TopTop
Begin typing your search above and press return to search.

കേരളത്തിലെ ഡെങ് സിയാവോ പിങ്ങാവുമോ പിണറായി?

കേരളത്തിലെ ഡെങ്  സിയാവോ പിങ്ങാവുമോ പിണറായി?

'പൂച്ച കറുത്തായാലും, വെളുത്തായാലും എലിയെ പിടിച്ചാല്‍ മതിയെന്ന' ഡെങ് സിയാവോ പിങ്ങിന്റെ വാമൊഴി ലോക പ്രശസ്തമാണ്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കലര്‍പ്പില്ലാത്ത മുതലാളിത്തം എങ്ങനെ നടപ്പിലാക്കുമെന്നതിന്റെ സൂചികയാണ് ഡെങ് സിദ്ധാന്തം. അതിന്റെ കേരളീയമായ വകഭേദമാവുമോ പിണറായി വിജയന്‍? ജീവാത്മാവും, പരമാത്മാവും പിണറായി മാത്രമായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി നിയമസഭ തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയം ഉയര്‍ത്തുന്ന ചോദ്യം അതാണ്. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളില്‍ പകുതി വെന്ത കെയ്നീഷ്യനിസവും, നെഹ്രുവിന്റെ സമ്മിശ്രവാദവും ചേര്‍ന്ന മിശ്രിതത്തെ സോഷ്യലിസമായി തെറ്റിദ്ധരിക്കുന്ന രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ പിണറായി പ്രതിനിധാനം ചെയ്യുന്ന പുതിയ അധികാര സമവാക്യങ്ങളെ ഇനിയും വേണ്ട നിലയില്‍ തിരിച്ചറിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ ഭരണകൂടാധികാരം എന്തുവിലകൊടുത്തും നേടാനും നിലനിര്‍ത്താനും ഉപയുക്തമായ സഖ്യങ്ങള്‍ രൂപപ്പെടുത്താനുള്ള ചാതുര്യമാണ് കഴിഞ്ഞ അഞ്ചു കൊല്ലത്തെ പിണറായി ഭരണത്തിന്റെയും, സിപിഎമ്മിന്റെയും സവിശേഷത. വിമോചന സമര കാലഘട്ടത്തില്‍ കേണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട ഇടതുപക്ഷ വിരുദ്ധ സഖ്യം ശിഥിലമാവുന്നതിന്റെ സൂചനകള്‍ തിരിച്ചറിയുകയും അതിനെ തങ്ങള്‍ക്ക് അനുകൂലമായ നിലയില്‍ മാറ്റിയെടുക്കുകയും ചെയ്യുന്നതില്‍ പ്രകടിപ്പിച്ച മെയ്വഴക്കമാണ് ഇടതു മുന്നണിയുടെ വിജയത്തിന്റെ കാരണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സഖ്യം പ്രതിനിധാനം ചെയ്ത കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മേഖലയില്‍ ബിജെപി-യുടെ ആവിര്‍ഭാവത്തോടെ മറ്റൊരു വലതുപക്ഷ ശക്തി ഉയര്‍ന്നു വന്നതാണ് കോണ്‍ഗ്രസ്സ് നേരിട്ട പ്രധാന പ്രതിസന്ധി. ബിജെപിയുടെ ഈ കടന്നുവരവിനെ തിരിച്ചറിയുന്നതിനും, പ്രതിരോധിക്കുന്നതിനും കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലെന്നു മാത്രമല്ല സിപിഎമ്മിന് എതിരെ ഉപയോഗിക്കാവുന്ന ഒരു ശക്തിയെന്ന നിലയില്‍ കോണ്‍ഗ്രസ്സ് അതിനെ ഒരു പരിധിവരെ പിന്തുണക്കുകയും ചെയ്തു.

ഐക്യ ജനാധിപത്യ മുന്നണിയുടെ രണ്ടു പ്രധാന തൂണുകള്‍ ആയിരുന്ന മുസ്ലീം, കൃസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ബിജെപിയുടെ വരവ് ഉയര്‍ത്തുന്ന ആശങ്ക കേണ്‍ഗ്രസ്സ് നേതൃത്വത്തിന് തിരിച്ചറിയാനായില്ല. ജനസംഖ്യയുടെ 45 ശതമാനത്തോളം മുസ്ലീം, കൃസ്ത്യന്‍ ന്യുനപക്ഷ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കേരളത്തില്‍ ബിജെപിയുടെ ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയം ന്യൂനപക്ഷ ജനതയില്‍ സ്വാഭാവികമായും ഭീതിയുളവാക്കും. ഇക്കാര്യം വ്യക്തമായി തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം കേരളത്തിലെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി സ്വയം പ്രതിഷ്ഠിക്കുകയും ന്യൂനപക്ഷ സമുദായങ്ങളില്‍ അതുവരെ ഇല്ലാതിരുന്ന അംഗീകാരം നേടിയെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. കെ.ടി. ജലീലിനെ പോലെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുന്നതു മുതല്‍ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്സിനെ ഇടതു മുന്നണയില്‍ എടുക്കുന്നതു വരെയുളള കാര്യങ്ങളില്‍ സിപിഎം നേതൃത്വം പുലര്‍ത്തുന്ന സൂക്ഷ്മത അതിന്റെ ഉദാഹരണമാണ്. കോണ്‍ഗ്രസ്സിന്റെ കാര്‍മ്മികത്വത്തിലുള്ള ഇടതുപക്ഷ വിരുദ്ധ സഖ്യത്തിന് പകരം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബിജെപി വിരുദ്ധ സഖ്യത്തെ കേരളത്തിലെ മുഖ്യ രാഷ്ട്രീയ അജന്‍ഡയായി മുന്നോട്ടു വയ്ക്കുന്നതില്‍ സിപിഎം നേടിയ വിജയം കൂടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്.

പൂച്ചയുടെ നിറം ഏതായാലും എലിയെ പിടിച്ചാല്‍ മതിയെന്ന ഡെങ്ങിന്റെ പ്രയോഗിക വാദവും കേരളത്തിലെ രാഷ്ട്രീയ സഖ്യങ്ങളിലെ കുഴമറിച്ചിലുകളും തമ്മില്‍ താരതമ്യം ചെയ്യുന്നതിന്റെ സാംഗത്യം എന്താണെന്ന് സ്വാഭാവികമായും സംശയമുണ്ടാകും. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷ ബദലുകള്‍ എന്നു വിളിക്കാവുന്ന നയങ്ങളൊന്നും സിപിഎം പിന്തുടരുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. അതിന്റെ കാര്യകാരണങ്ങള്‍ എന്താണെന്ന വിശദീകരണം ഈ കുറിപ്പിന്റെ പരിധിയില്‍ വരുന്നതല്ല. ഇക്കാര്യം അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധത്തില്‍ പറയുന്ന നേതാവാണ് പിണറായി. സിപിഎമ്മിന്റെ മറ്റു നേതാക്കളില്‍ നിന്നും പിണറായിയെ വ്യത്യസ്തനാക്കുന്ന ഘടകവും അതുതന്നെയാണ്. കേരളത്തിന്റെ വികസനത്തിന് സ്വകാര്യ മൂലധനം അനിവാര്യമാണെന്നും അത് നേടിയെടുക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും തുറന്നു പ്രഖ്യാപിക്കുകയും അതിനായി ഭരണകൂടാധികാരം വിനിയോഗിക്കുന്നതില്‍ അമാന്തം കാണിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പിണറായി പിന്തുടരുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അദ്ദേഹം നടപ്പിലാക്കുവാന്‍ ശ്രമിച്ചതും അത് തന്നെയാണ്. 'തിരുവായ്ക്ക് എതിര്‍വായില്ലെന്ന' പാര്‍ട്ടി സംവിധാനം തന്റെ വീക്ഷണങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ടുവോളമുള്ള ബാന്‍ഡ്വിഡ്ത് പിണറായിക്ക് നല്‍കുന്നു. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാന്‍ പ്രകടമാക്കിയ അതേ കാഠിന്യത്തോടെ ഭരണകൂടാധികാരം ഉപയോഗിക്കുന്നതിലും വൈമുഖ്യമൊന്നും ഇല്ലെന്നും കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്തെ ഭരണം തെളിയിക്കുന്നു.

സ്വകാര്യ മൂലധനത്തെ വേണ്ടുവോളം ആകര്‍ഷിച്ച് കേരളത്തിന്റെ വികസനരാഹിത്യം മറികടക്കാമെന്ന പിണറായിയുടെ സ്വപ്നങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാവുമെന്ന വിഷയം ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നു. പരമ്പരാഗത സമ്പന്ന-സവര്‍ണ്ണ മുതലാളിമാര്‍ക്കു പുറമെ രാഷ്ട്രീയത്തിലും, ഉന്നതോദ്യോഗസ്ഥതലത്തിലുമുള്ള അധികാരത്തിന്റെയും, സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള പുത്തന്‍കൂറ്റുകാരായ മുതലാളി വര്‍ഗമുണ്ട്. ദളിതരും, ആദിവാസികളുമൊഴികെ കേരളത്തിലെ ബാക്കിയുള്ള പ്രബല ജാതി-മത സമുദായങ്ങളില്‍ ആ വര്‍ഗത്തിന് വേണ്ട പ്രാതിനിധ്യമുണ്ട്. അവരോടൊപ്പം വിദേശ മലയാളികളായ ഒരു പറ്റം അതിസമ്പന്നരും കൂടി ചേരുന്നതോടെ കേരളത്തിലെ പുതിയ ഭരണവര്‍ഗത്തിന്റെ അക്ഷാംശവും, രേഖാംശവും ഏതാണ്ട് പൂര്‍ണ്ണമാവും. കേരളത്തിന്റെ വികസന പ്രതിസന്ധിയെ മറികടക്കാനെന്ന പേരില്‍ ഈ പുതിയ ഭരണവര്‍ഗത്തിന്റെ നിക്ഷേപ താല്‍പര്യങ്ങളാവും അവതരിപ്പിക്കപ്പെടുക. അതിന് വേണ്ടുന്ന പശ്ചാത്തലമൊരുക്കുന്നതില്‍ വേണ്ടജാഗ്രതയും, അവധാനതയും പുലര്‍ത്തുന്ന നയമായിരിക്കും പുതിയ സര്‍ക്കാര്‍ പിന്തുടരുക. വന്‍കിട നിക്ഷേപങ്ങളുടെ പിന്നിലുള്ള കാണാച്ചരടുകളെ വസ്തുതാപരമായി വിശകനം ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന മാധ്യമങ്ങള്‍ ലോകവ്യാപകമായി ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കേരളത്തിലും അതിനുള്ള സാധ്യതകള്‍ ഏറെയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories