TopTop
Begin typing your search above and press return to search.

ലോക് ഡൗണിന് ശേഷം രമേശും കൂട്ടരും 400 കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്കുള്ള നടത്തത്തിലാണ്, സാമ്പത്തിക പാക്കേജുകള്‍ അവര്‍ക്ക് എന്ത് നല്‍കും?

ലോക് ഡൗണിന് ശേഷം രമേശും കൂട്ടരും 400 കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്കുള്ള നടത്തത്തിലാണ്, സാമ്പത്തിക പാക്കേജുകള്‍ അവര്‍ക്ക് എന്ത് നല്‍കും?

ഉത്തര്‍പ്രദേശിലെ ഷജഹന്‍പൂരിലെ വീട്ടിലേക്കുള്ള നടത്തത്തിലാണ് ഇപ്പോഴും രമേശും കൂട്ടുകാരും. അവരുടെ നടത്തത്തിന്റെ കഥയാണ് ഇന്ന് ദി ഹിന്ദു പത്രം ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് 19 നെ നേരിടാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചിടലിന് ശേഷമാണ് അവര്‍ യാത്ര തുടങ്ങിയത്. ഹരിയാനിലെ മാനേസറിലെ ബിലാസ്പൂര്‍ ഗ്രാമത്തിലെ ഓട്ടോമൊബൈല്‍ കമ്പനിയിലെ കയറ്റിറക്ക് തൊഴിലാളികളാണ് രമേശും കൂട്ടരും. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ കമ്പനി പൂട്ടി. അവിടെ താമസം തുടരാനുള്ള പണം അവരുടെ പക്കലില്ല. അതുകൊണ്ട് 400 കിലോ മീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ഗ്രാമത്തിലേക്കുള്ള നടത്തിലാണ്. പോകാന്‍ വണ്ടികളില്ല. പണിസ്ഥലത്തു തുടരാന്‍ കാശുമില്ല.

' ചില ദിവസങ്ങളില്‍ 500 രൂപ കൂലി കിട്ടും. തൊട്ടടുത്ത ദിവസം 50 രൂപയായിരിക്കും ലഭിക്കുക. കിട്ടുന്ന കൂലിക്ക് കണക്കൊന്നുമില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ജോലി ഇല്ല. ബാക്കിവെച്ച പണം മുഴുവന്‍ തീര്‍ന്നു.' കൂട്ടത്തിലൂണ്ടായിരുന്ന അജിത്ത് എന്ന തൊഴിലാളി പറഞ്ഞതാണിത്. അഞ്ചോ ആറോ ദിവസം കൊണ്ട് ഗ്രാമത്തിലെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
സമാനമായ കുടിയിറക്കത്തിന്റെ കഥകള്‍ ഇന്ത്യന്‍ പത്രങ്ങളില്‍ സമീപ ദിവസങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോവിഡ് 19 ന്റെ അടച്ചിടല്‍ അതിന് വലിയ തോതില്‍ ആക്കം കൂട്ടിയെന്ന് മാത്രം.
നേരത്തെ തന്നെ രൂക്ഷമായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലാണ് കോവിഡ് 19 ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സമീപകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നവരാണ് ഇപ്പോള്‍ നഗരങ്ങളില്‍നിന്ന്ഗ്രാമങ്ങളിലേക്ക് തിരിച്ചുനടക്കുന്നത്. ഗ്രാമങ്ങളില്‍നിന്ന് ജീവിക്കാന്‍ വേണ്ടി പല കാരണങ്ങളാല്‍ നഗരങ്ങളിലെത്തിയവരാണ് ഇപ്പോള്‍ തിരിച്ചുനടക്കുന്നത്. അവര്‍ക്ക് തിരകെ നഗരങ്ങളില്‍ വന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമോ, അവരുടെ തന്നെ നാടുകളില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികള്‍ കണ്ടെത്താന്‍ കഴിയുമോ എന്നതല്ലൊം കണ്ടറിയേണ്ടതാണ്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന കൊവിഡ് 19 മൂലം ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ്. ലോകമെമ്പാടും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ്. അമേരിക്കയും ഫ്രാന്‍സും ജര്‍മ്മനിയും എല്ലാം സാമ്പത്തിക ഉത്തേജക പദ്ധതികളിലൂടെ കൊവിഡ് ബാധയുടെ സാമ്പത്തിക പ്രത്യാഘാതം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഇന്ത്യയും പ്രഖ്യാപിച്ചിരിക്കുന്നു. പലരും ആശ്വാസത്തിലാണ്. വൈകിപ്പോയതിലാണ് പ്രതിപക്ഷത്തിനും വിഷമം. സാമ്പത്തിക പാക്കേജ് എങ്ങനെയാവും ഇപ്പോള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചുനടക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യുക?
ഇന്നലെ പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രധാനമായും ഉള്ളത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. 22 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ചെയ്യുമെന്നാണ കരുതുന്നത്. (സൗജന്യ ചികില്‍സയാണോ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് സഹായകരമാകുന്ന ഇന്‍ഷൂറന്‍സ് ആണോ വേണ്ടതെന്ന ചോദ്യവും അവശേഷിക്കുന്നു) ദേശീയ ഭക്ഷ്യ സുരക്ഷ നയത്തിന്റെ പരിരക്ഷയിലുള്ള എല്ലാ ആളുകള്‍ക്കും അടുത്ത മൂന്ന് മാസം അഞ്ച് കിലോ ഗ്രാം അരിയും ഗോതമ്പും സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182 രൂപയില്‍നിന്ന് 202 രണ്ട് രൂപയാക്കി തുടങ്ങി പത്തോളം പ്രധാന നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ജനങ്ങളിലേക്ക് പണം എത്തിക്കാനുള്ള ശ്രമമാണ് ധനമന്ത്രി നടത്തുന്നതെന്ന് വേണം കരുതാന്‍.
എന്നാല്‍ നേരത്തെ സൂചിപ്പിച്ച രമേശിനെയും അജിത്തിനെയും പോലുള്ള കോടിക്കണക്കിന് അംസഘടിതരായ തൊഴിലാളികള്‍ക്ക് തിരികെ ജോലി ലഭിക്കാന്‍ എന്ത് സഹായമാകും ഈ പ്രഖ്യാപനങ്ങള്‍ ചെയ്യുകയെന്നതാണ് ഒരു പ്രധാന ചോദ്യം. ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് ഇടത്തരം കമ്പനികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിലൂടെ മാത്രമെ ഇത് സാധ്യമാകുവെന്നാണ്. കാരണം നേരത്തെയുള്ള പ്രതിസന്ധി ഇപ്പോള്‍ രൂക്ഷമായത് കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇടത്തരം കമ്പനികളെയാണ്. അവിടങ്ങളില്‍ ജോലി ചെയ്യുന്നതാകട്ടെ ഒരു രേഖയിലുമില്ലാത്തവര്‍. അസംഘടിതര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍. ഒരു തൊഴില്‍ സുരക്ഷിതത്വമോ, യുണിയനുകളുടെ പോലും സംരക്ഷണമോ ഇല്ലാത്തവര്‍. കമ്പനി പ്രതിസന്ധിയിലായതോടെ ആദ്യം പിരിച്ചുവിടപ്പെടുന്നവര്‍ ഇവരാണ്. കാരണം മറ്റ് സംവിധാനങ്ങള്‍, ബാങ്ക് വായ്പ അടവ്, വൈദ്യുതി ചാര്‍ജ്ജ്, കെട്ടിടങ്ങളുടെ വായ്പ,യന്ത്രങ്ങളുടെ മെയിന്റനന്‍സ് എന്നിവ ഒഴിവാക്കാനാകില്ല. അതുകൊണ്ട് തന്നെ ചെലവു ചുരുക്കല്‍ പരിപാടിയുടെ ആദ്യ ഇരയാകുന്നത് തൊഴിലാളികളാണ്. അവര്‍ പിരിച്ചുവിടപ്പെടുന്നു. ഈ അവസ്ഥമാറ്റാനുള്ള നടപടികള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇങ്ങനെ ഇന്ത്യയിലെ കാര്‍ഷികേതര മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 94 ശതമാനം വരുന്നവരാണ് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരാണ് പിരിച്ചുവിടലിന് കൂടുതലായി വിധേയരാക്കപ്പെടുന്നത്. പ്രമുഖ സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം ശങ്കര്‍ ഝാ ദി വയറിലെഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. തൊഴിലാളികളെ പിരിച്ചുവിടാതെ നിലനിര്‍ത്താന്‍ പറ്റിയ സഹായമൊന്നും സര്‍ക്കാര്‍ പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. 2011 ലെ സെന്‍സസ് കണക്ക് പ്രകരം ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ മൂന്നിലൊന്ന് അതായത് 13.9 കോടി തൊഴിലാളികളും മറ്റ് നാടുകളിലാണ് ജോലി ചെയ്യുന്നത്. ഇതില്‍ തന്നെ 90 ലക്ഷം പേരും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്ന് ചൂണ്ടിക്കാട്ടി പ്രേം ശങ്കര്‍ ഝാ മറ്റൊരു ചോദ്യം കൂടി ചോദിക്കുന്നുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് എത്തുന്ന കോടിക്കണക്കിന് തൊഴിലാളികളില്‍ ചിലരെങ്കിലും കൊവിഡ് വൈറസ് വാഹകരാണെങ്കിലോ? എന്ന ചോദ്യമാണ് അദ്ദേഹം ചോദിക്കുന്നത്. അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന കാര്യം സംശയമില്ല. ആയിരത്തില്‍ ഒരാള്‍ വൈറസ് വാഹകനായാല്‍ പോലും അത് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം വിശദീകരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ മൂന്നാഴ്ച കൊണ്ട് എല്ലാം നിയന്ത്രിക്കാമെന്ന് ധാരണ ശരിയായി കൊളളണമെന്നില്ല. അങ്ങനെ സംഭവിച്ചാല്‍ സാമ്പത്തിക ആഘാതം കൂടുതല്‍ തീവ്രമാകും. ഇന്ത്യയിലെ ആറ് ലക്ഷം ഗ്രാമങ്ങളിലെ കണക്കെടുപ്പും പ്രതിരോധവും ചൈനയില്‍ സാധിച്ചതുപോലെ എളുപ്പമാകില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇക്കാലമത്രയും നടത്തിയ വികസന പരിപാടികളെല്ലാം ഒറ്റയടിക്ക് അപ്പോള്‍ ചോദ്യം ചെയ്യപ്പെടും. എല്ലാ പാക്കേജുകളും അപ്രസക്തമാകാന്‍ അതുമതി.
കണക്കുകളില്‍പെടാത്തവര്‍ക്കും, അക്കൗണ്ടുകളില്ലാത്തവര്‍ക്കും എന്താണ് പാക്കേജുകള്‍ ശേഷിപ്പിച്ചിട്ടുണ്ടാവുക എന്നതാണ് പ്രശ്‌നം. കേവലമായ സാമ്പത്തിക പാക്കേജുകളുടെ പരിധിക്ക് പുറത്തായവരുടെ കൊറോണ കാല ജീവിതം കുടുതല്‍ സങ്കീര്‍ണവും തീവ്രവുമായിരിക്കുമെന്നതില്‍ സംശയമില്ല. ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്നവര്‍ ബോധ്യപ്പെടുത്തുന്നത് ആ യാഥാര്‍ത്ഥ്യം തന്നെയാണ്.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories