TopTop
Begin typing your search above and press return to search.

ഈഴവ-ക്രൈസ്തവ വോട്ട് കണക്കില്‍ പാളി ഇടതു മുന്നണി; അരൂരിലേത് ഷാനിമോള്‍ ഉസ്മാന്‍ ഏറെ അധ്വാനിച്ച് നേടിയ തിളക്കമാര്‍ന്ന വിജയം

ഈഴവ-ക്രൈസ്തവ വോട്ട് കണക്കില്‍ പാളി ഇടതു മുന്നണി; അരൂരിലേത് ഷാനിമോള്‍ ഉസ്മാന്‍ ഏറെ അധ്വാനിച്ച് നേടിയ തിളക്കമാര്‍ന്ന വിജയം

2006ല്‍ കെ.ആര്‍ ഗൗരിയമ്മയെ 4753 വോട്ടുകള്‍ക്കു അരൂരില്‍ പരാജയപ്പെടുത്തി ജയിന്റ് കില്ലറായി മാറിയ എ.എം ആരിഫ് അന്ന് അടുപ്പക്കാരോടൊക്കെ പറഞ്ഞിരുന്നു, ഇനി മണ്ഡലം കൈവിട്ടുപോകാന്‍ അനുവദിക്കില്ലെന്ന്. മണ്ഡലത്തിലുടനീളം ഓടിനടന്ന് പ്രവര്‍ത്തിച്ച ആരിഫ് പിന്നീട് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു. 13 വര്‍ഷങ്ങള്‍ക്കുശേഷം, ആലപ്പുഴയില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുന്നില്‍ നിന്നു പ്രചാരണം നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി മനു സി പുളിക്കലിന് പക്ഷെ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. തെരഞ്ഞെടുപ്പുകളില്‍ പതിവായി പരാജയം ഏറ്റുവാങ്ങുന്ന ചരിത്രമുള്ള ഷാനിമോള്‍ ഉസ്മാന്‍ ഏറെ അധ്വാനിച്ച് നേടിയ തിളക്കമാര്‍ന്ന വിജയമാണ് അരൂരിലേത്.

അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് വിജയിച്ചുവെങ്കിലും സിറ്റിംഗ് സീറ്റായ അരൂര്‍ നഷ്ടമായത് ഇടതു മുന്നണിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് മണ്ഡലങ്ങള്‍ കൈവിട്ടാലും അരൂര്‍ പോകരുതെന്ന് കണക്കുകൂട്ടിയ നേതാക്കളുടെ വാക്കുകളില്‍ അത് പ്രകടം. മണ്ഡലത്തില്‍ ബഹു ഭൂരിപക്ഷം വോട്ടര്‍മാരുള്ള ഈഴവരുടെ പിന്തുണ നേരത്തെ തന്നെ ഉറപ്പാക്കി ക്രൈസ്തവ ന്യൂനപക്ഷ സമുദായാംഗമായ യുവ നേതാവ് മനു സി പുളിക്കലിനെ മത്സര രംഗത്ത് അവതരിപ്പിച്ച് ചിട്ടയോടെ പ്രവര്‍ത്തനം നടത്തിയെങ്കിലും എല്‍ഡിഎഫിന് വിജയത്തിലേക്ക് എത്താനായില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന് ഉജ്വലമായ വിജയമാണ് കരഗതമായത്.

പ്രചാരണ രംഗത്ത് ഇടതു മുന്നണിയ്ക്കപ്പമെത്തിയില്ലെങ്കിലും കോണ്‍ഗ്രസിന് മറ്റൊരുകാലത്തും ഇല്ലാത്ത ഒത്തൊരുമയോടെ മുതിര്‍ന്ന നേതാക്കളെയൊക്കെ രംഗത്ത് അവതരിപ്പിച്ച് താഴെ തട്ടില്‍ വരെ എത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുവെന്ന് വേണം പറയാന്‍. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കിലും ഇടതു മുന്നണി കടന്നു കയറുമെന്ന തോന്നലാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നത്. ആരിഫ് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും മുന്നില്‍ വെച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ മണ്ഡലത്തില്‍ നേടിയ 648 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാനാവുമെന്ന ഇടതു മുന്നണിയുടെ കണക്ക് കൂട്ടലുകളും ഫലം കണ്ടില്ല.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലുണ്ടായ നേരിയ മേല്‍ക്കൈ അല്ലാതെ മനുവിന് ഒരു ഘട്ടത്തിലും ഭൂരിപക്ഷം നേടാനായിരുന്നില്ല. പൊതുവില്‍ ഇടതു മുന്നണിക്കൊപ്പം നിന്നിരുന്ന പഞ്ചായത്തുകളിലൊക്കെ തന്നെ ഷാനിമോള്‍ക്ക് വലിയ തോതില്‍ വോട്ടുകള്‍ വീണു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാള്‍ തന്റെ സ്വാധീനത വളര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കായി. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനോടുള്ള അപ്രീതിക്കൊപ്പം ഷാനിമോള്‍ എന്ന സ്ഥാനാര്‍ഥിയോടുള്ള മമതയും വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നു വേണം കണക്കാക്കാന്‍. സമുദായം തിരിച്ചുള്ള കണക്കുകൂട്ടലുകളൊന്നും നേരായി ഭവിച്ചതുമില്ല.

മണ്ഡലത്തിലെ വോട്ടര്‍മാരില്‍ പൊതുവിലുള്ള സ്വാധീനതയും ഈഴവ വോട്ടുകളിലെ അമിതമായ ആത്മവിശ്വാസവുമായിരുന്നു ഇടത് ക്യാമ്പുകളിലെ പ്രതീക്ഷ. ആരിഫിലൂടെ ലഭിച്ചിരുന്ന മുസ്ലിം വോട്ടുകള്‍ ഷാനിമോള്‍ എത്തുമ്പോള്‍ പൂര്‍ണമായും മറു ചേരിയില്‍ കേന്ദ്രീകരിച്ചാലും അത് മനുവിനെ സ്ഥാനാര്‍ഥിയാക്കുന്നതുവഴി ലഭിക്കുന്ന ക്രൈസ്തവ വോട്ടുകളിലൂടെയും എസ്എന്‍ഡിപി വോട്ടുകളിലൂടേയും പരിഹരിക്കാനാവുമെന്ന് അവര്‍ കരുതി. പക്ഷെ, ഈ രണ്ട് സമുദായങ്ങളും സമ്മതി രേഖപ്പെടുത്തിയപ്പോള്‍ വോട്ടമാര്‍ പൊതുവിലുള്ള രാഷ്ട്രീയ സാഹചര്യം മനസ്സില്‍ വെച്ചുവെന്ന് വേണം കരുതാന്‍. ബിഡിജെഎസ് വോട്ടുകള്‍ പ്രതീക്ഷച്ചതുപോലെ ഇടത് ചേരിയിലേക്ക് എത്തുകയും ഉണ്ടായില്ല.

അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തിയ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അരൂരിന്റെ ചരിത്രത്തില്‍ ഈഴവ സമുദായാംഗമല്ലാത്ത രണ്ടാമത്തെ പ്രതിനിധിയായിട്ടാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ച് കയറിയത്. കെ.ആര്‍ ഗൗരിയമ്മയ്ക്കുശേഷമുള്ള മണ്ഡലത്തിലെ രണ്ടാമത്തെ വനിത പ്രതിനിധിയും. 1957ലും 60ലും ജയിച്ച പി.എസ് കാര്‍ത്തികേയനുശേഷം മണ്ഡലത്തിലുണ്ടായ കോണ്‍ഗ്രസ് പ്രതിനിധിയാണ് ഷാനിമോള്‍ ഉസ്മാന്‍. 57 മുതലുള്ള ചരിത്രത്തില്‍ മണ്ഡലത്തില്‍ നിന്നും ജയിക്കുന്ന രണ്ടാമത്തെ ഈഴവേതര സ്ഥാനാര്‍ഥിയും. ആദ്യ ഈഴവേതര പ്രതിനിധി മൂന്നു തവണ തുടര്‍ച്ചയായി ജയിച്ചു കയറിയ എ.എം ആരിഫാണ്. പക്ഷെ ആരിഫും ഷാനിമോളും മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 14 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിലെ അംഗങ്ങളാണെന്നതും മറക്കരുത്. 40 ശതമാനത്തിലധികം വോട്ടുള്ള ഈഴവരടക്കമുള്ള ഭൂരിപക്ഷം വോട്ടര്‍മാരുടെ നല്ല പങ്ക് രാഷ്ട്രീയ ആശിസ്സുകൂടി നേടിക്കൊണ്ടാണ് ഷാനിമോളുടെ ജയം.

എസ്എന്‍ഡിപി ആര്‍ക്കൊപ്പമെന്ന് പരസ്യമായി പറഞ്ഞിരുന്നില്ലെങ്കിലും കാര്യങ്ങള്‍ വ്യക്തമായിരുന്നു. സംഘടനാ നേതൃത്വത്തിന്റെ നിലപാടിനൊപ്പം ഭൂരിപക്ഷവും നിലകൊണ്ടില്ലെന്ന് വേണം തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ബിഡിജെഎസ് - ഈഴവ വോട്ടുകളില്‍ കണ്ണുവെച്ച കണക്ക് കൂട്ടിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ ആ വോട്ടുകള്‍ എവിടെപ്പോയെന്ന് തെരയുകയാണ്. കഴിഞ്ഞ നിയമസഭ- പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പെട്ടിയില്‍ വീണ വോട്ട് എവിടെപ്പോയെന്ന ചോദ്യം എ.എം. ആരിഫ് അടക്കമുള്ളവര്‍ ചോദിക്കുന്നതിന്റെ സാരവും അത് തന്നെ.

എന്‍എസ്എസ് വിജയിപ്പിക്കാനെത്തി സിറ്റിംഗ് സീറ്റ് കൈവിട്ടുപോയ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് അനുഭവവും വ്യാപകമായി ഈഴവ -ക്രൈസ്തവ വോട്ടുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച അരൂരിലെ എല്‍ഡിഎഫിന്റെ സ്ഥിതിയും കേരള സമൂഹത്തില്‍ ഗുണാത്മകമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയം തങ്ങള്‍ തന്നെ തീരുമാനിച്ചു കൊള്ളാമെന്ന് സ്വസമുദായ നേതൃത്വങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പാഠം.


Next Story

Related Stories