TopTop
Begin typing your search above and press return to search.

NEWS WRAP | ഐക്യ രാഷ്ട്ര സഭയിലും 'പ്ലേഗ്' പരാമര്‍ശവുമായി ചൈനയ്ക്കെതിരെ ട്രംപ്, കോവിഡ് കാലം ആവശ്യപ്പെടുന്നത് പരസ്പര സഹകരണമെന്ന് ഷി ജിന്‍പിങ്

NEWS WRAP | ഐക്യ രാഷ്ട്ര സഭയിലും പ്ലേഗ് പരാമര്‍ശവുമായി ചൈനയ്ക്കെതിരെ ട്രംപ്, കോവിഡ് കാലം ആവശ്യപ്പെടുന്നത് പരസ്പര സഹകരണമെന്ന് ഷി ജിന്‍പിങ്


റൂത്ത് ബെയ്ഡര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഉണ്ടായ ഒഴിവാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിലവിലെ ചൂടുള്ള വിഷയം. ഈ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതിയ ജസ്റ്റീസിനെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആ വ്യക്തി ഒരു സ്ത്രീ ആയിരിയ്ക്കും എന്നും ട്രംപ് കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കന്‍ റാലിയില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ കണ്‍സര്‍വേറ്റീവ് ജസ്റ്റീസിനെ
നിയമിക്കാനുള്ള
പ്രസിഡന്റിന്റെ ധൃതി പിടിച്ച നീക്കത്തിനെതിരെ അലക്സാണ്ട്രിയ ഓക്കാസ്യോ കോര്‍ടസ് അടക്കമുള്ള ഡെമോക്രാറ്റിക് പക്ഷത്തെ നേതാക്കള്‍ രംഗത്ത് വന്നു കഴിഞ്ഞു.
അതേ സമയം വൈറ്റ് ഹൌസ് പ്രെസ്സ് സെക്രട്ടറി കൈലി മക്എനാനി ഇന്നലെ നടത്തിയ പ്രെസ്സ് മീറ്റിംഗില്‍ സുപ്രീം കോടതിയിലെ ഒഴിവ് നികത്താനുള്ള ട്രംപിന്റെ ശ്രമത്തെ തടസ്സപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന നീക്കത്തെ അപലപിച്ചു. സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റര്‍ ചക്ക് ഷൂമെര്‍,
അലക്സാ
ണ്ട്രിയ ഓക്കാസ്യോ കോര്‍ടസ് എന്നിവര്‍ അമേരിക്കന്‍ ഭരണഘടനയെ അപമാനിക്കുകയാണ് തങ്ങളുടെ നീക്കത്തിലൂടെ എന്നു മക്എനാനി ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ പ്രസിഡണ്ട് ആയിരിക്കണം സുപ്രീം കോടതിയിലുള്ള ഒഴിവ് നികത്താനുള്ള തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു റൂത്ത് ബെയ്ഡര്‍ ഗിന്‍സ്ബര്‍ഗിന്റെ അന്ത്യാഭിലാഷം. 2016ല്‍ സമാന സാഹചര്യത്തില്‍ സുപ്രീം കോടതി ജസ്റ്റീസിനെ നിയമിക്കുന്ന നടപടിയില്‍ നിന്നും ബരാക് ഒബാമയെ തടഞ്ഞ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ ഭരണഘടന ഉയര്‍ത്തി പിടിച്ച് ട്രംപിനെ പിന്തുണയ്ക്കാന്‍ വന്നിരിക്കുന്നത്.

ചിക്കാഗോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി സെവന്ത് സര്‍ക്യൂട്ടിലെ ജഡ്ജ് ആമി കൊനെയ് ബാറെറ്റ് ആയിരിയ്ക്കും ട്രംപിന്റെ നോമിനി എന്നാണ് കരുതപ്പെടുന്നത്.

അമേരിക്കയില്‍ കോവിഡ് മരണം 2 ലക്ഷം കടന്നു എന്നതാണ് സുപ്രധാനമായ മറ്റൊരു വാര്‍ത്ത. ലോക ജനസംഖ്യയുടെ 4 ശതമാനം മാത്രമാണ് അമേരിക്കന്‍ ജനസംഖ്യ. എന്നാല്‍ ലോകത്തെ ആകെ കോവിഡ് മരണത്തിന്റെ 21% അമേരിക്കയിലാണ്. 68 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചത്.

അതേ സമയം താന്‍ കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നടപടികളെ ട്രംപ് വീണ്ടും ന്യായീകരിച്ചു. 'ശരിയായ രീതിയില്‍ നടപടികള്‍ എടുത്തില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ മരിക്കുമായിരുന്നു. 20-25 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ' ട്രംപ് വൈറ്റ് ഹൗസിലെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രോഗത്തെ നേരിട്ടത്തില്‍ താന്‍ എ പ്ല്‌സ് മാര്‍ക്കാണ് സ്വയം നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിന്റെ കോവിഡ് ടാസ്ക് ഫോഴ്സില്‍ ഉണ്ടായിരുന്ന ഒളിവിയ ട്രോയ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ശാസ്ത്രത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ട്രംപിന്റെ സമീപനമാണ് കോവിഡ് മഹാമാരി ഇത്രയേറെ അമേരിക്കാരുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. വൈറ്റ് ഹൌസിലെ ജോലിയില്‍ നിന്നും ട്രോയ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. എന്നാല്‍ അവരുടെ മോശം പ്രകടനം കാരണം പുറത്താക്കിയതാണ് എന്നാണ് വൈറ്റ് ഹൌസിന്റെ പ്രതികരണം.
ഐക്യ രാഷ്ട്ര സംഘടനയുടെ 75-ാം വാര്‍ഷിക പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ചൈനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ ട്രംപിന്റെ വാക്കുകളും വലിയ പ്രാധാന്യത്തോടെ ആഗോള മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചൈന ലോകത്തിന് മേല്‍ 'പ്ലേഗ്' പരത്തി എന്നാരോപിച്ച ട്രംപ് ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം ചൈനയുടെ കയ്യിലാണ് എന്ന പഴയ ആരോപണവും ആവര്‍ത്തിച്ചു. അതേസമയം ആഗോള സഹകരണത്തിന് ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന ആവശ്യമാണ് ചൈനീസ് പ്രസിഡണ്ട്
ഷി
ജിന്‍ പിങ് ഉയര്‍ത്തിയത്. ചൈന ശീതയുദ്ധമോ ചൂടന്‍ യുദ്ധമോ ലക്ഷ്യമിടുന്നില്ല എന്നും ഷി ജിന്‍ പിങ് പറഞ്ഞു.

രണ്ടു കോടതി വിധികളാണ് കേരളത്തിന്റെ വാര്‍ത്താ ഇടത്തില്‍ ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ആദ്യത്തേത് 2015ലെ നിയമ സഭാ കയ്യാങ്കളി കേസാണ്. ഇ പി ജയരാജനും കെ ടി ജലീലും അടക്കം പ്രതികളായ കേസ് എഴുതിത്തള്ളണം എന്ന സര്‍ക്കാര്‍ അപേക്ഷ തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. മന്ത്രിമാരടക്കം 6 പ്രതികളും അടുത്ത മാസം 15നു ഹാജരാകണം എന്നും കോടതി ഉത്തരവിട്ടു. 2015 മാര്‍ച്ച് 13നു ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ അന്നത്തെ ധന മന്ത്രി
കെ
എം മാണിയെ തടയാന്‍ വേണ്ടി സ്പീക്കറുടെ വേദി അടക്കം തകര്‍ത്തതിന്റെ പേരിലാണ് കേസ്. 2.2 ലക്ഷം രൂപ വില വരുന്ന പൊതുമുതല്‍ അടിച്ചു തകര്‍ത്ത കേസ് എഴുതിത്തള്ളുന്നത് തെറ്റായ സന്ദേശം നല്കുമെന്ന് കോടതി പറഞ്ഞു.
അതേസമയം നിയമസഭയ്ക്കുള്ളില്‍ ഇത് പോലെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട് എന്നും അത് അവിടെ തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കാറാണ് പതിവ് എന്നുമാണ് കോടതിവിധിയോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഏറെ വിവാദമായ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിട്ടതാണ് മറ്റൊരു പ്രധാന വാര്‍ത്ത. പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലും പാലം പൊളിച്ച് പണിയാന്‍ ഉടന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഇടക്കാല അപേക്ഷയും പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ ശരിവച്ചാണ് കോടതി നടപടി. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് പാലം നിര്‍മ്മിച്ച കമ്പനിയും നിര്‍മ്മാണത്തിലെ കണ്‍സല്‍റ്റന്റ് ആയ കിറ്റ്‌കോയും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

വിധി വന്ന ഉടനെതന്നെ നടത്തിയ പ്രതികരണത്തില്‍ നിര്‍മ്മാണ ചുമതല ഇ ശ്രീധരന് നല്‍കുമെന്നും നിര്‍മ്മാണം 9 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അതേ സമയം പുനര്‍നിര്‍മ്മാണ ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന പ്രതികരണമാണ് ഇ ശ്രീധരന്‍ നടത്തിയത്. കോടതി വിധിയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇന്നലെ വൈകുന്നേരത്തെ മാധ്യമ ബ്രീഫിംങ്ങില്‍ പാലാരിവട്ടം പാലം അഴിമതി കേസ് വഴിയില്‍ ഉപേക്ഷിച്ചിട്ടില്ല എന്നും അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടോ അതിനു വലിയ വാര്‍ത്താ പ്രാധാന്യം കിട്ടുന്നില്ല എന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉയര്‍ത്തി.

എം പി മാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ രാജ്യ സഭ ബോയ്ക്കോട്ട് ചെയ്യുമെന്ന പ്രതിപക്ഷ പ്രഖ്യാപനമാണ് ദേശീയ തലത്തില്‍ നിന്നുള്ള സുപ്രധാന വാര്‍ത്തകളില്‍ ഒന്ന്. എന്നാല്‍ സഭയിലെ അച്ചടക്ക ലംഘനത്തില്‍ പുറത്താക്കപ്പെട്ട എം പി മാര്‍ ഖേദം പ്രകടിപ്പിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിവാദമായ കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെയാണ് 8 എം പിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

ടാറ്റ സണ്‍സില്‍ നിന്നും പുറത്തു പോകാന്‍ ഒരുക്കമാണെന്ന് ദി ഷപൂര്‍ജി പല്ലന്‍ ജി ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ബിസിനസ് ഗ്രൂപ്പുകളുടെ 70 വര്‍ഷത്തെ ബന്ധമാണ് ഇതോടെ അവസാനിക്കുക. ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമകളാണ് എസ് പി ഗ്രൂപ്പ്


മലയാളിയായ ദേവ്ദത്ത് പടിക്കലിന് പിന്നാലെ സഞ്ജു സംസണിലൂടെ ഐ പി എല്ലില്‍ മലയാളി തിളക്കം. 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിക്കൊണ്ടാണ് സഞ്ജു മിന്നുന്ന പ്രകടനം നടത്തിയത്. സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്തു. ഒമ്പത് പടുകൂറ്റന്‍ സിക്സറുകളാണ് സഞ്ജു ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗാലറിയിലെത്തിച്ചത്. ഐ.പി.എല്‍ കരിയറില്‍ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി കൂടിയാണിത്. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയും. ബാറ്റിംഗിനൊപ്പം വിക്കറ്റിന് പിന്നിലും തിളങ്ങിയ സഞ്ജു മറ്റൊരു ധോണിയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു പ്രകടനം. ചെന്നൈയുടെ സാം കറണിനെയും റിതുരാജിനെയും സ്റ്റംപ് ചെയ്ത് പുറത്താക്കിയ സഞ്ജു. ഒരു മികച്ച ക്യാച്ചിലുടെ കേദാര്‍ യാദവിനെയും പുറത്താക്കി.സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories