TopTop
Begin typing your search above and press return to search.

നിയമ സഭ കയ്യാങ്കളി, ഒരു സ്വയംകൃതാനര്‍ത്ഥം

നിയമ സഭ കയ്യാങ്കളി, ഒരു സ്വയംകൃതാനര്‍ത്ഥം


20015 മാർച്ച് 13 നു കേരള നിയസഭയിൽ അരങ്ങേറിയ കൈയ്യാങ്കളിക്കിടയിൽ ഉണ്ടായ പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കേസ് പിൻവലിക്കാനുള്ള നീക്കം തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി തത്വത്തിൽ സർക്കാരിനേറ്റ തിരിച്ചടിയാണ്. അന്നത്തെ അനിഷ്ട സംഭവങ്ങളുടെ പേരിൽ പ്രതി ചേർക്കപ്പെട്ട രണ്ടുപേർ ഇന്ന് മന്ത്രിമാരാണ് (ഇ പി ജയരാജനും കെ ടി ജലീലും) എന്നുകൂടി വരുമ്പോൾ സർക്കാരിന്റെ പ്രതിച്ഛായയെ കൂടി ബാധിക്കുന്ന ഒരു വിഷയമായി മാറുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കാമെങ്കിലും പൊതുമുതൽ നശിപ്പിക്കൽ കേസുകളിൽ ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ മുൻപ് സ്വീകരിച്ചിട്ടുള്ള നിലപാട് വെച്ചുനോക്കുമ്പോൾ സർക്കാർ നീക്കം വിജയം കാണാനിടയില്ലെന്നാണ് നിയമ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

ഭരണം മാറും. പ്രതിപക്ഷത്തിരുന്നവർ ഭരണപക്ഷത്തും ഭരണപക്ഷത്തിരുന്നവർ പ്രതിപക്ഷത്തും വരും. അത് ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ 2015 മാർച്ച് 13 നു കേരള നിയസഭയിൽ അരങ്ങേറിയ രംഗങ്ങളുടെ തത്സമയ സംപ്രേക്ഷണം കണ്ടവരാരും അത് അത്രയെളുപ്പത്തിൽ മറക്കാനിടയില്ല. മുൻപ് പലവട്ടം കൈയ്യാങ്കളി മുതൽ തുണിപൊക്കി കാണിക്കലിനുവരെ നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും 20015 മാർച്ച് 13 നു നടന്നത് സമാനതകളില്ലാത്ത ഒന്നായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ഇ പി ജയരാജനും കെ ടി ജലീലും ഉൾപ്പെടെയുള്ള ഒരു സംഘം സാമാജികർ സ്പീക്കറുടെ ഡയസിലേക്കു ഓടിക്കയറുന്നു. സ്പീക്കറുടെ കസേര ഉന്തിത്തള്ളി താഴെയിടുന്നു, കമ്പ്യൂട്ടറും മറ്റും അടിച്ചു പൊളിക്കുന്നു. പ്രതിപക്ഷ സാമാജികരെ തടയാനായി ഭരണപക്ഷ എം എൽ എ മാർ പ്രതിരോധം തീർക്കുന്നു. വനിതാ സാമാജികരെ ബലമായി പിടിച്ചുവെക്കുന്നു. ഇതിനിടയിൽ ഭരണപക്ഷ എം എൽ എ ആയിരുന്ന ശിവദാസൻ നായർക്ക് ഒരു വനിതാ അംഗത്തിന്റെ കടിയേൽക്കുന്നു. ഈ ബഹളങ്ങൾക്കിടയിൽ അന്ന് ധന മന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. തുടർന്ന് മന്ത്രിയെ തോളിലേറ്റലും ലഡു വിതരണവും ഒക്കെ പൊടിപൊടിക്കുന്നു.

ബാർ കോഴക്കേസ് കത്തിനിൽക്കുന്ന കാലമായിരുന്നതിനാൽ കേസിൽ ആരോപണ വിധേയനായ ധനകാര്യ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളവും പ്രക്ഷോഭങ്ങളും നടക്കുന്ന വേളയിൽ തന്നെയാണ് മാണി ബജറ്റ് അവതരിപ്പിക്കാനായി സഭയിലെത്തിയത്. ആരോപണ വിധേയനായ മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്നതിതിനാൽ പ്രതിപക്ഷ നീക്കത്തെ തടയാൻ ഭരണപക്ഷവും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നും തടയുകയെന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം എത്ര കണ്ടു പ്രധാനമായിരുന്നുവോ അത്രകണ്ട് തന്നെ പ്രധനമായിരുന്നു ഭരണപക്ഷത്തിന് എതിരാളികളുടെ ശ്രമം പരാജയപ്പെടുത്തുകയെന്നതും. വേണമെങ്കിൽ മാണിക്ക് പകരം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ബജറ്റ് അവതരിപ്പിച്ചു സഭയിലെ അനിഷ്ട സംഭങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ തന്റെ ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്ന മാണിയുടെ കടുംപിടിത്തത്തിനു ഉമ്മൻ‌ചാണ്ടി വഴങ്ങുകയായിരുന്നു.

അന്നത്തെ അനിഷ്ട സംഭവങ്ങളിൽ ഇപ്പോഴത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ 12 ഓളം പേരുണ്ടായിരുന്നുവെങ്കിലും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആറുപേരെ മാത്രമേ പ്രതി ചേർത്തിട്ടുള്ളു. തങ്ങളെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചു പ്രതിപക്ഷ വനിതാ എം എൽ എ മാർ നൽകിയ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. മൊത്തം കേസ് ഒത്തുതീർക്കാമെന്ന ധാരണയിന്മേൽ ആ കേസുകൾ പിൻവലിക്കപ്പെട്ടതായും കേൾക്കുന്നുണ്ട്. നിയമസഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരാതിപ്പെടേണ്ടത് സ്പീക്കറാണെന്നും എന്നാൽ ഇവിടെ പരാതിക്കാരൻ നിയസഭ സെക്രട്ടറി ആണെന്നും ആയിരുന്നു സർക്കാരിനുവേണ്ടി ഹാജരായ വക്കീൽ വാദിച്ചത്. എന്നാൽ വാദങ്ങൾ ഉപേക്ഷിച്ചു തെറ്റിനെ തെറ്റായി കണ്ടു അത് തിരുത്താനുള്ള മനസ്സാണ് ഉണ്ടാവേണ്ടത്. അത് ഉണ്ടാവുന്നില്ലെങ്കിൽ ഭാവിയിൽ വലിയ അനര്‍ത്ഥങ്ങള്‍ക്കാവും നമ്മുടെ നിയമ നിർമ്മാണ സഭകൾ സാക്ഷ്യം വഹിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories