TopTop
Begin typing your search above and press return to search.

തൊഴിലുറപ്പിനെ പൊതുപണം പാഴാക്കല്‍ എന്നാക്ഷേപിക്കുന്ന, സാമൂഹ്യ അടുക്കളകള്‍ നികുതിപ്പണത്തിന്റെ ദുരുപയോഗമെന്ന് വിലപിക്കുന്നവരേ, നിങ്ങൾ ഇത് വായിച്ചിരിക്കണം

തൊഴിലുറപ്പിനെ പൊതുപണം പാഴാക്കല്‍ എന്നാക്ഷേപിക്കുന്ന, സാമൂഹ്യ അടുക്കളകള്‍ നികുതിപ്പണത്തിന്റെ ദുരുപയോഗമെന്ന് വിലപിക്കുന്നവരേ, നിങ്ങൾ ഇത് വായിച്ചിരിക്കണം

ഈ ദിവസങ്ങളില്‍ ടിവി ചാനലുകള്‍ തങ്ങളുടെ പ്രധാന സമയത്ത് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന, നമ്മുടെ ദശലക്ഷക്കണക്കിന് വരുന്ന ഏറ്റവും നിര്‍ഭാഗ്യവാന്മാരായ സഹോദരന്മാരുടെയും സഹോദരിമാരുടെയും സഹതാപാര്‍ഹമായ പലായനത്തെ കുറിച്ചല്ല ഈ കുറിപ്പ്. ഇത് സര്‍ക്കാരിനെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ സാമ്പത്തികശാസ്ത്രത്തെ കുറിച്ചോ ഉള്ള ഒരു കുറിപ്പുമല്ല. ഇത് വിമര്‍ശനാത്മകമോ ആചാരപരമോ അല്ല. ഇത് നരേന്ദ്ര മോദിയെ കുറിച്ചോ അല്ലെങ്കില്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് മേല്‍ ഒരിക്കല്‍ കൂടി അദ്ദേഹം അടിച്ചേല്‍പ്പിച്ച ഭീമാകാരമായ പീഢാനുഭവങ്ങളെ കുറിച്ചുമല്ല ഈ കുറിപ്പ്. അത് അദ്ദേഹവും അദ്ദേഹത്തന്റെ സൃഷ്ടാവും തമ്മിലുള്ള പ്രശ്‌നമാണ്. അദ്ദേഹത്തെ രൂപപ്പെടുത്തിയ ആ ശില്‍പിയ്ക്ക് അദ്ദേഹത്തോട് പൊറുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ, ചരിത്രം അദ്ദേഹത്തിന് മാപ്പ് നല്‍കില്ല.

ധാര്‍ഷ്ട്യത്തിന്റെ ഇളിപ്പ് മുഖത്താകെ നിറഞ്ഞുനില്‍ക്കുന്ന നിര്‍ദ്ദയയായ ഒരു ധനകാര്യമന്ത്രിയെ കുറിച്ചുമല്ല ഇത്. അതിമോഹത്തിന്റെയും പക്ഷാപാതത്തിന്റെയും ഊഷര മരുഭൂമിയിലേക്ക് അതിന്റെ ധാര്‍മ്മിക വ്യാപ്തി വലിച്ചെറിഞ്ഞ ഒരു നീതിന്യായ വ്യവസ്ഥയെ കുറിച്ചുമല്ല ഇത്. തന്റെ ആത്മാവിന് വേണ്ടി പിശാചിനോട് ഫോസ്റ്റിനെ പോലെ വിലപേശുകയും തങ്ങളുടെ കൈകളിലേക്ക് വലിച്ചെറിയപ്പെട്ട എച്ചില്‍ ഭക്ഷിച്ച് സംതൃപ്തി അടയുകയും ചെയ്യുന്ന മാധ്യമങ്ങളെ കുറിച്ചുമല്ല ഇത്. ചുരുളയിഴുന്ന സംഭവവികാസങ്ങളുടെ ശോചനീയ പ്രവാഹത്തില്‍ ഇതിനകം തന്നെ അപ്രസക്തരായി കഴിഞ്ഞ രാഹുല്‍ ഗാന്ധിയെയോ മായാവതിയെയോ നിതീഷ് കുമാറിനെയോ കുറിച്ചുമല്ല ഇത്.

ഇതെന്നെ കുറിച്ചുള്ള ഒരു കുറിപ്പാണ്. ഏതാനും ആഴ്ചകളായി എന്റെ തോളില്‍ തുടരുന്ന, ഞാന്‍ എത്ര ശ്രമിച്ചിട്ടും താഴെ ഇറക്കാന്‍ സാധിക്കാത്ത ലജ്ജയുടെ ഭാരത്തെ കുറിച്ചാണിത്.

ഉരുകിയൊലിക്കുന്ന റോഡുകളിലൂടെ ക്ഷീണിതമായ കാല്‍പാടുകളില്‍ പാദരക്ഷകള്‍ പോലുമില്ലാതെ, വിശന്നുതളര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാത്ത നാല് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളോടൊപ്പം ബിഹാറിലേക്ക് നടന്നുപോകുന്ന 'കുടിയേറ്റ' കുടുംബങ്ങളുമായുള്ള തന്റെ ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ചയെ കുറിച്ചും ഏതാനും അഞ്ഞൂറ് രൂപ നോട്ടുകള്‍ അവര്‍ക്ക് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കരയുകയും കാലില്‍ വീഴാന്‍ ശ്രമിക്കുകയും ചെയ്തതിനെ കുറിച്ചും ഗുഡ്ഗാവില്‍ നിന്നും ഒരു സൈനികോദ്യോഗസ്ഥന്‍ എഴുതിയ പോസ്റ്റ് ഇന്ന് രാവിലെ വായിച്ചപ്പോള്‍ കുറച്ചുകൂടി ഘനം വര്‍ദ്ധിച്ച ഒരു ചുമടാണത്.

2020ലെ ഇന്ത്യയില്‍ അപമാനം കൊണ്ട് എന്റെ തല താഴുന്നു; വിദേശങ്ങളില്‍ നിന്നും പറന്നിറങ്ങിയ എന്റെ സഹോദരര്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത ഒരു വൈറസ്, രാജ്യത്തെ ദശലക്ഷക്കണിന് തൊഴിലാളികള്‍ തനിക്ക് പകര്‍ന്നു നല്‍കും എന്ന ഭയത്താല്‍ അവരുടെ നഗരങ്ങളില്‍ നിന്നും അവരെ ആട്ടിപ്പായിക്കുന്ന ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാകേണ്ടി വന്നതില്‍. ഹതഭാഗ്യരായ ഇരകളെ കുറ്റവാളികളായി കണക്കാക്കുന്നതില്‍. കപടനാട്യക്കാരായ ഔദ്യോഗിക സംവിധാനങ്ങള്‍ ചവച്ച് തുപ്പുന്ന നുണകളും അര്‍ദ്ധസത്യങ്ങളും അതേപടി വിഴുങ്ങുന്ന, ആരെയും വിശ്വസിക്കുന്ന ആളായിപ്പോയതില്‍ ഞാന്‍ ലജ്ജിക്കുന്നു. വിദൂരസ്ഥ ഗ്രാമങ്ങളിലേക്ക് നടന്നു നീങ്ങുന്നവരുടെ തളര്‍ന്ന പദചലനങ്ങളുടെ ശബ്ദങ്ങളെ മുക്കിക്കൊല്ലുന്നതിനായി യാതൊരു സംരക്ഷണവും നല്‍കാത്ത ഉപാസനാമൂര്‍ത്തിയുടെ മുന്നില്‍ ദാസ്യവേലയായി ഓശാന പാടുന്നതിന് കലങ്ങളും പാത്രങ്ങളും മുട്ടിയതിനെ കുറിച്ചോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.

ഞാന്‍ ജനിച്ച മതം ഏതാണെന്ന് തിരിച്ചറിയാന്‍ എനിക്കിപ്പോള്‍ സാധിക്കുന്നില്ല. പുരാതന സാധുക്കളുടെയും സന്യാസികളുടെയും വിവേകമോ അല്ലെങ്കില്‍ അശോകന്റെ സഹാനുഭൂതിയോ അതുമല്ലെങ്കില്‍ ഗാന്ധിയുടെ വിനയമോ അതിനിപ്പോള്‍ ഇല്ല. ഇപ്പോള്‍ അത് നിറയെ കോപവും വിദ്വേഷവും കലാപവുമാണുള്ളത്. അതിന്റെ ഉന്നതാശയങ്ങളുടെ സ്ഥാനത്ത് അതിലും വലിയ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ ശുശ്രൂഷാ പൂര്‍ണമായ പ്രവര്‍ത്തികള്‍ ചത്ത അനുഷ്ഠാനങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. ഒരിക്കല്‍ അത് യാചകരെയും ദരിദ്രരെയും ഊട്ടിയിരുന്നു. എന്നാല്‍ ഇന്ന്, യാതൊരു തെളിവുമില്ലാതെ ഏതോ ഭീഷണമായ രോഗത്തിന്റെ വാഹകരെന്ന നിലയില്‍ അവരെ അടിച്ചോടിക്കുന്നു. ഈ മഹാമാരിയുടെ കാലത്തും മറ്റ് മതങ്ങളെ കളങ്കപ്പെടുത്തുന്നതിനുള്ള അവസരം അത് തേടുന്നു.

എന്റെയും എന്റെ നിരവധി സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ മധ്യവര്‍ഗ്ഗ പദവിയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നമ്മുടെ സുഖജീവിതങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടുജോലിക്കാരെയും ഡ്രൈവര്‍മാരെയും പത്രവിതരണക്കാരെയും സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന കൂലിക്കാരെയും മറ്റ് പലരെയും പുറത്താക്കിക്കൊണ്ട് ചുറ്റുമതിലുകള്‍ക്കുള്ളിലെ സമൂഹങ്ങളിലും ആവാസയിടങ്ങളിലും നമ്മള്‍ സുരക്ഷിതമായി അടയിരിക്കുന്നു. അവരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ നാം നിഷേധിച്ചിരിക്കുന്നു. നമ്മുടെ വേതനങ്ങളെയും പെന്‍ഷനുകളെയും ബാധിക്കുന്നില്ല എന്നതിനാല്‍ തന്നെ മറ്റൊരു അടച്ചുപൂട്ടല്‍ ദീര്‍ഘിപ്പിക്കുന്നതിന് നാം പിന്തുണ നല്‍കുന്നു. ആമസോണില്‍ നിന്നും സ്വിഗ്ഗിയില്‍ നിന്നും വിതരണം ചെയ്യപ്പെടേണ്ട വസ്തുക്കള്‍ക്ക് ചുറ്റുമാണ് അടിസ്ഥാനപരമായി നമ്മുടെ ആശങ്ക വലംവെക്കുന്നത്: ദശലക്ഷങ്ങള്‍ പലായനം ചെയ്യുന്നത് അവരുടെ വിധിയാണ് എന്ന നിലയില്‍ നമ്മള്‍ തള്ളിക്കളയുന്നു. ആരോടും കരുതലില്ലാത്ത ഒരു സമൂഹത്തിന്റെ അവസാനത്തെ ഒഴിവുകഴിവ്.

പട്ടിണികിടക്കുന്ന ദശലക്ഷങ്ങള്‍ക്ക് ഇനിയും 'ഭിക്ഷ' നല്‍കുന്നതിനെ എതിര്‍ക്കുന്ന, മടങ്ങിപ്പോകുന്ന തൊഴിലാളികള്‍ക്ക് ജീവന്‍ നിലനിറുത്താനുള്ള ഒരേയൊരു മാര്‍ഗ്ഗമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊതുപണം പാഴാക്കല്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന, സാമൂഹ്യ അടുക്കളകള്‍ തങ്ങളുടെ നികുതിയുടെ ദുരുപയോഗമായി കണക്കാക്കുന്ന എന്റെ വര്‍ഗ്ഗത്തിന്റെ, പ്രചരിപ്പിക്കപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ ചിന്താപദ്ധതി ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. 'അവരി'ല്‍ നിന്നും 'നമ്മെ' സംരക്ഷിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അടച്ചുപൂട്ടല്‍ ലംഘനത്തിന്റെ പേരില്‍, നടന്നു പോകുന്ന മനുഷ്യരെ തല്ലിയോടിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കാന്‍ എന്നെ പോലുള്ള ആളുകള്‍ക്ക് സാധിക്കുന്നു എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

നാല് കിടക്കമുറികളും സ്വീകരണമുറിയും അടുക്കളയുമുള്ള വിശാലമായ ഫ്‌ളാറ്റുകളിലിരുന്നുകൊണ്ട് ക്ഷീണിതരായ 16 തൊഴിലാളികളെ അവരുടെ മരണത്തിന്റെ പേരില്‍ കുറ്റം പറയുന്ന നമ്മുടെ ഹൃദയശൂന്യത എന്നില്‍ ജീവനുള്ളിടത്തോളം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല: എന്തിനാണ് അവര്‍ റയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയത്? കുടിയേറ്റക്കാരെ തീവണ്ടി/ബസുകളില്‍ തിരിച്ചെത്തിക്കുന്നതിന്റെയും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെയും ചിലവിനെ കുറിച്ച് എന്റെ സുഹൃത്തുകള്‍ വേവലാതിപ്പെടുകയും അതേ സമയം അവരുടെ സുഹൃത്തുക്കളെ എയര്‍ ഇന്ത്യ വിമാനത്തില്‍ മടക്കിക്കൊണ്ടു വരുന്നതിനെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് ലജ്ജിക്കാതിരിക്കാനാവുക? ഇത് ഇരട്ടത്താപ്പല്ല, മറിച്ച് അന്തഃസാരശൂന്യമായ നിലപാടാണ്.

നമ്മുടെ ജനസംഖ്യയിലെ അഞ്ച് ശതമാനത്തോളം വരുന്നവരുടെ ആകസ്മിക ദുരവസ്ഥയെ അവര്‍ക്ക് മറ്റെന്തോ സാധ്യതയുണ്ടായിരുന്നു എന്ന രീതിയില്‍ 'തപസ്യ' എന്ന് വിശേഷിപ്പിച്ച നേതാവിനെ പ്രകീര്‍ത്തിക്കുന്ന നമ്മുടെ സാമൂഹ്യ പരിതസ്ഥിതി ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. വിദ്യാഭ്യാസവും സമൃദ്ധിയുമുള്ള തട്ടുകളെ, സംസ്‌കാരത്തിന്റെ മുഖപ്പുകളെ, നമ്മുടെ കൂട്ടായ അന്തരാത്മാവില്‍ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട ഹൃദയത്തെ, ഒരു ന്യൂനപക്ഷ സമൂഹത്തോടുള്ള അസഹിഷ്ണുതയെയും അടിത്തട്ടില്‍ അടിഞ്ഞുകൂടിയ വിദ്വേഷത്തിന്റെ ചളിയെയും, അഗതികളോടുള്ള അവജ്ഞയെ ഒക്കെ ഒരു വൈറസ് വലിച്ചുകീറി വെളിച്ചത്ത് കൊണ്ടുവരുന്നത് കണ്ട് ഞാന്‍ അപമാനിതനായി നില്‍ക്കുന്നു. തങ്ങളുടെ നിര്‍ജ്ജീവ കോശങ്ങള്‍ക്ക് പോഷണം നല്‍കിയ ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രോത്സാഹനത്തോടെ, കാലങ്ങളായി ഉറങ്ങിക്കിടന്നിരുന്ന മുന്‍വിധികളും മതഭ്രാന്തും വംശീയതയും ഇടുങ്ങിയ ചിന്താഗതികളും പുനഃരവതരിച്ചിരിക്കുന്നു.

പട്ടിയെ ചൂളമടിച്ച് വിളിക്കുന്നത് പോലെ ഒരു രാഷ്ട്രീയക്കാരന്‍ ചൂളമടിച്ചപ്പോള്‍, അതിവേഗം പുഷ്പവൃഷ്ടി നടത്താനും കപ്പലുകള്‍ ദീപാലംകൃതമാക്കാനും മത്സരിക്കുകയും അതേ സമയം പലായനം ചെയ്യുന്ന ദശലക്ഷങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ ചെറുവിരല്‍ പോലും അനക്കാതിരിക്കുകയും ചെയ്ത ഡസന്‍ കണക്കായ ഫോര്‍ സ്റ്റാര്‍ ജനറല്‍മാരെയും പട്ടം നേടിയ അഡ്മിറല്‍മാരെയും വ്യോമസേന മേധാവികളെയും ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഇന്ത്യ ഗേറ്റിന് ചുറ്റും ഞെളിഞ്ഞ് നടക്കുന്നതിനപ്പുറം ഈ രാജ്യത്തോടെ തങ്ങള്‍ക്ക് ഒരു ചുമതല നിര്‍വഹിക്കാനുണ്ട് എന്നവര്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാവുമോ? തങ്ങളുടെ വിസ്തൃതമായ വിഭവങ്ങളും ഊറ്റം കൊള്ളുന്ന പരിശീലനവും ഉപയോഗിച്ചുകൊണ്ട് വിശന്നുവലഞ്ഞ് നടന്നുപോകുന്നവര്‍ക്ക് വഴിയോര അടുക്കളകള്‍ സ്ഥാപിക്കാമായിരുന്നുവെന്ന്, പ്രായമായവര്‍ക്കും അവശര്‍ക്കും ഒരു നിമിഷം ശ്വാസമെടുക്കാന്‍ സഹായകമാവുന്ന വിധത്തില്‍ തമ്പുകള്‍ പണിയാമായിരുന്നുവെന്ന്, കുറഞ്ഞപക്ഷം സ്ത്രീകളെയും കുട്ടികളെയുമെങ്കിലും സഹായിക്കുന്ന തരത്തില്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമായിരുന്നു എന്ന് അവര്‍ക്ക് ഒരു നിമിഷമെങ്കിലും തോന്നിയിട്ടുണ്ടാവുമോ? അവരുടെ ശൗര്യം അതിര്‍ത്തികളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, അവരുടെ മനഃസാക്ഷി അന്തഃസാരശൂന്യമാണ്.

ആട്ടിയോടിക്കപ്പെട്ട ബഹിഷ്‌കൃതര്‍ക്ക് അര്‍ത്ഥവത്തായ സഹായവും അഭയവും നല്‍കാന്‍, നാമമാത്രമായി ബാക്കി നില്‍ക്കുന്ന അവരുടെ അവകാശങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഭരണനിര്‍വാഹകര്‍ക്ക് ഉത്തരവ് നല്‍കാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി വന്നിട്ടും യുക്തിയുടെ അള്‍ത്താരയില്‍ അതിനെ ബലികഴിച്ചുകൊണ്ട്, ശ്രദ്ധാപൂര്‍വം കൊത്തിയെടുത്ത ദന്തഗോപുരങ്ങളിലെ തടവുകാരായി മാറിക്കഴിഞ്ഞ നമ്മുടെ ജഡ്ജിമാരെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.

തങ്ങളെ തിരഞ്ഞെടുത്ത അതേ ജനങ്ങളെ തന്നെ പരിത്യജിക്കുകയും തങ്ങള്‍ക്കുള്ള വിശാലമായ അധികാരങ്ങള്‍ ഉപയോഗിച്ച് ഈ അസംഘടിത തൊഴിലാളികള്‍ അങ്ങേയറ്റം ആഗ്രഹിച്ചിരുന്ന മാനുഷികമായ സഹായങ്ങള്‍ നല്‍കുന്നതിന് പകരം, കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ നേടിയെടുത്ത തുച്ഛമായ അവകാശങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത നമ്മുടെ സര്‍ക്കാരുകളെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.

തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനായി പേര് ചേര്‍ക്കുന്നതിന് നിരക്ഷരരായ അവര്‍ ഓണ്‍ലൈന്‍ ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്നും റയില്‍വേ ടിക്കറ്റിന് നൂറുകണക്കിന് രൂപ (അവരുടെ കൈയില്‍ അതില്ല) നല്‍കണമെന്നും അഞ്ച് കിലോ അരി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഹാജരാക്കണമെന്നും നിഷ്‌കര്‍ഷിക്കുകയും അതേ സമയം അവരെ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തുകൊണ്ട്, എല്ലാം നഷ്ടപ്പെട്ടവരെ വീണ്ടും അടിമകളാക്കാന്‍ ഒരു മഹാവിപത്തിനെ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. സര്‍ക്കാരിലെ ഒരു ജോയിന്റ് സെക്രട്ടറിയ്ക്ക് രോഗവ്യാപനത്തിന്റെ കുറ്റം മതത്തിന്റെ പേരില്‍ വിഭജിച്ച് നല്‍കാന്‍ സാധിക്കുന്നു. ഇത് ജോര്‍ജ്ജ് ഓര്‍വലിന്റെയോ ഫ്രാന്‍സ് കാഫ്കയുടെയോ സാങ്കല്‍പിക ലോകമല്ല, മറിച്ച് ചിത്തഭ്രമം ബാധിച്ച ഒരു സര്‍ക്കാരാണ്. ആത്മാവില്ലാത്ത ഒരു ഭരണകൂടത്തെയും അതിന്റെ തെറ്റുകളെ പുകഴ്ത്തുന്ന ജനങ്ങളെയും ഓര്‍ത്ത് ഒരാള്‍ക്കെങ്ങനെ ലജ്ജാഹീനനായി ഇരിക്കാന്‍ സാധിക്കും?

വഴിയില്‍ വീണ് മരിക്കുന്ന ഏതാനും ആയിരങ്ങള്‍ ഒഴികെ, പലായനം ചെയ്യുന്ന ആ ദശലക്ഷങ്ങളെല്ലാം തങ്ങളുടെ വീടുകളില്‍ എത്തിച്ചേരും. സ്ഥിതിവിവരക്കണക്കുകളില്‍ അവര്‍ പരാമര്‍ശിക്കപ്പെടില്ല: അവര്‍ക്കായി ഒരു 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്' ഉണ്ടാവില്ല. ഒരു പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന്, നമ്മുടെ നവസ്വതന്ത്ര്യ സംസ്‌കാരത്തിന് നേരെയുള്ള അപകടത്തെ അടിച്ചോടിച്ചെന്ന്, രോഗവാഹകരെ അകലങ്ങളിലേക്ക് ആട്ടിയോടിച്ചെന്ന്, രോഗവ്യാപനത്തിന്റെ വക്രരേഖ നിരപ്പാക്കിയെന്ന് നമുക്ക് നമ്മുടെ കൂട്ടായ, വളഞ്ഞ മുതുകില്‍ തട്ടി സ്വയം അഭിനന്ദിക്കാം. പക്ഷെ, മുഖകണ്ണാടി തകര്‍ന്നു പോയിരിക്കുന്നു. അതിന് ഒരിക്കലും നേരെയാക്കാനാവില്ല. ആസ്ഥാനകവി പാടിയത് പോലെ കുഴപ്പം നമ്മുടെ നക്ഷത്രങ്ങള്‍ക്കല്ല, മറിച്ച് നമുക്കുള്ളില്‍ തന്നെയാണ്. അല്ലെങ്കില്‍, നമുക്ക് സ്വന്തമായിരുന്ന ഒരാളെങ്കിലും, ഇപ്പോള്‍ 'അന്യരു'ടേതായി മാറിയ മറ്റൊരു മഹാനായ ആസ്ഥാനകവിയുടെ പേരില്‍ അറിയപ്പെടുന്ന മനോഹരമായ ഈരടിയില്‍ പറഞ്ഞിരിക്കുന്നത് പോലെ:

'ജീവിതം മുഴുവന്‍ ഗാലിബ് അതേ തെറ്റ് ആവര്‍ത്തിക്കുന്നു, പൊടി അവന്റെ മുഖത്തായിരുന്നു, പക്ഷെ അവന്‍ കണ്ണാടി തുടയ്ക്കുന്നു.'

യഥാര്‍ത്ഥത്തില്‍ ഈ കുറിപ്പ് എന്നെക്കുറിച്ചല്ല. പ്രിയപ്പെട്ട വായനക്കാരെ, അത് നിങ്ങളെ കുറിച്ചാണ്. ആ പൊട്ടിയ കണ്ണാടിയിലേക്ക് നോക്കൂ. നമ്മള്‍ ഇങ്ങനെ ആയതിനെ കുറിച്ച്, ഒരു മഹാത്തായ രാഷ്ട്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ക്ക് കുറച്ചെങ്കിലും ലജ്ജ തോന്നുന്നില്ലേ?

(അവയ് ശുക്ലയുടെ വ്യൂ ഫ്രം ഗ്രേറ്റര്‍ കൈലാഷ് എന്ന ബ്ലോഗിലാണ് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്, ദി വയറുമായുള്ള കണ്ടന്റ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്)

ചിത്രം:ദി ഗാര്‍ഡിയന്‍(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories