TopTop
Begin typing your search above and press return to search.

കോടിയേരി മാറുമെന്ന് മാധ്യമങ്ങള്‍; 'നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ലെ'ന്ന് സി പി എം

കോടിയേരി മാറുമെന്ന് മാധ്യമങ്ങള്‍;

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ പകരക്കാരനെ കണ്ടെത്താൻ മാധ്യമങ്ങൾ നടത്തിയ അത്യദ്ധ്വാനം വെറുതെയായി. രോഗബാധിതനായ കോടിയേരി വിദേശത്തും സ്വദേശത്തുമായി ചികിത്സ തുടരുമെങ്കിലും പകരക്കാരനെ നിയമിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. കോടിയേരി ചികിത്സക്കായി വിദേശത്തു പോകുന്ന വേളയിൽ (എന്നാണ് കോടിയേരി ചികിത്സാർത്ഥം വിദേശത്തു പോകുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല) ചുമതലകൾ പാർട്ടി സെന്റർ നിർവഹിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചികിത്സാർത്ഥം വിദേശത്തേക്ക് പോകേണ്ടതുള്ളതിനാൽ കോടിയേരി അവധിക്കു അപേക്ഷിച്ചിട്ടുണ്ടെന്ന വാർത്ത നേരത്തെ തന്നെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ നിഷേധിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിൽ ആയിരുന്ന വേളയിൽ ഒരു ന്യൂസ് ഏജൻസി പുറത്തുവിട്ട വാർത്തയെ പിന്തുടർന്നാണ് കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താൻ മാധ്യമങ്ങൾ ഇറങ്ങി പുറപ്പെട്ടത്. മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തിയാലുടൻ മന്ത്രിസഭയിൽ അഴിച്ചു പണി ഉണ്ടാകുമെന്നും ഇതോടൊപ്പം രോഗബാധിതനായ സംസ്ഥാന സെക്രട്ടറിക്കു പകരക്കാരൻ വരുമെന്നുമുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നത്. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച വാർത്ത പാർട്ടി നേതൃത്വം ഇനിയും നിഷേധിച്ചിട്ടില്ലെങ്കിലും പാർട്ടി സെക്രട്ടറിയെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഒരു ഘട്ടത്തിലും നേതാക്കൾ ശരിവെച്ചിരുന്നില്ല. എന്നിട്ടും പോളിറ്ബ്യുറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരുടെ പേരുകൾ സജീവ പരിഗണയിൽ എന്ന വാർത്തകൾ പ്രചരിച്ചുകൊണ്ടിരുന്നു. എന്നാൽ കോടിയേരിക്ക് തല്ക്കാലം പകരക്കാരൻ ഇല്ലെന്നു പാർട്ടി ഇന്നലെ തീർത്തു പറഞ്ഞിരിക്കുകയാണ്.

എന്നിരുന്നാലും കോടിയേരിയുടെ അഭാവത്തിൽ ചുമതലകൾ പാർട്ടി സെക്രട്ടേറിയറ്റ് നിർവഹിക്കുമെന്ന് പറയുമ്പോൾ അവ ഏകോപിപ്പിക്കാൻ തീർച്ചയായും ഒരു മുതിര്‍ന്ന നേതാവുണ്ടാകും എന്നതിനാൽ സി പി എം കോടിയേരിക്ക് പകരക്കാരനെ തേടുന്നു എന്ന് പ്രചരിപ്പിച്ചവർക്ക് അല്പം ആശ്വാസത്തിന് വകയുണ്ട്. പാർട്ടി സെക്രട്ടേറിയറ്റ് ചുമതലകൾ നിർവഹിക്കുമെന്ന് പറയുമ്പോൾ അവ ഏകോപിക്കാൻ തീർച്ചയായും ഒരു മുതിർന്ന നേതാവുണ്ടാകും. അത് ഒരു പക്ഷെ എം വി ഗോവിന്ദൻ തന്നെയാവും എന്നതാണ് കോടിയേരിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ പേര് പ്രചരിപ്പിച്ചവർക്ക് ആശ്വസിക്കാൻ വക നൽകുന്ന അക്കാര്യം. കേരളത്തിൽ പാർട്ടി ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നതിനാൽ തീർച്ചയായും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു തന്നെയാവും പാർട്ടി സെന്ററിൽ നിന്നുള്ള തീരുമാനങ്ങൾ.

എന്തായായാലും 'നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ലെന്ന' ചില സി പി എം നേതാക്കളുടെ ആ പഴയ വീരവാദം ഒരിക്കൽക്കൂടി വിജയം കണ്ടിരിക്കുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് സി പി എം അതിന്റെ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതെന്ന കാര്യം അറിയാത്തവരല്ല കേരളത്തിലെ മാധ്യമ പ്രവർത്തകർ. സംസ്ഥാന സമ്മേളനം സെക്രട്ടറിയെ തിരഞ്ഞെടുത്താലും തുടർന്ന് നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം മാത്രമേ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കാൻ കഴിയൂ. സമ്മേളന കാലയളവിനിടയിൽ സെക്രട്ടറി മരണപ്പെടുകയോ അല്ലെങ്കിൽ അച്ചടക്ക നടപടിക്ക് വിധേയനാവുകയോ ചെയ്‌താൽ മാത്രമേ പുതിയ സെക്രട്ടറിയുടെ പ്രശ്നം ഉദിക്കുന്നുള്ളു. 2015 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമായാണ് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2018 ൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും കോടിയേരി തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സമ്മേളനത്തിൽ മാത്രമേ കോടിയേരി മാറണമോ തുടരണമോ എന്നൊക്കെയുള്ള ചർച്ചക്ക് സ്കോപ്പുള്ളൂ.

ഇപ്പോൾ കൊടിയേരിയുടേതിന് സമാനമായ ഒരു സാഹചര്യം നേരത്തെയും കേരള സി പി എമ്മിൽ ഉണ്ടായിട്ടുണ്ട്. 1996-98 കാലത്തു ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന വേളയിൽ. ചടയന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അന്നും പാർട്ടി സെന്റർ തന്നെയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതലകൾ നിർവഹിച്ചത്. അന്ന് ആ പ്രവർത്തനങ്ങൾ ഏകോപിച്ചതു കോടിയേരിയും.98ൽ ചടയന്റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയനെ സെക്രട്ടറിയായി നിശ്ചയിച്ചുവെങ്കിലും ആ വര്‍ഷം കൊൽക്കൊത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസിന് ശേഷം മാത്രമാണ് പിണറായി ഔദ്യോഗികമായി ചുമതലയേറ്റത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories