TopTop
Begin typing your search above and press return to search.

'നമ്മൾ ഏകദിനമല്ല, ടെസ്റ്റ്‌ മാച്ചാണ് കളിക്കുന്നത്‌'; ലോക്ക്ഡൗണ്‍ നീട്ടാനുള്ള ഐഎംഎയുടെ നിര്‍ദേശത്തിന് ഒരു ഡോക്ടറുടെ വിയോജനക്കുറിപ്പ്

നമ്മൾ ഏകദിനമല്ല, ടെസ്റ്റ്‌ മാച്ചാണ് കളിക്കുന്നത്‌; ലോക്ക്ഡൗണ്‍ നീട്ടാനുള്ള ഐഎംഎയുടെ നിര്‍ദേശത്തിന് ഒരു ഡോക്ടറുടെ വിയോജനക്കുറിപ്പ്

ലോക്ഡൗൺ 21 ദിവസം കൂടി തുടരണമെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). ഇന്നത്തെ സാഹചര്യത്തിൽ കൈയ്യടി കിട്ടുന്ന തീരുമാനം.

Lock down is a deadly balancing act between economical health and medical health. ഇൻഡ്യ പോലൊരു രാജ്യത്ത്‌ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയാണിത്‌. ലോക്ഡൗൺ കോവിഡ്‌ പ്രതിരോധത്തിൽ വളരെ ധീരവും , സമയോചിതവും ആയ തീരുമാനം ആയിരുന്നെങ്കിൽ കൂടി , ജനങ്ങൾക്ക്‌ വെറും നാലു മണിക്കൂറിന്റെ മുന്നൊരുക്കത്തിനുള്ള സമയം മാത്രം നൽകിക്കൊണ്ടുള്ള തീരുമാനം ആണെന്ന് ഓർക്കണം. മെഡിക്കൽ മേഖല മാത്രം എടുത്താൽ (സാമ്പത്തിക- സാമൂഹിക പ്രത്യാഘാതങ്ങൾ പ്രതിപാദിക്കുന്നില്ല) ഭക്ഷണം, മരുന്നുകൾ, യന്ത്രോപകരണങ്ങൾ, പരിശോധനാ കിറ്റുകൾ, ഏറ്റവും പ്രധാനമായ PPE യുടെ നിർമ്മാണം ഉൾപ്പടെ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യമാണു നിലവിൽ. തർക്കാലത്തേയ്ക്കുള്ള കരുതൽശേഖരം ഉണ്ടായിരിക്കാം. നമ്മൾ 1- 2 മാസം കൊണ്ട്‌ അവസാനിക്കുന്ന യുദ്ധമുഖത്തല്ല എന്ന് ഓർക്കണം. നിർമ്മാണത്തിലായാലും വിതരണത്തിലായാലും തുടർ പ്രക്രിയകൾ ഉറപ്പാക്കിക്കൊണ്ടേ ദീർഘനാൾ മുന്നോട്ടു പോകാനാകൂ. Containment strategies ന്റെ സമയമാണെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ നിരത്തി എത്രകാലം ജനജീവിതം തടഞ്ഞ്‌ വച്ച്‌ മുന്നോട്ടുപോകാനാകും. ഇപ്പോൾ അനുവർത്തിക്കുന്ന വിജയകരമായ testing- tracking - isolating രീതികൾ തുടരുമ്പോഴും Mitigation strategies ഉൾക്കൊണ്ടുകൊണ്ട്‌ മുന്നോട്ടു പോയേ മതിയാകൂ. രോഗികളുടെ വമ്പിച്ച വർദ്ധനവ്‌ മുന്നിൽ കണ്ടുകൊണ്ട്‌ കൂടുതൽ കോവിഡ്‌ ആശുപത്രികളും അവയ്ക്കു വേണ്ട ICU സംവിധാനങ്ങൾ അടക്കം യന്ത്രസാമഗ്രികളും, സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ ആവശ്യമായ ആരോഗ്യ പ്രവർത്തകരെ (ആവശ്യമായ PPE ഉറപ്പാക്കി കൊണ്ട്‌)സജ്ജരാക്കുകയും ആണ് ഐ എം എ ചെയ്യേണ്ടത്‌.

ദീർഘകാല അടിസ്ഥാനത്തിൽ, ശാസ്ത്രീയമായ ജീവചര്യകളിലൂടെ കൊറോണയുമായി സമരസപ്പെട്ട്‌ അതിജീവിക്കാൻ ജനതയെ പരിശീലിപ്പിക്കേണ്ടതുണ്ട്‌. രാജ്യത്ത്‌ പലയിടങ്ങളിൽ പല ഘട്ടത്തിലാണു രോഗാവസ്ഥ. ഇവിടങ്ങളിലെല്ലാം മലയാളികൾ ഉണ്ട്‌. ലോക്ഡൗണിന്റെ ചെറിയ ഒരു ഇളവിൽ പോലും മലയാളികൾ നാട്ടിലേയ്ക്ക്‌ തിരിച്ചുവരും. അത്‌ വിദേശത്തുനിന്നായാലും രാജ്യത്തിന്റെ പലഭാഗത്തു നിന്നായാലും. പ്രവാസികളെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ഒക്കെ ഒക്കെ ചെയ്യാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ചേരുന്നവരെ എങ്ങിനെ നേരിടാനാകും. അതിഥിതൊഴിലാളികൾ നല്ലൊരു പങ്കും തിരിച്ചു പോകുകയും താമസിയാതെ തന്നെ തിരികെ എത്തുകയും ചെയ്യും. രണ്ടാം തരംഗത്തില്‍ ഇവർ നിർണ്ണായകമായ ഒരു പങ്കുവഹിക്കുകയും ചെയ്യും. ഇവരേയും ശാസ്ത്രീയമായി നേരിടുക ബുദ്ധിമുട്ടാകും.

ചുരുക്കത്തിൽ ലോക്ഡൗൺ ഇളവുകൾ (ചെറുതെങ്കിലും) ഒഴിവാക്കാനാവാത്തതാണെന്നും എത്ര വൈകിച്ചാലും തിരിച്ചടി ഉണ്ടാകും എന്നും മനസ്സിലാക്കണം. അവയുടെ പ്രത്യാഘാതങ്ങൾ പരമാവധി ശാസ്ത്രീയമായി നേരിടുക ആയിരിക്കണം പ്രായോഗികമായ പ്രതിവിധി അല്ലാതെ അനിശ്ചിതമായി അടച്ചിടുക അല്ല.

ആരോഗ്യപരമായ ഗുണങ്ങൾ രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ബലികഴിച്ചുകൊണ്ട്‌ ആകാതിരിക്കാനുള്ള കരുതൽ രാഷ്ട്രീയ നേതൃത്വങ്ങൾ (കേന്ദ്രമായാലും സംസ്ഥാനമായാലും) എടുത്തേ മതിയാകൂ. മതപരവും രാഷ്ട്രീയവും സ്കൂളുകളും മറ്റെന്തുതന്നെ ആണെങ്കിലും ആൾക്കൂട്ടങ്ങൾ അനുവദിക്കരുത്‌, അടച്ചിട്ട സ്ഥലങ്ങൾ (മാളുകൾ, സിനിമാശാലകൾ..) അടഞ്ഞു തന്നെ കിടക്കട്ടെ. ശാരീരിക അകലം പാലിച്ചു കൊണ്ടും, മാസ്ക്‌ ധരിച്ചു കൊണ്ടും, വ്യക്തി ശുചിത്വം തുടർന്നും പാലിച്ചുകൊണ്ടും പരമാവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങണം.

ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള പൊതു യാത്രാ സംവിധാനങ്ങൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കാവുന്നതാണ്. Hot spot കളെ പ്രത്യേകമായി കണ്ട്‌ പദ്ധതികൾ ആസൂത്രണം ചെയ്യണം. ജനങ്ങളെ അവശ്യം വേണ്ട മുൻകരുതൽ ഒരു ശീലമാക്കാൻ പരിശീലിപ്പിക്കുകയാണു വേണ്ടത്‌. IMA ആരോഗ്യ പ്രവർത്തകരുടെ സംഘടന ആണെങ്കിലും സാമൂഹിക ബോധം കൂടി പുലർത്തുന്നവർ ആകേണ്ടതുണ്ട്‌.

ഇന്നത്തെ സഹചര്യത്തിൽ IMA യ്ക്ക്‌ ഭരണസംവിധാനത്തിൽ പ്രത്യേകിച്ച്‌ കേരളത്തിൽ ഒരു മേൽകൈ ഉണ്ട്‌. സർക്കാരുമായി കൂടി ആലോചിച്ച്‌, കൂട്ടുത്തരവാദിത്വത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടതിനു പകരം ഏകപക്ഷീയമായി 21 ദിവസം കൂടി നീട്ടണം എന്ന് പ്രഖ്യാപിക്കുന്നത്‌ ശരിയായ നടപടിയായി തോനുന്നില്ല. ഇത്‌ സർക്കാരുകളെ വൈകാരികമായി തളച്ചിടാനും, രാജ്യത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന കടുത്ത നടപടികൾ കൈക്കൊള്ളാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന ഒന്നായി ഭവിച്ചേക്കാം. നമ്മൾ ഏകദിന മത്സരമല്ല ടെസ്റ്റ്‌ മാച്ച്‌ ആണു കളിക്കുന്നത്‌ എന്ന ബോധ്യം പ്രസ്ഥാനത്തിനുണ്ടാകേണ്ടതുണ്ട്‌. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories