TopTop
Begin typing your search above and press return to search.

ജോസ് കെ മാണിയിപ്പോള്‍ അപ്പനെ ശപിക്കുന്നുണ്ടാകും; വാഴിക്കല്‍ നേരത്തെയാക്കാത്തതിന്

ജോസ് കെ മാണിയിപ്പോള്‍ അപ്പനെ ശപിക്കുന്നുണ്ടാകും; വാഴിക്കല്‍ നേരത്തെയാക്കാത്തതിന്

ഒന്നിന് പിറകെ മറ്റൊന്നായി തിരിച്ചടികൾ ഏറ്റുവാങ്ങാനാണ് കരിങ്ങോഴക്കൽ മാണി മാണി എന്ന കെ എം മാണിയുടെ പുന്നാര മോൻ ജോസ് കെ മാണിയുടെ വിധി എന്നു തോന്നുന്നു. പിതാവിന്റെ മരണത്തിനു തൊട്ടു പിന്നാലെ പാർട്ടിയിലെ സ്വന്തം സിൽബന്ധികളുടെ സഹായത്തോടെ ചെയർമാൻ ആയി സ്വയം അവരോധിച്ച ജോസ് കെ മാണിയുടെ നടപടി സ്റ്റേ ചെയ്ത് തൊടുപുഴ മുൻസിഫ് കോടതിയുടെയും ആ വിധി ശരിവെച്ച ഇടുക്കി മുൻസിഫ് കോടതിയുടെയും വിധി കട്ടപ്പന സബ് കോടതി കൂടി ഇന്ന് ശരിവെച്ചതിലൂടെ വ്യക്തമാകുന്നത് ഇത് തന്നെയായാണ്. കേരള രാഷ്ട്രീയത്തിലെ അതികായൻ, പരാജയം അറിയാത്ത ജനനായകൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന സ്വന്തം പിതാവ് അര നൂറ്റാണ്ടിലേറെക്കാലം കുത്തകയാക്കിവെച്ചിരുന്ന പാലാ നിയസഭ മണ്ഡലം അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപ തിരെഞ്ഞെടുപ്പിൽ കളഞ്ഞു കുളിച്ചതിന്റെ ക്ഷീണം മാറുന്നതിനു മുൻപാണ് ജോസ് മോന് കോടതിയിൽ നിന്നും വീണ്ടും ഇങ്ങനെയൊരു തിരിച്ചടി കിട്ടിയിരിക്കുന്നത്. പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി പി ജെ ജോസഫ് വിഭാഗവുമായി അനാവശ്യ ഗുസ്തിക്ക് ഇറങ്ങിപ്പുറപ്പെടാതിരുന്നെങ്കിൽ ഒരു പക്ഷെ പിതാവിന്റെ കുത്തകമണ്ഡലം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞേനെ. എന്നാൽ ഇനിയങ്ങോട്ട് പാർട്ടിയിൽ എല്ലാ കാര്യങ്ങളും താൻ തന്നെ തീരുമാനിക്കും, മറ്റുള്ളവർ ഓച്ചാനിച്ചു നിന്ന് അനുസരിച്ചാൽ മതിയെന്ന പാലായിലെ വോട്ടർമാർ തള്ളിക്കളഞ്ഞത് പോലെ തന്നെയായി കോടതിയിൽ നിന്നുള്ള തുടർ തിരിച്ചടികളും. കെ എം മാണിയുടെ മരണത്തിനു തൊട്ടു പിന്നാലെ ഇക്കഴിഞ്ഞ ജൂൺ 16 നായിരുന്നു പാർട്ടി ചെയർമാനായുള്ള ജോസ് മോന്റെ കിരീട ധാരണം. പാർട്ടി ഭരണഘടനക്കു വിരുദ്ധമായി ഒരു സംഘം ജോസുമോൻ ഭക്തർ ചേർന്ന് കോട്ടയത്തെ പാർട്ടി ഓഫിസിൽ വെച്ച് നടത്തിയ കിരീട ധാരണ ചടങ്ങിന് തൊട്ടു പിന്നാലെ ചെയർമാന്റെ കസേരയും കാബിനും ജോസ് മോൻ കൈയടക്കി. മുൻ വാതിനു മുകളിൽ ജോസ് കെ മാണി എം പി, ചെയർമാൻ, കേരള കോൺഗ്രസ് (എം) എന്ന ബോർഡും തൂക്കി. എന്നാൽ പാർട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായാണ് ചെയർമാനെ വാഴിച്ചതെന്ന പരാതിയുമായി ജോസഫ് വിഭാഗക്കാരയായ ഫിലിപ്പ് സ്റ്റീഫൻ ചേരിയിൽ, മനോഹരന്‍ നടുവിലത്തു എന്നിവർ തൊടുപുഴ മുനിസിഫ് കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി വാഴിക്കൽ സ്റ്റേ ചെയ്തു. അപ്പീലുമായി ഇടുക്കി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതേ തുടർന്നായിരുന്നു കട്ടപ്പന സബ് കോടതിയെ സമീപിച്ചത്. ആ കോടതിയും ഇപ്പോൾ കൈമലർത്തിയിരിക്കുകയാണ്. ജോസ് മോനും കൂട്ടർക്കും വേണമെങ്കിൽ മേൽക്കോടതികളെ സമീപിക്കാം. അതൊക്കെ അവർ സൗകര്യം പോലെ ചെയ്യട്ടെ. എന്തായാലും അപ്പൻ മരിച്ച ഉടൻ തന്നെ ചാടിക്കയറി ഇരുന്ന ചെയർമാൻ സിംഹാസനത്തിൽ ഉടനെയൊന്നും വീണ്ടും ഇരിക്കാൻ ആവുമെന്ന് തോന്നുന്നില്ല. ഒരു പക്ഷെ നമ്മുടെ ജോസ് മോനും അദ്ദേഹത്തിന്റെ ഉപജാപക വൃന്ദവും മനസ്സിലെങ്കിലും ഇപ്പോൾ കെ എം മാണിയെ ശപിക്കുന്നുണ്ടാവണം. വേണമായിരുന്നുവെങ്കിൽ താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മാണിക്ക് സ്വപുത്രനെ ചെയർമാൻ ആയി വാഴിക്കാമായിരുന്നു. മോന്റെ മനസ്സിലിരുപ്പും അത് തന്നെ ആയിരുന്നു. എന്നാൽ മകനെ തന്റെ പിൻഗാമി എന്നൊക്കെയുള്ള മട്ടിൽ അവതരിപ്പിക്കാൻ ശ്രമിച്ചതല്ലാതെ ചെയർമാൻ ആയി വാഴിക്കാൻ മാണി തയ്യാറായില്ല. മകന് വേണ്ടിയുള്ള മാണിയുടെ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനേ ഉപകരിച്ചുള്ളു. ഒട്ടും ഊഷ്മളമായിരുന്നില്ല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാണി - ജോസഫ് ബന്ധം. വർക്കിംഗ് ചെയർമാനായ തന്നെ തഴഞ്ഞു ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയുടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജാഥ നയിക്കാൻ മാണി മകനെ ചുമതലപ്പെടുത്തിയപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. മാണിയുടെ മരണ ശേഷം പാർട്ടി ഔദ്യോഗികമായി രണ്ടായി പിളർന്നിട്ടില്ലെങ്കിലും പിളർന്ന അവസ്ഥയിൽ തന്നെയാണ്. ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്ന് അറിയാൻ അധികം കാത്തിരിക്കേണ്ടിവരില്ലെന്ന കാര്യം ഉറപ്പ്. ജോസ് - ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള അടി മുറുകുമ്പോൾ വെട്ടിലാവുന്നത് കോൺഗ്രസ്സും യു ഡി എഫുമാണ്. ലോക് സഭ തിരെഞ്ഞെടുപ്പ് കാലത്തു ഇടഞ്ഞു നിന്ന ജോസഫിനെ ഒരുവിധം മെരുക്കാൻ കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതൃത്വത്തിന് കഴിഞ്ഞെങ്കിലും മാണിയുടെ മരണ ശേഷം നടന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ആരുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ജോസഫ് തയ്യാറായില്ല. പാലായിലെ സ്ഥാനാർഥിക്കു കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം അനുവദിക്കാനുള്ള അവകാശം പാർട്ടിയുടെ ആക്ടിങ് ചെയർമാൻ എന്ന നിലയിൽ പി ജെ ജോസഫിൽ നിക്ഷിപ്തമാണെന്നു ഇലക്ഷൻ കമ്മീഷൻ കൂടി പറഞ്ഞതോടെ വെട്ടിലായത് ജോസ് കെ മാണി മാത്രമായിരുന്നില്ല, കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതൃത്വം കൂടിയായിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുൻപായി ഇരു വിഭാഗവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതൃത്വം ഇനിയിപ്പോൾ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഒരു വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ഉടനെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പും അതിനു പിന്നാലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുമ്പോൾ ഒരു തീരുമാനം ഉണ്ടായേ തീരു എന്നവർക്കും അറിയായ്കയല്ല. പക്ഷെ ആരെ തള്ളും ആരെ കൊള്ളും എന്നത് തന്നെയാണ് ഇപ്പോഴും അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. സത്യത്തിൽ അവരിപ്പോൾ ചെകുത്താനും നടുക്കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ്. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories