TopTop
Begin typing your search above and press return to search.

അടക്കപ്പെട്ട അതിര്‍ത്തികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരുടെ നെഞ്ചിടിപ്പുകള്‍ കേള്‍ക്കുക, നിരാശയുണ്ട് പ്രവേശനം വിലക്കിയ രാജ്യത്തിന്റെ നടപടിയില്‍ - ഒരു പ്രവാസി എഴുതുന്നു

അടക്കപ്പെട്ട അതിര്‍ത്തികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരുടെ നെഞ്ചിടിപ്പുകള്‍ കേള്‍ക്കുക, നിരാശയുണ്ട് പ്രവേശനം വിലക്കിയ രാജ്യത്തിന്റെ നടപടിയില്‍ - ഒരു പ്രവാസി എഴുതുന്നു

ജനുവരി ഇരുപത്തിയാറാം തീയതി തൊഴില്‍ സംബന്ധമായ ഒരു മുന്നറിയിപ്പ് തയ്യാറാക്കുന്നതിന് ഇടയിലാണ് കൊറോണ എന്ന രോഗത്തെ പറ്റി കൂടുതല്‍ തിരയുന്നത്. മലേഷ്യയും സിംഗപ്പൂരും അടങ്ങുന്ന ഞങ്ങളുടെ മറ്റു സ്ഥാപനങ്ങളിലെ സഹപ്രവര്‍ത്തകര്‍ക്കായി ഒരു യാത്രാ മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു ഉദ്ദേശം. മൂന്നു തരത്തിലുള്ള യാത്ര മുന്നറിയിപ്പുകള്‍ തയ്യാറാക്കുന്ന ആ നിമിഷം കൊറോണ, കോവിഡ് എന്ന് പേര് മാറ്റിയിരുന്നില്ല. ചൈനയില്‍ ഒരു വൈറല്‍ ബാധ എന്ന നിലയില്‍ അല്ലാതെ ലോകത്തെ മുഴുവന്‍ ഭീതിയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള ഒരു രോഗം എന്ന നിലയിലേക്ക് അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല എന്നതാണ് സത്യം. ഏകദേശം അറുപത് ദിവസങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുമ്പോഴും ഉള്ളില്‍ ആശങ്കയെന്നോ മരവിപ്പെന്നോ വേര്‍തിരിച്ച് അറിയാത്ത ഒരു അവസ്ഥയുണ്ട്.

ഒരു പ്രവാസി എന്ന നിലയിലും കേരളത്തിന് വെളിയില്‍ ലോകത്തിന്റെ ഒരു പരിച്ഛേദത്തിനു നടുവില്‍ ജീവിക്കുന്ന മലയാളി എന്ന നിലയിലും വ്യത്യസ്തമായ കാഴ്ചകളാണ് കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം ലോകത്തിനു മുന്നിലേക്ക് തന്നെ ഏറെ പ്രശംസാവഹമായ ഒരു മാതൃക മുന്നോട്ടു വെച്ചതില്‍ അഭിമാനിക്കുന്നു. രോഗം സംശയിക്കുന്നവരോട് അധികാരികള്‍ പുലര്‍ത്തുന്ന മനുഷ്യത്വ പരമായ സമീപനം അഭിമാനിക്കാവുന്നതാണ്. എന്ത് കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ മോഡല്‍ ലോകം പഠന വിഷയമാക്കുന്നത് എന്നതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഉണ്ടാവുന്നത്. ഒപ്പം ശക്തവും ദിശാബോധവുമുള്ള ഒരു രാഷ്ട്രീയ നേതൃത്വം കേരളത്തിന്റെ നടപടികള്‍ കാര്യക്ഷമമാക്കുന്നുണ്ട്.

യൂ. ഏ ഈ യിലും സമാനമായ നടപടികളാണ്. പ്രവാസി എന്ന നിലയില്‍ ജീവിക്കുന്ന ഈ ഇടത്തെ ഔദ്യോഗിക സംവിധാനങ്ങള്‍ നിരന്തരം മുന്നറിയിപ്പുകള്‍ കൊടുക്കുന്നുണ്ട്. പൗരന്‍മാരുടെ ആശങ്കകള്‍ ദൂരീകരിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും പര്യാപ്തമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും വിവിധ മന്ത്രാലയങ്ങളിലൂടെയും ലഭ്യമാക്കുന്നുണ്ട്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവനവന്റെ വീടുകളില്‍ ഇരുന്ന ജോലി ചെയ്യാനുള്ള സംവിധാനമുണ്ട്. പല സ്ഥാപനങ്ങളൂം തങ്ങളുടേതായ മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ സംവിധാനങ്ങളും അവ എങ്ങനെ പൗരന്മാര്‍ ഉപയോഗിക്കണം എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇതിനിടയിലാണ് വ്യാജവാര്‍ത്തകളുടെ വരവ്. ഇത്തരം വാര്‍ത്തകള്‍ ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്. കൂട്ടമായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തുകയും സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടുകയും ചെയ്യുന്നത് വ്യാജവാര്‍ത്തകളുടെ സ്വാധീനത്താലാണ്.വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ രാജ്യം നല്‍കിയിരിക്കുന്നത്.

അതെ സമയം തന്നെ വേഗം പടര്‍ന്നു പിടിക്കുന്ന ഒരു രോഗം എന്ന അവസ്ഥ, ആ അവസ്ഥയുടെ ഭീതി ലോകത്തെ ആഗോളഗ്രാമം എന്ന നിലയില്‍ നിന്ന് ചെറിയ ചെറിയ തുരുത്തുകള്‍ ആക്കുന്നു എന്ന ഭീതിപ്പെടുത്തുന്ന കാഴ്ച മറ്റൊരിടത്തുണ്ട്. കേരളത്തിലെ തന്നെ വലിയൊരു വിഭാഗം പുലര്‍ത്തുന്ന അസഹിഷ്ണുത നിറഞ്ഞ സമീപനം വിദേശികളായ സന്ദര്‍ശകരോട് മാത്രമല്ല, തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും കേരളവും ഇന്ത്യയും വിട്ടു നില്‍ക്കുന്നവരോടുമുണ്ട്. അത് ഭയപ്പെടുത്തുന്നുണ്ട്. രോഗത്തെ പറ്റിയുള്ള ചിന്തകള്‍ ഒരു സോഷ്യല്‍ സ്റ്റിഗ്മ സൃഷ്ടിക്കുന്നുണ്ട്. പ്രവാസികള്‍ പലരും തങ്ങളുടെ കുടുംബാംഗങ്ങളെ പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. തങ്ങളുടെ മാതൃരാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെ അവര്‍ ആകാംക്ഷയോടും ആശങ്കയോടുമാണ് നിരീക്ഷിക്കുന്നത്. ഒരു അവധിക്കാലത്തിന്റെ അവസാന പടിയില്‍ നില്‍ക്കുമ്പോഴാണ് രോഗം ലോകത്ത് പടര്‍ന്നു പിടിച്ചത്. പലരുടെയും യാത്ര പദ്ധതികളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ചിലരുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട്. ഇതെല്ലാം തന്നെ മാനസികമായ ആഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഇടയുണ്ട്. സ്വന്തം രാജ്യത്തേക്ക് മടങ്ങാനാവാത്ത ഒരു മനുഷ്യന്റെ മാനസികാവസ്ഥ വേദനിപ്പിക്കുന്നതാണ്. രോഗം അവനെ സ്വന്തം രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കാരണമാവുന്നു. അവന്റെ സര്‍ക്കാര്‍ അവനെ തള്ളിപ്പറയുന്നു എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ വെളിവാക്കിയത്. ഒരു ഭരണ നേതൃത്വം എങ്ങനെ ആവരുത് എന്നതാണ് ഈ നടപടി ഉദാഹരിക്കുന്നത്.

അടക്കപ്പെട്ട അതിര്‍ത്തികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരുടെ നെഞ്ചിടിപ്പുകള്‍ ആശങ്കയുണ്ടാകുന്നുണ്ട്. പല രാജ്യങ്ങളിലും പ്രവാസി തൊഴിലാളികളുടെ അവധിയപേക്ഷകള്‍ റദ്ദു ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ സ്വന്തം നിലയിലാണ് യാത്ര ചെയ്യേണ്ടി വരുന്നത്. രണ്ടു ഇടങ്ങളിലുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനു വിധേയമാവേണ്ടി വരുന്നുണ്ട്. സാമ്പത്തിക രംഗവും തൊഴില്‍ രംഗവും നേരിടാന്‍ പോവുന്ന തിരിച്ചടികള്‍ പ്രവാസി തൊഴിലാളികളുടെ മനോവ്യഥ കൂട്ടാന്‍ പര്യാപ്തമാണ്. നേരത്തെ തന്നെ മാന്ദ്യം നേരിടുന്ന ആഗോള സാമ്പത്തിക രംഗത്തിനു കിട്ടിയ ഇരുട്ടടിയാണ് കൊറോണ കൊടുക്കുന്നത്. ഇതിനിടയിലും യു എ ഇ പോലെയുള്ള രാജ്യങ്ങള്‍ മാതൃകാപരമായ ചില നടപടികള്‍ എടുക്കുന്നുണ്ട്. ചെറുകിട, വന്‍കിട മേഖലകളിലെ വ്യാപാര പ്രതിസന്ധി ഒഴിവാക്കാന്‍ രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് യു എ ഇ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. വായ്പ കുടിശ്ശികയുള്ള എല്ലാ സ്വകാര്യമേഖല കമ്പനികള്‍ക്കും റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കും താല്‍ക്കാലിക ആശ്വാസം നല്‍കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആവട്ടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള വായ്പ്പകള്‍ക്ക് പ്രത്യേക സഹായം, വിവിധ മേഖലയിലുള്ള ഫീസുകള്‍ക്കുള്ള ഇളവ്, ബാങ്കിങ് മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ തുടങ്ങി അബുദാബി റോഡിലെ സാലിക്ക് ഈ വര്‍ഷത്തേക്ക് ഒഴിവാക്കല്‍ വരെ വിവിധ നടപടികള്‍ ആണ് കൊറോണ കാലത്ത് ഈ രാജ്യം കൈക്കൊള്ളുന്നത്.

അതെ സമയത്താണ് ലോക വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോഴും ടാക്‌സ് വര്‍ധിപ്പിച്ച് പൗരന്‍മാരുടെ ഭാരം വര്‍ദ്ധിപ്പിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് കാണുന്നത്. ഒരു ജനത രോഗത്തിന്റെയും തൊഴില്‍- സാമ്പത്തിക ആശങ്കയുടെയും നിഴലില്‍ നില്‍ക്കുമ്പോള്‍ അവരെ ചേര്‍ത്ത് പിടിക്കാനുള്ള മനുഷ്യത്വവും ആര്‍ജ്ജവവും ഏതൊരു ഭരണകൂടത്തിനുമുണ്ടാവേണ്ടതാണ്. മറ്റൊരു രാജ്യത്തിരുന്ന് സ്വന്തം ഭരണകൂടത്തിന്റെ നിലപാടുകള്‍ കാണുന്ന ഒരാള്‍ക്ക് നിരാശ തോന്നുക സ്വാഭാവികമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories