TopTop
Begin typing your search above and press return to search.

എന്തൊരു അശ്ലീലമാണിത്! കൊറോണ കാലത്ത് മാസ്കിട്ട് രജിത് കുമാറിനൊപ്പം സെല്‍ഫിയെടുക്കുന്ന സാംസ്കാരിക മല്ലു

എന്തൊരു അശ്ലീലമാണിത്! കൊറോണ കാലത്ത് മാസ്കിട്ട് രജിത് കുമാറിനൊപ്പം സെല്‍ഫിയെടുക്കുന്ന സാംസ്കാരിക മല്ലു

"ആരാധകര്‍ പുണ്ണാക്കന്‍മാര്‍..." സാഗര്‍ കോട്ടപ്പുറം താങ്കള്‍ മുത്താണ്, എത്ര അച്ചട്ടാണ് താങ്കള്‍ പറഞ്ഞത്.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സായാഹ്ന കാഴ്ച കണ്ടപ്പോള്‍ മനസില്‍ വന്നതാണ് ഈ പഴയ സിനിമാ ഡയലോഗ് (കടപ്പാട്-കമല്‍, ശ്രീനിവാസന്‍, മോഹന്‍ലാല്‍) അതേ നെടുമ്പാശ്ശേരി കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് ഇങ്ങനെയായിരുന്നില്ല. രജിത് കുമാറിന് പറന്നിറങ്ങാന്‍ ചിലപ്പോള്‍ വിമാനത്താവളം തുറന്നുകിടക്കുമായിരുന്നില്ല. (രാവിലെ വിമാനത്തില്‍ കൊറോണ ബാധിതനായ ബ്രിട്ടീഷ് പൌരന്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടാന്‍ പോകുന്നു എന്ന മട്ടില്‍ ചാനലുകളുടെ തള്ളല്‍ വാര്‍ത്ത വന്നിരുന്നു).

'ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളകരച്ച് തേച്ചതിന്' ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത്ത് കുമാറിനെ അനുകൂലിക്കുന്നവര്‍ കൊറോണ നിയന്ത്രണങ്ങള്‍ വകവെക്കാതെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ വന്‍ സ്വീകരണം കേരളത്തിന്റെ സോ കോള്‍ഡ് പ്രബുദ്ധതയെ ചവിട്ടി കാനയിലേക്ക് തള്ളിയിരിക്കുകയാണ്. ഇനി ആ വര്‍ത്തമാനവും കൊണ്ട് ആരും ഇങ്ങോട്ട് വരരുത്.

സംഭവം വിവാദമായതിന് പിന്നാലെ എറണാകുളം ജില്ല കളക്ടര്‍ രജിത് കുമാറിനും രജിത് ആര്‍മി എന്ന ഉഡായിപ്പ് സംഘടനയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്. നല്ല കാര്യം. പക്ഷേ ഇവരുണ്ടാക്കിയെക്കാവുന്ന ദുരന്തത്തെ പ്രതിരോധിക്കാന്‍ ഇനി എത്ര പണവും സമയവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചിലവഴിക്കണം? അത് ഈ വെട്ടുകിളി സംഘത്തില്‍ നിന്നും ഈടാക്കാന്‍ സാധിക്കുമോ?

കലക്ടര്‍ സുഹാസ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതുന്നു,

കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും - കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

കളക്ടറുടെ പോസ്റ്റിലെ അവസാന വാക്യം ശ്രദ്ധിക്കേണ്ടതാണ്. "മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും."

എല്ലാറ്റിലും ഒന്നാമത് എന്നു അഹങ്കരിക്കുന്ന കേരളം എങ്ങനെയാണ് ഇങ്ങനെ മാറിയത് എന്നു അത്ഭുതപ്പെടുന്നവരെ സോഷ്യല്‍ മീഡിയയിലും കണ്ടു.

ഫേസ്ബുക്കില്‍ ഗിരീഷ്
പെരുവണ എഴുതുന്നു, "ഇത്രയും അരാഷ്ട്രീയതയും വിവരക്കേടും മലയാളിക്കെങ്ങനെയുണ്ടായി എന്നത് പഠന വിഷയമാകേണ്ടതാണ്..ആരാണ് മലയാളിയെ പിന്നോട്ട് നടക്കാൻ പഠിപ്പിച്ചത് എന്നത് ഗൗരവപൂർണ്ണം പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.."

മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ ഇങ്ങനെ എഴുതുന്നു, "ഇത്തരം മനുഷ്യരുള്ള നാടാണ്. സ്വന്തം അപ്പന്റെ മൃതദേഹം കാണാതെ , അടക്കിന് കൂടാതെ സ്വയം ഐസൊലേഷനിൽ ഇരുന്ന, നാട്ടിൽ വന്ന ശേഷം സ്വന്തം കുഞ്ഞിനെ ഒന്ന് തൊടാതെ, അടുത്ത് കാണാതെ അടച്ചിരുന്ന ജാഗ്രതയുള്ള മനുഷ്യരുള്ള നാട്. നാട്ടിലെത്തിയ വിദേശികൾ പലർക്കും തിരിച്ച് പോകാൻ കഴിയാതെയും നാട്ടിലൊരു മുറിയോ ഭക്ഷണമോ കിട്ടാത്തതുമായ അവസരം ഉണ്ടെന്ന് കേട്ടിരുന്നു. അവിടെയാണ് ഒരു സ്ത്രീയുടെ കണ്ണിൽ മുളകരച്ച് തേച്ചതിന് ഒരു തേഡ് റേറ്റ് റ്റി.വി ഷോയിൽ നിന്ന് പുറത്തായ ക്രിമിനലിനെ സ്വീകരിക്കാൻ ആരാധക വൃന്ദം കൂട്ടയാമെത്തി ഒരു വിമാനത്താവളത്തിൽ അഴിഞ്ഞാടിയത്. ദിലീപിനെ സ്വീകരിക്കാൻ ആലുവ ജയിലിന് മുന്നിലെത്തിയ ആൺ കൂട്ടത്തിൽ പകുതിയെങ്കിലും കാണും ഈ സ്വീകരണത്തിലും."

കൊറോണ ഭീതി നിലനില്‍ക്കുകയും ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എയര്‍പോര്‍ട്ടില്‍ വലിയൊരു വിഭാഗം ആളുകള്‍ എല്ലാ പ്രോട്ടോകോളുകളും കാറ്റില്‍പറത്തി രജിത്ത് കുമാറിനെ സ്വീകരിക്കാനായി കൂട്ടംകൂടി നിന്നത്. ചെന്നൈ എയർപോർട്ടിലും കൊച്ചി എയർപോർട്ടിലേത് പോലെ നാടകീയ രംഗങ്ങളാണ് രജിത്ത് കുമാറിനെ പിന്തുണച്ചുകൊണ്ട് അനുകൂലികളും മത്സരാർത്ഥികളും സൃഷ്ടിച്ചത്. രജിത്ത് കുമാറിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയത് അന്യായമായാണ് എന്ന് ആരോപിച്ചാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. വലിയ ആർപ്പുവിളികളും ബഹളങ്ങളുമായാണ് രജിത്ത് കുമാറിനെ ആരാധകർ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

അതിനും കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പാണ് കോവിഡ് ബാധിതനാണ് എന്നു വെളിപ്പെടുത്താതെ മൂന്നാറിലെ കെടിഡിസി ഹോട്ടലില്‍ നിന്നും മുങ്ങിയ ബ്രിട്ടീഷ് പൌരനെയും സംഘവും വിമാനത്തില്‍ കയറുകയും അവിടെ നിന്നു പൊക്കി സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തത്. തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെടുകയും വിമാനത്തിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കുകയും ചെയ്യേണ്ടി വന്നു. വിമാനത്താവളത്തിലും അണുനാശിനി പ്രക്രിയ നടത്തിയതിന് ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്വ്വ സ്ഥിതിയിലായത്.

അവിടേക്കാണ് ആലവട്ടവും വെഞ്ചാമരവുമായി വെട്ടുകിളി സംഘം എത്തിയത്. ആ കൂട്ടത്തില്‍ എല്ലാ പ്രായക്കാരും കുട്ടികളും സ്ത്രീകളുമൊക്കെയുണ്ട് എന്നതാണ് ആശ്ചര്യകരം. മാസ്കിട്ട് രജിത് കുമാറിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടിയവരാണ് ഈ കൊറോണ കാലത്തെ ഏറ്റവും അശ്ലീലകരമായ കാഴ്ച.

രജിത് കുമാര്‍ എന്ന സ്ത്രീ വിരുദ്ധ മനുഷ്യത്വ വിരുദ്ധ യാഥാസ്ഥിതിക മനസിന്റെ ഉടമയെ സ്വീകരിക്കാനെത്തിയ ഇതേ ആള്‍ക്കൂട്ടം തന്നെയാണ് ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന മലയാളികളോട് നാട്ടിലേക്ക് വന്നേക്കരുത് എന്നു പറഞ്ഞതും.


Next Story

Related Stories