TopTop
Begin typing your search above and press return to search.

അടിയന്തരാവസ്ഥ പോലെ വീട്ടിലിരിക്കുകയാണ് പലരും; ഖത്തറില്‍ നിന്ന് ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്‍

അടിയന്തരാവസ്ഥ പോലെ വീട്ടിലിരിക്കുകയാണ് പലരും; ഖത്തറില്‍ നിന്ന് ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്‍

ഗള്‍ഫ് റീജിയണില്‍ അവസാനം കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളാണ് സൗദിയും ഖത്തറും. ഇവിടെ ഇറാനില്‍ നിന്ന് എത്തിയ ഖത്തര്‍ പൗരന്മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഖത്തറില്‍ ആര്‍ക്കുമില്ല എന്ന രീതിയില്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നെ അതിന് പിന്നാലെയുള്ള അന്വേഷണത്തില്‍ അടുത്ത ദിവസം 258 പേര്‍ക്ക് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായി പിന്നെ ഓരോ ദിവസവും 58, 68, 17, 50 എന്ന രീതിയില്‍ പോസിറ്റീവായ റിസള്‍ട്ട് എത്താന്‍ തുടങ്ങി. ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നാനൂറിന് മുകളില്‍ കേസുകളുണ്ട് ഇവിടെ. വളരെ പെട്ടെന്ന് വൈറസ് പകരുന്നത് കണ്ട്, മലയാളി പ്രവാസികള്‍ മാത്രമല്ല മറ്റ് രാജ്യത്ത് നിന്നുള്ളവരും ഭീതിയിലാണ്.

ഗള്‍ഫ് മേഖലയില്‍ കോവിഡ് 19 ബാധിതരായി മരണം സംഭവിച്ചത് ബഹ്‌റിനില്‍ മാത്രമാണ്. ഒരെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷേ പ്രാദേശികമായി ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് ഖത്തറിലാണ്. ഇങ്ങോട്ടുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദ് ചെയ്തത് കൊണ്ട് ഇവിടുത്തെ എല്ലാ മാര്‍ക്കറ്റുകളും ഇടിവാണ്. ബിസിനസുകളെയെല്ലാം കാര്യമായിട്ട് ബാധിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍ ദൃഡമാക്കാന്‍ ഖത്തര്‍ അമീര്‍ 75 ബില്ല്യണ്‍ ഖത്തറി റിയാലാണ് ആദ്യം ഘട്ടത്തില്‍ തന്നെ നല്‍കിയത്. ബിസിനസിന് വേണ്ടിയിട്ടോ മറ്റ് എന്തെങ്കിലും കാര്യത്തിനോ വേണ്ടി ലോണ്‍ എടുത്തിട്ടുള്ള ആള്‍ക്കാര്‍ക്ക് അടുത്ത ആറുമാസത്തേക്ക് വായ്പ എടുത്തതിന്റെ മാസ തവണ തുക അടയ്‌ക്കെണ്ട.

അധികൃതര്‍ ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഖത്തര്‍ മിനിസ്ട്രി എല്ലാ ഓഫീസിലെ ആള്‍ക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയരിക്കുന്നത്. ആളുകളുമായി അകലം പാലിക്കണം. അത്യാവശ്യമുള്ള ആളുകള്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. ഇവര്‍ ഓഫീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീര ഊഷ്മാവ് പരിശോധിക്കുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് കര്‍ശനമായി അറിയിച്ചിട്ടുണ്ട്. ശരീര ഊഷ്മാവില്‍ വ്യത്യാസമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ഓഫീസുകളില്‍ എത്തുന്ന ജീവനക്കാര്‍ തമ്മില്‍ എത്ര ദൂരത്തിരുന്നു ജോലി ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ രാജ്യത്ത് നിന്നും ഫ്‌ളൈറ്റുകള്‍ ഇല്ലാത്തത് കൊണ്ട് ഇവിടുന്ന് ആര്‍ക്കും രാജ്യത്തിന് പുറത്തേക്കോ അകത്തേക്കോ പോകാനോ വരാനോ കഴിയില്ല. പുറത്തോട്ട് പോകുവാന്‍ കുറച്ച് ഫ്‌ളൈറ്റുകളെയുള്ളു. അതും ഇരട്ടിക്കിരട്ടി ചാര്‍ജാണ് ഈടാക്കുന്നത്. ഖത്തറി എയര്‍വെയ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന ഫ്‌ളൈറ്റിനും റേറ്റ് വളരെ കൂടുതലാണ്. നേരത്തെ ടിക്കറ്റ് എടുത്തവര്‍ മാത്രമാണ് ഇപ്പോള്‍ പോകുന്നത്. അവര്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റുമോ എന്നറിയില്ല.

സ്‌കൂളുകളും കോളേജുകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്തു. അതുപോലെ പൊതുവിശ്രമ കേന്ദ്രങ്ങളും അടച്ചു. ഹോട്ടലുകളിലും റസ്‌റ്റോറന്റെുകളിലും ഫുഡ്‌കോര്‍ട്ടിലുമൊന്നും അവിടെയിരുന്ന് കഴിക്കാനായി ഭക്ഷണം നല്‍കാന്‍ പാടില്ല. പാഴ്‌സല്‍ നല്‍കാം. അതുകൊണ്ട് തന്നെ മൊത്തതില്‍ ഇവിടെ വിജനമായി കിടക്കുകയാണ്.

ഇവിടെ മലയാളികള്‍ ഭയന്നിരിക്കുകയാണ്. ഇനി അങ്ങോട്ട് എങ്ങനെയാണ് കാര്യങ്ങള്‍ സംഭവിക്കുക, എത്ര കാലം എടുക്കും ഇത് നിയന്ത്രിക്കാന്‍ എന്ന ആശങ്കയിലാണ്. കൂടാതെ നാട്ടിലേക്ക് പോകാന്‍ പറ്റിയ സാഹചര്യവുമല്ല. അടിയന്തരാവസ്ഥ പോലെയിരുന്ന് വീട്ടിലിരിക്കുകയാണ് പലരും. പുറത്തിറങ്ങിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ് അവര്‍ക്ക്.

* Image - Salim Sunena


Next Story

Related Stories