കലനം, വളര്‍ച്ചാ ഹോര്‍മോണുകള്‍ തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍, വ്യാവസായികാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തല്‍, ഊര്‍ജിത ക്ഷീരോല്‍പ്പാദനം തുടങ്ങിയവയ്ക്കു വഴിതെളിച്ചപോലെ കൊറോണ വൈറസ്‌, ഊര്‍ജിത മനുഷ്യ പരിപാലന വ്യവസായത്തിന്‍റെ പുതുയുഗപ്പിറവിയ്ക്കു തന്നെ കാരണമായേക്കാം. ഇത്തരത്തില്‍ മെരുക്കിയെടുക്കപ്പെട്ട വളര്‍ത്തുമനുഷ്യര്‍, മനുഷ്യസഹജമായ സ്വതന്ത്ര ചിന്താ ശേഷി പോട്ടെ, വെറും ചിന്താശേഷി തന്നെ ഇല്ലാതാക്കപെട്ട ഒരു കൂട്ടം വിധേയന്മാര്‍ മാത്രമായിരിക്കും. അമേരിക്കന്‍ നിയമജ്ഞനായിരുന്ന വില്ല്യം ഒ. ഡഗ്ലസിന്റെ പ്രശസ്തമായ ഉദ്ധരണി ഈ അവസരത്തില്‍ പ്രസക്തമാണ്: "സൂര്യാസ്തമയമായിക്കൊള്ളട്ടെ അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ ആവട്ടെ, രണ്ടും ഒറ്റയടിക്കു സംഭവിക്കുന്നതല്ല, മറിച്ച്‌ രണ്ടിനും മുന്‍പ് എല്ലാം മാറ്റമില്ലാതെ തന്നെയിരിക്കും എന്ന തോന്നലുളവാക്കുന്ന ഒരു ത്രിസന്ധ്യാകാലമുണ്ടയിരിക്കും. ഈ ത്രിസന്ധ്യാകാലത്തായിരിക്കണം വരാന്‍പോകുന്ന പരിവര്‍ത്തനത്തെപ്പറ്റി നാമെല്ലാം ജാഗരൂകരായിരിക്കേണ്ടത്; ഇല്ലെങ്കില്‍ വരാന്‍ പോകുന്ന ഇരുണ്ട കാലത്തിന്‍റെ നിഷ്കളങ്കരായ ഇരകളാവാന്‍ മാത്രമായിരിക്കും നമ്മുടെ വിധി".

(countercurrents.org പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories