TopTop
Begin typing your search above and press return to search.

മോദി-ഷാ വാഴ്ചയില്‍ ആര്‍എസ്എസിന്റെ പതനം സമ്പൂര്‍ണ്ണം

മോദി-ഷാ വാഴ്ചയില്‍ ആര്‍എസ്എസിന്റെ പതനം സമ്പൂര്‍ണ്ണം

ബിജെപിയുടെ ധാര്‍മിക രക്ഷകര്‍ത്താവായി വിലസിയിരുന്ന ആര്‍എസ്എസിന്റെ കാലം കഴിഞ്ഞു. മോദിയുടെ മെഗാലോമാനിയയുടെ ഫലമായി രാജ്യമാകെ കോടിക്കണക്കിനാളുകളെ ദുഖത്തിലും, ദുരിതത്തിലേക്കും തളളിയിട്ട കോവിഡ്-19 പ്രതിസന്ധിയുടെ കാര്യത്തില്‍ ആര്‍എസ്എസിന്റെ പ്രതികരണം നാഗ്പൂരിന്റെ നിസ്സഹായത വ്യക്തമാക്കുന്നു.

രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ (ആര്‍എസ്എസ്) തിരശ്ശീലക്കു പിന്നിലെ സാന്നിദ്ധ്യമാണ് ഭാരതീയ ജനത പാര്‍ട്ടിക്ക് അതിന്റെ രാഷ്ട്രീയ എതിരാളികളെക്കാള്‍ മേല്‍ക്കൈ നേടിക്കൊടുക്കന്നതെന്ന ധാരണ അര നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രൂഢമായ വിശ്വാസമാണ്. 'വ്യത്യസ്തയുള്ള പാര്‍ട്ടിയാണ് ബിജെപി'-എന്ന എല്‍കെ അദ്വാനിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനവും അതായിരുന്നു. ധാര്‍മികമായ നിയന്ത്രണം എന്ന നിലയിലാണ് അത്തരമൊരു പ്രസ്തവാന ഉദ്ദേശിച്ചതെങ്കിലും അത് ബിജെപി-യുടെ സംഘടനപരമായ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.

പ്രായോഗികമായ എളുപ്പത്തിനു വേണ്ടി ആര്‍എസ്എസ്-ബിജെപി ബന്ധത്തെ 5-പ്രവര്‍ത്തന പദ്ധതികളായി ഭാഗിക്കാവുന്നതാണ്

1: ബിജെപി-യുടെ ധാര്‍മികതയും പെരുമാറ്റസംഹിതയും നാഗ്പൂരിലെ കമ്മീസ്സാര്‍മാര്‍ നിശ്ചയിക്കുന്നതായിരിക്കുമെന്ന ആര്‍എസ്എസ് നിലപാടിനുള്ള അംഗീകാരം

2: പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും, അച്ചടക്കം നിലനിര്‍ത്താനും, ആവശ്യമെങ്കില്‍ പ്രത്യക്ഷത്തില്‍ ഇടപെടാനുമുള്ള അധികാരം എപ്പോഴും നാഗ്പൂരില്‍ നിക്ഷിപ്തമായിരിക്കും

3: ഹിന്ദുത്വയെന്ന പേരില്‍ നാഗ്പൂര്‍ തയ്യാറാക്കുന്ന വിശ്വാസങ്ങളിലും, ആചാരങ്ങളിലും നിന്ന് ബിജെപി വ്യതിചലിക്കില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള അവകാശം

4: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള കാലാള്‍പ്പട ആര്‍എസ്സ്എസ്സ് സംഭാവന ചെയ്യും

5: ബിജെപി-വിജയത്തില്‍ ആര്‍എസ്എസ് സഹായം നിര്‍ണ്ണായകമാണെന്ന പേരില്‍ ബിജെപി-യുടെ ദേശീയ-സംസ്ഥാന തലങ്ങളില്‍ സംഘടനപരമായ താക്കോല്‍ സ്ഥാനങ്ങളുടെ ചുമതലയില്‍ മുതിര്‍ന്ന ആര്‍എസ്സ്എസ്സുകാരെ നിയോഗിക്കണമെന്ന നാഗ്പൂര്‍ കമ്മിസ്സാര്‍മാരുടെ നിര്‍ബന്ധം

ഇതെല്ലാമാണെങ്കിലും ആര്‍എസ്എസ് ഒരു 'സാംസ്‌ക്കാരിക സംഘടന' മാത്രമാണെന്ന മിഥ്യ ഇപ്പോഴും പ്രചരിപ്പിക്കുന്നുവെന്നു മാത്രമല്ല സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് എസ്റ്റാബ്ലിഷ്മെന്റിന് കൂട്ടായ ഒരു പ്രൗഢി നല്‍കുക മാത്രമല്ല രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള വൃത്തികേടുകളില്‍ വ്യാപരിക്കുന്ന ബിജെി പ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടെ പ്രചാരകര്‍ ഒരു പടി ഉയരത്തിലാണെന്ന ബോധം ഉറപ്പിക്കുന്നതിന് സഹായകമാണ് സംസ്‌ക്കാരിക പരിവേഷം.

ആര്‍എസ്എസ് നേതാക്കള്‍ക്ക് മൂത്ത സഹോദരന്റെ പദവി നല്‍കാനുള്ള ചരിത്രപരമായ ബാധ്യത ബിജെപി-യുടെ എല്ലാ നേതാക്കള്‍ക്കും, അതിന് മുമ്പുള്ള ജനസംഘം നേതാക്കള്‍ക്കും ബാധകമായിരുന്നു. നാഗ്പൂരുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മധുലിമായെയും കൂട്ടരും ആവശ്യപ്പെട്ടപ്പോള്‍ ജനസംഘത്തിന്റെ പ്രതിനിധികളായ വാജ്പേയിയും, അദ്വാനിയും മൊറാര്‍ജി മന്ത്രിസഭയില്‍ നിന്നും ഇറങ്ങി പോരുകയായിരുന്നു. ബിജെപി പ്രസിഡണ്ട് സ്ഥാനത്തു നിന്നും അദ്വാനിക്ക് 2005-ല്‍ പടിയിറങ്ങേണ്ടി വന്നതും ആര്‍എസ്എസിന്റെ അനിഷ്ടം കാരണമായിരുന്നു. ജിന്നയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് അശോക് സിംഗാളാണ് ആര്‍എസ്എസി-ന് വേണ്ടി അദ്വാനിയുടെ രാജി ആവശ്യം ഉന്നയിച്ചത്. ബിജെപി നേതാക്കളില്‍ പലരും 2013-ല്‍ തങ്ങളുടെ പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ചത് നാഗ്പൂരിന്റെ താല്‍പ്പര്യം നരേന്ദ്ര മോദിയാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ്.

നരേന്ദ്ര മോഡിയുടെയും അമിത ഷായുടെയും ഏഴു വര്‍ഷത്തെ ഭരണം കഴിയുമ്പോള്‍ ആര്‍എസ്എസ് -ബിജെപി ബന്ധത്തെക്കുറിച്ചുള്ള പഴയ ഉറച്ച ധാരണകള്‍ക്ക് തീര്‍ച്ചയായും ഇളക്കം തട്ടിയിരിക്കുന്നു. നാഗ്പൂര്‍ കമ്മീസ്സര്‍മാര്‍ സ്വയം ആഡിറ്റ് നടത്തുകയാണെങ്കില്‍ അവരുടെ ധാര്‍മിക മൂലധനത്തിന് ഗണ്യമായ മൂല്യശോഷണം വന്നതായി ബോധ്യപ്പെടും.

നേട്ടങ്ങളുടെ കണക്കു പുസ്തകം നിവര്‍ത്തിയാല്‍ ആര്‍എസ്എസിന് നിരവധികാര്യങ്ങളില്‍ സംതൃപ്തിക്ക് വകയുണ്ട്. ഒന്നമതായി സോണിയ ഗാന്ധിയെ പോലെ മോദി ശത്രുവല്ല. വലതുപക്ഷത്തിന്റെ നിത്യ ശത്രുവാണ് സോണിയ. രാഷ്ട്രീയ ശരിയുടെ പേരില്‍ ലിബറലുകളെ പോലെ, വിശിഷ്യ മുസ്ലീം ന്യൂനപക്ഷം, ദളിതര്‍, ആദിവാസികള്‍ എന്നിവരോട് ബഹുമാനവും, വിനയവും പ്രകടിപ്പിക്കുവാന്‍

ബാധ്യതയില്ലാത്ത നമ്മുടെ 'സ്വന്തം' ആളാണ് മോദി എന്നതാണ് രണ്ടാമത്തെ കാര്യം. ഹിന്ദു-സൗഹൃദ ഭരണമെന്ന് പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്ന സംവിധാനമാണ് മോദിയുടേതെന്നതാണ് മൂന്നാമത്തെ കാര്യം. ഹിന്ദു ആചാരങ്ങളും, അനുഷ്ഠാനങ്ങളും തുറന്ന നിലയില്‍ പ്രകടിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഒരു മടിയും മോഡിക്കില്ല. ആര്‍എസ്എസുകാര്‍ക്ക് നല്‍കുന്ന വന്‍തോതിലുള്ള പരിലാളനകളും, ധനസഹായവുമാണ് നേട്ടങ്ങളുടെ പട്ടികയിലെ അവസാനത്തെ ഇനം. തങ്ങള്‍ ഇത്രയും കാലം അനുഭവിച്ച ത്യാഗത്തിനും, കഷ്ടപ്പാടുകള്‍ക്കുമുള്ള ന്യായമായ പ്രതിഫലമാണ് ഇപ്പോഴത്തെ സമൃദ്ധിയെന്ന വീക്ഷണമാണ് പ്രചാരകര്‍ കരുതുന്നു. സംസ്‌ക്കാരിക സംഘടനകളുടെ പൊതുസ്വഭാവമായും ഈ സമീപനത്തെ കാണാവുന്നതാണ്.

ദൂഷ്യഫലങ്ങള്‍ എന്തെല്ലാമാണ്. എല്ലാ വിധത്തിലുള്ള സ്വാംശീകരണങ്ങള്‍ക്കും അതിന്റേതായ വില കൊടുക്കേണ്ടി വരും. അധികാരം ദുഷിപ്പിക്കും, സമ്പൂര്‍ണ്ണ അധികാരം പൂര്‍ണ്ണമായും ദുഷിപ്പിക്കുമെന്ന ആപ്തവാക്യം നമുക്കറിയും. അധികാരത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനങ്ങള്‍ക്ക് തങ്ങളുടെ പ്രചാരകര്‍ വശംവദരാവില്ലെന്നു നടിക്കുകയാണ് ഈ സന്നിഗ്ദ്ധാവസ്ഥ മറികടക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ഒറ്റമൂലി. ദുര്‍വൃത്തികളുടെ പേരുദോഷം പേറുന്ന ബിജെപി പ്രവര്‍ത്തകരുമായി സഹവാസത്തിലുളള സ്വയം സേവകര്‍ പോലും സ്വയം മലിനപ്പെടാതെ സൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും അവകാശപ്പെടുന്നു.

രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ 'പുതിയ ഇന്ത്യ' യിലെ ബിജെപി 'പഴയ ഇന്ത്യ' യില്‍ ചിരപരിതമായിരുന്ന അഴിമതികളിലും, തട്ടിപ്പുകളിലും ആമോദത്തോടെ ഏര്‍പ്പെടുന്നതില്‍ സാധാരണ നിലയില്‍ അത്ഭുതമൊന്നും ഇല്ല. ഹിന്ദു നവോത്ഥാനത്തിന്റെ കാവലാളുകളായി സ്വയം അവരോധിക്കുന്ന പ്രഖ്യാപിത സംഘികള്‍ക്ക് പൊതുകാര്യങ്ങളില്‍ സംഭവിക്കുന്ന സമ്പൂര്‍ണ്ണ അപചയത്തില്‍ അലോസരമൊന്നും

അനുഭവപ്പെടുന്നില്ല എന്നതില്‍ മാത്രമാണ് അത്ഭുതം. പണത്തിനോടും, രാഷ്ട്രീയത്തിനോടുമുള്ള സമീപനത്തിന്റെ കാര്യത്തില്‍ പുതിയ ഹിന്ദു രാഷ്ട്രം നാഗ്പൂര്‍ കുറ്റപ്പെടുത്തുന്ന നെഹ്രൂവീയെന്‍ ഇന്ത്യയുടെ അത്ര തന്നെ വൃത്തികേട് നിറഞ്ഞതാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല.

ബിജെപിയുടെ ധാര്‍മിക-പെരുമാറ്റ സംഹിതയുടെ കാവലാളെന്ന റോള്‍ ഉപേക്ഷിക്കുക മാത്രമല്ല മോഡി കള്‍ട്ടിന്റെ നിര്‍മിതിയിലെ സജീവ പങ്കാളി കൂടിയായി ആര്‍എസ്എസ് മാറി. ആര്‍എസ്സ്എസിന്റെ ഹിന്ദു വിപ്ലവത്തില്‍ ഒരു കാലത്ത് പ്രതീക്ഷ പുലര്‍ത്തിയ സംഘികളുടെ അവശേഷിച്ച വിശ്വാസവും ദുര്‍മേദസ്സ് നിറഞ്ഞ് നിറഞ്ഞ ഈ വ്യക്തിപ്രഭാവ നിര്‍മിതിയോടെ ഇല്ലാതായി.

ധാര്‍മിക രക്ഷകര്‍ത്തവെന്ന നിലയിലുളള ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ തികച്ചും ശോചനീയമായ നിലയില്‍ എത്തിയതിന്റെ ഉദാഹരണമാണ് കോവിഡ് പ്രതിസന്ധിയുടെ കാലത്തെ പ്രതികരണം. കോടിക്കണക്കിന് ഹിന്ദുക്കളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദി പ്രധാനമന്ത്രിയുടെ മൊഗാലോമാനിയ ആണെന്ന കാര്യം തുറുന്നു പറയാനുള്ള ധീരതയും, ധാര്‍മിക ഔന്നത്യവും, ധൈഷണിക സൂക്ഷ്മതയും ഉള്ള വ്യക്തികള്‍ ആര്‍എസ്എസില്‍ ഇല്ലാതായി. കോടിക്കണക്കിന് അഹിന്ദുക്കള്‍ക്കും അദ്ദേഹം വേണ്ടത്ര വിനാശം വിതച്ചുവെന്ന് ഉറപ്പാണെങ്കിലും അതൊരിക്കലും ആര്‍എസ്എസിന്റെ സ്വാസ്ഥ്യം കെടുത്താറില്ല.

പോസിറ്റിവിറ്റിയുടെയും, ദേശീയ നിശ്ചയദാര്‍ഢ്യത്തിന്റെയും സന്ദേശം പകരാന്‍ ദേശീയ ടെലിവിഷനില്‍ മോഹന്‍ ഭഗവത് പ്രത്യക്ഷപ്പെടുമ്പോള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലന്റെ വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചത്. ഇന്ത്യന്‍ ദേശീയ അഭിലാഷങ്ങളെ നിന്ദയോടെ അവഗണിച്ച, കൊളോണിയല്‍ അധീശത്വത്തിന്റെ ലക്ഷണമൊത്ത വ്യക്തിയായിരുന്നു ചര്‍ച്ചില്‍. ആന്‍ഡമാന്‍ ജയിലില്‍ നിന്നും വിടുതല്‍ നേടിയ ശേഷം സ്വാതന്ത്യ സമരത്തില്‍ തുടര്‍ന്നും പങ്കെടുത്തിരുന്നുവെങ്കില്‍ സവര്‍ക്കര്‍ തീര്‍ച്ചയായും ഭാരത മാതായുടെ എക്കാലത്തെയും ശത്രുവെന്നു മുദ്ര കുത്തുമായിരുന്ന ദേഹം. സംഘചാലകിന്റെ ഭാവനയില്‍ ഷഹന്‍ഷായും, ഷായും ഏഴു കൊല്ലങ്ങളായി വരുത്തിയ ഛിദ്രം എന്താവും.

മോഹന്‍ ഭഗവത്തും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ ബങ്കറില്‍ അഭയം തേടിയതില്‍ അത്ഭുതമില്ല. പുതിയ ഇന്ത്യയുടെ ആവിര്‍ഭാവം കഴിഞ്ഞിട്ട് കൊല്ലം ഏഴു കഴിഞ്ഞെങ്കിലും നാഗ്പൂരിലെ കമ്മീസ്സര്‍മാര്‍ ഇപ്പോഴും വ്യവസ്ഥയുടെ തകരാര്‍ കണ്ടെത്തുകയും അതില്‍ കുറ്റം ചാര്‍ത്തുകയുമാണ്. ജീര്‍ണ്ണിച്ചു, പാളീസായ ഈ സംവിധാനം പരിവര്‍ത്തനത്തിന്റെ പ്രതീകമായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പുതുജീവന്‍ നേടിയെന്നും അതിന്റെ കരുത്തിലാണ് മഹാമാരിയുടെ മേല്‍ 'വിജയം' കൈവരിച്ചുവെന്ന പ്രഖ്യാപനം പ്രധാനന്ത്രി നടത്തിയെന്നുമായിരുന്നു നമ്മുടെ ധാരണ.

ഹിന്ദു രാഷ്ട്രത്തില്‍ രാമരാജ്യമെന്ന വാഗ്ദാനത്തില്‍ കറ പുരട്ടിയതിന്റെ കുറ്റത്തില്‍ നിന്നും ആര്‍എസ്സ്എസ്സിന് ഒഴിയാനാവില്ല. ബഹുഭൂരിപക്ഷവും ഹിന്ദുക്കളായ ഇന്ത്യാക്കാരോട് എല്ലാം ത്യജിക്കുവാനുള്ള മനോഭാവം സ്വീകരിക്കുവാനും അങ്ങനെ രോഗവും, ഇല്ലായ്മയും, അനാഥത്വവുമായി പൊരുത്തപ്പെടാനുമാണ് ഉപദേശം. ഉറ്റവരും, ഉടയവരും നഷ്ടമായവര്‍ നാലാള്‍ കാണ്‍കെ ഖേദം പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുന്ന നെഗറ്റിവിറ്റി ആയി കരുതുന്ന സ്ഥിതിയാണ്.

സമ്പന്നവും മഹത്തുമായ രാജ്യത്തിന്റെ വിശാല താല്‍പ്പര്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുക മാത്രമാണ്. ദേശീയതലത്തിലെ ഏകലക്ഷ്യവും, മുന്‍ഗണനയും അതു മാത്രമാകുന്നു. ഗംഗയില്‍ വീര്‍ത്തു പൊന്തിയ ശവങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ 'അജന്‍ഡയുടെ' ഭാഗമാണെന്ന ആര്‍എസ്എസ് വക്താവിന്റെ പ്രതികരണം ദു:ഖകരമാണ്. ആര്‍എസ്എസിന്റെ പതനം -- അതിന്റെ തന്നെ നിര്‍വചന പ്രകാരമുള്ള ദൈവികത്വവും പാപവും -- കണക്കിലെടുക്കുമ്പോള്‍ സമ്പൂര്‍ണ്ണമായി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories