TopTop
Begin typing your search above and press return to search.

പിണറായി വിജയന്‍, നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്; കൊറോണക്കാലത്തെ മൂന്ന് രാഷ്ട്രീയ നേതാക്കളെ കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍

പിണറായി വിജയന്‍, നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്; കൊറോണക്കാലത്തെ മൂന്ന് രാഷ്ട്രീയ നേതാക്കളെ കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍

മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തോളവും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് വികസിത രാഷ്ട്രങ്ങളെ തന്നെയാണ്. ചൈനയില്‍ നിന്ന് യൂറോപ്പിലേക്കും ഇപ്പോള്‍ അമേരിക്കയിലേക്കും ഹോ്ടസ്‌പോട് മാറിയിരിക്കുന്നു. വൈറസിനെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ കാരണമായ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പലയിടത്തും അമിതാധികാരമാണ് വൈറസിനെ നേരിടാനുള്ള പോംവഴിയെന്ന് ചില രാഷ്ട്രനേതാക്കള്‍ തിരിച്ചറിയുന്നു. മറ്റ് ചിലര്‍ വേറെ ചില മാര്‍ഗങ്ങള്‍ ആരായുന്നു. സാമ്പത്തികമായി കരുത്തരല്ലെങ്കിലും ക്യൂബയുടെ പ്രതിരോധം ഫലവത്താകുന്നു. അവര്‍ വികസിത രാജ്യങ്ങളിലേക്ക് സഹായം എത്തിക്കുന്നു. പല നേതാക്കളും പല രീതിയില്‍ വൈറസിനെതിരായ യുദ്ധത്തെ ആവിഷ്‌ക്കരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വൈറസിനെതിരെ ഉയര്‍ത്തുന്ന പ്രതിരോധങ്ങളില്‍ അവരുടെ രാഷ്ട്രീയം എത്രത്തോളം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്? അല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ രാഷ്ട്രീയം എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്? കൊറോണക്കാലത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കാന്‍ കേരളത്തില്‍നിന്ന് നോക്കുമ്പോള്‍ കാണുന്ന മൂന്ന് പേരാണ് ട്രംപും മോദിയും പിണറായി വിജയനും.

മൂന്ന് നേതാക്കളും വലിയ ജനസ്വാധീനമുള്ളവര്‍. അനുയായികളും എതിരാളികളും ഏറെയുള്ളവര്‍. രാഷ്ട്രീയമായി ഭിന്നിച്ചുനില്‍ക്കുമ്പോഴും ഇങ്ങനെ ചില സമാനതകള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ ട്രംപും മോദിയും അവരുടെ സ്വാഭാവികമായ പ്രവര്‍ത്തന ശൈലിയിലൂടെ കൊറോണയ്‌ക്കെതിരായ യുദ്ധത്തെയും കണ്ടപ്പോള്‍, പിണറായി വിജയന്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിയെടുത്ത നേതാവായി മാറുകയും ചെയ്തു. കേരളത്തിന് വേണ്ടി ഏറെയൊന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതിരുന്ന ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പിണറായി വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം നടത്തുന്ന, ഏറെക്കുറെ വിജയം വരിക്കുന്ന കൊറോണ വിരുദ്ധ പോരാട്ടത്തെയും കുറിച്ച് പറയുന്നു. ഇന്ന് കേരളം ചെയ്യുന്നതാണ് നാളെ ഇന്ത്യ ആലോചിക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും ആദ്യം തന്നെ ലോക്ഡൗണിലേക്ക് പോയതും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമപരിപാടികള്‍ നടപ്പിലാക്കിയതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളായി. മറ്റു സംസ്ഥാനങ്ങള്‍ കൊറോണ എന്ന് കേള്‍ക്കുന്നതിന് മുമ്പ് തന്നെ കേരളം കരുതല്‍ നടപടികള്‍ എടുത്ത് ഊര്‍ജ്ജിതമായ പ്രതിരോധത്തിലേക്ക് നീങ്ങിയതും വലിയ പ്രശംസയ്ക്ക് കാരണമായി. കേരളത്തെ എന്നും എതിര്‍ക്കാന്‍ മാത്രം തയ്യാറായിട്ടുുളള റിപ്പബ്ലിക്ക് ടിവിയിലെ അര്‍ണബ് ഗോസ്വാമി സംസ്ഥാനം നടത്തുന്ന ശാസ്ത്രീയമായ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞ് നിശബ്ദനാകുന്നു. ഇങ്ങനെ കൊറോണക്കാലത്ത് ഇന്ത്യയിലെ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത നേതാവായി കേരളത്തിന്റെ മുഖ്യമന്ത്രി. വൈറസിന്റെ വ്യാപനത്തിനെതിരെ കേരളം ഇതുവരെ നടത്തിയ വിജയകരമായ പോരാട്ടത്തിന്റെ ഗുണം അനുഭവിക്കുന്നത് ഈ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്. ഇത് തന്റെ കൂടി രാഷ്ട്രീയ മൂലധനമാക്കാന്‍ പിണറായി വിജയന് കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ മാസങ്ങള്‍ തെളിയിച്ചത്. കൊറോണ വൈറസ് വ്യാപനവും അതിനെതിരായ പ്രതിരോധവും വിശദീകരിക്കാന്‍ ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന രണ്ട് നേതാക്കളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും. ആദ്യഘട്ടത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തിയ വിമര്‍ശനത്തെ കേരളം അത്ര ഗൗരവമായി കണക്കിലെടുത്തിരുതായി തോന്നിയില്ല. കാരണം നാട് അറിയേണ്ട കാര്യങ്ങളായിരുന്നു മന്ത്രി വ്യക്തമാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തിയ വിമര്‍ശനത്തെ ആരെങ്കിലും കാര്യമായി എടുത്തെങ്കില്‍ അത് പിണറായി വിജയനാണെന്ന് തോന്നും. പിന്നീടാണ് അദ്ദേഹം നേരിട്ട് വാര്‍ത്താ സമ്മേളനം നടത്തിത്തുടങ്ങിയത്. അടുത്ത് ഇരിക്കാറുണ്ടെങ്കിലും കേരളത്തില്‍ ജനപ്രിയമായി മാറിയ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പിന്നീട് ആരോഗ്യ മന്ത്രിക്ക് റോളൊന്നുമുണ്ടായില്ല. സര്‍ക്കാര്‍ നടത്തുന്ന, ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സുതാര്യമായി അവതരിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. അങ്ങേയറ്റം അനിശ്ചിതത്വത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആത്മധൈര്യമാണ് നല്‍കിയത്. ആ വാര്‍ത്താ സമ്മേളനങ്ങളുടെ ജനപ്രിയതയ്ക്ക് കാരണം അതിലെ സുതാര്യത തന്നെയാണ്. ഒരു ഘട്ടത്തില്‍, വീട്ടില്‍ കഴിയുന്ന പുരുഷന്മാര്‍ എങ്ങനെ പെരുമാറണമെന്ന തരത്തിലുള്ള ഉപദേശങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍പ്പോള്‍ അത്തരം കാര്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിന്നീട് പിന്‍വാങ്ങിയതായാണ് തോന്നുന്നത്. എങ്ങനെയായാലും പിണറായി വിജയന്റെ രാഷ്ട്രീയ സ്വീകാര്യത കേരളത്തിനകത്തും പുറത്തും പതിന്മടങ്ങ് വര്‍ധിച്ച കാലമാണ് ഈ ലോക്ഡൗണ്‍ കാലം. ദുരന്തകാലത്തെ അങ്ങേയറ്റം പ്രയോജനപ്രദമായ പി.ആര്‍ ഓപ്പറേഷന്‍ കൂടിയായി ഫലത്തില്‍ ആ വാര്‍ത്താ സമ്മേളനങ്ങള്‍. ഇതേ കാലത്ത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സ്വീകരിച്ച നീതിരഹിതമെന്ന് പൊതുവെ ആക്ഷേപിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് പോലും വലിയ വാര്‍ത്താ പ്രാധാന്യം കിട്ടാതെ പോയി. ഉദാഹരണത്തിന് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് കാരണക്കാരനെന്ന് ആക്ഷേപക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമന്റെ പുനര്‍നിയമന വിഷയം. അതുപോലെ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ കുറ്റാക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച സിപിഎം പ്രാദേശിക നേതാവ് കുഞ്ഞനന്തന്റെ ശിക്ഷ ഇളവ് നല്‍കി സംഭവം. മറ്റൈാരു സന്ദര്‍ഭത്തിലാണെങ്കില്‍ വലിയ വിവാദമാകുമായിരുന്ന തീരുമാനങ്ങള്‍ കൊറോണയുടെ മറവില്‍ നടപ്പിലാക്കുകയാണ് ഉണ്ടായത്. എന്നാല്‍ കാര്യമായ ചര്‍ച്ച ഇതുമായി ബന്ധപ്പെട്ടുണ്ടായില്ല. ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ പിണറായി വിജയന്റെ സ്വീകാര്യത വര്‍ധിക്കാറുണ്ടെന്നത് പ്രളയകാലത്ത് കേരളം കണ്ടതാണ്. എല്ലാ രാഷ്ട്രീയ വൈരുധ്യങ്ങളെയും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ ഇടപെടല്‍. പാര്‍ട്ടി അണികളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ലോക്ഡൗണ്‍ യാത്രയെ അദ്ദേഹം ന്യായീകരിച്ചുകളഞ്ഞു. പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അതിനെയും സ്വാഗതം ചെയ്തു. (ഇക്കാര്യത്തില്‍ സിപിഎം വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞത്). തന്റെ ബദ്ധവൈരികളായ ബിജെപിക്കാരെ അനുനയിപ്പിച്ചപ്പോഴും കോണ്‍ഗ്രസിനെതിരെ മാത്രമാണ് - അതും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ മാത്രമാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്. അത്രയെറെ സ്റ്റേറ്റ്‌സ്മാന്‍മാരൊന്നും പണ്ടും ഇപ്പോഴും ഇല്ലാത്ത കേരളത്തിലെ കോണ്‍ഗ്രസില്‍ മുല്ലപ്പള്ളി മാത്രം സങ്കുചിതനായി പോയി എന്ന് പറയുന്ന തരത്തിലുള്ള വിമര്‍ശനം എന്തുകൊണ്ടാണെന്ന് മാത്രം വ്യക്തമായില്ല. രമേശ് ചെന്നിത്തല പറഞ്ഞതുപോലെ, പാര്‍ട്ടിയുടെ ഉറച്ച കോട്ട തകര്‍ത്ത നേതാവ് എന്നതുകൊണ്ടാണോ എന്നും അറിയില്ല. അത് പക്ഷെ മറ്റൊരു വിഷയമാണ്.

  • ഇനി മറ്റൊരു പത്രസമ്മേളനത്തിലേക്ക് നോക്കിയാല്‍ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചയാണ് കാണാന്‍ കഴിയുക. വിവാദങ്ങള്‍ ഉത്പാദിപ്പിക്കാനും തന്റെ വിചിത്രമായ ധാരണകള്‍ അവതരിപ്പിക്കാനുമാണ് ഈ ദിവസങ്ങളിലെല്ലാം ട്രംപ് തന്റെ വാര്‍ത്താ സമ്മേളനങ്ങളെ ഉപയോഗിച്ചത്. ആദ്യം ഇതൊന്നും അമേരിക്കയ്ക്ക് ഒരു പ്രശ്‌നമല്ലെന്നു വാദിച്ചു, പിന്നീട് ചൈനയെ കുറ്റപ്പെടുത്തല്‍, അതുകഴിഞ്ഞ് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിമര്‍ശനം, ഇപ്പോള്‍ ട്രംപിന്റെ വിമര്‍ശനം ലോകാരാഗ്യ സംഘടനയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നു. തന്റെ സ്വത്വസിദ്ധമായ ശൈലിയേയോ രാഷ്ട്രീയത്തെയോ മറച്ചുപിടിക്കാനോ മറികടക്കാനോ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ കാലത്തും ട്രംപിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്. സിഎന്‍എന്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ വ്യക്തമാക്കുന്നത് കൊറോണയെ നേരിട്ട ട്രംപിന്റെ രീതി അമേരിക്കയിലെ ഭൂരിപക്ഷവും അംഗീകരിക്കുന്നില്ലെന്നാണ്. ലോകാരോഗ്യ സംഘടനയ്‌ക്കെതിരായ ട്രംപിന്റെ വിമര്‍ശനത്തിനെതിരെ ഐക്യരാഷ്ട്ര സഭ തന്നെ രംഗത്തുവരികയും ചെയ്തു. വംശീയ മുന്‍വിധി, ശാസ്ത്രവിരുദ്ധത, അമിതാധികാര പ്രയോഗങ്ങള്‍ എന്നിവയായിരുന്നു ട്രംപിന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിറഞ്ഞുനിന്നത്‌.

ഇനി മോദിയുടെ സമീപനം നോക്കാം. അവിടെയും ട്രംപിനെ പോലെ കാണാനാവുന്നത് ഒരു തുടര്‍ച്ചയാണ്. അദ്ദേഹത്തിന്റെ ഇതുവരെ തെളിയിക്കപ്പെട്ട രാഷ്ടീയ ശൈലിയുടെ മാത്രം അടിസ്ഥാനത്തിലാണ്, കൊറോണയെന്ന നൂറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെയും നേരിടുന്നത്. ഒരു തയ്യാറെടുപ്പുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ദുരന്തത്തിലായ സാധാരണക്കാരും ദരിദ്രരുമായ ലക്ഷങ്ങള്‍; ലോക്ഡൗണ്‍ പ്രഖ്യാപനം നോട്ടുനിരോധനം പോലെ തന്നെ തയ്യാറെടുപ്പിലാതെ നടത്തിയതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പിന്നെ തന്റെ പതിവു നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് മോദി ചെയ്തത്. തന്റെ പ്രത്യയശാസ്ത്രത്തിന്റെ നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം പറഞ്ഞത് മുഴുവന്‍ ശാസ്ത്രവിരുദ്ധതയായിരുന്നു. ശാസ്ത്രീയ അവബോധത്തോടെ വൈറസിനെ നേരിടണമെന്ന് പറയുന്നതിനെക്കാള്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത് പാത്രമടിച്ച് ശബ്ദമുണ്ടാക്കാമെന്ന് പറയാനും ദീപം തെളിയിക്കണമെന്ന് പറയാനുമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കളാക്കട്ടെ നിസാമുദീന്‍ മര്‍ക്കസില്‍ നടന്ന സംഭവത്തെ ഉപയോഗപ്പെടുത്തി, വൈറസിനെതിരായ നീക്കത്തെ മുസ്ലീം വിരുദ്ധമാക്കാനും ശ്രമിച്ചു. അടിസ്ഥാനപരമായി ട്രംപിനും മോദിക്കും തങ്ങളെ നിയന്ത്രിക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയനിലപാടില്‍നിന്ന് മറികടന്ന് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഈ കൊറോണ കാലത്തും കഴിഞ്ഞില്ല. വംശീയതയും ശാസ്ത്രവിരുദ്ധതയുമായിരുന്നു ഇവരുടെ രണ്ട് പേരുടെയും നീക്കങ്ങളുടെ ഹൈലറ്റ്. കഴിഞ്ഞ ആറു വര്‍ഷമായി മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ, ഇത്രയും വലിയൊരു ആപത്ഘട്ടത്തില്‍ പോലും ഒരു വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യാനും അദ്ദേഹം തയ്യാറിയില്ല എന്നതും ശ്രദ്ധേയമാണ്. അതും അദ്ദേഹത്തിന്റെ പതിവ് രീതി തന്നെ.

കൊറോണയ്‌ക്കെതിരായ നീക്കത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞത് അടിസ്ഥാനപരമായ ജനാധിപത്യമുള്ള രാജ്യത്ത് ഒരു മഹാക്ഷാമം ഉണ്ടാകില്ലെന്നാണ്. അവിടെ ഭരണകൂടം ജനങ്ങളോട് ഉത്തരം പറയാന്‍ നിര്‍ബന്ധിതരാണ് എന്നതാണ് അദ്ദേഹം ഇതിന് തെളിവായി പറയുന്നത്. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഇന്ത്യയെ അദ്ദേഹം ഉദാഹരിക്കുകയും ചെയ്തു. എന്നാല്‍ മഹാക്ഷാമ (famine)ത്തിന്റെ അത്രയും അളവില്‍ മനുഷ്യനിര്‍മ്മിതമാണോ വൈറസുകളുടെ പിറവിയെന്നത് ഇനിയും കൂടുതലായി തെളിയിക്കപ്പെടേണ്ടതാണ്. കേരളം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി വൈറസ് ഭീഷണിയെ അതീജീവിക്കുന്ന ഘട്ടത്തിലേക്ക് എത്തിയത് ഇവിടുത്തെ ജനാധിപത്യ രാഷ്ട്രീയം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായതുകൊണ്ടും താരതമ്യേന ആഴമേറിയതു കൊണ്ടുമായിരിക്കുമോ? സുതാര്യമായ നിലപാടുമായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മുഖ്യമന്ത്രിയെ പ്രാപ്തനാക്കുന്നതും ഈ താരതമ്യേന ശക്തമായ ജനാധിപത്യവത്ക്കരണമായിരിക്കുമോ? അങ്ങനെ വേണം ട്രംപിന്റയും മോദിയുടെയും പ്രവര്‍ത്തനങ്ങളുടെ കൂടി പാശ്ചാത്തലത്തില്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) Also Read:

കൊറോണക്കാലത്തെ മലയാളി ജീവിതം

Next Story

Related Stories