TopTop
Begin typing your search above and press return to search.

പെണ്ണ് എന്നാൽ കാലിടകൾക്കുള്ളിലെ രണ്ടിഞ്ച് കീറൽ മാത്രമെന്ന ബോധ്യത്തിലേക്ക് എങ്ങനെയാണ് നമ്മുടെ ആണ്‍കുട്ടികള്‍ എത്തുന്നത്?

പെണ്ണ് എന്നാൽ കാലിടകൾക്കുള്ളിലെ രണ്ടിഞ്ച് കീറൽ മാത്രമെന്ന ബോധ്യത്തിലേക്ക് എങ്ങനെയാണ് നമ്മുടെ ആണ്‍കുട്ടികള്‍ എത്തുന്നത്?

നമ്മളൊക്കെ ഇങ്ങനെ നടക്കും, കണ്ടില്ലേ അവന്മാരാണ് ശരിയായ ആണുങ്ങൾ! ഡൽഹിയിൽ നിർഭയ ഗാംഗ് റേപ്പ് സമയത്ത് കേട്ട ഏറ്റവും അശ്ലീലവും ഭയപ്പെടുത്തുന്നതുമായ പ്രതികരണമായിരുന്നു അത്. ആ റേപ്പിൽ പ്രതികളായി മുദ്രകുത്തിയ ആളുകളെ രഹസ്യമെയെങ്കിലും ആരാധിച്ച ആളുകൾ നമുക്കിടയിൽ ഉണ്ട്. ഇതിപ്പോൾ ഓര്‍മ വരാൻ കാരണം ഡൽഹിയിലെ പ്രശസ്‌തമായ സ്‌കൂളിലെ 15 വയസുള്ള കുട്ടികൾ സഹപാഠികളെ കൂട്ടലബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ഫാന്റസൈസ് ചെയ്യുന്ന വാർത്തയെ തുടർന്നാണ്. 'ബോയ്സ് ലോക്കർ റൂം' എന്ന പേരിലാണ് ഈ സോഷ്യൽ മീഡിയ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. നമ്മുടെ ഒക്കെക്കൂടെ ഇരുന്ന് കൊഞ്ചുന്ന കുഞ്ഞുങ്ങളാണ് ഇവരൊക്കെ. സുരക്ഷിതമായ വീടുകൾ, സാമൂഹിക അന്തരീക്ഷം, പണം, പദവി എന്നിങ്ങനെ 'നല്ല മനുഷ്യൻ' അല്ലെങ്കിൽ 'ഉത്തമനായ പുരുഷൻ' ആവാൻ ഉള്ള ഗുണങ്ങൾ എല്ലാം ഒത്തിണങ്ങിയ ജനുസുകൾ. പക്ഷെ പെണ്ണ് എന്നാൽ കാലിടകൾക്കുള്ളിലെ രണ്ടിഞ്ച് കീറൽ മാത്രമെന്ന ബോധ്യത്തിലേക്ക് അവർ എങ്ങനെയാണ് എത്തുന്നത്?

നമ്മുടെ കുടുംബങ്ങൾ ഈ വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലേക്ക് ഒന്ന് നോക്കിയാൽ ഈ കുട്ടികളുടെ പെരുമാറ്റത്തിൽ അത്രയൊന്നും ആശ്ചര്യം നമുക്ക് തോന്നേണ്ടതില്ല. നമ്മുടെ സോഷ്യൽ മീഡിയയിലെ പെരുമാറ്റങ്ങളിൽ നാം എത്രമാത്രം അലസതയോടെയും അറിവില്ലായ്‍മയോടെയുമാണ് സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്നത്. നമ്മുടെ ഫോണിലെ നിരവധി കുടുംബ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്ന 'വെറും തമാശകൾ' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സ്ത്രീവിരുദ്ധതയെ നാം എങ്ങനെ നിസാരമെന്നും സ്വാഭാവികമെന്നും കരുതുന്നുവോ, അത്രയേറെ അത് വളർന്നുവരുന്ന കുട്ടികളിൽ മാതൃക സൃഷ്ടിക്കുന്നുണ്ട്. തുല്യത ചോദിക്കുന്നത് അഹങ്കാരം കൊണ്ടാണെന്നും, നല്ല സ്ത്രീകളുടെ ലക്ഷണമല്ല എന്നുമുള്ള സന്ദേശം കുടുബങ്ങൾക്കുള്ളിൽ നിന്നുതന്നെ തന്നെ ലഭിക്കുന്ന കുട്ടികളാണ്, അടുത്ത തലമുറയിലെ മുതിർന്നവർ എന്നോർക്കുമ്പോൾ സമത്വം എന്നത് അടുത്ത കാലത്തൊന്നും നമുക്കിടയിൽ നിര്‍മിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഒന്നായി തീരുന്നു.

കൗമാരക്കാർ കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ മൂക്കത്ത് വിരൽവയ്ക്കുന്ന നാം മുതിർന്നവർ, ആ കുറ്റകൃത്യത്തിലേക്ക് അവർ എത്താൻ നാം ഇട്ടു കൊടുക്കുന്ന വളങ്ങളെ സൗകര്യപൂർവം മറക്കുന്നു. അമ്മയെ തന്നേക്കാൾ താഴ്ന്നവളായി കണ്ടു ബഹുമാനം ഇല്ലാതെ സംസാരിക്കുന്ന അച്ഛൻ, പെണ്ണുങ്ങൾ എല്ലാം തേപ്പാണ് എന്ന് ആവർത്തിക്കുന്ന കോമഡി പരിപാടികൾ, നിവർന്നു നിൽക്കുന്നവളെ അടിച്ചു നേരെയാക്കുന്ന സിനിമകൾ, ഇവയെ എല്ലാം സംസ്കരത്തിന്റെ മേമ്പൊടിയോടെ ഫാമിലി ഗ്രൂപ്പുകളിൽ വിളമ്പുന്ന കേശവൻ മാമന്മാർ... നമ്മുടെ കുട്ടികൾ കണ്ടുവളരുന്ന മാതൃകയാണ് ഇത്.

ലോക്‌ഡൌൺ സമയത്തിന് കുറച്ചു മുന്നേ മാത്രമാണ് ടിക് ടോക് എന്ന 'മായികലോക'ത്തേക്ക് ഞാൻ എത്തിയത്. നാം പരിചയിച്ചു പോരുന്ന സമൂഹത്തിന്റെ മറ്റൊരു മുഖമാണ് അവിടെ കാണുന്നത്. കലിപ്പന്റെ കാന്താരിയും ആങ്ങള സിൻഡ്രോം ബാധിച്ച ഏട്ടന്മാരും ഷാൾ ഇടാനും സിന്ദൂരമിടാനും നിർബന്ധിക്കുന്ന, അനുസരിച്ചില്ലെങ്കിൽ തല്ലി അനുസരിപ്പിക്കുന്ന സ്നേഹനിധികളായ ആളുകളെയാണ് നാം ടിക് ട്രോള്‍ ലോകത്ത് കാണുക.

ഇതിനെക്കുറിച്ച് അനാമിക ആമി ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി: "ഒരു പാട്രിയർക്കൽ സൊസൈറ്റിയിലാണ് നമ്മൾ ജീവിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും ഡേഞ്ചറസ് ആയിട്ടുള്ള ലോകരാഷ്ട്രങ്ങളുടെ കണക്കെടുത്താൽ അതിൽ ടോപ്പിലുണ്ടാവും ഇന്ത്യ. ഇങ്ങനെയുള്ള ഒരു രാജ്യത്ത്, താരതമ്യേന പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളികളാണ് ഇതിനൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. ഗ്യാസ്‌ലൈറ്റിംഗ്, ഫിസിക്കൽ അബ്യൂസ്, ഇമോഷണൽ അബ്യൂസ് എന്നിങ്ങനെ എല്ലാ വൃത്തികെട്ട ആചാരങ്ങളും 'തമാശ'യായി ടിക് ടോക്കില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനെയെല്ലാം പൂവെറിഞ്ഞു സ്വീകരിക്കുന്നുമുണ്ട്. ടീനേജ്‌ഴ്‌സ് ഒരുപാടുള്ള ഒരു പ്ലാറ്റ്ഫോം കൂടിയാണ് ടിക് ടോക്. അതായത്, ഈ ജാതി ഗ്ലോറിഫിക്കേഷനുകൾ കണ്ടാണ് ഈ പിള്ളേർ വളരുന്നത്. എന്തിനാ ടിക് ടോക്കില്‍ പോകുന്നത് എന്ന് ചോദിച്ചാൽ പൊതുവേ കിട്ടുന്ന ഉത്തരമാണ്, "അതൊരു രസല്ലേ" എന്നുള്ളത്. പക്ഷേ, ഇത്ര വലിയ നോർമലൈസേഷനുകൾ കണ്ടു വളരുന്ന പിള്ളേർ പ്രേമം എന്നാൽ ഇതൊക്കെയാണ്, ഇതൊന്നുമില്ലെങ്കിൽ പ്രേമം സ്ട്രോങ്ങാവില്ല എന്നൊക്കെ തലതിരിഞ്ഞ ആശയങ്ങളുമായാണ് ഒരു റിലേഷൻഷിപ്പിൽ ചെന്ന് ചാടാൻ പോകുന്നത്. കാമുകിക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന നല്ല കാമുകന്മാരായി ഇവന്മാരും അവന്റെ പിന്നാലെ കരഞ്ഞോണ്ട് നടക്കുന്ന ഉത്തമ കാമുകിമാരായി ഇവളുമാരും മാതൃക കാട്ടുന്നു. അതായത്, കാലാകാലങ്ങളായി തുടർന്ന് വരുന്ന അതേ കലാപരിപാടികൾ കൂടുതൽ റൊമാന്റിസൈസ് ചെയ്യപ്പെട്ട് ഇതിന്റെ കാഴ്ചക്കാരിലേക്കെത്തുന്നു. ഇങ്ങനെയുള്ളവർക്ക് അടി ഒരു തെറ്റല്ല, സ്നേഹപ്രകടനമാണ്. എങ്ങനെ തിന്നണം, ഉറങ്ങണം, വസ്ത്രം ധരിക്കണം എന്നൊക്കെ നിർബന്ധബുദ്ധിയോടെ പറയുന്ന കാമുകന്മാർ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന പുരുഷ മേലാളിത്തത്തിന്റെ കാവൽക്കാരും ആകുന്നില്ല. മറിച്ച്, ഐഡിയൽ കാമുകന്മാരാണ്. ടോക്സിക് അബ്യൂസീവ് റിലേഷൻഷിപ്പ് എന്താണെന്ന് ഇവർക്ക് അറിയുകേം ഇല്ല".

ഇനി മൂന്നു വയസു മുതലുള്ള കുട്ടികൾക്കുള്ള കാർട്ടൂൺ അനിമേഷൻ വീഡിയോകൾ - മലയാളത്തിലും ഹിന്ദിയിലും ഇറങ്ങുന്നവ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഏതൊക്കെയാണ്? വീട്ടിൽ വന്നു കയറുന്ന അമ്മാവനെ, "ഹോ ശല്യം, പണ്ടാരക്കാലൻ വരുന്നുണ്ട്" എന്ന സംഭാഷണം നാലുവയസുള്ള അനന്തിരവൻ സ്ഥിരം കാണുന്ന കാർട്ടൂണിലേതാണ്. പെൺകുട്ടികളെ, "ഇവളുമാരെയൊക്കെ ആര് നോക്കാനാ ബ്രോ" എന്ന് പറഞ്ഞു നടന്നു പോകുന്നവനെ കണ്ടു കുടുകുടാ ചിരിക്കുന്ന കുഞ്ഞുങ്ങള്‍ വീടുകളിലെ സ്ഥിരം കാഴ്ചയാണ്. നീ പെണ്ണാണ്, വെറും പെണ്ണ് എന്ന മമ്മൂട്ടി ഡയലോഗ് ആവേശത്തോടെ അനുകരിക്കുന്ന കുഞ്ഞുങ്ങൾ. ജൻഡർ ഡിഫെയിനിങ് റോളുകൾ എന്താണ് എന്നും അതിൽ നിന്നും മാറി നടക്കുന്നത് തെറ്റാണ് എന്നും ചിരിക്കാനുള്ള വകയാണെന്നും പറഞ്ഞു പഠിപ്പിക്കുന്ന കുട്ടിപ്പട്ടാളവും മറ്റനേകം പരിപാടികളും.

താൻ പഠിപ്പിക്കുന്ന പത്തുവയസുള്ള കുട്ടികളെ പരസ്പരം ബഹുമാനിക്കാൻ പണിപ്പെട്ടിരുന്ന അധ്യാപികയായ അമ്മയെ ഓർക്കുന്നു. പരസ്പരമുള്ള വിദ്വേഷമാണ് നല്ലത് എന്നും ചേർന്നിരുന്നാൽ പോലും അശ്ലീലമെന്നു പഠിപ്പിക്കുന്ന അധ്യാപകരും ഒക്കെ കുട്ടികളെ വാർത്തെടുക്കുന്ന സമൂഹത്തിലാണ് ഡൽഹി സ്‌കൂളിലെ ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളും അതിലെ ഗാങ് റേപ്പ് പ്ലാനുകളും വരുന്നത്. ഒരു ആരോഗ്യമുള്ള സമൂഹം എന്നത് കൃത്യമായ ഇടപെടലിലൂടെ വാർത്തെടുക്കേണ്ട ഒന്നാണ്. അതിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന സമൂഹങ്ങളെ, അത് സ്ത്രീകൾ ആകട്ടെ, ട്രാൻസ് വിഭാഗങ്ങൾ ആകട്ടെ, ജാതിയുടെ, മതത്തിന്റെ പേരിൽ അരികുവത്കരിക്കപ്പെടുന്നവർ അങ്ങനെ ആരുമാകട്ടെ, അവരെ അപമാനിക്കുന്നത് സ്വീകാര്യമായ ഒന്നല്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ആവണം കുട്ടികളോട് സംവദിക്കേണ്ടത്. സമൂഹത്തിൽ ഇന്ന് പിന്തുടരുന്ന മാതൃകകളും സന്ദേശങ്ങളും നിരന്തരം പരിചയിക്കുന്ന കുട്ടികൾ പിന്നെ ഏത് വിധത്തിൽ തുല്യതയും 'മാന്യത'യും മനസിലാക്കുന്ന ആളുകളായിത്തീരും എന്നാണ് നാം കരുതേണ്ടത്? അച്ഛനെയും അമ്മയെയും സഹോദരിയെയും 'സാത്താന് വേണ്ടി കൊന്ന' കേഡലിനെ പോലെ, കുട്ടികളെ വാർത്തെടുക്കുന്ന സമൂഹത്തിൽ നിന്നും നാം ഇനിയും എന്താണ് പ്രതീക്ഷിക്കുന്നത്?

നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു പഠിക്കേണ്ടതും നല്ലതെന്നു തിരിച്ചറിഞ്ഞു പിന്തുടരേണ്ടതും എന്താണ് എന്ന് പഠിപ്പിക്കാൻ നമുക്ക് വേണ്ടത് ശരിയായ മാതൃകകളാണ്. നല്ല ഫീസ് വാങ്ങുന്ന സ്‌കൂളിൽ, ചടുലമായി ഇംഗ്ളീഷ് സംസാരിക്കുന്ന സ്‌കൂളുകളിൽ പ്രവേശനം നേടാൻ, നല്ല ജോലി ലഭിക്കാൻ, സമൂഹത്തിൽ മാന്യതയുള്ള ജീവിതം ഉണ്ടാവാൻ നമ്മൾ അവരുടെ കുട്ടിക്കാലം മുതലേ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാണ്. അതിനു കൊടുക്കുന്ന ശ്രദ്ധയുടെ പത്തുശതമാനമെങ്കിലും നൽകണം അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്താൻ. അതുകൊണ്ട് ഡൽഹി സ്‌കൂളിൽ ആ റേപ്പ് ജോക്കുകൾ എഴുതിയ, അതിനു കൈയടിച്ച, നിശബ്തമായി കേട്ട ഓരോ കൗമാരക്കാരനെയും കൗമാരക്കാരിയെയും വാർത്തെടുത്തത് നമ്മൾ, മുതിർന്ന, എല്ലാം തികഞ്ഞതെന്നു കരുതുന്ന ആളുകൾ തന്നെയാണ് എന്നതുമോർക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അനശ്വര കെ.

അനശ്വര കെ.

സി-ഡിറ്റിൽ മീഡിയ കണ്ടെന്റ് അനലിസ്റ്റ്

Next Story

Related Stories