TopTop
Begin typing your search above and press return to search.

പിണറായിയുടെ പുത്തരിക്കണ്ടം പ്രസംഗ വാര്‍ഷിക ദിനത്തില്‍ കോടിയേരിയുടെ 'ശബരിമല കയറ്റം'

പിണറായിയുടെ പുത്തരിക്കണ്ടം പ്രസംഗ വാര്‍ഷിക ദിനത്തില്‍ കോടിയേരിയുടെ

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു കേരള സമൂഹത്തെ ഇളക്കി മറിച്ച വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഭരണ ഘടന ബഞ്ച് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധി എന്നത് നിയമമായി കണക്കാക്കുന്നതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യം ഇതിനെ സ്വാഗതം ചെയ്തു. പിറ്റേ ദിവസം ഇറങ്ങിയ, സംഘ്പരിവാര്‍ അനുകൂല പത്രമായ ജന്മഭൂമിയും വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ആര്‍എസ്എസ്സിന്റെ പ്രസ്താവനയും ആ പത്രം ആദ്യ പേജില്‍ തന്നെ കൊടുത്തു. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന നിലപാട് കാലാകാലങ്ങളായി സ്വീകരിച്ച ഇടതുപക്ഷം ആവേശത്തോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടന്നായിരുന്നു. ബിജെപിയും കോണ്‍ഗ്രസും വിധിക്കെതിരെ രംഗത്തുവന്നു. വിധി നടപ്പിലാക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുണ്ടായിരുന്ന കേരളത്തിലെ സര്‍ക്കാരിനെതിരെ ഉള്ള യുദ്ധപ്രഖ്യാപനമാണ് പിന്നീട് കണ്ടത്. മുഖ്യധാര മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ മൂലം പിന്നീട് കേരളത്തില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത പ്രക്ഷോഭമായിരുന്നു.

ഇതിനെതിരായ ചെറുത്തിനില്‍പ്പിന് സഹായകരമായാത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളായിരുന്നു. അദ്ദേഹം നടത്തിയ തുടര്‍ച്ചയായ പ്രസംഗങ്ങള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം എന്ന വിഷയത്തെ, കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയുടെ ഒരു ഘട്ടമായി അടയാളപ്പെടുത്തി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കഴിഞ്ഞ ഒക്ടോബര്‍ 16 നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗപരമ്പരയിലെ ആദ്യത്തേത്. അതായത് കൃത്യം ഒരു വർഷം മുമ്പ്. ഒരു സമൂഹമെന്ന നിലയില്‍ മുന്നോട്ടുപൊകാന്‍ എന്തുകൊണ്ട് സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് അദ്ദേഹം ആ പ്രസംഗത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ നവോത്ഥാനത്തിന്റെ തുടര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുഖ്യമന്ത്രി വിശദമാക്കി. ഗൗരവമുള്ള എല്ലാ വിഷയങ്ങളും കക്ഷി രാഷ്ട്രീയത്തിന്റെ അതിരുകളില്‍ തളച്ചിടപെടുന്ന പൊതു രീതിക്കപ്പുറം സാമൂഹ്യ നീതിയുടെ വിഷയം അവതരിപ്പിക്കുകയായിരുന്നു പിണറായി വിജയന്‍ ചെയ്തത്. നാല് വോട്ട് കുറയുമെന്ന് കരുതി നിലപാട് മാറ്റുന്നവരല്ല ഇടതുപക്ഷം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പൊതുവെ സിപിഎമ്മിനെതിരെ നിലപാടെടുക്കുന്നവരെ പോലും ആകര്‍ഷിച്ചു. വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ദളിത് അംബേദ്ക്കറ്റൈറ്റ് ആശയക്കാരെ പോലും മുഖ്യമന്ത്രിയ്ക്ക് പിന്തുണ നല്‍കുന്നതിലേക്ക് നയിച്ചു. നവോത്ഥാനത്തെ കുറിച്ചുള്ള കേരളത്തിൽ ഇതോടെ സജീവമായി. അതിൻ്റെ പിന്നിൽ വലിയ ഐക്യനിരയുണ്ടായി. കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ പുരോഗമനാശയക്കാർ സംഘടിക്കുന്നുവെന്ന തോന്നൽ പോലും അതുണ്ടാക്കി.
എന്നാല്‍ സിപിഎമ്മിലെ നേതാക്കള്‍ക്കെല്ലാവര്‍ക്കും ഇതേ നിലപാടല്ലെന്ന തോന്നല്‍ അന്ന് തന്നെ പല പ്രസ്താവനകളിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു.
നവോത്ഥാനത്തിന് വേണ്ടി അരയും കച്ചയും മുറുക്കി രംഗത്തിറങ്ങിയെന്ന് തോന്നിച്ച് സിപിഎം ലോക്‌സഭ തെരഞ്ഞെടുപ്പോടെ അക്കാര്യത്തെ കുറിച്ച് മിണ്ടാതായി. തെരഞ്ഞെടുപ്പ് വേളയില്‍ ശബരിമല എതിരാളികള്‍ ഉന്നയിച്ചപ്പോള്‍ സിപിഎം മൗനികളായി. വോട്ടിന് വേണ്ടി സാമൂഹ്യനീതി വിഷയം കൈവിടില്ലെന്ന പറഞ്ഞവരുടെ ആദ്യ പിന്‍നടത്തമായിരുന്നു അത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ചരിത്രത്തിലെ വലിയ പരാജയങ്ങളിലൊന്നാണ് ഇടതുപക്ഷം ഏറ്റുവാങ്ങിയത്. തിരിച്ചടിയ്ക്ക് കാരണമായത് ശബരിമല വിഷയത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണമാറ്റാന്‍ കഴിയാത്തതാണെന്ന നിലപാടിലേക്ക് സിപിഎം മാറി. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പിലുള്ള പ്രഖ്യാപനങ്ങള്‍ പിന്നെ ഒരിക്കലും ആവര്‍ത്തിക്കപ്പെട്ടില്ല. തോല്‍വിയുടെ കാരണങ്ങള്‍ തേടിയുള്ള ഭവന സന്ദര്‍ശനങ്ങളില്‍ ഇക്കാര്യം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ വിശദമാക്കി. എന്‍എസ്എസ്സിന്റെയും ബ്രാഹ്മണ സഭയുടെ നിരവധി ആവശ്യങ്ങള്‍ വളരെ ന്യായമാണെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ആ വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിത വ്യഥകളില്‍ ദുഃഖിക്കുകയും ചെയ്തു.
നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ശബരിമലയില്‍നിന്നുള്ള തിരിഞ്ഞുനടത്തം സിപിഎമ്മും ഇടതുപക്ഷവും വേഗത്തിലാക്കി. വേദങ്ങളിലെ വിമോചന സാധ്യതകള്‍ കണ്ടെത്തുന്നതിന് സിപിഐ ഭാരതീയം പരിപാടിയുടെ തിരക്കിലുമായി. കേരളത്തിന്റെ ജനമനസ്സിനെ ആകര്‍ഷിക്കാന്‍ ഏറ്റവും നല്ല ഉപാധി നല്ല ഭക്തര്‍ ഏത് കൂട്ടരാണെന്ന് സ്ഥാപിച്ചെടുക്കുകയെന്ന അറിവാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സിപിഎമ്മിന് ഉണ്ടായതെന്ന് വേണം കരുതാന്‍. ഇതാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ശബരിമല വിധിയെ മുന്‍നിര്‍ത്തി സാമൂഹ്യനീതിയ്ക്കായുള്ള പോരാട്ടത്തിന് ഇറങ്ങിയ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ആ പരിപാടിയില്‍നിന്ന് പിന്‍വാങ്ങുക മാത്രമല്ല ചെയ്യുന്നതെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്. ശബരിമല ദര്‍ശനം നടത്തുന്നവരില്‍ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകളാണെന്നായിരുന്നു കോടിയേരി പറഞ്ഞത്. തങ്ങളെക്കാള്‍ വലിയ ഹിന്ദുക്കളും വിശ്വാസികളും ഇല്ലെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന, വോട്ട് നേടാന്‍ ഏക മാര്‍ഗം ഇതാണെന്ന് ബോധ്യപ്പെട്ടത് പോലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. നവോത്ഥാന മുന്നേറ്റത്തെ സിപിഎം മനസ്സിലാക്കിയത് ഇങ്ങനെയാവണം.
സാമൂഹ്യനീതിയുമായും സ്ത്രീ അവകാശങ്ങളുമായും ബന്ധപ്പെട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ പിണറായി വിജയന്‍ പ്രസംഗിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ശബരിമല തീര്‍ത്ഥാടകരുടെ കണക്കെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണത്തില്‍ കോരിത്തരിച്ചതെന്നതാണ് വൈരുദ്ധ്യം. വിശ്വാസത്തെക്കാൾ വലിയ നവോത്ഥാനത്തെക്കുറിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തിൽ തളച്ചിടപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ നാൾ ചിന്തിക്കാൻ കഴിയില്ലെന്ന വസ്തുതയാണ് ഇതിലൂടെ തെളിയുന്നത്. പുത്തരിക്കണ്ടം പ്രസംഗം ഒരു അപവാദമായിരുന്നു. ഭക്തരുടെ കണക്കെടുപ്പിൽ കോൾമയിർ കൊള്ളുന്നതാണ് യഥാർത്ഥ രീതി. അതാണ് കോടിയേരി സ്ഥാപിച്ചെടുത്തത്.
ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കുമെന്ന കാൾ മാര്‍ക്‌സിന്റെ വാക്കുകള്‍ മാത്രമാണ് സിപിഎം സെക്രട്ടറിയുടെ പരിഹാസ്യ രാഷ്ട്രീയത്തെയും മനസ്സിലാക്കാന്‍ ഏറ്റവും നല്ല വാക്ക്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories