TopTop
Begin typing your search above and press return to search.

"അന്ന്, ഭരിക്കുന്നവന്റെ കിരീടങ്ങളെല്ലാം തിരിച്ചുപോകും, സിംഹാസനങ്ങളെല്ലാം തകരും"- വിമതത്വത്തെ ഹിന്ദുവിരുദ്ധമെന്ന് വ്യാഖ്യാനിച്ച് അപകീർത്തിപ്പെടുത്തുമ്പോള്‍

"അന്ന്, ഭരിക്കുന്നവന്റെ കിരീടങ്ങളെല്ലാം തിരിച്ചുപോകും, സിംഹാസനങ്ങളെല്ലാം തകരും"- വിമതത്വത്തെ ഹിന്ദുവിരുദ്ധമെന്ന് വ്യാഖ്യാനിച്ച് അപകീർത്തിപ്പെടുത്തുമ്പോള്‍

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന വിവേചനപരമായ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യമാകെ പടരവെ, സമരപരിപാടികളില്‍ വീഴ്ചകള്‍ കണ്ടെത്താനുള്ള വലതുപക്ഷത്തി്‌ന്റെ ശ്രമങ്ങള്‍ സാമാന്യയുക്തിയുടെ എല്ലാ പരിധികളും ലംഘിക്കുകയാണ്. വിഖ്യാത ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ 'ഹം ദേഖേങ്കെ' എന്ന കവിത സമരത്തിനിടെ ആലപിച്ച കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളാണ് ഇക്കൂട്ടരുടെ പുതിയ ഇരകള്‍. 1986 ല്‍ പാകിസ്താനിലെ സിയ ഉള്‍ ഹഖ് ഭരണകൂടം നടപ്പിലാക്കിയ സൈനിക നിയമത്തിനെതിരെയുള്ള സമരവേളയില്‍, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്‍പില്‍ ഇക്ബാല്‍ ബാനോ പാടി അനശ്വരമാക്കിയ ഈ കവിതയില്‍ ഹിന്ദു വിരുദ്ധത ഉണ്ടെന്നാണ് പുതിയ ആരോപണം.

ഈ ആരോപണത്തിന് സാധുത പകര്‍ന്നു കൊണ്ട് ഫൈസിന്റെ വരികള്‍ പാടിയതിലൂടെ വിദ്യാര്‍ത്ഥികള്‍ ഹിന്ദു വിരുദ്ധത പ്രകടിപ്പിച്ചോ എന്ന് അന്വേഷിക്കാന്‍ പാനലിനെ നിയമിച്ചിരിക്കുകയാണ് ഐ.ഐ.ടി അധികൃതര്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതപരമായ വിവേചനത്തില്‍ നിന്ന് രക്ഷ തേടി ഇന്ത്യയിലെത്തുന്നവരില്‍ മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി ബാക്കിയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് പൗരത്വ ഭേദഗതി നിയമം. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഇസ്ലാമിക ബിംബങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന് അല്പബുദ്ധികളായ വാര്‍ത്ത അവതാരകരും സമൂഹ മാധ്യമ പണ്ഡിതരും തെറ്റിദ്ധാരണ പടര്‍ത്തുന്നതിന്റെ ബാക്കിപത്രമാണ് ചരിത്രപ്രാധാന്യമുള്ള ഒരു പാട്ടുപോലും ഇത്തരം പരിശോധനകള്‍ക്കു വിധേയമാകുന്നത്.

പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ഫൈസ് അടിയുറച്ച കമ്മ്യൂണിസ്റ്റും വ്യവസ്ഥിതിക്കെതിരെ മൂര്‍ച്ചയേറിയ വരികള്‍ എഴുതിയ വിപ്ലവ കവിയുമായിരുന്നു. അതിര്‍ത്തിക്കിപ്പുറം ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കവിയായും വിയോജിപ്പിന്റെ ശബ്ദമായും കൊണ്ടാടപ്പെട്ട ഫൈസ് അനേകായിരങ്ങള്‍ക്ക് തന്റെ വരികളിലൂടെ ആവേശം പകര്‍ന്നു. അതിനാല്‍ത്തന്നെ മതപരമായ വിവേചനം ഉണ്ടാക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ ഫായിസിന്റെ 'ഹം ദേഖേങ്കെ' ആലപിക്കപ്പെടുകയെന്നുള്ളത് അത്രമേല്‍ സ്വാഭാവികമായ ഒരു സംഭവമാണ്.

ഫൈസിന്റെ വരികള്‍ ഇപ്രകാരമാണ്: നമ്മള്‍ കാണും കാണുക തന്നെ ചെയ്യും അനന്തതയില്‍ കൊത്തിവച്ച ആ വാഗ്ദത്ത ദിനങ്ങള്‍ പര്‍വ്വതങ്ങളെ പോലെ നമ്മെ ഞെരിച്ച പീഡനങ്ങള്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു പോകും മര്‍ദിതരും പീഡിതരുമായ നമ്മുടെ കാലുകള്‍ക്കടിയില്‍ ഭൂമി വിറച്ചുനില്‍ക്കും ഭരണാധിപന്മാരുടെ തലയ്ക്കു മുകളില്‍ വെള്ളിടി വെട്ടുന്ന ആ ദിവസം നമ്മള്‍ കാണുക തന്നെ ചെയ്യും കഅബയില്‍ നിന്നും കാപട്യത്തിന്റെ പാഴ് വിഗ്രഹങ്ങള്‍ എടുത്തെറിയപ്പെടും ദേവാലയത്തില്‍ നിന്നും മാറ്റിനിര്‍ത്തിയ നമ്മളെ പട്ടു വിരിച്ച സിംഹാസനത്തിലിരുത്തും അന്ന് ഭരിക്കുന്നവന്റെ കിരീടങ്ങളെല്ലാം തിരിച്ചുപോകും, സിംഹാസനങ്ങളെല്ലാം തകരും ഒടുവില്‍ അല്ലാഹുവിന്റെ നാമം മാത്രം അവശേഷിക്കും അത് ദൃശ്യവും അദൃശ്യവും ആകും കാഴ്ചയും കാഴ്ചക്കാരനും അവന്‍ തന്നെ അപ്പോള്‍ അന്‍-അല്‍ ഹഖ് എന്ന മാറ്റൊലി ഉയരും അത് നീയാകുന്നു,ഞാനും ദൈവത്തിന്റെ സൃഷ്ടികള്‍ ഇവിടം വാഴും അത് നീയാകുന്നു, ഞാനും .

ഈ വരികളില്‍ ഹിന്ദു വിരുദ്ധത കാണുന്നത് തികഞ്ഞ അസംബന്ധമാണ്. ഈ പാട്ടിലെ, അല്ലാഹുവിന്റെ നാമം മാത്രം അവശേഷിക്കും എന്നര്‍ത്ഥം വരുന്ന 'ബസ് നാം രഹേഗാ അല്ലാഹ് കാ' എന്ന വരിയും ഇസ്ലാമിന്റെ പാവന ഭൂമിയായ കഅബയില്‍ നിന്നും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടും എന്നര്‍ത്ഥം വരുന്ന 'ജബ് ആര്‍സ്-എ-ഖുദാ കെ കഅബേസെ, സബ് ഭുത് ഉഡ്ഡ്വായെ ജായേങ്കെ' എന്ന വരിയും മാത്രം എടുത്തു കാണിച്ചാണ് ഈ പാട്ടു ഇസ്ലാം മതം പ്രചരിപ്പിക്കുന്നു എന്നവകാശപ്പെടുന്നത്. ചരിത്രപ്രാധ്യാന്യമുള്ള ഈ ഗാനത്തെ ഒരു കാഴ്ചപ്പാടില്‍ നിന്ന് മാത്രം വിലയിരുത്തുന്നത് അതിന്റെ വിശാലമായ അര്‍ത്ഥം മനസിലാകാതെ പോകുന്നതിനു ഇടയാക്കും. ഈ പാട്ടു എഴുതപ്പെട്ട സാഹചര്യം ഒരിക്കലും ഇതില്‍ നിന്ന് വേറിട്ട് കാണാനാകില്ല. എന്നാല്‍ വിമര്‍ശിക്കുന്നവര്‍, ഞാന്‍ സത്യമാകുന്നു എന്ന വചനം ഉയരും എന്നര്‍ത്ഥം വരുന്ന 'ഉട്ടേഗാ അന്‍-അല്‍-ഹഖ് കാ നാരാ' എന്ന വരി കണ്ടില്ലെന്നു നടിച്ചു അല്ലാഹ് എന്നും കഅബ എന്നും ഉപയോഗിച്ചതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാട്ടിലെ 'അന്‍-അല്‍-ഹഖ്'(ഞാന്‍ സത്യമാകുന്നു') എന്ന പ്രയോഗത്തിന് പിന്നില്‍ അല്പം ചരിത്രമുണ്ട്. പേര്‍ഷ്യന്‍ സൂഫി മിസ്റ്റിക് ആയ മന്‍സൂര്‍-അല്‍-ഹല്ലജ്ജ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. മതനിന്ദ കാണിച്ചു എന്ന കുറ്റത്തിന് അദ്ദേഹം എ.ഡി. 922 ല്‍ വധിക്കപ്പെട്ടു. ഹം ദേഖേങ്കെ എന്ന കവിതയിലൂടെ സ്വേച്ഛാധിപതിയായ ഭരണാധികാരിക്കെതിരെ ശബ്ദമുയര്‍ത്തിയ ഫൈസ് ആശയം വ്യതമാക്കുന്നതിനു വേണ്ടിയാണ് ഇസ്ലാമിക ബിംബങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്. അതില്‍ ഹിന്ദു വിരുദ്ധത ആരോപിക്കുന്നത് ഒന്നുകില്‍ പരിമിതമായ കാഴ്ചപ്പാടായോ അല്ലെങ്കില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കു വര്‍ഗീയ മാനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമായോ വേണം മനസിലാക്കാന്‍. ഇന്ത്യ ഒരു പുതിയ ദശാബ്ദത്തിലേയ്ക് പ്രവേശിക്കവെ, അനാവശ്യമായ ഒരു വിവാദമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിലോമകരമായ ചര്‍ച്ചകളില്‍ മുഴുകി വീഴ്ചകള്‍ ഇല്ലാത്തയിടത്തു അവയുണ്ടാക്കുകയല്ല ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്. ഇന്ന് ആരോപിക്കപ്പെടുന്നതുപോലെ ഫൈസ് ഹിന്ദു വിരുദ്ധന്‍ ആയിരുന്നെങ്കില്‍ അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് തടവില്‍ കഴിയേണ്ടി വരികയോ വിദേശത്തു ജീവിക്കേണ്ടി വരികയോ ചെയ്യില്ലായിരുന്നുവെന്നത് തന്നെ ഇത്തരം ആരോപണങ്ങള്‍ എത്ര അപ്രസക്തമെന്നതിനു തെളിവാണ്.


Next Story

Related Stories