TopTop
Begin typing your search above and press return to search.

പെരുന്നയില്‍ നിന്നും ചെന്നിത്തലയിലേക്കുള്ള ശരിദൂരം

പെരുന്നയില്‍ നിന്നും ചെന്നിത്തലയിലേക്കുള്ള ശരിദൂരം

ഈ മാസം 21നു നടക്കുന്ന അഞ്ച് ഉപതെരെഞ്ഞെടുപ്പുകളിൽ തന്റെ സംഘടനയുടെ നിലപാട് ശരിദൂരം ആയിരിക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രഖ്യാപിച്ചു കഴിഞ്ഞു . ശരിദൂരം എന്നതുകൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയിൽ പെട്ടവർക്ക് നന്നായി അറിയാമെന്നുകൂടി അദ്ദേഹം പറയുമ്പോൾ എൻ എസ് എസ് ചായ്‌വ് എങ്ങോട്ടെന്ന് പകൽ പോലെ വ്യക്തം. ഇക്കഴിഞ്ഞ മാസം നടന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കാതിരുന്നതിലെ ജാള്യവും സുകുമാരൻ നായരുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്തുവന്നാലും കെ എം മാണിയുടെ പാലാ യു ഡി എഫിനെ കൈവിടില്ലെന്നു ഒരുപക്ഷെ അദ്ദേഹവും കരുതിയിരുന്നിരിക്കണം. അങ്ങനെ ഒരു അബദ്ധം ഇനിയും സംഭവിച്ചുകൂടെന്ന ചിന്തയിൽ നിന്ന് തന്നെയാവണം ഇക്കുറി നേരത്തെ തന്നെയുള്ള ഈ നിലപാട് പ്രഖ്യാപനം. ഇന്നലെ പെരുന്നയിൽ ചങ്ങനാശേരി എൻ എസ് എസ് താലൂക്ക് യൂണിയൻ സംഘടിപ്പിച്ച നൂറ്റിആറാമത് വിജയദശമി നായർ മഹാ സമ്മേളനത്തിൽ വെച്ചായിരുന്നു സുകുമാരൻ നായരുടെ നിലപാട് പ്രഖ്യാപനം എന്നതും എന്തുകൊണ്ടും ശ്രദ്ധേയമാണ്.

എൻ എസ് എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറഞ്ഞ സുകുമാരൻ നായർ പിന്നെന്തുകൊണ്ട് ഇപ്പോൾ ശരിദൂരം എന്ന് വിശദീകരിക്കുന്നുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, ഈശ്വര വിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ എന്നീ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ശരിദൂരം കണ്ടെത്തേണ്ടതുണ്ടെന്നാണ് സുകുമാരൻ നായർ പറയുന്നത്. ശബരിമല വിഷയത്തിൽ കേരളത്തിലെ ഇടതു സർക്കാരിനെയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെയും ഒരുപോലെ വിമർശിക്കുന്ന സുകുമാരൻ നായർ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെന്നതു പോലെ തന്നെ വരുന്ന അഞ്ച് ഉപതെരെഞ്ഞെടുപ്പുകളിലും തന്റെ സംഘടനയുടെ പിന്തുണ യു ഡി എഫിന് ഉറപ്പുവരുത്താൻ തന്നെയാണ് ശ്രമിക്കുന്നത് എന്നതും വ്യക്തം. അതുകൊണ്ടു തന്നെയാണ് നായർ സമുദായാംഗം കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുകുമാരൻ നായരുടെ ശരിദൂര നിലപാട് പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്തതും. രമേശ് ചെന്നിത്തലയുടെ ഈ കയ്യടിക്കു പിന്നിൽ മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ടെന്നു കൂടി വേണം കരുതാൻ. പെരുന്നയിലെ എൻ എസ് എസ് ആചാര്യന്റെ ഗുഡ് ബുക്കിൽ കയറിക്കൂടിയാലേ അടുത്ത തിരെഞ്ഞെടുപ്പിൽ യു ഡി എഫിന് ഭരണം ലഭിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ അദ്ദേഹത്തിന് ഒരു കൈത്താങ്ങു ലഭിക്കൂ എന്നതാണത്. ഏറെക്കാലമായി ചെന്നിത്തല കൊണ്ടുനടക്കുന്ന ഒരു വലിയ സ്വപ്നമാണ് മുഖ്യമന്ത്രി സ്ഥാനം എന്നത് പരസ്യമായ രഹസ്യം തന്നെയാണ്.

ഇതാദ്യമായല്ല സുകുമാരൻ നായർ ശരിദൂരത്തെക്കുറിച്ചു പറയുന്നത്. നാരായണ പണിക്കരുടെ പിൻഗാമിയായി സംഘടനയുടെ ചുമതല ഏറ്റെടുത്തു അധികം വൈകാതെ തന്നെ സുകുമാരൻ നായർ ഇടയ്ക്കിടെ അവതരിപ്പിച്ച ഒന്ന് തന്നെയാണ് അദ്ദേഹവുമിപ്പോൾ ശരിദൂരം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നിലപാട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിലും ഇക്കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പ് വേളയിലും ശരിദൂര നിലപാട് തന്നെയായിരുന്നു നായരുടേത്. ചെങ്ങന്നൂരിൽ ശരിദൂരത്തിന്റെ ഗുണഭോക്താവ് എൽ ഡി എഫ് ആയിരുന്നെങ്കിൽ ലോക്സഭ തിരെഞ്ഞെടുപ്പിൽ അത് യു ഡി എഫ് ആയെന്നു മാത്രം. സമദൂരം വെടിഞ്ഞു എൻ എസ് എസ് എന്തുകൊണ്ട് ശരിദൂരം സ്വീകരിക്കുന്നു എന്നതിന് സുകുമാരൻ നായർക്ക് അദ്ദേഹത്തിന്റേതായ വിശദീകരണം ഉണ്ട്. കേവലം ശബരിമലയിൽ മാത്രം ഒതുങ്ങുന്നതല്ല സുകുമാരൻ നായർക്ക് കേരളത്തിലെ പിണറായി സർക്കാരിനടുള്ള വിരോധം. മുന്നാക്ക വിഭാഗത്തിൽ പെട്ട പിന്നാക്കക്കാർക്കു അർഹതപ്പെട്ട 50 കോടി രൂപയുടെ ധനസഹായം രണ്ടു വർഷമായി തടഞ്ഞു വെച്ചിരിക്കുന്നു, മന്നം ജയന്തി ദിനത്തിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി നൽകണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നിങ്ങനെ പോകുന്നു ഇടതു സർക്കാരിനോടുള്ള വിരോധത്തിനുള്ള കാരണങ്ങൾ. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന് നൽകുന്ന പരിഗണന തനിക്കോ തന്റെ സംഘടനക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories