TopTop
Begin typing your search above and press return to search.

'ടി.വിയില്‍ നിന്ന് മുഖം മറച്ചിരിയ്ക്കുന്ന കുട്ടി ഒരു പ്രതീകമാണ്; തങ്കു പൂച്ചയ്ക്കും മിട്ടു പൂച്ചയ്ക്കും ആരു മണി കെട്ടും'; ഫസ്റ്റ് ബെല്‍ ക്ലാസുകളെക്കുറിച്ച്‌ ഒരു വിയോജനക്കുറിപ്പ്

ടി.വിയില്‍ നിന്ന് മുഖം മറച്ചിരിയ്ക്കുന്ന കുട്ടി ഒരു പ്രതീകമാണ്; തങ്കു പൂച്ചയ്ക്കും മിട്ടു പൂച്ചയ്ക്കും ആരു മണി കെട്ടും; ഫസ്റ്റ് ബെല്‍ ക്ലാസുകളെക്കുറിച്ച്‌ ഒരു വിയോജനക്കുറിപ്പ്

പുതിയ അധ്യയന വര്‍ഷാരംഭം മുതല്‍ വിക്ടേഴ്സ് ചാനലില്‍ ആരംഭിച്ച ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ കേരളം ആവേശപൂര്‍വ്വം ഏറ്റുവാങ്ങിയതിന്റെ ആഘോഷങ്ങളായിരുന്നു ജൂണ്‍ മാസം മുഴുവന്‍ പത്രമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലുമെല്ലാം. മികച്ച പ്രകടനങ്ങളെന്ന നിലയില്‍ ഏതാനും ആദ്യ ദിവസ ക്ലാസുകള്‍ കൊണ്ടാടപ്പെടുകയും വിക്ടേഴ്സ് ചാനല്‍ റേറ്റിംഗ് ഉയരുകയും ചെയ്തു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ആ ക്ലാസുകള്‍ സൃഷ്ടിച്ച പ്രകടനപരതയുടെ ബാധ പിന്നീടുള്ള ക്ലാസുകളെയും ബാധിക്കുകയുണ്ടായി. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ഒരേ പെഡഗോജി സ്വീകരിക്കുന്ന രീതിയുണ്ടായി. ചില ക്ലാസുകളെങ്കിലും ഒറ്റ ശ്വാസത്തില്‍ കാണാതെ പഠിച്ച്‌ പറയുന്നവയായി മാറി. ഒരു മിട്ടു പൂച്ച, തങ്കു പൂച്ച സ്വാധീനം എല്ലാ ക്ലാസുകളെയും ബാധിച്ചു.

ചാനല്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി

ഒന്ന്, ഏറെ ആഘോഷിക്കപ്പെട്ട മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ ആസ്വദിക്കുകയും അനുകരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രം .രണ്ട് ടിവിക്കു മുന്നിലിരുന്ന് നോട്ട് എഴുതുന്ന മുത്തശ്ശിയും മുത്തശ്ശി കാണാതെ എതിര്‍ദിശയിലേക്ക് തലപൂഴ്ത്തി വീഡിയോ ക്ലാസില്‍ നിന്ന് രക്ഷപ്പെടുന്ന കുട്ടിയും.

ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തുവായിക്കുമ്ബോള്‍ ഫസ്റ്റ് ബെല്‍ ക്ലാസ്സുകള്‍ക്ക് തുടക്കത്തിലുണ്ടായിരുന്ന പുതുമയും ആവേശവും നഷ്ടമായിരിക്കുന്നു എന്നാണ് വിലയിരുത്തേണ്ടി വരുന്നത്. ഇതിനെയാണ് നോവല്‍റ്റി എഫക്‌ട് എന്ന് വിളിക്കുന്നത്. കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ മീഡിയം ഉപയോഗിച്ചു നടത്തിയ ക്ലാസുകളെന്ന നിലയില്‍ അത് കുട്ടികളിലും രക്ഷിതാക്കളിലും ഒരു നവീനതാ പ്രഭാവം ഉണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടു മാസം പിന്നിടുമ്ബോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് ബോധ്യമാവുന്നത്.

ഫസ്റ്റ് ബെല്‍ ക്ലാസുകളില്‍ നിന്ന് കുട്ടികള്‍ പിന്‍വാങ്ങുന്നു എന്ന് എന്നു തന്നെയാണ് ഫീല്‍ഡ് തലത്തിലെ അന്വേഷണങ്ങളില്‍ നിന്നും, വിക്ടേഴ്സ് ചാനല്‍ റേറ്റിംഗിലുണ്ടായ കുറവില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന് നിരവധി കാരണങ്ങളുണ്ട് .

ഒന്നാമതായി വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ ക്ലാസുകളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന് വിശേഷിക്കുന്നതു തന്നെ യുക്തിപരമല്ല. അതൊരു ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ആണ്. കുട്ടികള്‍ക്ക് ഇടപെടാനും പ്രതികരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഒരു സാധ്യതയുമില്ലാത്ത ഏകപക്ഷീയമായ മീഡിയമാണത്. ടി.വി കണ്ടുപിടിച്ച കാലം മുതല്‍ നടക്കുന്ന ഒന്ന്. സംവാദത്തിനും തുടരന്വേഷണങ്ങള്‍ക്കും സാധ്യതയില്ലാത്ത ഒരു മീഡിയത്തില്‍ പുതിയ പഠനബോധന സമീപനങ്ങളിലൂടെ കടന്നുവന്ന കുട്ടികള്‍ക്ക് ഏറെക്കാലം തുടരാനാവില്ല. അവര്‍ ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നവരും വിമര്‍ശനാത്മകമായി പ്രശ്നങ്ങളെ വിലയിരുത്തുന്നവരുമാണ്.

ബോധനശാസ്ത്രപരമായ ഏകതാനതയും വൈവിധ്യമില്ലായ്മയുംകുട്ടികളില്‍ മടുപ്പുളവാക്കുകയും പ്രക്രിയാ വിരസത (Process Monotony) യ്ക്കു കാരണമാവുകയും ചെയ്യും.

കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക പ്രാദേശിക സാഹചര്യങ്ങളെയും പഠന പ്രക്രിയയിലെ വൈജാത്യങ്ങളെയും ചാനല്‍ ക്ലാസുകള്‍ കണക്കിലെടുക്കുന്നില്ല. പഠന രീതികളിലും വേഗതയിലും സമീപനങ്ങളിലും വലിയ വൈവിധ്യമുള്ളവരാണ് നമ്മുടെ കുട്ടികള്‍. അവരെയെല്ലാം ഒരുപോലെ സംതൃപ്തരാക്കാന്‍ പ്രീ റെക്കോര്‍ഡഡ് വീഡിയോ ക്ലാസുകള്‍ക്കു കഴിയില്ല. പങ്കാളിത്തമില്ലാത്ത മീഡിയത്തില്‍ ഏറെനേരം അവര്‍ക്കു തുടരാനാവില്ല.

കുട്ടികളെ പിടിച്ചിരുത്തുന്നതും, ആകര്‍ഷകവുമായ ഒരു ഡിജിറ്റല്‍ കണ്ടന്റ് ഡവലപ്പ് ചെയ്യാന്‍ ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേവലമായ പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍ക്കപ്പുറം ഡിജിറ്റല്‍ വിഭവങ്ങളും സാധ്യതകളും ഒരുക്കാനായിട്ടില്ലയെന്നതും പരിമിതിയായി തുടരുന്നു. ചാനല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ വെര്‍ച്വല്‍ , ഓഗ്മെന്‍റഡ് സാധ്യതകളെങ്കിലും ഫലപ്രദമായി ഉപയോഗിച്ചു കണ്ടില്ല. ടെക്നോപെഡഗോജിയെ സംബന്ധിക്കുന്ന അറിവില്ലായ്മയും മറ്റൊരു പ്രശ്നമാണ്. ഡിജിറ്റലൈസേഷനില്‍ ഏറെ മുന്നേറിയെന്നു പറയുന്ന കേരളത്തില്‍ കുറേക്കൂടി മെച്ചപ്പെട്ട ടെക്നോപെഡഗോജി സാധ്യതകള്‍ ഉപയോഗിക്കേണ്ടതുണ്ട്. 2005 മുതല്‍ ഐ.ടി@സ്കൂളും തുടര്‍ന്ന് കൈറ്റും നല്‍കുന്ന ഐ.ടിയധിഷ്ഠിത പരിശീലനങ്ങളുടെ സാംഗത്യം ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ പ്രക്രിയയില്‍ ഫ്രീ സോഫ്റ്റ്വെയര്‍ പോളിസി പിന്തുടരുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ചാനല്‍ ക്ലാസുകള്‍ക്കുശേഷമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഈ പോളിസി പാടെ മാറ്റി മറിക്കപ്പെടുന്നുണ്ട്. ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്ട്സ് ആപ്പ് ആണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ ഉപയോഗിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങളുടെ പ്ലാറ്റ്ഫോമിനെക്കുറിച്ച്‌ കൃത്യത ഇല്ലാത്തതിനാല്‍ അനൗദ്യോഗികമായി, ഇത്തരം സാധ്യതകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റ് കണക്ടിവിറ്റിയോ, പര്യാപ്തമായ ഡേറ്റയോ ഇല്ലാത്തയിടങ്ങളിലെ കുട്ടികള്‍ ഇക്കാര്യത്തില്‍ വലിയ ഡിജിറ്റല്‍ പാര്‍ശ്വവത്ക്കരണത്തിനു വിധേയരാകുന്നു. കുട്ടികളിലും രക്ഷിതാക്കളിലും ഹോം വര്‍ക്കുകളും മറ്റ് ഭാരിച്ച അസൈന്‍മെന്റുകളും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമുണ്ട്. ചില ക്ലാസുകളിലെങ്കിലും വസ്തുതാപരമായ പിശകുകള്‍ വരുന്നതും, എപ്പിസോഡുകള്‍ ക്രമം തെറ്റി വരുന്നതും, ഉള്ളടക്കം ആവര്‍ത്തിച്ചു വരുന്നതു മുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മതയില്ലായ്മയുടെ അടയാളമാണ്. ചാനല്‍ ക്ലാസുകളുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയ പ്രക്രിയയും അനിശ്ചിതത്വത്തിലാണ്. പാസീവായ കാഴ്ചയ്ക്കപ്പുറം പഠനം നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള മോണിറ്ററിംഗും ദുര്‍ബലം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ . കൊറോണ പ്രതിസന്ധിയ്ക്കിടയിലും, കുട്ടികളെ പഠന സന്നദ്ധരാക്കാന്‍ ശ്രമം നടത്തിയതില്‍ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ , ടി.വിയില്‍ നിന്ന് മുഖം മറച്ചിരിയ്ക്കുന്ന കുട്ടി ഒരു പ്രതീകമാണ്. ഇതൊരു ലക്ഷണമായി കരുതി യുക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ വിക്ടേഴ്സ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ണമായും കുട്ടികള്‍ കയ്യൊഴിയുന്നതിനു കാരണമായിത്തീരും. ഒരു ആചാരമെന്ന നിലയില്‍ വീഡിയോ ക്ലാസുകള്‍ നടന്നുവെന്നും വരാം. സ്കൂള്‍ എന്ന സാമൂഹിക സുരക്ഷാ കേന്ദ്രത്തിനും അധ്യയനം എന്ന ജൈവിക പ്രക്രിയയ്ക്കും ബദലല്ല വിദൂര വിദ്യാഭ്യാസ പഠനം എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് സാഹചര്യങ്ങള്‍ പോകുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories