TopTop
Begin typing your search above and press return to search.

1962-ല്‍ ചൈനയില്‍ നിന്നേറ്റ പരാജയത്തില്‍ വി.കെ കൃഷ്ണമേനോന് എത്രത്തോളം പങ്കുണ്ട്?

1962-ല്‍ ചൈനയില്‍ നിന്നേറ്റ പരാജയത്തില്‍ വി.കെ കൃഷ്ണമേനോന് എത്രത്തോളം പങ്കുണ്ട്?

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും പരിശോധിക്കേണ്ട ഒന്നാണ് 1962-ലെ യുദ്ധത്തില്‍ നേരിട്ട തിരിച്ചടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

1962-ലെ തിരിച്ചടിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അന്നത്തെ സൈനിക നടപടികളില്‍ ഉള്‍പ്പെട്ട നിരവധിയാളുകളുടെ പേരുകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈ തിരിച്ചടിയുടെ ഏറ്റവും ഉത്തരവാദിയെന്ന നിലയില്‍, 'വില്ലന്‍ നമ്പര്‍-1' എന്ന രീതിയില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന ഒരു പേരാണ് വി.കെ കൃഷ്ണമേനോന്‍. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വൈശിഷ്ടമാര്‍ന്ന വ്യക്തിത്വങ്ങളിലൊന്നായ കൃഷ്ണമേനോനെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ട്?

മൂന്ന് തവണ പാര്‍ലമെന്റംഗമായിരുന്നു കൃഷ്ണമേനോന്‍. അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളാകട്ടെ, ട്രിവാന്‍ഡ്രം, മിഡ്‌നാപ്പൂര്‍, നോര്‍ത്ത് ബോംബെ എന്നിവയും. ഒരു സെന്‍ട്രല്‍-ലെഫ്റ്റിസ്റ്റ് രാഷ്ട്രീയക്കാരന്‍, മികച്ച പ്രാസംഗികനുമായിരുന്നു കൃഷ്ണമേനോന്‍. 1957-ല്‍ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ അതുവരെയുള്ള ചരിത്ത്രില്‍ ഏറ്റവും ദീര്‍ഘമായ പ്രസംഗം നടത്തി റിക്കോര്‍ഡിട്ട വ്യക്തി കൂടിയാണ്. രണ്ടു ദിവസമായി എട്ടു മണിക്കൂറിലധികം നീണ്ടുനിന്ന ആ പ്രസംഗത്തിനൊടുവില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പ്രശസ്തമായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ ഭാഗമായിരുന്ന പെലിക്കന്‍ന്റെ സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം.

ഇതൊക്കെയുള്ളപ്പോഴും അദ്ദേഹം പലപ്പോഴും ഓര്‍മിപ്പിക്കപ്പെടുന്നത് 1962-ലെ യുദ്ധത്തില്‍ ചൈനയില്‍ നിന്നേറ്റ പരാജയത്തിന്റെ പേരിലാണ്. 1957 മുതല്‍ അഞ്ചര വര്‍ഷക്കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു കൃഷ്ണ മേനോന്‍. എന്നാല്‍ അല്‍പ്പം കൂടി പിറകിലേക്ക് പോയാല്‍, അതായത്, 1952 മുതല്‍ 1957 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍, അന്താരാഷ്ട്ര തലത്തില്‍ ആഘോഷിക്കപ്പെടുന്ന നയതന്ത്രജ്ഞനും ജവഹര്‍ലാല്‍ നെഹ്‌റുവിന് തൊട്ടടുത്ത് സ്ഥാനവുമുണ്ടായിരുന്ന ആളായിരുന്നു മേനോന്‍.

മേനോന്‍ ഇടപെടാത്ത വിഷയങ്ങളുണ്ടായിരുന്നില്ല, അതുപോലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആഗോള തലത്തില്‍ ഓരോ വിഷയത്തിലുമുള്ള നയരൂപീകരണത്തില്‍ അത്യധികം സ്വാധീനിക്കപ്പെട്ടു. കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അദ്ദേഹം മുന്നോട്ടുവച്ച പദ്ധതി അമേരിക്കയും ചൈനയും ഒരു പോലെ അംഗീകരിച്ചു. അത് നയിച്ചതാകട്ടെ, ന്യൂട്രല്‍ നേഷന്‍സ് റിപാര്‍ട്രീഷ്യന്‍ കമ്മീഷന്റെ തലത്തേക്കാണ്. കൊറിയന്‍ യുദ്ധം അവസാനിച്ചു കഴിഞ്ഞപ്പോള്‍ തടവുകാരെ പരസ്പരം കൈമാറുന്ന പദ്ധതിക്ക് നേതൃത്വം വഹിച്ചത് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഈ കമ്മീഷനാണ്. 1956-ല്‍ സീയൂസ് കനാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിലും ഇന്ത്യ-ചൈന മേഖലയിലും ലാവോസിലുമുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിലും നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ആയുധ നിരായുധീകരണത്തിനും ആണവ നിര്‍വ്യാപനത്തിനും വേണ്ടി അദ്ദേഹം ശക്തിയുക്തം വാദിച്ചു.

പക്ഷേ, അദ്ദേഹം പ്രതിരോധ മന്ത്രിയായപ്പോള്‍ എവിടെയാണ് പിഴച്ചത്? ഒരുപക്ഷേ അതിന് പറയാവുന്ന ഏറ്റവും നല്ല ഉത്തരം ഇതായിരിക്കും: വി.കെ കൃഷ്ണമേനോന്‍ ഒരിക്കലും പ്രതിരോധ മന്ത്രിയാകാന്‍ പാടില്ലായിരുന്നു. 1959-ല്‍ ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടാവുകയും തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിട്ടുള്ള കത്തിടപാടുകള്‍ സംബന്ധിച്ച് ഇന്ത്യ ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതു സംബന്ധിച്ചുള്ള വിശാലമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ഈ ധവളപത്രം. സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഈ ധവളപത്രത്തില്‍ ചൈന ഇന്നത്തെ അരുണാചല്‍ പ്രദേശിലെ പല ഭാഗങ്ങളിലും നടത്തിയ കടന്നാക്രമണത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ധവളപത്രം പുറപ്പെടുവിക്കുന്നത്, മാര്‍ച്ച് 31-ന് ദലൈലാമ ഇന്ത്യയിലെത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ്. അദ്ദേഹത്തിന് രാഷ്ട്രീയാഭയം നല്‍കിയത് ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

ദൗര്‍ഭാഗ്യകരമെന്നു പറയെട്ട, ഈ സമയത്തു തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയത്തിന്റെ കീര്‍ത്തിയുള്ള ആര്‍മി തലവന്‍ ജനറല്‍ കെ.എസ് തിമ്മയ്യയും കൃഷ്ണമേനോനും തമ്മില്‍ കോര്‍ക്കുന്നത്. .303 റൈഫിള്‍ പോലെ കാലഹരണപ്പെട്ട ആയുധങ്ങളല്ല ഇന്ത്യക്ക് ആവശ്യമെന്നും ബല്‍ജിയന്‍ എഫ്എന്‍4 ഓട്ടോമാറ്റിക് റൈഫിളുകള്‍ ഇന്ത്യ നിര്‍മിക്കണമെന്നുമുള്ള പദ്ധതിയാണ് മേനോന്‍ നിരസിച്ച പ്രധാന ആശയങ്ങളിലൊന്ന്. ഈ പദ്ധതി വേണ്ടെന്നു വച്ചതിനേക്കാള്‍, ഇതിനു പറഞ്ഞ മറുപടിയിലാണ് മേനോന്റെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ പ്രകടമാകുന്നത്. "അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ (North Atlantic Treaty Organisation- NATO)യെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല" എന്നായിരുന്നു അത്. നെഹ്‌റുവിന്റെ അടുപ്പക്കാരന്‍ കൂടിയായിരുന്ന ബി.എം കൗളിനെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് ലഫ്. ജനറലായി നിയമിക്കാന്‍ മേനോന്‍ തീരുമാനിച്ചതും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ഈ ഭിന്നത അതിന്റെ മൂര്‍ധന്യത്തിലെത്തിയതോടെ ജനറല്‍ തിമ്മയ്യ രാജി വയ്ക്കുകയും രാജിക്കത്ത് ദി സ്‌റ്റേറ്റ്‌സ്മാന്‍ ദിനപത്രത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

പത്രത്തിന്റെ ഒന്നാം പേജില്‍ ജനറലിന്റെ വലിയ ചിത്രത്തിനൊപ്പം വലിയ ബാനര്‍ സൈസിലായിരുന്നു രാജിക്കത്ത് പ്രസിദ്ധീകരിച്ചത്. "മേനോനുമായുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജനറല്‍ തിമ്മയ്യ രാജി വയ്ക്കാന്‍ തീരുമാനിച്ചു. മറ്റ് സേനാ തലവന്മാരും രാജി വച്ചേക്കും. (GEN. THIMAYYA DECIDES TO RESIGN OTHER SERVICE CHIEFS MAY FOLLOW SUIT SERIOUS DIFFERENCES WITH MENON) എന്നായിരുന്നു തലക്കെട്ട്. ഈ വിധത്തിലായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്തയെ കൈകാര്യം ചെയ്തത്.

യാദൃശ്ചികമെന്ന് പറയട്ടെ, അതേ ദിവസം തന്നെയാണ് നെഹ്‌റു പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന അയുബ് ഖാനെ കാണാനായി വിമാനത്താവളത്തിലേക്ക് പോയതും. ധാക്കയില്‍ നിന്ന് കറാച്ചിയിലേക്ക് പോകുന്ന വഴി ഇടയ്ക്ക് ന്യൂഡല്‍ഹിയില്‍ ഇറങ്ങിയതായിരുന്നു പാക് പ്രസിഡന്റ്. കൃഷ്ണമേനോന്‍-തിമ്മയ്യ വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷമായ വിധത്തില്‍ പ്രതികരിക്കുകയും പ്രധാനമന്ത്രി അടിയന്തരമായി പ്രസ്താവന നടത്തണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പാക് പ്രസിഡന്റിന്റെ പൊടുന്നനെയുള്ള വരവ് ചൂണ്ടിക്കാട്ടി നെഹ്‌റു പ്രസ്താവന നടത്തുന്നത് ഒരു ദിവസം നീട്ടിയെടുത്തു.

ഒടുവില്‍ നെഹ്‌റുവുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജനറല്‍ തിമ്മയ്യ രാജി പിന്‍വലിച്ചു. എന്നാല്‍ കോട്ടം സംഭവിക്കാനുള്ളതൊക്കെ അപ്പോഴേക്കും സംഭവിച്ചു കഴിഞ്ഞിരുന്നു. അതുപോലെ തന്നെ വി.കെ കൃഷ്ണമേനോന്‍ അന്നു മുതല്‍ ഒരു നോട്ടപ്പുള്ളിയായി മാറുകയും ചെയ്തു. ഇതേ സമയത്തു തന്നെയാണ് കോണ്‍ഗ്രസിനുള്ളില്‍ മേനോനും കെ.ഡി മാളവ്യയും ജി.എല്‍ നന്ദയും ഉള്‍പ്പെടുന്ന ഇടത് / സോഷ്യലിസ്റ്റ് ബ്ലോക്കിനേക്കാള്‍ വലതുപക്ഷ നേതാക്കളായ മൊറാര്‍ജി ദേശായി, എസ്.കെ പാട്ടീല്‍, ജി.ബി പന്ത് എന്നിവര്‍ക്ക് പ്രാധാന്യം കൈവരുന്നതും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ചൈനീസ് തലവന്‍ ഇന്ത്യയില്‍ എത്തിയപ്പോഴാകട്ടെ, മേനോന്‍ ആ സംഘത്തില്‍ ഉള്‍പ്പെട്ടുമില്ല.

ജനറല്‍ തിമ്മയ്യയുടെ രാജിനാടകം ഉയര്‍ത്തിയ കോലാഹലങ്ങളോടെ മേനോന് കമ്യൂണിസ്റ്റുകളുടെ പിന്തുണ ലഭിച്ചു. അമേരിക്കയുടെ കൈയിലെ ഒരു കളിപ്പാവയെന്നാണ് ജനറലിനെ ഇ.എം.എസ് നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത്. ജയറാം രമേശിന്റെ അടുത്തിടെ പുറത്തിറങ്ങിയ വി.കെ കൃഷ്ണമേനോനെക്കുറിച്ചുള്ള ജീവചരിത്രത്തില്‍ അദ്ദേഹം അക്കാലത്തെ രേഖകള്‍ തപ്പിയെടുത്ത് ഇതുവരെ പുറത്തു വരാത്ത ചില കാര്യങ്ങള്‍ പറയുന്നുണ്ട്. തന്റെ വകുപ്പ് മന്ത്രിയായ വി.കെ കൃഷ്ണമേനോനെ കുറിച്ച് വളരെ മോശമായി ജനറല്‍ തിമ്മയ്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് സംസാരിക്കുന്ന കാര്യങ്ങളാണ് അത്.

പക്ഷേ, പ്രതിരോധ മന്ത്രിയെന്ന നിലയില്‍ മേനോനെതിരെയുള്ള വിമര്‍ശനം കോണ്‍ഗ്രസിനുള്ളിലും ഒപ്പം പാര്‍ലമെന്റിലും രൂക്ഷമായി വളര്‍ന്നു വന്നു. അതിലൊന്ന് 1961 ഏപ്രില്‍ 11-ന് ജെ.ബി കൃപലാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ്. "ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നതിനാല്‍ 12,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മേനോന്റെ കീഴില്‍ നമുക്ക് നഷ്ടപ്പെട്ടത്" എന്നായിരുന്നു അത്. 1961 ആയപ്പോഴേക്കും ഇന്ത്യ-ചൈന തര്‍ക്കം പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ നിരന്തര ഏറ്റുമുട്ടലിനുള്ള വിഷയങ്ങളിലൊന്നായി മാറിയിരുന്നു. തന്റെ വിദേശകാര്യ നയത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്നായ 'സൗഹൃദം' ചൈനയുമായി ഉണ്ടാക്കിയ നെഹ്‌റുവിനു നേരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തന്റെ സംഭവബഹുലമായ പൊതുജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു നെഹ്‌റു അപ്പോഴേക്കും. മോഹനിരാസവും ചൈനയുടെ ഭാഗത്തു നിന്നുള്ള ചതിയും അദ്ദേഹത്തെ പരവശനാക്കി.

യുദ്ധസമയത്ത് നോര്‍ത്ത് ഈസ്റ്റ്‌റ ഫ്രോണ്ടിയര്‍ ഏജന്‍സിയെ നയിച്ച ബി.എം കൗളിന്റെ പങ്കാളിത്തവും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍, സൈന്യത്തിന് മേല്‍ സിവിലിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണം വേണം എന്നുള്ള കാര്യത്തില്‍ മേനോന്‍ ശ്രദ്ധാലുവും അത്യുത്സാഹിയുമായിരുന്നു എന്ന് ഒരുപക്ഷേ, നമുക്ക് പറയാന്‍ കഴിഞ്ഞേക്കും. മേനോന്‍ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാനിലെ ആദ്യ പട്ടാള അട്ടിമറി, 1958 ഒക്‌ടോബര്‍ ഏഴിന്, നടക്കുന്നത് എന്നതും ഓര്‍മിക്കേണ്ടതാണ്.

ഇന്ത്യക്ക് മേല്‍ ചൈന ഇത്ര വലിയ ഒരു സൈനികാക്രമണം അഴിച്ചു വിടുമെന്ന് തന്റെ തലവനായ നെഹ്‌റുവിനെ പോലെ മേനോനും ഒരു പക്ഷേ കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ 1959-നു ശേഷം ചൈനയുടെ ഭാഗത്ത് നിന്ന് തുടരെ തുടരെയുള്ള കടന്നാക്രമണം നടന്നിരുന്നു എന്നതിനാല്‍ അതിര്‍ത്തി ശക്തിപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനു തന്നെയാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് മേനോന്‍ കരുതിയത്. എന്നാല്‍ 1959 ആയപ്പോഴേക്കും ഈ ദിശയില്‍ കൃത്യമായി ചലിക്കുന്നതിനുള്ള രാഷ്ട്രീയ മൂലധനം നെഹ്‌റുവിന് കൈമോശം വന്നിരുന്നു. യുദ്ധത്തിനിടയില്‍ പടിഞ്ഞാറന്‍ ശക്തികളില്‍ നിന്ന് സൈനിക സഹായം തേടുന്നതിനും മേനോന് എതിര്‍പ്പായിരുന്നു. മേനോന്‍ പ്രതിരോധ മന്ത്രി പദം രാജിവച്ചതിനു ശേഷമാണ് അമേരിക്ക, യു.കെ, ക്യാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സഹായത്തിന് അഭ്യര്‍ത്ഥന പോയത്.


Next Story

Related Stories