TopTop
Begin typing your search above and press return to search.

സ്പ്രിങ്ക്ളർ അല്ല, ഡാറ്റ പ്രൈവസിയാണ് പ്രശ്നം; കൊറോണയുടെ മറവിൽ സർക്കാർ വ്യക്തിഗത വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയോ? ജോസഫ് സി. മാത്യു സംസാരിക്കുന്നു

സ്പ്രിങ്ക്ളർ അല്ല, ഡാറ്റ പ്രൈവസിയാണ് പ്രശ്നം; കൊറോണയുടെ മറവിൽ സർക്കാർ വ്യക്തിഗത വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയോ?  ജോസഫ് സി. മാത്യു സംസാരിക്കുന്നു

(കൊറോണ വൈറസ് ബാധയുടെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കയിലെ സ്വകാര്യ കമ്പനിക്ക് കൈമാറുന്ന കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടുവെന്ന ഗുരുതര ആരോപണം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ സ്പിംഗ്ലറുമായി ഏര്‍പ്പെട്ട കരാര്‍ റദ്ദാക്കുകയും ഇവരുടെ പരസ്യ വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ള സംസ്ഥാന ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിവാദമായ സാഹചര്യത്തില്‍, വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഐ.ടി ഉപദേശകനായിരുന്ന ജോസഫ് സി. മാത്യു സംസാരിക്കുന്നു)

ഡാറ്റ സംബന്ധിച്ച് വ്യക്തമായ ഒരു നയം സർക്കാരിന് വേണം. എന്നാൽ ഡാറ്റയെ ഒരു വിലയുമില്ലാത്ത രീതിയിലാണ് ഭരിക്കുന്നവർ എല്ലായ്പ്പോഴും കൈകാര്യം ചെയ്യുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്റെ ഭാഗമായി ഇ-ഗവേണന്‍സ് സംബന്ധിച്ച് ഒരു പഠനം നടത്തുന്നുണ്ട്. പല വകുപ്പുകളുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ആരോഗ്യമേഖലയുടേത് പോലെ ഓവര്‍ സെന്‍സിറ്റീവ് ആയ ഡാറ്റ, ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല എന്നത് അടിസ്ഥാനപരമായ കാര്യമാണ്. എന്നാല്‍ ഹെല്‍ത്ത് ഡാറ്റ ഏറ്റവും മോശമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. സ്പ്രിങ്ക്ളർ എന്ന് പറയുന്ന ഈ കമ്പനിയുമായി ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഡാറ്റ പ്രൊട്ടക്ഷന്‍ സംബന്ധിച്ച വ്യവസ്ഥ എന്താണ്? ഞാന്‍ മനസ്സിലാക്കുന്നത് അങ്ങനെയൊന്നില്ല എന്നാണ്. സെക്രട്ടറിതല ചര്‍ച്ച തന്നെ നടക്കുന്നത് കഴിഞ്ഞ ദിവസമാണ്. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഫേസ്ബുക്ക് പേജിലും മറ്റും സ്പ്രിങ്ക്‌ളര്‍ കമ്പനി അവകാശപ്പെടുന്നു.

ഇതാദ്യമായല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. കിരണ്‍ പദ്ധതിയില്‍ കേരള സര്‍ക്കാരിന്റെ പദ്ധതി നടത്തുന്നത് തങ്ങളാണെന്ന് പറഞ്ഞ് കനേഡിയന്‍ കമ്പനിയായ പിഎച്ച്ആര്‍ഐ പരസ്യം കൊടുത്തു. ഇവിടെ അത് വാര്‍ത്തയും വിവാദവുമായപ്പോള്‍ കമ്പനി ഈ അവകാശവാദം പിന്‍വലിച്ചു. ഇവിടെ വാര്‍ത്തയായപ്പോള്‍ അതെങ്ങനെ ഇവരറിഞ്ഞു. വിദേശ ഏജന്‍സികളുമായി എന്തടിസ്ഥാനത്തിലാണ് ഡാറ്റ പങ്കുവയ്ക്കുന്നത്. ഇത് നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇത് തന്നെയാണ് നടന്നിരുന്നത്. അന്നും പിഎച്ച്ആര്‍ഐ ഇതില്‍ വന്നിരുന്നു. അന്ന് വി.എസ് അച്യുതാനന്ദന്‍ ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുകയും സര്‍ക്കാര്‍ ഇത് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

ആരോഗ്യമേഖലയില്‍ ഇത് സ്ഥിരം നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍സിസി അടക്കം ഉള്‍പ്പെട്ട ഡിജിറ്റല്‍ നെര്‍വ് പ്രോജക്ട് ഉണ്ട്. ഇതിന്റെയൊക്കെ വ്യവസ്ഥയെന്താണ്? രോഗികളോട് പറഞ്ഞ് അവരുടെ സമ്മതം വാങ്ങിയിട്ടാണോ ഇവര്‍ ധാരണാപത്രം ഒപ്പിടുന്നത്? ഇതെല്ലാം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഏത് ദുരന്തമുണ്ടായാലും ഡാറ്റ മോഷണത്തിന് ശ്രമിക്കുന്നവരുണ്ട്. ആരെങ്കിലും ഒളിഞ്ഞുനോക്കിയാല്‍, ഫേസ്ബുക്കില്‍ ഒരു സ്ത്രീയെ ആക്രമിച്ചാല്‍ ഒക്കെ സര്‍വൈലന്‍സ് കൊണ്ടുവരാനുള്ള ശ്രമം നടക്കും. പണ്ട് നമ്മള്‍ സാമ്രാജ്യത്വ ഗൂഢാലോചന എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ കളിയാക്കുമായിരുന്നു. കളിയാക്കിയാലും കുഴപ്പമില്ല, അതൊരു യാഥാര്‍ത്ഥ്യമാണ്. അത് ഏതെങ്കിലും രാജ്യത്തെക്കുറിച്ച് പറയുന്നതല്ല. പൗരന്മാരെ നിരീക്ഷണത്തില്‍ നിര്‍ത്തി ഭരിക്കുക എന്നത് സ്റ്റേറ്റിന്റെ അജണ്ടയാണ്. ദൈവം സംസാരിക്കും, മാധ്യമങ്ങൾ അത് ചോദ്യം ചെയ്യാതെ പ്രചരിപ്പിക്കും എന്നതാണ് കൊവിഡ് കാലത്ത് സംഭവിക്കുന്നത്. മാധ്യമങ്ങൾ വചനപ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾ മരണഭയത്തിൽ നിൽക്കുമ്പോൾ ദൈവത്തിനേ രക്ഷിക്കാൻ കഴിയൂ എന്ന നിലയാണുള്ളത്. ഇത് ഉപയോഗപ്പെടുത്തി ഡാറ്റ പ്രൈവസി ലംഘനം നടക്കുന്നു. ഡാറ്റ മോഷണം രണ്ടാമത്തെ പ്രശ്നമാണ്. കള്ളന്മാരെ കാവലേൽപ്പിക്കുന്നതാണ് പ്രശ്നം. സ്പ്രിങ്ക്ളറിൻ്റെ വീഡിയോയിൽ എങ്ങനെയാണ് വന്നത് എന്ന് ഐടി സെക്രട്ടറി പറയേണ്ടതുണ്ട്. സർക്കാരിൻ്റെ അറിവോടെയായിരിക്കണമല്ലോ ഇത്.

സ്പ്രിങ്ക്ളർ ലോകത്ത് ആരൊക്കെയായിട്ട് വേണമെങ്കിലും സഹകരിച്ചോട്ടെ. അതല്ല പ്രശ്നം. ആരാണ് ഈ ഡാറ്റ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രശ്നം. അത് ആരോഗ്യ വകുപ്പാണോ, അതോ സ്പ്രിങ്ക്ളറാണോ. സ്പ്രിങ്ക്ളർ ആണെങ്കിൽ അതിനർത്ഥം നയപരമായ തീരുമാനപ്രകാരം, ഈ ഡാറ്റ ഔട്ട്സോഴ്സ് ചെയ്തിരിക്കുന്നു എന്നാണ്. അതാണെങ്കിൽ അവർക്ക് ഡാറ്റ കാണാം. അല്ലെങ്കിൽ കാണാൻ പാടില്ല. സ്വകാര്യ കമ്പനിക്ക് സോഫ്റ്റ് വെയർ ഉണ്ടാക്കി നൽകാം. പക്ഷെ ഡാറ്റ അവർക്ക് നൽകരുത്. സോഫ്റ്റ് വെയറിനേയും ഡാറ്റയേയും വേറെ തന്നെ കാണണം. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സൌജന്യമായി ഉണ്ടാക്കിക്കൊടുക്കാം എന്ന് പറഞ്ഞ ഡോക്ടറെ എനിക്കറിയാം. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. ഈ പ്ലാറ്റ്ഫോം തയ്യാറാക്കാമെന്ന് പറഞ്ഞ് ഐടി വകുപ്പിനെ സമീപിച്ച ഐടി പ്രൊഫഷണലുകളേയും അറിയാം. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ആപ്പ് ഡെവലപ്പ് ചെയ്തവരുടെ കാര്യം മന്ത്രിമാർ അടക്കമുള്ളവരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അന്ന് പായിപ്പാട് പ്രശ്നമുണ്ടായപ്പോൾ കളക്ടറേറ്റിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇത്തരത്തിൽ സംവിധാനം ചെയ്തു തരാനുള്ള ടീം റെഡിയാണ് എന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്.

സോഷ്യൽ പ്രൊഫൈലിംഗ് നടത്താൻ മാത്രമുള്ള ശേഷി സ്പ്രിങ്ക്ളറിനുണ്ടെന്ന് കരുതുന്നില്ല. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ഏതെങ്കിലും വൻകിട കമ്പനികൾക്കായി ഇവർ പ്രവർത്തിക്കുന്നുണ്ടാകാം. സോഷ്യൽ പ്രൊഫൈലിംഗ് എന്ന് പറയുന്നത് വളരെ ഇൻ്റൻസീവ് ആയി ചെയ്യുന്നതാണ്. എല്ലാവർക്കും അത് സാധിക്കില്ല. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കാര്യം തന്നെയെടുക്കാം. അതേസമയം, ഇത്തരം ഇൻ്റർഫേസുകളിലൂടെ ഡാറ്റ ശേഖരിക്കാം. അത് വിൽക്കാം. വാഹൻ ഡാറ്റബേസ് (ദേശീയ വാഹന രജിസ്റ്റർ) നോക്കൂ, സാമ്പത്തിക സർവേയിൽ വലിയൊരു വരുമാനമായി പറഞ്ഞിരിക്കുകയാണ്. സർക്കാർ ഈ വിവരം വിൽക്കുകയാണ്.

സർക്കാർ എങ്ങനെ ഇവരെ ഷോർട്ട് ലിസ്റ്റ് ചെയ്തു? ഇത്തരത്തിലൊരു സ്വകാര്യ സ്ഥാപനത്തെ ഷോർട്ട് ലിസ്റ്റ് ചെയ്യാൻ സർക്കാർ താത്പര്യപ്പെട്ടോ? ഉണ്ടെങ്കിൽ അവരുമായുള്ള കരാർ എന്താണ്? വ്യക്തികളുടെ വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ എന്ത് സുരക്ഷിതത്വമാണ് ഇതിലുള്ളത്? ഇത്തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ വ്യക്തികളുടെ അനുമതി തേടിയിരുന്നോ? ഇതെല്ലാമാണ് പ്രശ്നം. സർക്കാരിനാണ് എന്ന് കരുതിയാണ് ആളുകൾ വിവരങ്ങൾ നൽകുന്നത്. എന്നാൽ വിവരം ലഭിക്കുന്നത് സ്വകാര്യ കമ്പനിക്കാണ്. ഐടി വകുപ്പ് ഇതിലും വലുത് ചെയ്യാനാണ് ആലോചിച്ചിരുന്നത്. ഡാറ്റ സംബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ വരെ ആലോചിച്ചിരുന്നു. ഹെൽത്ത് ഡാറ്റയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഏറെക്കാലമായി ഇത് ചെയ്തുവരുന്നുണ്ട്. ഏറ്റവും വിലയുള്ളത് ഹെൽത്ത് ഡാറ്റയ്ക്കാണ്. സർക്കാരിൻ്റെ ഭാഗമായവർ ഒരു പക്ഷെ അടിയന്തരാവശ്യമെന്ന നിലയ്ക്ക് ഇതിൻ്റെ മറ്റ് പ്രശ്നങ്ങൾ പരിശോധിക്കാതെ പോകുന്നുണ്ടാകാം. എന്നാൽ ഇത്തരം പദ്ധതികളുടെ ഭാഗമാകുന്ന കമ്പനികൾ നടത്തുന്ന ഡാറ്റ മോഷണം പ്രശ്നം തന്നെയാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സ്വകാര്യ കമ്പനികളെ ഇതിൻ്റെ ഭാഗമാക്കുന്നത് എങ്കിൽ അത് നയരൂപീകരണം നടത്തുന്നവരുടെ പിടിപ്പുകേടാണ് എന്ന് പറയേണ്ടി വരും.

വിഎസ് മുഖ്യമന്ത്രിയായിരിക്കെ, ഡാറ്റ സെൻ്റർ റിലയൻസിന് കൈമാറിയത് വിവാദമായിരുന്നു. എന്നാൽ അന്ന് ഡാറ്റ നൽകിയിരുന്നില്ല. ഇൻഫ്രാസ്ട്രക്ചർ മെയിൻ്റനൻസ് മാത്രമാണ് നൽകിയിരുന്നത്. ഡാറ്റ നൽകാൻ പാടില്ല എന്ന് അന്ന് വ്യക്തമായി തീരുമാനിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ടർ മെയിൻ്റനൻസും പൊതുമേഖലാ സ്ഥാപനത്തിന് കൈകാര്യം ചെയ്യാമെങ്കിൽ അത് തന്നെയാണ് നല്ലത്. എന്നാൽ ഡാറ്റ ഒരു കാരണവശാലും കൈമാറാൻ പാടില്ല. ഡിഎൻഎസ് (ഡൊമെയ്ൻ നെയിം സിസ്റ്റം) ഓണർ കേരള സർക്കാരാണോ സ്പ്രിങ്കളാറാണോ എന്നതാണ് പ്രശ്നം. ഇവിടെ ഡാറ്റ സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കുകയല്ല ചെയ്യുന്നത്. മറിച്ച് അവർക്ക് അത് വിട്ടുകൊടുക്കുകയാണ്. പിന്നെ അവരാണ് ഇത് ഗവൺമെൻ്റിന് കൊടുക്കുന്നത്.

തയാറാക്കിയത്: സുജയ് രാധാകൃഷ്ണന്‍

Also Read: കൊറോണക്കാലത്തെ മലയാളി ജീവിതം


ജോസഫ് സി. മാത്യു

ജോസഫ് സി. മാത്യു

മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഐടി ഉപദേശകന്‍

Next Story

Related Stories