TopTop
Begin typing your search above and press return to search.

'ഞങ്ങൾ പൊട്ടിച്ച തടവറകൾ'; മനുഷ്യസ്ത്രീയായി ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയാണ് ബേബിതായ് കാംബ്ലെ എഴുതുന്നത്

ഞങ്ങൾ പൊട്ടിച്ച തടവറകൾ; മനുഷ്യസ്ത്രീയായി ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയാണ് ബേബിതായ് കാംബ്ലെ എഴുതുന്നത്

ബേബി കാംബ്ലെയുടെ 'ഞങ്ങളുടെ ജീവിതങ്ങൾ' എന്ന് മറാഠിയിലും 'ഞങ്ങൾ പൊട്ടിച്ച തടവറകൾ' എന്ന ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച ആത്മകഥ തികച്ചും ഒരു പുതിയ വായനാനുഭവമായിരുന്നു. എംഎയ്ക്കു പഠിക്കുമ്പോൾ ആധുനിക ദളിത് സാഹിത്യം എന്ന പേപ്പറിൽ പഠിക്കാനുണ്ടായിരുന്നതാണ് ഈ പുസ്തകം. അത്ര ഓര്‍മയിലില്ലാതിരുന്നത് കൊണ്ട് വീണ്ടും വായിക്കാൻ എടുത്തതാണ്. ഇരുപത്തിരണ്ടാം വയസ്സിലെ ഞാൻ അന്ന് അടിവരയിട്ട വരികളിലൂടെ വീണ്ടും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചില സുപ്രധാനമായ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ കുറിപ്പ്. പല ഗവേഷകരും എഴുത്തുകാരും ഒട്ടേറെ ആസ്വാദനങ്ങളും വിശകലനങ്ങളും നടത്തിയ പുസ്തകമാണിത്. അതുകൊണ്ട് കൂടി ഈ എഴുത്തിന്റെ വ്യാപ്തി ചുരുങ്ങിയതാണ്. പ്രധാനമായും ഇന്നത്തെ കാലത്ത്, ഇന്ത്യയിലെ സമകാലിക സാഹചര്യത്തിൽ ബേബി കാംബ്ലെയുടെ എഴുത്തും ജീവിതവും എങ്ങനെ അന്ധവിശ്വാസങ്ങളുടെ സ്വാധീനവും അവയ്ക്കെതിരെയുള്ള പോരാട്ടങ്ങളെയും മനസിലാക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ കുറിപ്പിൽ.

മുപ്പതാമത്തെ വയസിൽ എഴുതി അമ്പതാമത്തെ വയസ്സിൽ ആത്മകഥ പ്രസിദ്ധീകരിക്കുമ്പോൾ വര്‍ഷം1986 ആണ്. ജീന അമുച്ച എന്ന മറാഠി ആവിഷ്കരണം പരമ്പരയായി സ്ത്രീ എന്ന മാസികയിൽ വരികയും പിന്നീട് പുസ്തകമാക്കുകയും ചെയ്തിരുന്നു. പരിഭാഷക മായാ പണ്ഡിറ്റ്, എന്തുകൊണ്ടാണ് ഇത് പുറത്തു കൊണ്ടുവരാൻ വൈകിയതെന്ന് ബേബി തായോടു ചോദിക്കുന്നുണ്ട്; തന്റെ ഭർത്താവിന് താൻ എഴുതുന്നത് ഇഷ്ടമല്ലായിരുന്നു എന്നാണ് അതിനു അവർ മറുപടി പറയുന്നത്. അംബേദ്കറൈറ്റ് പ്രസ്ഥാനത്തിൽ സ്ത്രീകൾ വഹിച്ച പങ്കും ബേബി കാംബ്ലെ പ്രേത്യേകമായി പറയുന്നുണ്ട്. ഒരേ സമയം ജാതി വ്യവസ്ഥയോടും ആണധികാരത്തോടും ഒരുപോലെ പോരാടേണ്ടി വന്നു ദളിത് സ്ത്രീകൾക്ക്.

ഞാൻ രണ്ടു ടേമിൽ ചൊക്ക മേലയുടെ കവിത ഇംഗ്ലീഷ് സാഹിത്യ ക്ലാസുകളിൽ പഠിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വർക്കാരി എന്ന ഭക്തപാരമ്പര്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു ചോക്കമേലയുടെ ജീവിതവും കവിതകളും. മഹർ സമുദായത്തിൽപ്പെട്ട അദ്ദേഹം പ്രശസ്ത ഭക്തകവി നാംദേവിന്റെ ശിഷ്യനായിരുന്നു. പാന്ഥർപൂരിലെ വിതോബ അഥവാ വിത്തൽ ആണ് ആരാധനാമൂര്‍ത്തി. വിതോബായെ കാണാൻ മഹാരാഷ്ടയിൽ നിന്നും പാന്ഥർപൂരിലേക്ക് അവർ തീർത്ഥാടനം നടത്താറുണ്ട്. അപ്പോൾ പാടുന്ന ചെറിയ ഭജനകൾ അല്ലെങ്കിൽ കവിതകളെ അഭംഗ് എന്ന് വിളിക്കുന്നു. ചൊക്കയുടെ കവിതകൾ ഭക്തിയോടൊപ്പം, ജാതിവ്യവസ്ഥ എങ്ങനെ തന്റെ വിതോബായിലേക്കുള്ള യാത്രയ്ക്ക് വിലങ്ങിടുന്നു എന്ന് കവി വ്യക്തമായി പാടുന്നുണ്ട്.

"വേദങ്ങൾ അശുദ്ധം, ശാസ്ത്രങ്ങൾ അശുദ്ധം.

പുരാണങ്ങൾ മുഴുക്കെ അശുദ്ധം.

ആത്മാവ് അശുദ്ധം, പരമാത്മാവും അശുദ്ധം,

ശരീരം മുഴുക്കെ അശുദ്ധം.

ബ്രഹ്മാവും അശുദ്ധം, വിഷ്ണുവും അശുദ്ധം,

ശിവൻ മുഴുക്കെ അശുദ്ധം.

ജനനം അശുദ്ധം, മരണവും അശുദ്ധം,

ചൊക്ക പാടുന്നു,

തുടക്കമൊടുക്കങ്ങളെല്ലാം അശുദ്ധം"

(ചൊക്ക മേല അഭംഗ് - 282)

ചൊക്കയ്ക്ക് വിതോബയുടെ അമ്പലത്തിന്റെ പുറത്തു മാത്രമേ നില്‍ക്കാൻ കഴിഞ്ഞുള്ളൂ. ഒരിക്കൽ അമ്പലത്തിൽ കയറി എന്ന് ആരോപിച്ച് അമ്പലത്തിലെ പുരോഹിതർ അറഞ്ചം പുറഞ്ചം തല്ലിയിട്ടുമുണ്ട്. അതിനെക്കുറിച്ചും ചൊക്ക പാടിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കിപ്പുറവും ഈ അനാചാരങ്ങളും അടിച്ചമർത്തലുകളും തുടരുന്നു.

ഡോ. അംബേദ്‌കറിന്റെ വരവ് എന്തുകൊണ്ടാണ് ദളിത് സമൂഹത്തിന് ഇത്രയും ഊർജം പകർന്നത് എന്ന് എനിക്ക് ബേബി കാംബ്ലെ എഴുതിയത് വായിച്ചപ്പോഴാണ് കുറച്ചെങ്കിലും മനസിലാകുന്നത്. ജാതി ഇന്ത്യയെ കൃത്യമായി സൈദ്ധാന്തീകരിക്കുക മാത്രമല്ല, അടിച്ചമർത്തലുകളെ ആധുനിക വിദ്യാഭ്യാസം കൊണ്ടും മാനവീകത കൊണ്ടും രാജ്യനിർമാണത്തിൽ ഒഴിവാക്കാനാകാത്ത പങ്കാളിയാക്കിക്കൊണ്ട് നേരിട്ടു. അവനവനെ എങ്ങനെ കാണണമെന്നും പരിഷ്കരിക്കണമെന്നും കൃത്യമായി പറഞ്ഞു. ഉദാഹരണത്തിന്, ചത്ത പശുവിന്റെ ഇറച്ചി കഴിക്കരുതെന്ന് മഹർ സമുദായത്തിലുള്ളവരോട് പറഞ്ഞത് ഹൈന്ദവത കൊണ്ടല്ല, മറിച്ച്, ഹിന്ദു ജാതി വ്യവസ്ഥ പറിച്ചെടുത്ത മാനുഷികത്വം തിരികെ പിടിച്ചെടുക്കുവാൻ ആഹ്വാനം ചെയ്തതാണ്.

ബേബി കാംബ്ലെയുടെ പുസ്തകത്തിൽ വിതോഭയെ ഞാൻ വീണ്ടും കണ്ടുമുട്ടി. അതിൽ ഒരു ഭാഗം ഇവിടെ ആവർത്തിക്കട്ടെ*. "അംബേദ്‌കറിന്റെ ആശയങ്ങളെ പിൻപറ്റി ബേബി കാംബ്ലെ ഉൾപ്പെടെയുള്ള യുവതീ-യുവാക്കൾ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാനും സ്വന്തം അവകാശങ്ങൾ സ്ഥാപിക്കുവാനും തീരുമാനിച്ചു. അങ്ങനെ ബേബിതായിയുടെ സഹോദരൻ ബാബ താൻ താമസിക്കുന്ന ഹോസ്റ്റലിൽ രാത്രി മുഴുക്കെ ചർച്ച നടത്തി, കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിൽ കടക്കുവാൻ ഒരുങ്ങി. ബേബി തായുടെ പത്തു പന്ത്രണ്ടു വയസുള്ള കുറച്ചു പെൺകുട്ടികളും അവരുടെ ഒപ്പം ചേർന്നു. ബ്രാഹ്മണർ താമസിക്കുന്ന തെരുവിന്റെ തൊട്ടടുത്തുള്ള ശിംപി തെരുവിലെ വിതോഭ അമ്പലമാണവർ തെരഞ്ഞെടുത്തത്. ഹരിജൻ ബോർഡിങ്ങിലെ ചെറുപ്പക്കാർ ശക്തമായി അമ്പലത്തിനുള്ളിൽ കയറാൻ ശ്രമിച്ചു. അവർ അംബേദ്കറെ പ്രകീർത്തിച്ചു മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. അമ്പലത്തിനുള്ളിൽ വിതോഭയുടെ ബിംബത്തിന് വലയം സൃഷ്ടിച്ചുകൊണ്ട് ബ്രഹ്മണന്മാര്‍ 'സംരക്ഷിക്കുന്നുണ്ടായിരുന്നു'. അവർ വിതോഭയെ അശുദ്ധത്തിൽ നിന്നും രക്ഷിക്കുകയായിരുന്നത്രെ! അവരിൽ പലരും ലാത്തി കൈവശം വെച്ചിരുന്നു. അംബേദ്കറൈറ്റ് ചെറുപ്പക്കാരുടെ കൂടെയുണ്ടായിരുന്ന ഏറ്റവും ഉയരമുള്ള ആനന്ദ് അഹിവാലെ ഒരു ഗുസ്തിക്കാരന്റെ മകനായിരുന്നു. അവൻ പാഞ്ഞുചെന്ന് ബ്രാഹ്മണരുടെ വലയം ഭേദിച്ച് വിതോഭ ബിംബത്തെ തൊട്ടു തിരികെ പോന്നു. ആകെ അവിടെ ഒരു കോലാഹലമായി. ബ്രഹ്‌മണർ ചെറുപ്പക്കാരെ തല്ലാൻ വടിയുമായി പുറകെ ഓടി. എന്നാൽ അംബേദ്‌കറിന്റെ പിന്തുടർച്ചക്കാർ അവരുടെ കയ്യിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ടു*.

ബേബി കാംബ്ലെ ഈ സംഭവത്തെ വെറുമൊരു ശാരീരിക ഏറ്റുമുട്ടലായല്ല അവതരിപ്പിക്കുന്നത്. ബ്രാഹ്മണരുമായിട്ടുള്ള ഒരു ഏറ്റുമുട്ടലിനെക്കാളുപരി, തങ്ങൾ അശുദ്ധരല്ല എന്നുള്ള തിരിച്ചറിവിന്റെ തുടക്കമായാണ് ഇത്തരം സംഭവങ്ങളെ അവർ വായിക്കുന്നത്. പുസ്തകത്തിന്റെ തുടക്കത്തിൽ മഹർ സമുദായത്തിന്റെ അകത്തെ, അവരുടെ മേൽ അടിച്ചേൽപ്പിച്ച അന്ധവിശ്വാസങ്ങളുടെ ഭാരത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആ ഭാരത്തിന്റെ കെട്ടുപൊട്ടിച്ച് ഒരു സമുദായം പുറത്തുവരുന്നു എന്ന സൂചന കൊണ്ടാണ് ഈ സംഭവം ശ്രദ്ധയാകർഷിക്കുന്നത്. ഒരു മനുഷ്യനായി സ്വയം കണ്ടുതുടങ്ങുന്നതിൽ നിന്നുമാണ് ഒരു സമുദായം വളർന്നു വന്നത്. ഇത് നമുക്കെല്ലാവർക്കും ഉള്ള ഒരു പാഠമാണ്. ഇങ്ങനെ പറയുന്നത് ദളിത് ചരിത്രത്തിന്റെ സവിശേഷത തുടച്ചു മാറ്റാനല്ല, മറിച്ചു സവിശേഷത അംഗീകരിച്ച്, അതിലെ പാഠങ്ങൾ സാർവത്രികമായി ലഭ്യമാകണം എന്നുള്ള ആശയത്തെ അംഗീകരിക്കുന്നത് കൊണ്ടാണ്. ചൊക്ക മേലയ്ക്ക് സാധിക്കാത്തത്‌ പുതുതലമുറ ഒറ്റക്കെട്ടായി നേടിയെടുത്തു എന്നുള്ളത് ചരിത്രം കാണിച്ചുതരുന്നു.

അന്ധവിശ്വാസങ്ങളെ ഉപരിപ്ലവമായി എതിർക്കുന്ന അരാഷ്ട്രീയ യുക്തിവാദികൾ പരാജയപ്പെടുന്നത് അവരുടെ ചരിത്രബോധമില്ലായ്മ കൊണ്ടാണ്. അവർ ആ പ്രവർത്തികളെ മാത്രം പശ്ചാത്തലത്തിൽ നിന്നും അടർത്തി മാറ്റുന്നു. അതായത് ബേബി കാംബ്ലെ വിമർശിക്കുന്നത് അന്ധവിശ്വാസം പ്രകടമാകുന്ന പ്രവർത്തികളെ മാത്രമല്ല, അതിലുപരി ആ അന്ധവിശ്വാസങ്ങളുടെ മര്‍ദ്ദനപരമായ അടിവേരുകളെയാണ്. അന്ധവിശ്വാസങ്ങൾ ഏൽപ്പിച്ച ചങ്ങലകൾ മനസിലാക്കി തങ്ങളെ ഭരിക്കുന്ന ഹൈന്ദവയുക്തിക്കു പുറത്തുവരാനാണ് ദളിത് സമുദായം ശ്രമിച്ചത്

ശബരിമല വിഷയം എടുത്തു നോക്കുമ്പോൾ, ആർത്തവം അശുദ്ധമല്ല എന്ന് പറഞ്ഞു മല ചവിട്ടുന്ന പെണ്ണുങ്ങൾ അവർ അശുദ്ധരല്ല എന്നാണ് പ്രഖ്യാപിക്കുന്നത്. അത് അത്യാവശ്യവുമാണ്. ആ നിലപാടുകൾ ഹിന്ദുത്വഭീകരതയെയും കാപട്യത്തേയും തുറന്നുകാട്ടുകയും ചെയ്യുന്നു. എന്നാൽ മറ്റൊരു കൂട്ടർ ആർത്തവം അശുദ്ധമല്ല എന്ന് പകുതിക്കു പറഞ്ഞുവെച്ച് ഹിന്ദുത്വയുടെ മറ്റു വശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. അത് പ്രശ്നവൽക്കരിക്കേണ്ടത് തന്നെയാണ്.

മനുഷ്യസ്ത്രീയായി ജീവിക്കുവാനുള്ള അവകാശത്തെപ്പറ്റിയാണ് ബേബി കാംബ്ലെ എഴുതുന്നത്. അതിലുപരി ഒരു വ്യക്തി തന്റെ ചുറ്റുവട്ടവും സമുദായവുമായി എങ്ങനെ ഇഴചേർന്നു ജീവിക്കുന്നു എന്നും കാണാം. ഒരേ സമയം തന്റെ സമുദായത്തോട് ഒരുമപ്പെട്ടു കിടക്കുകയും എന്നാൽ സമുദായത്തിന്റെ കുറ്റങ്ങളെ നിശിതമായി വിമർശിക്കുകയും അവർ ചെയ്യുന്നു. അതാണ് തന്മയത്വമുള്ള രാഷ്ട്രീയത്തിന്റെ വഴി. ബേബി കാംബ്ലെയുടെ 'ഞങ്ങൾ പൊട്ടിച്ച തടവറകൾ' സ്ത്രീ സമത്വത്തിനു വേണ്ടിയും ജാതി ഉന്മൂലനത്തിനായും പ്രവർത്തിക്കുന്ന എല്ലാവരും വായിക്കേണ്ട പുസ്തകം തന്നെയാണ്.

*ബേബി കാംബ്ലെയുടെ പുസ്തകത്തിൽ നിന്നുള്ള ഒരു സ്വതന്ത്ര പരിഭാഷയാണ് ഈ ഭാഗം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories