TopTop
Begin typing your search above and press return to search.

പള്ളി മുതല്‍ ഗാന്ധി വരെ; സ്വയംഭോഗമെന്ന ഏറ്റവും സുരക്ഷിതമായ ലൈംഗികാനന്ദത്തോട് എന്തുകൊണ്ടാണ് ഇത്രയേറെ എതിര്‍പ്പുകള്‍?

പള്ളി മുതല്‍ ഗാന്ധി വരെ; സ്വയംഭോഗമെന്ന ഏറ്റവും സുരക്ഷിതമായ ലൈംഗികാനന്ദത്തോട് എന്തുകൊണ്ടാണ് ഇത്രയേറെ എതിര്‍പ്പുകള്‍?

[ഇതിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: 'പാപ'ത്തില്‍ നിന്ന് 'സമൂഹനന്മ'യിലേക്ക്; സ്വയംഭോഗത്തെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ലോക്ഡൗണ്‍ മാറ്റിമറിക്കുമ്പോള്‍]

ഭാഗം 2

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വേനല്‍ക്കാലത്തെ ഉച്ച തിരിഞ്ഞ സമയം. ഞങ്ങളുടെ സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ - ക്ലീന്‍ ഷേവ് ചെയ്ത ഒരു കാത്തലിക് പുരോഹിതന്‍ - നിന്ന് അസാധാരണമായ ഒരു 'ധാര്‍മികോപദേശ'മെത്തി. 'അസന്മാര്‍ഗിക' പ്രവര്‍ത്തികളോട് കര്‍ശന നിലപാടുള്ള, കടുത്ത ശിക്ഷ ഉറപ്പാക്കുന്നതില്‍ പേരുകേട്ടയാളായിരുന്നു ഈ പുരോഹിതന്‍.

കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ പ്രഖ്യാപിക്കുന്നതുപോലെ, ഇന്റര്‍കോം ബോക്‌സിലൂടെ പ്രിന്‍സിപ്പാളിന്റെ ശബ്ദം ഞങ്ങളുടെ ക്ലാസ് മുറിയില്‍ മുഴങ്ങി. "സദാചാര ദുര്‍നടപ്പിന്റെ പേരില്‍ ഒമ്പത്-സിയിലെ ടോണിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരിക്കുന്നു" എന്നതായിരുന്നു ആ അറിയിപ്പ്. അതിനൊപ്പം, ഭീഷണി നിറഞ്ഞു നില്‍ക്കുന്ന ഒരു അറിയിപ്പ് കൂടി പിന്നാലെ വന്നു: "സ്‌കൂളിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരാജയപ്പെടുന്ന ആരെയും മുന്നറിയിപ്പില്ലാതെ തന്നെ സ്‌കൂളില്‍ നിന്ന് ഡിസ്മിസ് ചെയ്യുന്നതായിരിക്കും" എന്നതായിരുന്നു അത്.

ഈ അറിയിപ്പ് വന്നതോടെ ടോണി ചെയ്തിരിക്കാന്‍ ഇടയുള്ള 'കുറ്റകൃത്യം' എന്തായിരിക്കും എന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ കൊണ്ട് ക്ലാസ് മുറി പ്രകമ്പിതമായി. ഏതായാലും ഇന്റര്‍വെല്‍ സമയത്ത് ഈ ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. സദാചാര ദുര്‍നടപ്പ് എന്ന വാചകത്തില്‍ പ്രിന്‍സിപ്പാള്‍ ഒളിച്ചു വന്ന ആ കുറ്റകൃത്യം ഒമ്പത്-സിയിലെ ബിബിസി എന്നു വിളിക്കുന്ന ബ്രിജേഷ് ഞങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി. ക്ലാസിലിരുന്ന് സ്വയംഭോഗം ചെയ്യുന്നതിനിടെ ടോണിയെ പിടികൂടുകയായിരുന്നു.

ലൈംഗികതയെക്കുറിച്ചുള്ള ചെറിയ സംസാരങ്ങള്‍ പോലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്നും നിഷിദ്ധമാണ്. കുട്ടികള്‍ കൗമാരപ്രായത്തിലെത്തുന്നതോടെ അവര്‍ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ അതീവശ്രദ്ധയാണ് മാതാപിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമൊക്കെ പുലര്‍ത്തുന്നത്. (19-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ കാല് അടുപ്പിച്ചു വച്ചോ വിലങ്ങനെ വച്ചോ ഇരിക്കുന്നത് തടയുന്ന 'ആന്റി മാസ്റ്റര്‍ബേറ്ററി' ബഞ്ചുകള്‍ ഉണ്ടായിരുന്നു). സ്വയംഭോഗം ചെയ്യുന്നത് കണ്ടുപിടിക്കപ്പെടുന്നത് കൗമാരക്കാര്‍ക്ക് സ്വയം നാണക്കേടുണ്ടാക്കുന്നതും അവരുടേത് മോശം സ്വഭാവമാണെന്ന് ചിത്രീകരിക്കുന്നതുമായ കാര്യമാണ് ഇന്നും. അന്ധതയുണ്ടാക്കുമെന്നും മാനസിക വിഭ്രാന്തിക്കിടയാക്കുമെന്നും ഉള്ളംകൈയില്‍ രോമങ്ങള്‍ വളരുമെന്നും ക്ഷയത്തിനു കാരണമാകുമെന്നും എന്തിനേറെ മരണം വരെ സംഭവിക്കാമെന്നുമൊക്കെയാണ് സ്വയംഭോഗത്തെക്കുറിച്ച് ഇന്നും പലരുടെയുമുള്ളിലുമുള്ള ആശങ്കയെന്ന് നിരവധി സര്‍വെകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും സാധാരണവും 'സുരക്ഷിതവുമായ ലൈംഗിക പ്രവര്‍ത്തി'യെക്കുറിച്ച് എന്തുകൊണ്ടാണ് ഇത്രയേറെ ഭയവും പരിഭ്രമവും?

എല്ലാം തുടങ്ങുന്നത് ഒരു മുറിവൈദ്യനില്‍ നിന്ന്

മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍ സ്വയംഭോഗമുള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള ഉത്പാദനപരമല്ലാത്ത ലൈംഗികതയെ ക്രൈസ്തവ സഭ തള്ളിപ്പറഞ്ഞിട്ടുണ്ട്. 'ആന്തരികമായി താറുമാറായ പാപം' എന്നാണ് സഭ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സ്വയംഭോഗത്തെ പ്രതി ഭയവും പരിഭ്രാന്തിയുമെല്ലാം പരത്തുന്നതില്‍ പ്രധാനമായും ഉത്തരവാദിയായ ഒരാളുണ്ട്. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പിന്നീട് മുറിവൈദ്യനായി മാറിയ ദൈവശാസ്ത്രകാരന്‍ ബെക്കര്‍.

1715-ല്‍ ബെക്കര്‍ ഇംഗ്ലണ്ടില്‍ ഒരു ലഘുലേഖ പുറത്തിറക്കി. "ഒനാനിയ, അല്ലെങ്കില്‍, സ്വയം മലിനീകരണത്തിന്റെ കടുത്ത പാപം, അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍, വെറുക്കപ്പെട്ട ഈ കാര്യം നടത്തുന്നതുവഴി സ്വയം മുറിവേല്‍പ്പിക്കുന്ന ഇരു ലിംഗങ്ങളിലും പെട്ടവര്‍ക്കുളള ആത്മീയവും ഭൗതികവുമായ ഉപദേശം" എന്നായിരുന്നു അതിന്റെ തലക്കെട്ട്.

താന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കാര്യത്തിന്റെ വിജയത്തിനും സ്വയംഭോഗത്തിനു മേല്‍ മതത്തിനെ്‌റ വിലക്കുകള്‍ കൊണ്ടുവരുന്നതിനും ബെക്കര്‍ ചെയ്തത്, ഇതിനെ ബൈബിളിലെ 'ഒനന്‍' കഥയുമായി ബന്ധിപ്പിക്കുകയായിരുന്നു. എന്നാലോ ഈ ബൈബിള്‍ കഥയ്ക്ക് സ്വയംഭോഗവുമായി യാതൊരു ബന്ധവുമില്ല താനും. ബെക്കറിന്റെ ലഘുലേഖ ഇംഗ്ലണ്ടില്‍ വന്‍ വിജയമായതോടെ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും പ്രഗത്ഭനും ബഹുമാന്യനുമായ ഡോക്ടര്‍ എന്നു പേരെടുത്തിരുന്ന സാമുവല്‍ ടിസോട്ട് ഏതാനും ദശകങ്ങള്‍ക്ക് ശേഷം ഈ ലഘുലേഖയ്ക്ക് സ്വന്തമായൊരു ഭാഷ്യം പുറത്തിറക്കി. L'Onanisme എന്നായിരുന്നു ഇതിന്റെ പേര്. സ്വയംഭോഗത്തിന്റെ അനന്തരഫലമായി അന്ധത, കൈത്തലങ്ങളില്‍ രോമങ്ങള്‍ വളരുക, ക്ഷയം, ആത്മവിശ്വാസക്കുറവ്, മുഖക്കുരു, അപസ്മാരം, രതിജന്യ രോഗങ്ങള്‍, ഭ്രാന്ത് മുതല്‍ മരണം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഏതെങ്കിലും വിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളോ തെളിവുകളോ കൂടാതെ ടിസോട്ട് തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ചത്. സ്വയംഭോഗത്തിന്റെ ബീഭത്സതത (Masturbatory Horrors) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. അതായത്, ഒരു മുറിവൈദ്യന്റെ മനസില്‍ വിരിഞ്ഞ ഏറ്റവും ദോഷകരമായ ഒരു ആശയത്തിന് പ്രശസ്തനായ ഒരു ഡോക്ടര്‍ വിശ്വാസ്യത ഉറപ്പിച്ചു കൊടുത്തു. L'Onanisme പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗാന്ധിയും ലൈംഗികതയും

L'Onanisme ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടിണ്ടോ എന്നറിയില്ലെങ്കിലും ടിസോട്ടിന്റെ പുസ്തകത്തില്‍ പറയുന്നതിന് സമാനമായ കാര്യങ്ങളാണ് ശുക്ലനഷ്ടം മൂലം ഉണ്ടാവുകയെന്ന് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ആദ്യകാല പുസ്തകങ്ങളിലൊന്നില്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇക്കാര്യത്തിന് വിശ്വാസ്യത ഉണ്ടാക്കി നല്‍കിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട ആളാണ് ഗാന്ധി. ലൈംഗികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാകട്ടെ, അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതവും മധ്യകാലഘട്ടത്തിലേതിന് സമാനവുമായിരുന്നു.

പോപ്പിന്റെയും മനുസ്മൃതിയുടെ രചയിതാവ് മനുവിന്റെയും മിശ്രണമെന്ന നിലയിലാണ് ലൈംഗികതയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകളും. ശുക്ലം പരിപാലിക്കപ്പെടേണ്ടതാണെന്നും ആരോഗ്യത്തിനും ശരീര ബലത്തിനും ഇത് ശേഖരിച്ചു നിര്‍ത്തുന്നതു വഴി സാധ്യമാകുമെന്നും അദ്ദേഹം വിശ്വസിച്ചു. ഒരു ഹിന്ദു എന്നതിനേക്കാള്‍ മധ്യകാലഘട്ടത്തിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ കാഴ്ചപ്പാടുകളാണ് ആസക്തിയുടേയും ലൈംഗികാനന്ദത്തിന്റെയും കാര്യത്തില്‍ അദ്ദേഹത്തിന്റെ അനിഷ്ടം ചേര്‍ന്നു നില്‍ക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികവേഴ്ചയെ 'വൃത്തികെട്ട കാര്യ'മെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പോപ്പിനെ പോലെ, ദമ്പതികള്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഒഴിവാക്കി സ്ത്രീകളുടെ ആര്‍ത്തവചക്രത്തിന് അനുസൃതമായി 'സുരക്ഷിതകാല'ങ്ങളില്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും നിര്‍ബന്ധം പിടിച്ചു. ലൈംഗികതയെക്കുറിച്ചുള്ള ഗാന്ധിയെ സംബന്ധിച്ച് ലൈംഗികത അനന്തതയുടെ മറ്റൊരു ലോകത്തേക്ക് മാറ്റിവേക്കേണ്ട കാര്യമാണെന്ന് Gandhi & His Women Associates എന്ന പുസ്തകത്തില്‍ ഗിരിജ കുമാരി പറയുന്നു.

ഗാന്ധിയുടെ ഈ കാഴ്ചപ്പാട് ചരിത്രകാരന്‍ രാമചന്ദ്രഗുഹയും പങ്കുവച്ചിട്ടുണ്ട്. "ഗാന്ധിയെ സംബന്ധിച്ചിടത്തോളം എല്ലാ ലൈംഗികതയും ആസക്തി മാത്രമാണ്. സ്ത്രീകള്‍ പുരുഷന്മാരെ ചെറുക്കുകയും പുരുഷന്മാര്‍ തങ്ങളുടെ മൃഗീയ വികാരങ്ങളെ മെരുക്കുകയുമാണ് വേണ്ടത്", Gandhi: The Years that Changed the World, 1914-1948 എന്ന പുസ്തകത്തില്‍ ഗുഹ പറയുന്നു. അതുകൊണ്ടു തന്നെ അത്ഭുതത്തിന് ഇടയില്ലാത്ത ഒരു കാര്യം കൂടി പറയാം. സ്വയംഭോഗവും സുരക്ഷിത ലൈംഗികതയും പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ വലതുപക്ഷ മത സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് 2009-ല്‍ ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിച്ചിരുന്നു. അന്ന് ഈ സംഘങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനായി ഉയര്‍ത്തിപ്പിടിച്ച ആളും ഗാന്ധിയായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ലൈംഗികത, മതം, ആണത്തം എന്നിവയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മനോഭാവങ്ങള്‍ ഉരുത്തിരിയുന്നത് നിരീക്ഷിക്കുന്നു. മതം, പോണോഗ്രഫി, സ്വയംഭോഗം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

Next Story

Related Stories