TopTop
Begin typing your search above and press return to search.

ഹിന്ദുത്വത്തെ ലാളിച്ച ലിബറലുകളും അതിനെ ജീവിതം കൊണ്ടും മരണം കൊണ്ടും ചെറുത്ത ഗാന്ധിയും

ഹിന്ദുത്വത്തെ ലാളിച്ച ലിബറലുകളും അതിനെ ജീവിതം കൊണ്ടും മരണം കൊണ്ടും ചെറുത്ത ഗാന്ധിയും

വി ഡി സവര്‍ക്കര്‍ എന്ന ഹിന്ദുത്വ സൈദ്ധാന്തികന്‍ മുതല്‍ ബിജെപിയുടെ എംപിയും ഭീകരപ്രവര്‍ത്തനം നടത്തിയ കേസില്‍ പ്രതിയുമായ പ്രഗ്യാ സിംങ് ഠാക്കൂര്‍ വരെയുള്ളവര്‍ക്ക് ഗാന്ധിയോടുള്ള വെറുപ്പ് പരസ്യമാണ്. അത്ര പരസ്യമാക്കാതെ എന്നാല്‍ ഉള്ളില്‍ ഗാന്ധിയോടുള്ള വെറുപ്പ് അടക്കിപിടിച്ചുനിര്‍ത്താന്‍ നിര്‍ബന്ധിതരായ മറ്റ് കുറെ രാഷ്ട്രീയ ജീവിതങ്ങള്‍ ഇന്ത്യയുടെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഉണ്ടെന്നത് ഒന്ന് ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതെയുള്ളൂ. എന്തുകൊണ്ടാണ് ഗാന്ധിയെ ഹിന്ദുത്വം പറയുന്ന ആര്‍ക്കും, യഥാര്‍ത്ഥത്തില്‍ വെറുക്കേണ്ടിവരുന്നതെന്ന് സവര്‍ക്കറിന്റെ ശിഷ്യനും ആര്‍എസ്എസ്സുകാരനും പിന്നീട് ഗാന്ധിയ്ക്ക് നേരെ നിറയൊഴിക്കുകയും ചെയ്ത ഗോഡ്‌സെയും അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചുവെന്നതിന് വ്യക്തമായ തെളിവുകളുള്ള സവര്‍ക്കറെ പോലുള്ളവരുടെയും വാക്കുകളില്‍ ഉണ്ട്. ഗാന്ധി, പ്രത്യേകിച്ചും പില്‍ക്കാല ഗാന്ധി എല്ലാ കാലത്തും ഹിന്ദുത്വത്തെ അസ്വസ്ഥപ്പെടുത്തിയിട്ടേയുള്ളൂ. ഗാന്ധിയെ ഇപ്പോള്‍ പരസ്യമായി വാഴ്ത്തുമ്പോഴും ആര്‍എസ്എസ്സിന്റെയും ബിജെപിയുടെ കളരികളിലൂടെ സമൂഹത്തെ കാണുന്ന പലരും ഇപ്പോള്‍ ഗോഡ്‌സെ വെറുക്കപ്പെടേണ്ടവനല്ലെന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതും ശ്രദ്ധേയമായ മാറ്റമാണ്.

മുസ്ലീങ്ങളെ സ്‌നേഹിച്ചുവെന്നത് മാത്രമല്ല, ഹിന്ദു മത വിശ്വാസികളില്‍ അവരുടെ ആക്രമോത്സുകത നശിപ്പിച്ചുവെന്നതാണ് ഗാന്ധി വെറുക്കപ്പെട്ടവന്‍ ആയതിന് കാരണമെന്ന് ഹിന്ദുത്വത്തിന്റെ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇത് ഹിന്ദുത്വ വാദികള്‍ക്ക് ഗാന്ധിയോട് മാത്രമുള്ളതല്ല മറിച്ച്, ബുദ്ധമതത്തോടുമുള്ള പ്രശ്‌നമാണ്. ദീന്‍ ദയാല്‍ ഉപാധ്യയയും വി ഡി സവര്‍ക്കറും എല്ലാം ഇതുതന്നെ പറഞ്ഞിട്ടുണ്ട്. ബുദ്ധമതം അഹിംസയിലൂടെ ഇവിടത്തെ ജനങ്ങളുടെ ആക്രമോത്സുകത ഇല്ലാതാക്കിയെന്ന് ബുദ്ധനെക്കുറിച്ച് വാചാലനാകുമ്പോഴും വിവേകാനന്ദനും ഇതേ അഭിപ്രായമായിരുന്നുവെന്ന് പലരും വിലയിരുത്തുന്നുണ്ട്. (ആര്‍എസ്എസ്സിന് വിവേകാനന്ദന്‍ പ്രിയങ്കരാനാകുന്നത് ഇതുകൊണ്ട് കുടിയാകും). ഗാന്ധിയും ഇതുതന്നെ ചെയ്തുവെന്നാണ് ഗോഡ്‌സെയുടെ ആക്ഷേപം. എന്തായാലും താന്‍ എന്തിന് ഗാന്ധിയ്ക്ക് നേരെ നിറയൊൊഴിച്ചുവെന്നതിന് കോടതിയില്‍ ഗോഡ്‌സെ വിശദമാക്കിയിട്ടുണ്ട്. സവര്‍ക്കറെയും ഗോള്‍വള്‍ക്കറെയും പോലുള്ള ഹിന്ദുത്വ ആശയക്കാരുടെ സ്വാധീനം ഇതില്‍ കാണാം.
ഗാന്ധിയ്ക്ക് നേരെ നിറയൊഴിച്ച ആശയം ഇന്ന് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കെ ഹിന്ദുത്വവും ഗാന്ധിയുമായുള്ള ശത്രുത പല പല പഠനങ്ങള്‍ക്കും ഇപ്പോള്‍ വഴിവെച്ചുകൊണ്ടിരിക്കയാണ്. ഗാന്ധിയും ഇന്ത്യയിലെ ജനാധിപത്യ ലിബറല്‍ രാഷ്ട്രീയവും എങ്ങനെയാണ് ഹിന്ദുത്വത്തെ നേരിട്ടത് എന്നത് കൗതുകകരവും അതേ സമയം വളരെ പ്രസക്തവുമായ ഒരു ചോദ്യമാണ്.
അധികാര കൈമാറ്റത്തിനും വിഭജനത്തിനും ശേഷം ഗാന്ധി ഇന്ത്യയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്താണെന്ന ചോദ്യം ചോദിക്കുന്നുണ്ട് മിനോസ്സൊട്ട സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനും Unconditional Equality: Gandhi's religion of Resistance എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ അജയ് സ്‌കറിയ ഒരു ലേഖനത്തില്‍. അദ്ദേഹം മരിച്ച രീതിയാണെന്ന് ഗാന്ധി സ്വാതന്ത്ര്യത്തിന് ശേഷം ചെയ്ത ഏറ്റവും വലിയ സംഭാവനയെന്ന് അജയ് സ്‌കറിയ പറയുന്നു. സവര്‍ക്കറിന്റെ ആരാധകനും ഹിന്ദുത്വത്തിന്റെ പ്രചാരകനുമായിരുന്ന ഗോഡ്‌സെ ഗാന്ധിയെ കൊലപെടുത്തിയത് കാരണം കുറച്ചുകാലമെങ്കിലും ഇന്ത്യയില്‍ ഹിന്ദുത്വത്തിന് മറഞ്ഞുനില്‍ക്കാന്‍ ഇടവന്നു എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. മൂന്ന് തലമുറയുടെ കാലത്തെങ്കിലും സ്വതന്ത്ര്യ ഇന്ത്യയില്‍ ഹിന്ദുത്വം പത്തി ഉയര്‍ത്താതിരുന്നത് ഗാന്ധിയെ കൊലപ്പെ ടുത്തിയതിന്റെ തിരിച്ചടി മൂലമാണെന്ന് അജയ് സ്കറിയ വിശദീകരിക്കുന്നു. ഈ കാലം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യകാലത്ത് ഹിന്ദുത്വത്തിന് പിന്‍വാങ്ങേണ്ടിവന്ന സമയത്താണ് ഇന്ത്യ ഒരു ആധുനിക സമൂഹമായി വികസിക്കാനുള്ള ശ്രമങ്ങള്‍ കാര്യമായി നടത്തിയത്. അതിന്റെ എല്ലാ പരിമിതികളോടും തന്നെ ഇന്ത്യ ഒരു ലിബറല്‍ സമൂഹത്തിനുവേണ്ട ഭരണകാര്യങ്ങള്‍ക്ക് അടിത്തറ ഉണ്ടാക്കിയത് ഹിന്ദുത്വത്തിന് മുഖ്യധാരയില്‍നിന്ന് മറഞ്ഞുനില്‍ക്കേണ്ടിവന്ന ഈ കാലത്താണെന്ന രസകരമായ നിരീക്ഷണമാണ് അജയ്‌ സ്‌കറിയ നടത്തുന്നത്. അതായത് (പ്രത്യേകിച്ച് അവസാന കാലത്തെ ഗാന്ധി) ജീവിച്ചപ്പോഴും കൊല്ലപ്പെട്ടതിനു ശേഷവും ഗാന്ധി ഹിന്ദുത്വ വാദികള്‍ക്ക് അലോസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടെയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ലിബറലുകള്‍ ഹിന്ദുത്വവുമായി അനുരഞ്്ജനപെടുാനാണ് തയ്യാറായത്. ഗാന്ധി വധത്തിന്റെ ഗൂഡാലോചനയില്‍ സവര്‍ക്കറിനെ രക്ഷിച്ചെടുത്ത നടപടി മുതല്‍ ഇങ്ങ് ബാബ്്‌റി മസ്ജിദ് തകര്‍ക്കലിന് കൂട്ടുനിന്നതുവരെയുള്ള നടപടികള്‍ ഇതിന് തെളിവായുണ്ട്. അങ്ങനെ പതുക്കെ ഇന്ത്യയുടെ ലിബറല്‍ ജനാധിപത്യത്തെ തന്നെ കീഴടക്കി ഹിന്ദുത്വം ഹിന്ദു രാഷ്ട്രം എന്ന പദ്ധതിയിലേക്ക് വളരെ വേഗത്തില്‍ ചുവടുകള്‍ വെച്ചുകുതിക്കുകയും ചെയ്യുന്നു.
ഹിന്ദുത്വത്തോട് ഇന്ത്യന്‍ ആധുനിക ലിബറല്‍ ജനാധിപത്യം സന്ധി ചെയ്തതുപോലെ ഗാന്ധി ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. (ഗാന്ധിയെക്കുറിച്ചുള്ള അംബേദ്ക്കറ്റുകളുടെയും മാര്‍ക്‌സിസ്റ്റുകാരുടെയും പല വിമര്‍ശനങ്ങളും അങ്ങേയറ്റം പ്രസ്‌ക്തമായി തുടരുമ്പോഴും ഈ വസ്തുത ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്).


ആര്‍എസ്എസ്സിന്റെ വളര്‍ച്ചയില്‍, അല്ലെങ്കില്‍ അവര്‍ മുഖ്യധാരയിലേക്ക് വന്നതില്‍ അടിയന്തരാവസ്ഥ വലിയ കാരണമായി എന്ന് പറയാറുണ്ട്. അടിയന്തരാവസ്ഥയ്‌ക്കെതിരായ യോജിച്ചുള്ള സമരത്തില്‍ അവരെ പങ്കാളികളാക്കുകവഴി ജയ്പ്രകാശ് നാരായണ്‍ അതിന് അവസരമുണ്ടാക്കിയെന്നതാണ് വിമര്‍ശനം. ജനസംഘം എന്ന പേര് പോയെങ്കിലും ബിജെപിയായി പുനരവതരിച്ച ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ബാബ്‌റി പള്ളിയുടെ ഗേറ്റ് ഹിന്ദുത്വവാദികള്‍ക്ക് കീഴടങ്ങി തുറന്നുകൊടുത്തുകൊണ്ട് രാജീവ് ഗാന്ധിയും പിന്നീട് പള്ളി പൊളിക്കുമ്പോള്‍ മൗനം ദീക്ഷിച്ച് നരസിംഹ റാവുവും അവരെ അധികാരത്തിലേക്ക് ആനയിച്ചു.
എന്നാല്‍ അടിയന്തരാവസ്ഥ കാലത്തു മാത്രമായിരുന്നില്ല, ഇന്ത്യയുടെ ലിബറല്‍ ജനാധിപത്യ സംവിധാനം അതിന്റെ തുടക്കം മുതല്‍ ഹിന്ദുത്വ ശക്തികളോട് അനുഭാവ പൂര്‍ണമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നുവെന്നതിന് ചരിത്രത്തില്‍ തെളിവുകള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യം കിട്ടി ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് ഇന്ത്യയില്‍ പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ നടത്താനുള്ള പദ്ധതി ആര്‍ എസ് എസ് നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ യുപിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് വിസമ്മതിച്ചുവെന്ന് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജേശ്വര്‍ ദയാല്‍ വിശദികരിച്ചിട്ടുണ്ട്. ആര്‍എസ്എസ്സ് തലവന്‍ എം എസ് ഗോള്‍വാല്‍ക്കറുള്‍പ്പെടെയുള്ള നേതാക്കളുടെ അറിവോടെയാണ് പല ഓപ്പറേഷനുകളും ആസുത്രണം ചെയ്യപ്പെട്ടതെന്ന് ദയാല്‍ വിശദമാക്കുന്നത് എ ജി നൂറാനി ആര്‍ എസ് എസ്സിനെ ക്കുറിച്ചുള്ള തന്റെ സമഗ്ര പുസ്തകമായ RSS A Menace to Indiaയില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. പൊലീസ് ഓഫീസര്‍മാര്‍ ആര്‍എസ്എസ്സ് നേതാക്കള്‍ക്കെതിരായ തെളിവുകളുമായി തന്നെ കാണാന്‍ വന്നതും അതിന് ശേഷം അവരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതുമായ കാര്യങ്ങളാണ് ദയാല്‍ വിശദമാക്കുന്നത്. ഗോള്‍വള്‍ക്കറെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പ്രതീക്ഷിച്ച ആഭ്യന്തര സെക്രട്ടറിയോട് തെളിവുകള്‍ ക്യാബിനറ്റിന് മുന്നില്‍ വെക്കാം എന്നാണത്രെ മുഖ്യമന്ത്രി പറഞ്ഞത്. കോണ്‍ഗ്രസുകാരനാണെങ്കിലും ആര്‍എസ്എസ് മനസ്സുള്ള പലരുമുള്ള യുപി മന്ത്രിസഭ തീരുമാനിച്ചത് ഗോള്‍വല്‍ക്കറിന് നോട്ടീസ് നല്‍കാന്‍ മാത്രമാണെന്നുമുള്ള കാര്യമാണ് ദയാല്‍ വിശദീകരിക്കുന്നത്. അന്ന് ഗോള്‍വല്‍ക്കറിനെ അറസ്റ്റ് ചെയ്യുകയും വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഗാന്ധി വധം ഒഴിവാക്കപ്പെടുമായിരുന്നുവെന്ന് എ ജി നുറാനിയും നിരീക്ഷിക്കുന്നു.
വി ഡി സവര്‍ക്കറിന് ഗാന്ധി വധ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജെ ഡി നാഗര്‍വാലയ്ക്ക് ബോധ്യമുണ്ടായിട്ടും ഹിന്ദുത്വത്തിന്റെ ആചാര്യനെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് തടഞ്ഞത് ബോംബെയിലെ ആഭ്യന്തര മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പങ്ക് സംബന്ധിച്ച സംശയങ്ങളും എ ജി നൂറാനി തന്റെ പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. ഗാന്ധി വധ ഗൂഡാലോചനയില്‍ സവര്‍ക്കറിന് പങ്കുണ്ടെന്ന് ജസ്റ്റീസ് കപൂര്‍ കമ്മീഷന്‍ കണ്ടെത്തിയത് സവര്‍ക്കറിന്റെ സെക്രട്ടറിയും ഗാര്‍ഡുകളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കോടതിയില്‍ വിചാരണക്ക് ഇവരെ പൊലീസ് ഹാജരാക്കിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് പാര്‍ലമെന്റിന്റില്‍ വിഗ്രഹം വെച്ച് ആരാധിക്കുന്ന സവര്‍ക്കറിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ മറച്ച് പിടിക്കാന്‍ സംഘ്പരിവാറിന് സാധിക്കുമായിരുന്നില്ല.
പറഞ്ഞുവന്നത് ഇന്ത്യയില്‍ ഹിന്ദുത്വത്തോട് നിര്‍ണായക സമയങ്ങളില്‍ പൊരുത്തപ്പെട്ടത് ലിബറലുകള്‍ എന്ന് പറയുന്നവര്‍ തന്നെയാണ്. അതിന്റെ കഥകള്‍ ഇനിയും ഏറെയുണ്ട്. എന്നാല്‍ ഗാന്ധി ജീവിതം കൊണ്ടും മരണം കൊണ്ടും ഹിന്ദുത്വത്തെ ചെറുക്കുക തന്നെയാണ് ചെയ്തത്. കൊലപ്പെടുത്തിയിട്ടും തോൽപ്പിക്കാൻ കഴിയാതെ പോയ ഗാന്ധിയെ ഏറ്റെടുത്ത് നിർവീര്യമാക്കാനുള്ള ദൌത്യമാണ് മോദിയും, സംഘവും ഇപ്പോൾ ചെയ്യുന്നത്. ഗോഡ്സെയിൽ നിന്നും സവർക്കറിൽ നിന്നും അവർ വ്യത്യാസപെടുന്നത് ഈ പ്രയോഗത്തിലാണ്.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories