TopTop
Begin typing your search above and press return to search.

ജോസ് കെ മാണിയുടെ 'രണ്ടില' വിജയവും കുഞ്ഞാലിക്കുട്ടിയുടെ വെല്‍ഫെയര്‍ അജണ്ടയും

ജോസ് കെ മാണിയുടെ രണ്ടില വിജയവും കുഞ്ഞാലിക്കുട്ടിയുടെ വെല്‍ഫെയര്‍ അജണ്ടയും


ഏറെ അനിശ്ചിതത്വത്തിനൊടുവിൽ കേരളാ കോൺഗ്രസ് (എം) എന്ന ഔദ്യോഗിക പാർട്ടി നാമവും 'രണ്ടില' ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതിയും ഉത്തരവായിരിക്കുന്നു. ഇതോടെ തന്റെ പാർട്ടിയുടെയും ഇടതു മുന്നണിയുടെയും ശുക്രൻ തെളിഞ്ഞുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നേരത്തെ കേരളാ കോൺഗ്രസ് (എം ) എന്ന പേരും 'രണ്ടില' ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായിരുന്നുവെങ്കിലും അതിനെതിരെ പി ജെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതോടെ ചിഹ്നവും പേരും വീണ്ടും അനിശ്ചി
തത്വ
ത്തിലാവുകയായിരുന്നു. കോടതിക്ക് മുന്നിലെത്തിയ രേഖകളും തെളിവുകളും പരിശോധിച്ചു കമ്മീഷൻ എടുത്ത തീരുമാനം തെറ്റാണെന്നു പറയാനോ കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് പ്രശ്നത്തിൽ ഇടപെടാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജോസഫിന്റെ ഹർജി തള്ളിയത്. ഈ വിധി അംഗീകരിക്കാനാവില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും ജോസഫ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. ഹൈക്കോടതിയുടെ വിധി കൂടി വന്നതോടെ ജോസ് കെ മാണിയും കൂട്ടരും വലിയ ആവേശത്തിലാണ്. പിളർപ്പിനുശേഷം നടക്കുന്ന തദ്ദേശ തിരെഞ്ഞെടുപ്പിൽ തന്നെ പാർട്ടിയുടെ പേരും 'രണ്ടില ' ചിഹ്നവുമായി മത്സരരംഗത്തിറങ്ങാൻ കഴിയുമെന്നത് ആ ആവേശം ഇരട്ടിയാക്കുന്നു. കോടതി വിധി നീണ്ടുപോയിരുന്നുവെങ്കിൽ താൽക്കാലികമായി അനുവദിച്ചു കിട്ടിയ 'ഫാൻ ' ചിഹ്നത്തിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥികൾക്ക് മത്സരിക്കേണ്ടിവരുമായിരുന്നു. ആ ഗതികേട് ഇപ്പോൾ ഒഴിവായിരിക്കുന്നു. എങ്കിലും ശക്തി തെളിയിക്കുക എന്ന വലിയൊരു കടമ്പ മുന്നിലുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും ഇനിയങ്ങോട്ടുള്ള പാർട്ടിയുടെ നിലനിൽപ്പ് തന്നെ. അത് ഇടതു മുന്നണിക്കൊപ്പമായാലും അല്ലെങ്കിലും. താനും തന്റെ ഗ്രൂപ്പും ആനയാണ് കുതിരയാണ് എന്നൊക്കെ ധരിപ്പിച്ചാണ് ഇടതു മുന്നണിക്കൊപ്പം നിൽക്കുന്നത്. എത്ര ആന, കുതിര ചമഞ്ഞാലും കെ എം മാണിയോളം വരില്ല മോനെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ് ജോസ് കെ മാണിയെ പാടെ തഴഞ്ഞു പി ജെ യെ സുഖിപ്പിച്ചത്. ജോസഫ് ഒരു പച്ചപ്പാവമാണെന്നും ചെറുതായൊന്നു സുഖിപ്പിച്ചു വിനീതവിധേയനായി കൂടെ നിറുത്താമെന്നുമൊക്കെയുള്ള ഉപദേശം നൽകിയത് ഒരു പക്ഷെ ഉമ്മൻ‌ചാണ്ടിയാവാനുള്ള സാധ്യതയുമുണ്ട്. അല്ലെങ്കിൽ തന്നെ കോട്ടയം, ഇടുക്കി ജില്ലകളിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം
കേരളാ കോൺഗ്രസ്
ഒരു വലിയ തലവേദന കൂടിയാണ്. ഒന്നിനെ തന്നെ സഹിക്കാൻ പെട്ടുപോന്ന പാട് ഉമ്മന്‍ ചാണ്ടിയോളം കോൺഗ്രസ് നേതൃ നിരയിൽ മറ്റാർക്കും അത്ര നന്നായി അറിയാനും ഇടയില്ല. കെ എം മാണിയുമായി എക്കാലത്തും നല്ല ബന്ധം കാത്തുസൂക്ഷിച്ച മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലി
ക്കു
ട്ടി കൂടി കൈവിട്ടതോടെയാണ് ജോസ് കെ മാണിക്ക് യു ഡി എഫ് ബന്ധം പാടെ വിച്ഛേദിക്കേണ്ടി വന്നത്. കേരളാ കോൺഗ്രസ് തർക്കങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടുപോന്ന കുഞ്ഞാലിക്കുട്ടിയുടെ പെട്ടെന്നുണ്ടായ മനസ്സുമാറ്റത്തിന് പിന്നിൽ മറ്റൊരു രാഷ്ട്രീയ അജണ്ടയില്ലേ എന്ന സംശയം നേരത്തെ തന്നെ ഉയർന്നിരുന്നു. പി ജെ ജോസഫോ ജോസ് കെ മാണിയോ ഇവരിൽ രണ്ടിലൊരു വിഭാഗം മുന്നണി വിട്ടാൽ ക്ഷീണിക്കുന്നതു കേരളാ കോൺഗ്രസ് എന്ന പാർട്ടി മാത്രമല്ല യു ഡി എഫ് മൊത്തത്തിലാണെന്നു കുഞ്ഞാലിക്കുട്ടിക്കും അറിയായ്കയല്ല. അപ്പോൾ പിന്നെ എന്തുകൊണ്ട് ജോസ് കെ മാണി വിഭാഗത്തെക്കൂടി യു ഡി എഫിനൊപ്പം നിറുത്താൻ കേരളാ കോൺഗ്രസ് തർക്കങ്ങളിൽ സ്ഥിരം മധ്യസ്ഥനായ കുഞ്ഞാലി
ക്കു
ട്ടി ശ്രമിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടി. എം പി വീരേന്ദ്ര കുമാറിന്റെ പാർട്ടി വിട്ടുപോയതിന്റെ ക്ഷീണത്തിൽ നിൽക്കുന്ന യു ഡി എഫിന് രാഷ്ട്രീയപരമായി നോക്കിയാൽ വലിയ കരുത്തൊന്നും ഇല്ല. പോരെങ്കിൽ കോൺഗ്രസിലെ ഉമ്മൻ ‌ചാണ്ടി - രമേശ് ചെന്നിത്തല ചേരികൾ തമ്മിലുള്ള പോരിനിടയിലേക്കു കെ സി വേണുഗോപാൽ എന്ന ദേശീയ നേതാവ് കൂടി കടന്നുവന്ന അവസ്ഥയിൽ. കേരളാ കോൺ
ഗ്ര
സ്സുകളിൽ ഒന്ന് - അത് ജോസഫോ ജോസോ ഏതുമാകട്ടെ പോകുന്നതോടെ യു ഡി എഫ് കൂടുതൽ പരുങ്ങലിലാവുമെന്നും അത് മുതലെടുത്തു വെൽഫെയർ പാർട്ടിയെ മുന്നണിയിലേക്ക് കൈപിടിച്ചാനയിക്കാമെന്നും കുഞ്ഞാലി
ക്കു
ട്ടി കണക്കൂകൂട്ടിയിട്ടുണ്ടാവും.

കുഞ്ഞാലിക്കുട്ടിയുടെ വെൽഫെയർ അജണ്ടക്ക് കോൺഗ്രസ് നേതാക്കളായ കെ മുരളീധരനിൽ നിന്നും കെ സുധാകരനിൽ നിന്നുമൊക്കെ വലിയ പിന്തുണ ലഭിക്കുകയുണ്ടായി. പക്ഷെ എന്നിട്ടും കേരളാ കോൺഗ്രസ്സിന്റെ കാര്യത്തിൽ കുഞ്ഞാലി
ക്കു
ട്ടി കരുതിയതുപോലെ തന്നെ ഏതാണ്ടെല്ലാം തന്നെ നടന്നെങ്കിലും വെൽഫെയർ പാർട്ടിയുടെ കാര്യത്തിൽ ആ കണക്കുകൂട്ടൽ പിഴച്ചു. എങ്കിലും വെൽഫെയർ പാർട്ടിയുമായി മലപ്പുറം ഉൾപ്പെടെ മലബാറിൽ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിക്കൊണ്ടു കുഞ്ഞാലി
ക്കു
ട്ടി തന്റെ അജണ്ട ചെറിയ തോതിലെങ്കിലും നടപ്പിലാക്കി കഴിഞ്ഞു. ഇക്കാര്യത്തിൽ കണ്ണൂരിൽ കെ സുധാകരന്റെ അകമഴിഞ്ഞ പിന്തുണയും കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയെന്നത് ഇവിടങ്ങളിലെ യു ഡി എഫിന്റെ സ്ഥാനാർഥി നിർണയത്തിൽ നിന്നും ഏറെക്കുറെ വ്യക്തമാണ്. മുസ്ലിം ലീഗ് ആസ്ഥാനമായ മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിലും കണ്ണൂരും കാസർകോടുമൊക്കെ വെൽഫെയർ പാർട്ടിയുമായി ചിലയിടങ്ങളിൽ പരസ്യ ധാരണയും മറ്റു ചിലയിടങ്ങളിൽ രഹസ്യ ധാരണയും നിലവിൽ വന്നു കഴിഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ എതിർപ്പ് മാത്രമല്ല വെൽഫെയർ പാർട്ടിയുമായി കൃത്യമായ ഒരു പരസ്യ ബാന്ധവത്തിനു മുസ്ലിം ലീഗിന് തടസ്സമായത്. സമസ്തയിൽ നിന്നുള്ള കടുത്ത എതിർപ്പ് ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പാടെ അവഗണിച്ചുകൊണ്ട് ലീഗ് വെൽഫെയർ പാർട്ടിയുമായി പരസ്യ ബന്ധം സ്ഥാപിക്കുമായിരുന്നു.
വീണ്ടും ജോസ് കെ മാണിയിലേക്കു തന്നെ തിരിച്ചുവന്നാൽ തദ്ദേശ തിരെഞ്ഞെടുപ്പ് ഒരു ജീവന്മരണ പോരാട്ടമാണ്. സി പി ഐയുടെയും എൻ സി പി യുടേയുമൊക്കെ എതിർപ്പിനെ അവഗണിച്ചാണ് മധ്യ തിരുവിതാംകൂറിലെങ്കിലും ജോസ് വിഭാഗം കേരളാ കോൺഗ്രസ്സിന്റെ വരവ് എൽ ഡി എഫിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിൽ സി പി എം മുൻകൈ എടുത്തു തങ്ങളെ കൂടെ കൂട്ടിയിട്ടുള്ളതെന്നു ജോസ് കെ മാണിക്ക് നന്നായി അറിയാം. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച തർക്കത്തിൽ വിജയം വരിക്കാനായെങ്കിലും തിരെഞ്ഞെടുപ്പ് വിധി മുൻകൂട്ടി പ്രവചിക്കാനാവില്ലല്ലോ! അത് തന്നെയാണ് ജോസ് കെ മാണിയുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നവും. കേരളാ കോൺഗ്രസ്സിന്റെ എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെയും കരുത്തിന്റെ അടയാളം പാർട്ടിയുടെ പേരും ചിഹ്നവും മാത്രമല്ല അതിന്റെ അംഗബലം കൂടിയാണ്. കെ എം മാണിക്കൊപ്പം നിന്നിരുന്ന പാർട്ടി അണികൾ പി ജെ ജോസഫിനൊപ്പം പോയിട്ടില്ലെന്നും അവരിപ്പോഴും തനിക്കൊപ്പമാണെന്ന് ജോസ് കെ മാണിക്ക് ഈ തദ്ദേശ തിരെഞ്ഞെടുപ്പിൽ തെളിയിച്ചുകാണിക്കണമെങ്കിൽ കെ എം മാണിയുടെ തട്ടകമായിരുന്ന പാലായിൽ മാത്രമല്ല കോട്ടയം ഉൾപ്പെടെയുള്ള മധ്യ തിരുവിതാംകൂറിലെ കേരളാകോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം തിരെഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിയിച്ചു കാണിച്ചേ മതിയാവൂ.കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories