TopTop
Begin typing your search above and press return to search.

എനിക്ക് വേണ്ടി ജീവിക്കാന്‍ കഴിയുന്നു, കൊറോണക്കാലത്ത് പല കുടുംബങ്ങളുടെയും നട്ടെല്ല് സ്ത്രീകളാണ്; ഒരു സര്‍വകലാശാല അധ്യാപികയുടെ ലോക്ഡൗണ്‍ കാലത്തെ ചിന്തയും ജീവിതവും

എനിക്ക് വേണ്ടി ജീവിക്കാന്‍ കഴിയുന്നു, കൊറോണക്കാലത്ത് പല കുടുംബങ്ങളുടെയും നട്ടെല്ല് സ്ത്രീകളാണ്; ഒരു സര്‍വകലാശാല അധ്യാപികയുടെ ലോക്ഡൗണ്‍ കാലത്തെ ചിന്തയും ജീവിതവും

കാലിക്കറ്റ് സര്‍വകലാശാലയിലെ വിമണ്‍സ് സ്റ്റഡീസിലെ അധ്യാപികയാണ് ഡോ.മോളി കുരുവിള. ലോക്ഡൗണ്‍ കാലത്ത് മലയാളികള്‍ എങ്ങനെ ജീവിക്കുന്നു എന്ന ഈ പരമ്പരയില്‍, തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങളെക്കുറിച്ചും, സ്ത്രീ ജീവിതത്തില്‍ പൊതുവില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രൊഫസര്‍ വിശദീകരിക്കുന്നു.

2005-ലാണ് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിമണ്‍സ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറായി ജോയിന്‍ ചെയ്യുന്നത്. കോട്ടയം സ്വദേശിയാണ്. 15 വര്‍ഷമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് ജീവിക്കുന്നത്. എന്നെ സംബന്ധിച്ച് ലോക്ഡൗണ്‍, കഴിഞ്ഞ 15 വര്‍ഷമായി എനിക്ക് നഷ്ടപ്പെട്ടു പോയ എനിക്കായുള്ള എന്റെ സമയങ്ങളെ തിരിച്ചുപിടിക്കലാണ്. സാധാരണ നിലയില്‍ എല്ലാ ആഴ്ചയിലും, പ്രധാനമായും രണ്ടാം ശനിയാഴ്ചകളില്‍ നാട്ടിലേക്ക് പോകാറാണ് പതിവ്. കുടുംബം അവിടെയാണ്. ഡിപ്പാര്‍ട്ട്മെന്റില്‍ ഡയറക്ടറായിരുന്നത് കൊണ്ട് വെക്കേഷനുകള്‍ അധികം കിട്ടാറില്ലായിരുന്നു. യൂണിവേഴ്സിറ്റിയില്‍ തന്നെ നില്‍ക്കേണ്ടി വരും. വിരലിലെണ്ണാവുന്ന ദിവസങ്ങളേ നാട്ടിലും നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെ പലതരത്തിലുള്ള അനിശ്ചിതാവസ്ഥകളിലേക്കും അതിജീവന പ്രശ്നങ്ങളിലേക്കും തള്ളിവിടുമ്പോള്‍ ജാതി, മത, വര്‍ഗ്ഗ, ലിംഗ ഭേദമന്യേ എല്ലാവരും അതിന്റെ ഇരകളായിക്കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള വെല്ലുവിളി എന്റെ ജീവിതത്തില്‍ കോവിഡ് കാലം ഉണ്ടാക്കിയില്ല എന്നുള്ളത് സത്യമാണ്. കാരണം തൊഴില്‍, വരുമാനം, വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വാഹന സൗകര്യം ഇതെല്ലാം കൊണ്ട് അനുഗ്രഹീതയാണ് ഞാന്‍. എന്നാല്‍ ഭൂരിഭാഗം വരുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ അതല്ലെന്ന് എനിക്കറിയാം.

എന്റേതായ ഒരു ഇടം, ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍, സമയങ്ങള്‍, ആഗ്രഹങ്ങള്‍ ഇതൊക്കെയാണ് കോവിഡ് കാലത്തെ എന്റെ തിരിച്ചുപിടിക്കലുകള്‍. ഒരു വര്‍ഷമായി ഒരു ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ക്കുവേണ്ടി ഒരു റിസേര്‍ച്ച് ബുക്കിന്റെ തിരക്കില്‍ കൂടിയായിരുന്നു ഞാന്‍. ഡിപ്പാര്‍ട്ട്മെന്റിലെ തിരക്കുകള്‍ക്കിടയില്‍ അതിങ്ങനെ നീണ്ടുപോയി എന്നുവേണം പറയാന്‍. പല ദിവസങ്ങളിലും ഡിപ്പാര്‍ട്ട്മെന്റില്‍ രാവിലെ ക്ലാസ് തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുന്‍പും ക്ലാസ് കഴിഞ്ഞ് രണ്ടുമൂന്ന് മണിക്കൂര്‍ അധിക സമയം ഡിപ്പാര്‍ട്ട്മെന്റിലിരുന്നുമായിരുന്നു ബുക്കിന്റെ വര്‍ക്കുകള്‍ ചെയ്തിരുന്നത്. അത്രയും നാളുകള്‍ കൊണ്ട് ചെയ്ത വര്‍ക്കിന്റെ നാലിരട്ടി കഴിഞ്ഞ 25 ദിവസത്തെ ലോക്ഡൗണ്‍ സമയത്തിനുള്ളില്‍ കഴിഞ്ഞു എന്ന സന്തോഷമാണ് ഇക്കാലത്ത് എടുത്തു പറയാനുള്ളത്. കാരണം ആരുടേയും ശല്യപ്പെടുത്തലുകളില്ലാതെ, ആരേയും ബുദ്ധിമുട്ടിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതു തന്നെ. ലോക്ഡൗണ്‍ ആയതുകൊണ്ടുതന്നെ ബുക്കില്‍ കണ്ടന്റ് ചെയ്യുന്ന ആളുകളും സമയബന്ധിതമായി, കൃത്യതയാര്‍ന്ന രീതിയില്‍ വര്‍ക്ക് ചെയ്ത് തന്നതും സഹായകമായി. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദേശിക്കുമ്പോള്‍ സമയബന്ധിതമായി, ലേറ്റാവാതെ മാറ്ററുകള്‍ അവര്‍ തന്നതുകൊണ്ടു കൂടിയാണ് ബുക്കിന്റെ ജോലി എളുപ്പത്തില്‍, പെട്ടെന്നു തന്നെ തീര്‍ക്കാനായത്. ലോക്ഡൗണ്‍ കാലത്തിന്റെ ഒരു നേട്ടമായാണ് ഇത് കാണുന്നത്. വര്‍ക്ക് കഴിഞ്ഞയച്ചപ്പോള്‍ പബ്ലിഷറില്‍ നിന്നും കിട്ടിയ കമന്റാണ് ഏറ്റവും സന്തോഷം തന്നത്. ഇതിനു പുറമെ മറ്റൊരു ബുക്കിന്റെ ജോലി കൂടി തുടങ്ങാനും കഴിഞ്ഞു.

മൂഡുള്ള ദിവസങ്ങളാണെങ്കില്‍ പുലര്‍ച്ച നാലു മണിവരെ ചിലപ്പോള്‍ ഇരുന്ന് വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാന്‍ ഒറ്റയ്ക്കായതിനാല്‍ രാവിലെ എഴുന്നേല്‍ക്കുന്നതും കിടക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമെല്ലാം എന്റെ സമയത്തിനാണ്. റിസേര്‍ച്ച് ഗൈഡ് ആയതുകൊണ്ടുതന്നെ പഠിപ്പിക്കുന്നതിനു പുറമെയുള്ള വലിയൊരു സമയം എന്റെ സ്‌കോളേര്‍സിന് വേണ്ടിയാണ് ഞാന്‍ നീക്കി വയ്ക്കുന്നത്. എന്റെ തന്നെ വായനയും എഴുത്തുമൊക്കെ അതിനു ശേഷമാണ് ചെയ്യുക. ഇങ്ങനെ സമയമില്ലാതിരുന്ന ഒരുപാട് ദിവസങ്ങള്‍ക്ക് വിരാമമായതു പോലെയാണ് ഈ ലോക്ഡൗണ്‍ കാലം. എനിക്കു വേണ്ടി ജീവിക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ ഈ കാലത്തെ നേട്ടം. നമ്മള്‍ സ്വര്‍ഗ്ഗം എന്നു പറയുന്നില്ലേ അതാണ് എനിക്കിപ്പോ. കാരണം എന്റെ ആഗ്രഹങ്ങളെ, പരിഗണനകളെ, ടേസ്റ്റുകളെ, ഇഷ്ടങ്ങളെ, എന്റെ സമയത്തെയൊക്കെയാണ് എനിക്ക് പ്രധാനം. അല്ലെങ്കില്‍ അവ മാത്രമാണ് എന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാരണം കുടുംബത്തിന്റെ ഭാരം എന്റെ തലയില്‍ ഇപ്പോള്‍ ഇല്ല എന്നുള്ളത് കൊണ്ടുതന്നെ. സത്രീകളായി ഇരിക്കുക എന്ന് പറയുമ്പോള്‍ അപൂര്‍വ്വം ചിലര്‍ക്ക് കിട്ടുന്ന അവസരം കൂടെയാണിത്. അത് ചോയിസോ താത്പര്യങ്ങളോ അല്ല, പലപ്പോഴും ഉത്തരവാദിത്തമായി, ഡ്യൂട്ടിയായി, റോളായി സമൂഹം നിര്‍ബന്ധിതമായി ചേര്‍ത്തു നല്‍കുന്ന ഒന്നാണ് എന്നതുകൊണ്ടുതന്നെ.

ഇത് എല്ലാവരുടേയും അനുഭവമല്ല. ലോക്ഡൗണ്‍ ആയതോടെ കുറേപ്പേരെ വിളിക്കാനായി. സുഹൃത്തുക്കളും കൗണ്‍സിലിങ്ങിനും മറ്റുമായി എന്നെ കാണാന്‍ വരുന്ന പലരേയും, എന്റെ സ്‌കോളേര്‍സിനെ, കുട്ടികളെ, സഹപ്രവര്‍ത്തകരെ, കുടുംബത്തിലുള്ളവരെ അങ്ങനെ പലരേയും. അതില്‍ വലിയൊരു വിഭാഗത്തിനും നേട്ടങ്ങളേക്കാള്‍ സങ്കടങ്ങളാണ് പറയാനുണ്ടായിരുന്നത്. ഭര്‍ത്താവും മക്കളും മുഴുവന്‍ സമയവും വീട്ടിലുണ്ടായതോടെ തങ്ങളുടെ സമയങ്ങള്‍ ഇല്ലാതായി എന്നാണ് കുറേപ്പേര്‍ക്ക് പറയാനുണ്ടായിരുന്നത്. വീട്ടുജോലികളില്‍, മക്കളെ നോക്കുന്നതില്‍, ഭര്‍ത്താവിനേയും കുടുംബത്തേയും പരിപാലിക്കുന്നതില്‍, വീട് വൃത്തിയാക്കുന്നതില്‍ അങ്ങനെ കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍, പലപ്പോഴും ആരും സഹായിക്കാനില്ലാതെ കലഹിച്ച് ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നവരാണ് പലരും. പുറത്തിറങ്ങിപ്പോകാന്‍ കഴിയാതെ വരുമ്പോള്‍, ഒരിടത്ത് തന്നെ തളച്ചിടപ്പെടുമ്പോള്‍, അത് ശീലമില്ലാത്ത കുടുംബത്തിലെ ആണുങ്ങള്‍ തങ്ങളുടെ ഫ്രസ്ട്രേഷന്‍ മുഴുവന്‍ കുടുംബത്തിലെ / വീട്ടിലെ സ്ത്രീകളുടെ മേല്‍ തീര്‍ക്കുന്നു എന്നുള്ളത് സത്യമാണ്. പ്രത്യേകിച്ച് മദ്യപന്മാരായ ഭര്‍ത്താക്കന്മാരും ആണുങ്ങളും ഉള്ള കുടുംബങ്ങളില്‍.

രാവിലെ ഭക്ഷണം, 10 മണിക്ക് ചായയും കടിയും, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ചായയും കടിയും, രാത്രി ഭക്ഷണം, വീട് വൃത്തിയാക്കല്‍, അങ്ങനെ ഗാര്‍ഹിക ജോലികളില്‍ നിന്ന് മോചനമില്ലാത്ത ദിവസങ്ങളാണ് പലതുമെന്ന് പരിഭവം പറയുന്നവരുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇക്കാലത്ത് വളരെയധികം പ്രസക്തമാണ്. ഈ ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിലെ സ്ത്രീകളെ ഗാര്‍ഹിക വൃത്തിയില്‍ സഹായിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തെ വളരെയധികം ഞാന്‍ സ്വാഗതം ചെയ്യുന്നു. സഹായിക്കുക എന്ന വാക്കില്‍ ബുദ്ധിമുട്ടും പൊളിറ്റിക്കല്‍ കറക്ട്നെസ്സും പറയുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്; നിലവിലെ പുരുഷാധിപത്യ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍, സ്ത്രീകളെ നല്ല ഹൗസ്മേക്കര്‍മാരും ഹൗസ് മാനേജന്‍മാരും പുരുഷന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കേണ്ടവളുമെന്ന സമവാക്യത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍, കുടുംബത്തില്‍ / ഗാര്‍ഹിക വൃത്തിയില്‍ സ്ത്രീകളെ സഹായിക്കണമെന്ന ഒരു ഭരണാധികാരിയുടെ ആഹ്വാനത്തിന്റെ ഉദ്ദേശശുദ്ധിയെ വേണം കണക്കിലെടുക്കാന്‍. കുടുംബങ്ങളെ ജനാധിപത്യവത്ക്കരിക്കാന്‍ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. അതിന് വലിയ മാനങ്ങള്‍ ഉണ്ട്. അതൊരു മാറ്റം കൂടിയാണ്. അത്തരത്തിലുള്ള ആഹ്വാനങ്ങള്‍ ചില മനസുകളെയെങ്കിലും മാറ്റി ചിന്തിപ്പിക്കാന്‍, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ സഹായിച്ചേക്കാം. യഥാര്‍ത്ഥ പ്രശ്നം, പുരുഷാധിപത്യ കേന്ദ്രീകൃതമായ ഈ വ്യവസ്ഥിതിയില്‍, സാമൂഹ്യ ക്രമത്തില്‍ ആണെന്നതു കൊണ്ടു തന്നെ സമൂലമായ ഒരു മാറ്റം വരാത്തിടത്തോളം ഈ നില തുടരുക തന്നെ ചെയ്യും. അവിടെയാണ് ചില പുതു ചിന്തകളും ശീലങ്ങളും മലയാളികളുടെ മുന്നിലേക്ക് ഇവിടത്തെ ഭരണാധികാരികള്‍ ഇടുന്നത്.

കുടുംബത്തിലെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പല ഭര്‍ത്താക്കന്മാര്‍ക്കും മറ്റും മനസ്സിലാക്കാന്‍ ഇത് സഹായിച്ചേക്കാം. അങ്ങനെ സംഭവിക്കാത്തത് കൊണ്ടാണ് ചിലര്‍ക്ക്, ലോക്ക്ഡൗണ്‍ പിരീയഡ് ഇങ്ങനെ നീണ്ടുപോയാല്‍ താന്‍ ബാക്കിയുണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ലോക്ഡൗണ്‍ കഴിയുമ്പോഴേക്കും ചിലപ്പോ തങ്ങള്‍ തമ്മില്‍ പിരിഞ്ഞേക്കുമെന്നുമൊക്കെ പറയേണ്ടി വരുന്നത്. ഇത്തരത്തിലുള്ള പലതരം അനുഭവങ്ങളിലൂടെയാണ് ഭൂരിഭാഗം സ്ത്രീകളും കടന്നുപോകുന്നത്. വികസിത രാജ്യങ്ങളില്‍ നിന്നു പോലും ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഢനവും കുട്ടികള്‍ക്കെതിരായ പീഢനവും വര്‍ദ്ധിക്കുന്നതായുള്ള വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. ഭാര്യയെയും കുട്ടിയേയും കൊലപ്പെടുത്തി കിടന്നുറങ്ങുന്ന മദ്യപാനിയായ ഭര്‍ത്താവിന്റെ കഥയും നമ്മള്‍ കേരളത്തില്‍ തന്നെയാണ് കേട്ടത്.

മറ്റൊരു പ്രധാന കാര്യം, ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ജോലിയും തൊഴിലും നഷ്ടപ്പെട്ട് വീടുകളിലാകുമ്പോള്‍ പല കുടുംബങ്ങളേയും ഈ മഹാമാരിക്കാലത്ത് മുന്നോട്ട് കൊണ്ടുപോകുന്നത് സ്ത്രീകളും അവരുടെ വരുമാനങ്ങളുമാണെന്നതാണ്. പ്രത്യേകിച്ച് കാര്‍ഷിക മേഖലയിലും ഹൗസ്ഹോള്‍ഡ് ഇക്കോണമിയുമായി ബന്ധപ്പെട്ട് നിന്ന് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍. ഒരു വരുമാനവും ഇല്ലാത്തിടത്ത് നിന്നാണ് കുടുംബശ്രീയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പലിശയില്ലാതെ 20,000 രൂപ വരെ ലോണ്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഒന്നുമില്ലാത്തിടത്ത് നിന്നാണ് പാല് വിറ്റും മുട്ട വിറ്റും തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കിട്ടിയും, പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തും, തൊടിയിലുണ്ടാക്കിയ പച്ചക്കറി പറിച്ചും വലിയൊരു വിഭാഗം സ്ത്രീകള്‍ കുടുംബത്തിന്റെ നട്ടെല്ലായി ഈ ദുരിത കാലത്ത് മാറുന്നത്. അല്ലാത്ത കാലത്ത് അങ്ങനെയാണെന്നല്ല. പലപ്പോഴും വില കിട്ടാതിരുന്ന, മൂല്യം കല്‍പിക്കാതിരുന്ന സ്ത്രീകളുടെ തൊഴിലുകള്‍ , അധ്വാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്, അല്ലെങ്കില്‍ മുന്നോട്ട് പോക്കിനുള്ള പ്രധാന മാര്‍ഗ്ഗമായി മാറുന്നുണ്ട് എന്നതാണ്.

നമ്മുടെ നാട്ടിലിപ്പോള്‍ ഫീമെയില്‍ ഹെഡഡ് ഹൗസ്ഹോള്‍ഡ് (സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങള്‍) ന്റെ എണ്ണം കൂടി വരുന്നതായി കാണാം. അതിന്റെ ഒരു കാരണം ഗള്‍ഫ് കുടിയേറ്റം പോലുള്ളവയാണ്. തൊഴിലന്വേഷിച്ച് കുടുംബത്തിലെ ആണുങ്ങള്‍ അന്യനാടുകളിലേക്ക് പോകുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, സ്വന്തം ശേഷിയും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ് സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം ഉപയോഗപ്പെടുത്തിയ ഇവിടത്തെ സാധാരണക്കാരായ സ്ത്രീകളാണ്.

പുരുഷന്മാര്‍ ഉത്തരവാദിത്തം കാണിക്കാത്തിടങ്ങളില്‍ നിന്ന് സ്ത്രീകള്‍ സ്വയമേവ മുന്നോട്ട് വരുന്നുണ്ട്. പ്രത്യേകിച്ച് മദ്യപാനികളുള്ള കുടുംബങ്ങളില്‍. ഈ കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നവരും ആ കുടുംബങ്ങള്‍ തന്നെയാകും. സര്‍ക്കാര്‍ ബാറുകളും ബിവറേജുകളും മറ്റും തുറക്കാതിരിക്കുന്നത് ഒരുപരിധി വരെ കുടുംബങ്ങളില്‍ നിന്നും പട്ടിണി അകറ്റി എന്നതില്‍ സംശയമില്ല. അല്ലാതിരുന്നെങ്കില്‍ ഭക്ഷണത്തേക്കാള്‍ മദ്യത്തിനും സ്വന്തം ലഹരിക്കും പ്രാധാന്യം നല്‍കുന്ന ആളുകള്‍, തുച്ഛമായെങ്കിലും നീക്കിയിരിപ്പോ, കൂലിയായോ ഒക്കെ കിട്ടുന്ന തുക അതിനായി മാറ്റിവച്ചേനെ.

ഈ നേട്ടങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ അസംഘടിത മേഖലയിലെ സ്ത്രീകള്‍ ഈ കാലയളവില്‍ വലിയ പ്രതിസന്ധികളും നേരിടുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടതോടൊപ്പം വരുമാനമില്ലാതായതും അത്തരക്കാരെ വലിയ രീതിയില്‍ ബാധിക്കുന്നുമുണ്ട്. ഇന്ത്യയിലെ 40 കോടിയിലേറെ വരുന്ന അസംഘടിത മേഖലയിലെ ജനങ്ങള്‍ പട്ടിണിയിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ കുറച്ചുകൂടി സുരക്ഷിതരാണ്. ഇന്ത്യയിലെ അവസ്ഥ ഇതല്ല. ഇവിടെ പട്ടിണി ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട് എന്നത് കൊണ്ടുതന്നെ.

പിന്നെ ഈ സമയത്ത് ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്ന ഒരു കാര്യമുണ്ട്, എല്ലാ സെമിറ്റിക് മത ശാസനങ്ങളും സ്ത്രീകള്‍ അധികാരത്തിലെത്തുന്നതിനേയും പൊതുസ്ഥലങ്ങളിലിടപെടുന്നതിനേയും അഭിപ്രായ പ്രകടനമുള്ളവരാകുന്നതിനേയുമെല്ലാം ശക്തമായി എതിര്‍ക്കുന്നവരാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയാധികാരവും സാമ്പത്തികാധികാരവും ലഭിക്കുന്നതിനെ ഭയപ്പെടുന്നവരാണിവര്‍. എന്നാല്‍ കോവിഡ്-19നെതിരായ യുദ്ധത്തില്‍ ലോകത്തില്‍ മാതൃക കാണിച്ച രാജ്യങ്ങളിലും പ്രദേശങ്ങളിലുമെല്ലാം ഭരണാധികാരികളായിരിക്കുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണെന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ലോകം പ്രശംസിക്കുന്ന കേരള മോഡല്‍ കോവിഡ് പ്രതിരോധത്തിന്റെ അമരക്കാരി ആരോഗ്യമന്ത്രിയായിരിക്കുന്ന ശൈലജ ടീച്ചറാണ്. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ നടപടികളെടുത്ത രാജ്യങ്ങളായ ന്യൂസിലാന്‍ഡ്, ജര്‍മനി, തായ്വാന്‍, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകളാണ് ഭരണത്തലവന്മാര്‍ എന്നത് ശ്രദ്ധേയമാണ്. ജസിന്‍ഡ ആന്‍ഡേണും ആഞ്ചല മെര്‍ക്കലും സാന്‍ മരിനുമെല്ലാം ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. ശക്തമായ നേതൃത്വങ്ങളും ഫലപ്രദമായ നടപടികളിലൂടെയുമാണ്.

കൊറോണക്കാലം പലര്‍ക്കും പലതാണ്. ചിലര്‍ക്ക് നേട്ടമായും ചിലര്‍ക്ക് കോട്ടമായും വന്നേക്കാം. അതിനേക്കാളൊക്കെ പുറമെ ചില തിരിച്ചറിവുകള്‍ കൂടി തരാന്‍ ഈ അവസരത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. കൊറോണാനന്തരക്കാലത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു സാമൂഹ്യക്രമവും ഇടപെടലുകളും നടത്താന്‍ നമുക്ക് പരിശ്രമിക്കാമെന്നേ ഇപ്പോള്‍ പറയാനുള്ളൂ.

തയ്യാറാക്കിയത്: നസീറ നീലോത്ത്‌


Next Story

Related Stories