TopTop
Begin typing your search above and press return to search.

ലോക്ക് ഡൗണ്‍ കാലത്ത് രാമായണം കണ്ടു, ഇനി രാമ ക്ഷേത്ര നിര്‍മ്മാണം ലൈവ്; ദൂരദര്‍ശന്‍ മതരാഷ്ട്ര ജിഹ്വ ആകുമ്പോള്‍

ലോക്ക് ഡൗണ്‍ കാലത്ത് രാമായണം കണ്ടു, ഇനി രാമ ക്ഷേത്ര നിര്‍മ്മാണം ലൈവ്; ദൂരദര്‍ശന്‍ മതരാഷ്ട്ര ജിഹ്വ ആകുമ്പോള്‍

രാജ്യം കോവിഡ് ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ ജനങ്ങള്‍ക്ക് മാനസിക സൌഖ്യം പകരാനുള്ള നിര്‍ണ്ണായക തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടു. അത് രാമാനന്ദ സാഗറിന്റെ രാമായണം മെഗാ സീരിയല്‍ പുനഃ സംപ്രേക്ഷണം ചെയ്യുക എന്നതായിരുന്നു. ഈ കോവിഡ് കാലത്ത് തന്നെ മറ്റൊരു സുപ്രധാന തീരുമാനവും ബിജെപി നേതൃത്വവും യു പി യിലെ ആദിത്യ നാഥ് സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നു. അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമ ക്ഷേത്രത്തിന്റെ അസ്ഥിവാരം കീറല്‍ ചടങ്ങ്. ആഗസ്ത് 5നു നടക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രസ്തുത ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ രാജ്യമെമ്പാടും എത്തിക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതും ദൂരദര്‍ശനെ തന്നെയാണ്. അപ്പോള്‍ കാര്യങ്ങള്‍ ഏകദേശം വ്യക്തമായല്ലോ? മേല്‍ നീക്കം ഭരണഘടനാ വിരുദ്ധമാണ് എന്ന ആരോപണവുമായി ഇന്‍ഫര്‍മേഷന്‍ ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കത്തെഴുതിക്കൊണ്ട് സി പി ഐ എം പി ബിനോയ് വിശ്വം രംഗത്തെത്തിക്കഴിഞ്ഞു. രാമ ക്ഷേത്ര നിര്‍മ്മാണ ചടങ്ങ് ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുന്നത് ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട അംഗീകരിക്കപ്പെട്ട തത്വങ്ങളുടെ ലംഘനമാണ് എന്നാണ് ബിനോയ് വിശ്വം പറയുന്നത്. ഇത് പ്രസാര്‍ ഭാരതി നിയമത്തിന്റെ ലംഘനമാണ്-ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസാര്‍ ഭാരതി ആക്ടില്‍ സെക്ഷന്‍ 12. 2(a) പ്രകാരം ദൂരദര്‍ശന്റെ ലക്ഷ്യങ്ങളില്‍ ഒന്നു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുകയും ഭരണഘടനാനുസൃതമായ മൂല്യങ്ങളെ സംരക്ഷിക്കുകയുമാണ് എന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു. ഇത് ലംഘിച്ചുകൊണ്ട് പ്രത്യേക മതത്തിന്റെ പ്രചാരണത്തിന് ഗവണ്‍മെന്‍റ് മാധ്യമത്തെ ഉപയോഗിക്കുന്നത് തെറ്റാണ് എന്നാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം.

ബിനോയ് വിശ്വത്തിന്റെ വീഡിയോ കാണാം:

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് കേന്ദ്ര ഗവണ്‍മെന്‍റും പ്രധാനമന്ത്രിയും ഒരു മതപരമായ ചടങ്ങിന് മുന്‍ഗണന കൊടുത്തിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു കൃത്യമായി മനസിലാക്കിയ സംഘമാണല്ലോ ഹിന്ദുത്വ സംഘടനകള്‍. മറ്റൊരു പ്രധാന കാര്യം തിരഞ്ഞെടുത്ത തീയതിയുടെ പ്രത്യേകതയാണ്. ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ദിവസമാണ് ഓഗസ്റ്റ് അഞ്ച്. ആര്‍ എസ് എസ് മുന്നോട്ട് വെച്ച ഹിന്ദു രാഷ്ട്ര അജണ്ടകള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നു എന്ന സൂചന തന്നെയാണ് ക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന് ആ ദിവസം തിരഞ്ഞെടുത്തതില്‍ നിന്നും മനസിലാക്കേണ്ടത്.

ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും ട്രസ്റ്റ് നിർമ്മിക്കാനും മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി അനുവദിക്കാനും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത് 2019 നവംബറിലാണ്. ഒരു ക്രിമിനല്‍ പ്രവൃത്തി എന്നു കോടതി തന്നെ വിശേഷിപ്പിച്ച ആള്‍ക്കൂട്ട ആക്രമണത്തിന്റെയും ധ്രുവീകരണ അജണ്ടയുടെയും പരിണാമഗുപ്തിയാണ്. അര നൂറ്റാണ്ടിലേറെ കാലം പിന്നിടുന്ന വിഷലിപ്ത പ്രചാരണങ്ങളുടെ വിജയവും. ബാബറി മസ്ജീദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ എല്‍ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. അതേസമയം ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ ലക്നൌ പ്രത്യേക സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്. ജോഷിയും അദ്വാനിയും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ ഹാജരായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഒന്ന് ഇനിയും ഒരു തര്‍ക്കമുണ്ടാവാതിരിക്കാന്‍ രാമ ക്ഷേത്രം സംബന്ധിച്ച 'കാല സൂചിക പത്രം' അസ്ഥിവാരത്തിന്റെ അടിയില്‍ 2000 അടിയോളം താഴ്ചയില്‍ കുഴിച്ചിടാന്‍ രാം ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട് എന്നുള്ളതാണ്. 1949 ഡിസംബര്‍ 22നു അര്‍ദ്ധരാത്രി ഒരു രാമ വിഗ്രഹം നിഗൂഡമായി ബാബറി മസ്ജീദിനുള്ളില്‍ എത്തിയ ചരിത്രം ഇത്തരുണത്തില്‍ ഓര്‍മ്മിക്കാം.

Also Read: ആദ്യ സംപ്രേഷണത്തിന് ശേഷം പള്ളി പൊളിച്ചു, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയായി; പൗരത്വ നിയമക്കാലത്ത് ഹിന്ദുത്വ ഭരണകൂടം രാമായണവുമായി വീണ്ടുമെത്തുമ്പോള്‍


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories