TopTop
Begin typing your search above and press return to search.

ഈ പോക്ക് കേരളം ഉണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്: പ്രൊഫ. ബി.എ പ്രകാശ് സംസാരിക്കുന്നു

ഈ പോക്ക് കേരളം ഉണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്: പ്രൊഫ. ബി.എ പ്രകാശ് സംസാരിക്കുന്നു

കൊവിഡ് 19 കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതിന്റെ ആഘാതം എത്രയാണെന്ന വിലയിരുത്താന്‍ ഇപ്പോള്‍ സാധിക്കുകയുമില്ല. എന്താണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം, എന്താണ് മുന്നോട്ടുള്ള വഴി? പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബി.എ പ്രകാശ് പറയുന്നു. കേരള സര്‍വകലാശാല സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയാണ് ബി എ പ്രകാശ്‌

കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ രണ്ട് കൂട്ടരും അവരവരുടെ വലുപ്പം പറഞ്ഞുകൊണ്ടിരിക്കും. കേമന്‍മാരാണ് ഞങ്ങള്‍ എന്ന് കാണിച്ച്, വേഷംകെട്ട് കാണിച്ച് ആളാവാനാണ് എല്ലാവരും ശ്രമിക്കുക. പക്ഷെ അതെല്ലാം മാറ്റിവച്ച് അടിസ്ഥാന വര്‍ഗത്തിനായി ചിലത് ചെയ്യേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാം. കാരണം, കേരള സംസ്ഥാനം ഉണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോവുന്നത്. സാമ്പത്തിക വളര്‍ച്ച നിരക്ക് ഉണ്ടാവില്ല എന്ന് മാത്രമല്ല അത് നെഗറ്റീവ് വാല്യുവിലേക്ക് പോവുകയും ചെയ്യാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ 72,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. അത് നാല്‍പ്പത് ദിവസത്തേക്കാവുമ്പോള്‍ വലിയ പ്രത്യാഘാതം തന്നെയായിരിക്കും. ജിഡിപിയില്‍ കാര്യമായ കുറവ് വരും. തൊഴില്‍ നഷ്ടം അതിരൂക്ഷമാണ്. പക്ഷെ കൊവിഡ് കഴിയാതെ ഇതിനെ മറ്റൊരു തരത്തിലും കവര്‍അപ് ചെയ്യാന്‍ ഒരു സര്‍ക്കാരിനും ആവില്ല എന്നതും യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു.

തൊഴില്‍ നഷ്ടത്തെക്കുറിച്ചാണ് കൂടുതല്‍ ആലോചിക്കേണ്ടത്. തൊഴില്‍ ചെയ്യുന്നവരില്‍ മൂന്നിലൊന്ന് മാത്രമാണ് സ്ഥിരവരുമാനം ഉള്ളവരോ സ്ഥിരം ജീവനക്കാരോ ആയിട്ടുള്ളവര്‍. ബാക്കിയുള്ളവര്‍ അതല്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്നവരോ സ്വയം തൊഴിലുകള്‍ ചെയ്യുന്നവരോ ആണ്. ഇവരെയാണ് കൊവിഡ് ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്. ഇത്രയുമാളുകള്‍ക്ക് തൊഴിലോ സാമ്പത്തിക നിലയോ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവും. രൂക്ഷമായ തകര്‍ച്ചയാണ് ഈ മേഖലകളെ കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് അക്കൂട്ടര്‍ക്കായി റിന്യൂവല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ചില നടപടികള്‍ സര്‍ക്കാര്‍ ചെയ്യാതെയല്ല. 15 കിലോ അരി റേഷന്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തൊഴിലാളികളെ അഡ്രസ്സ് ചെയ്തുകൊണ്ടുള്ള പാക്കേജുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ചെറുകിട യൂണിറ്റുകളും , വലിയ ഷോപ്പുകളുള്‍പ്പെടെ വാടകയ്ക്കെടുത്തവരും എല്ലാം ഇപ്പോള്‍ തന്നെ തകര്‍ച്ചയിലാണ്. 40 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ നീളുമ്പോള്‍ പ്രശ്നങ്ങള്‍ അതീവരൂക്ഷമാവും. വാടകയും ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥ, കച്ചവടം നടത്താനോ കട തുറക്കാന്‍ പോലുമോ പറ്റാത്ത സാഹചര്യം, ഇതെല്ലാം ഇവരെ വലിയ തോതിലുള്ള തകര്‍ച്ചയിലേക്കെത്തിക്കും.
കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം നികത്താവുന്നതല്ല. വിളവെടുക്കേണ്ടവ സമത്ത് വിളവെടുക്കാനാവാതെ, വിളവെടുത്തവ തന്നെ മാര്‍ക്കറ്റിലേക്കെത്തിക്കാനാവാതെ ഉണ്ടായ നഷ്ടങ്ങള്‍ അളവില്ലാത്തതാണ്. എന്നാല്‍ ഇതെല്ലാം ഉണ്ടാക്കിയ നഷ്ടങ്ങളുടെ തോത് എത്രയെന്ന് പിന്നീട് മാത്രമേ പറയാന്‍ കഴിയൂ. അതിനാല്‍ സര്‍ക്കാരുകള്‍ പരസ്പരം കുറ്റം പറഞ്ഞിരിക്കാതെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.
(തയാറാക്കിയത്: കെ.ആര്‍ ധന്യ)


പ്രൊഫ. ബി.എ പ്രകാശ്‌

പ്രൊഫ. ബി.എ പ്രകാശ്‌

സാമ്പത്തിക ശാസ്ത്രജ്ഞന്‍, കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി

Next Story

Related Stories