ഫാസിസത്തിന് മുൻപിൽ ന്യായാധിപന്മാർക്കും മുട്ട് വിറക്കുന്നുവോ എന്ന ആശങ്ക ജനിപ്പിക്കാൻ പോന്നതാണ് രാജ്യ തലസ്ഥാനത്തെ കലാപ ഭൂമിയാക്കിയ സംഭവ വികാസങ്ങൾക്കു ഹേതുവായ വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ ഉടനെ കേസെടുക്കേണ്ടെന്ന ഡൽഹി ഹൈക്കോടതിയുടെ തീരുമാനം. നാടിനെ കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ കേന്ദ്ര മന്ത്രിക്കും ബി ജെ പി നേതാക്കൾക്കുമെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലായെന്നു ചോദിച്ച ഒരു ന്യായാധിപനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതിനു തൊട്ടു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഈ തീരുമാനം എന്നത് ഇത്തരം ഒരു ആശങ്കയെ കൂടുതൽ ബലപ്പെടുത്തുന്നു. ഇന്ദിര യുഗത്തിലെ പ്രഖ്യാപിത അടിയന്തരാവസ്ഥയെ വീണ്ടും ഓർമപ്പെടുത്തുന്നു മോദി -ഷാ ഭരണത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു തന്നെയാണ് കേവലം രണ്ടു ദിവസങ്ങൾക്കുള്ളിൽ നീതിപീഠത്തിന്റെ മനസ്സിൽ വന്ന ഈ മാറ്റം സൂചിപ്പിക്കുന്നത്.
അല്ലെങ്കിലും മോദി-ഷാമാർ വാഴുന്ന ഇന്ത്യയിൽ, അമേരിക്കയുടെ ദുഃഖമായി മാറിയ ട്രംപദ്ദേഹത്തെ അവർ വിരുന്നൂട്ടുന്ന വേളയിൽ, അതിനായി ചേരികളിലെ ദാരിദ്ര്യം വേലികെട്ടി മറയ്ക്കുന്ന രാപ്പകലുകളിലൊന്നിൽ, കേരളക്കരയിലെ കൊച്ചിയിലെ മരടിലെ അനധികൃത ഫ്ളാറ്റുകളത്രയും കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം പൊളിച്ചടുക്കാൻ ഉത്തരവിട്ട ഉത്തമരിൽ ഉത്തമൻ എന്ന് നാം അറിയാതെ വാഴ്ത്തിപ്പാടിയ ജസ്റ്റിസ് അരുൺ മിശ്ര ജയ് മോദി വിളിച്ച ഇന്ത്യയിൽ ഇതും ഇതിനപ്പുറവും നടക്കുമെന്ന് അറിയാതെ പോകുന്ന നമ്മൾ തന്നെയാണ് യഥാർത്ഥ മണ്ടന്മാർ. ഇനിയെന്നാണ് ഫാസിസത്തിന്റെ (അത് കേന്ദ്രത്തിൽ ആയാലും കേരളത്തിൽ ആയാലും) യഥാർത്ഥ രൂപവും കോലവും അർത്ഥവും വ്യാപ്തിയുമൊക്കെ നാം തിരിച്ചറിയുക എന്നൊരു ഭീതി കൂടി ഈ ആശങ്കക്കൊപ്പം വളരുന്നുണ്ട്. തലസ്ഥാന നഗരി കത്തിയെരിയുമ്പോൾ എന്തുകൊണ്ട് പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുന്നുവെന്നും കലാപത്തിന് തിരികൊളുത്തിയ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്തുകൊണ്ടു നടപടി എടുക്കുന്നില്ല എന്നും ചോദിച്ച ജസ്റ്റിസ് എസ് മുരളീധരന്റെ ചോദ്യത്തിന് നൽകിയതിൽ കൂടുതലായ മറുപടിയൊന്നും സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഡിവിഷൻ ബെഞ്ച് മുൻപാകെ ബോധിപ്പിച്ചില്ലെങ്കിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള സമയമാണിപ്പോൾ എന്നും അതിനിടയിൽ വിദ്വേഷ പ്രസംഗകർക്കെതിരെ കേസെടുക്കുന്നതു ശരിയല്ലെന്നുമുള്ള ടിയാന്റെ തന്നെ വാദത്തെ അംഗീകരിച്ചുകൊണ്ടാണത്രെ കോടതി ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് ഇത്തരത്തിൽ ഒരു സ്ഥലം മാറ്റം നേരത്തെ തന്നെ കൊളീജിയം ശിപാർശ ചെയ്തിരുന്നുവെന്നതാണ്. രാജ്യ തലസ്ഥാനം കത്തിയെരിയുമ്പോൾ സമാധാന പാലനത്തിനു ആഹ്വാനം ചെയ്യാൻ പോലും മറന്നു പോയ നമ്മുടെ രാഷ്ട്രപതിക്ക് പക്ഷെ കൊളീജിയത്തിന്റെ ആ പഴയ ശിപാർശയിൽ ഒപ്പുവെക്കാൻ അധിക നേരമൊന്നും വേണ്ടിവന്നില്ല എന്നതും ഈ രാജ്യം എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു ഏതാണ്ട് വ്യക്തമാക്കുന്നുണ്ട്. അല്ലെങ്കിലും കച്ചവടക്കാർ വാഴ്വും വീറും പ്രകടിപ്പിക്കുന്ന വേളയിൽ സാധാരണ പൗരന് എന്ത് കാര്യം. പൗരത്വത്തിന്റെ പേരിൽ കലപില കൂട്ടുന്ന ഇക്കൂട്ടരെ ഉൻമൂലനം ചെയ്യുന്നതിനിടയിൽ ഇടപെടാൻ ഒരു ന്യായാപാധിപനു എന്തിത്ര ധൈര്യം? നീതിന്യായ കോടതികളും ന്യായാധിപന്മാരും ഒന്നും അല്ലെന്നു തെളിയിച്ചു തന്ന ഒരു അടിയന്തരാവസ്ഥ കാലം ഈ രാജ്യം അനുഭവിച്ചതാണ്. അതുകൊണ്ടു തന്നെ അഞ്ചു പതിറ്റാണ്ടിലേറെ ഇന്ത്യയെ ഭരിച്ചു മുടിച്ച കോൺഗ്രസിന് കൃത്യമായ മറുപടി ഇല്ലെന്നു മുഴുവൻ ജനത്തിനും അറിയാം എന്ന ഒരു ഹുങ്ക് കൂടി ഉത്പാദിപ്പിക്കുന്നുണ്ട് നീതിപീഠത്തെ കൂടി ബന്ദി ആക്കുന്ന ഈ ഏർപ്പാട് എന്ന് പറയാതെ തരമില്ല. സത്യത്തിൽ രായ്ക്കുരാമാനം ട്രാൻസ്ഫർ ചെയ്യപ്പെട്ട ജസ്റ്റിസ് മുരളീധർ ചെയ്ത കുറ്റം എന്താണ്? ഡൊണാൾഡ് ട്രംപ് എന്ന ഒരു പുത്തൻ പണക്കാരൻ, അതും ലോകം പുച്ഛത്തോടെ കാണുന്ന ഒരേ സമയം കോമാളിയും സ്ത്രീ വിരുദ്ധനും അതിലേറെ യുദ്ധക്കൊതിയനും സംഘത്തിനും വിരുന്നൊരുക്കുന്ന തിരക്കിനിടയിൽ പെട്ടുപോയ കേന്ദ്ര അഭ്യന്തര മന്ത്രി കാണാതെ പോയ ഇന്ത്യൻ കലാപം തടയുന്നതിൽ വീഴ്ച വരുത്തിയ പോലീസിനെയും ഭരണകൂടത്തെയും വിമർശിച്ചതോ? ഫാസിസത്തിൽ ചോദ്യങ്ങൾ ഇല്ല തന്നെ. ഉത്തരങ്ങൾ വരും, പിന്നീട്, അതും ഭരണകൂടത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ പോന്ന ഉത്തരങ്ങൾ. അല്ലെങ്കിലും ചോദ്യങ്ങളും ഉത്തരങ്ങളും പരസ്പരം സമ്മേളിക്കുന്ന ഇടമല്ല ഫാസിസ്റ്റ് മുഖമുള്ള ജനാധിപത്യത്തിന്റേത് എന്ന് പലരും മുൻപേ കാണിച്ചു തെളിയിച്ചു തന്നതാണ്. അത്തരം ഒരു പരീക്ഷണത്തിലേക്കു തന്നെയാണ് മോദി - ഷാ കൂട്ടുകെട്ടും അവരെ നയിക്കുന്ന ആർ എസ് എസ്സും നീങ്ങുന്നതെന്നറിയാൻ വെറുതെ, വെറും വെറുതെ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹി ഹൈക്കോടതിയുമായി ബന്ധപ്പെട്ടു അരങ്ങേറിയ സംഭവങ്ങൾ തന്നെ ധാരാളം. തങ്ങളെ വിമർശിച്ച ന്യായാധിപനെ തല്ക്കാലം ഉൻമൂലനം ചെയ്തില്ലെങ്കിലും രാവേറെ ചെല്ലും മുൻപ് തന്നെ കുത്തിന് പിടിച്ചു പുറത്താക്കി മുസ്സോളിനിയും ഹിറ്റ്ലറുമൊക്കെ വെറും ചരിത്രമല്ലയെന്നു തെളിയിച്ചിരിക്കുന്നു ഇന്ത്യ മഹാരാജ്യത്തിന്റെ പുതിയ കാവലാളുകൾ. അതിലേറെ മറ്റൊരു കാര്യം കൂടി ഇന്നലത്തെ കോടതി തീരുമാനത്തിലൂടെ അവർ ഒരു മുന്നറിയിപ്പായി മുന്നോട്ടു വെക്കുകയും ചെയ്തിരിക്കുന്നു. മേലാൽ ഭരണകൂടത്തിനെതിരെ മിണ്ടിയാൽ ഇതായിരിക്കില്ല, ഇതിലേറെ ആയിരിക്കും അനുഭവം എന്ന സന്ദേശം തന്നെയാണ്. എന്നുവെച്ചാൽ ഇനിയങ്ങോട്ട് ഇന്ത്യ എന്താണ് അല്ലെങ്കിൽ എങ്ങിനെ ആയിരിക്കും എന്ന് മാളോരേ ബോധ്യപ്പെടുത്താനുള്ള ഒരു വലിയ അജണ്ടയുടെ ഡ്രസ് റിഹേഴ്സൽ മാത്രമായിരുന്നു ഡൽഹി കലാപം എന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. ഡൽഹി ഭരിക്കുന്നത് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ ആണെങ്കിലും ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അന്നെന്നതിനാൽ പോലീസിനെതിരെയുള്ള ജസ്റ്റിസ് മുരളീധരന്റെ വിമർശം സ്വാഭാവികമായും ചെന്നു തറക്കുക ഷായിൽ തന്നെയാണ്. ഇതേ അമിത് ഷാ പ്രതിക്കൂട്ടിൽ ആയപ്പോൾ അതിന്റെ ശിക്ഷ ജീവൻ കൊണ്ടും തൊഴിൽ പരമായും ഏറ്റുവാങ്ങേണ്ടി വന്ന ചില ന്യായാധിപന്മാർ ഉണ്ടെന്നതും മറക്കരുത്. ഷഹറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി ബി ഐ പ്രത്യേക കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ചുരുൾ ഇനിയും അഴിഞ്ഞിട്ടില്ല. ഇതേ കേസിൽ അമിത് ഷായെ രണ്ടു ദിവസം പോലീസ്സ് കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ് അരുൺ ഖുറേഷി ഇന്ന് ഒരു തലപ്പന്തിന്റെ അവസ്ഥയിലാണ്. നീതിയും നിർവഹണവും ഭരിക്കുന്നവരുടേതു മാത്രമാകുമ്പോൾ വിധി, അതും സത്യസന്ധമായി, പറയാൻ ആർക്കും ആവില്ലെന്നതിന്റെ മറ്റൊരു തെളിവാണ് ജസ്റ്റിസ് കെ എം ജോസഫ് . 2016 ൽ ഉത്തരാഖണ്ഡിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണത്തെ റദ്ദ് ചെയ്തതിന്റെ പേരിൽ ഇന്നും ക്രൂശിക്കപ്പെടുന്ന ഒരാളായി തന്നെ വേണം അദ്ദേഹത്തെയും കാണാൻ. അപ്പോൾ പിന്നെ ഈ നീതിന്യായ വ്യവസ്ഥകൊണ്ട് ആർക്കാണ് ഗുണം എന്ന ചോദ്യം നീതി നടപ്പിലാക്കണം എന്നു കരുതുന്ന ഏതൊരു ന്യായാധിപനെയാണ് വേട്ടയാടുകയും ഉത്കണ്ഠപ്പെടുത്താതിരിക്കുക്കയും ചെയ്യുക എന്നതാണ് ഇന്നിപ്പോൾ നമുക്ക് മുന്നിലുള്ള പ്രധാന ചോദ്യം. മോദി ഭദ്രമായ, അതിനൊപ്പം ഇപ്പോൾ ട്രംപിടം എന്നുകൂടി വിളിക്കേണ്ടി വരുന്ന ഇന്ത്യ മഹാരാജ്യമോ, അതോ ഹിന്ദു മഹാരാജ്യമോ എന്ന ആശങ്ക നിലനിൽക്കുന്ന രാജ്യ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തില് നിരവധി പേർ കൊലചെയ്യപ്പെടുകയും അതിലേറെപ്പേർ പാതി മൃത്യു വരിക്കുകയും ചെയ്തിരിക്കുന്നു. ആശുപത്രികളിൽ കിടക്കുന്ന ഇവരിൽ എത്ര പേർ ജീവിക്കും എന്നതിനേക്കാൾ ഉത്കണ്ഠ ഉയർത്തുന്നതാണ് തെരുവുകളിലെ ഗട്ടറുകയിൽ നിന്നും പുതുതായായി കണ്ടെത്തപ്പെടുന്ന ശവശരീരങ്ങൾ. ഗട്ടറുകൾ മാത്രമല്ല, കത്തിയമർന്ന വീടുകളിൽ നിന്നു പോലും കത്തി എരിഞ്ഞു വെറും കോലം കെട്ടുപോയ ചില അസ്ഥികൂടങ്ങളും നമ്മളെ മാത്രമല്ല ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നോക്കി ഇളിച്ചു കാട്ടുന്നുണ്ട്. കലാപത്തിന്റെ ഇരകൾ ആയ ഇവർക്ക് പുനർജനി നൽകുമെന്ന് പറയുന്ന ആർ എസ് എസ് അജണ്ട ഇതെഴുതുന്ന വിരൽ തുമ്പിൽ ഇല്ല. എങ്കിലും ഒരുപാട് ഒരുപാട് ഓടിയ വിരലുകൾക്കും പാടിയ നാവിനും ഒരു കാര്യം വ്യക്തമാണ്. 'കാണരുത് , കേൾക്കരുത്, മിണ്ടരുത് ' എന്ന് അർഥം വരുന്ന ആ മൂന്നു കുരങ്ങന്മാരുടെ പ്രതിമകൾ ട്രംപിന് നൽകുക വഴി മാന്യ മഹാദേവൻ മോദിജി നൽകിയത് അമേരിക്കക്കു കൂടിയുള്ള സന്ദശം തന്നെയാണ്. എന്നുവെച്ചാൽ ഇവിടെ, ഞാൻ വാണരുളുന്ന എന്റെ മഹാ രാജ്യത്തു പലതും നടക്കും. അതിൽ ഇടപെടരുതെന്ന കൃത്യമായ സന്ദേശം. രണ്ടു ചീഞ്ഞ കച്ചവടക്കാർ ചേർന്നാൽ എന്താവും ലോകത്തിന്റെ ഗതി എന്നതും നേരത്തെ ട്രംപും മോദിയും കോടികൾ പൊടിപൊടിച്ചു പരസ്പരം ചൊറിയുന്ന ഇത്തവണത്തെ ' നമസ്തേ ട്രംപ് ' എന്ന വെള്ളരി നാടകത്തിലും വ്യക്തമായിരുന്നു.
ഫ്രാൻസ് കാഫ്കയുടെ കൃതികൾ ഒരാവർത്തി കൂടി ഇന്ത്യൻ ജനത വായിക്കേണ്ട കാലമാണിതെന്നു തോന്നുന്നു. നമ്മുടെ ഇന്ത്യൻ വ്യവസ്ഥയും ഒട്ടും വിഭിന്നമല്ല എന്നതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു വിനീത നിർദ്ദേശം.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)