TopTop
Begin typing your search above and press return to search.

കേരള സന്ദര്‍ശനത്തിടെ ഗാന്ധിജി നാരായണ ഗുരുവിനെയും അയ്യങ്കാളിയേയും നേരില്‍ കണ്ടപ്പോള്‍

കേരള സന്ദര്‍ശനത്തിടെ ഗാന്ധിജി നാരായണ ഗുരുവിനെയും അയ്യങ്കാളിയേയും നേരില്‍ കണ്ടപ്പോള്‍

ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍ പ്രഖ്യാതങ്ങളാണ്. ഒട്ടേറെ അവിസ്മരണീയങ്ങളായ സംഭവഗതികള്‍ അതോടനുബന്ധിച്ച് നടന്നു. ഒരു നാടിന്റേയും ജനതയുടേയും ചിരസ്മരണകളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്നവ- ധൈഷണികമായും രാഷ്ട്രീയമായും വൈകാരികമായും ഒരു സമൂഹത്തെ തൊട്ടുണര്‍ത്തുന്നവ. നീണ്ടകാലത്തെ ചിന്തയ്ക്കും മനനത്തിനും ഇടനല്‍കിക്കൊണ്ടിരിക്കുന്നവ. സ്വാതന്ത്ര്യ...

ഈ വാര്‍ത്തകള്‍ സാധ്യമാകണമെങ്കില്‍ സ്വതന്ത്ര വരിക്കാരുടെ പിന്തുണ കൂടിയേ തീരൂ

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

അഴിമുഖം പ്ലസില്‍ നിങ്ങളെ കാത്തിരിക്കുന്നു-

എക്സ്ക്ളൂസീവ് സ്റ്റോറീസ്, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍,
അഴിമുഖം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍,

അഴിമുഖം ആര്‍ക്കൈവ്സ്
കൂടാതെ മാറിയ വായനയുടെ പുത്തന്‍ അനുഭവങ്ങള്‍ നിരവധി

Support Azhimukham >

നിലവില്‍ വരിക്കാര്‍ ആണോ?ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍ പ്രഖ്യാതങ്ങളാണ്. ഒട്ടേറെ അവിസ്മരണീയങ്ങളായ സംഭവഗതികള്‍ അതോടനുബന്ധിച്ച് നടന്നു. ഒരു നാടിന്റേയും ജനതയുടേയും ചിരസ്മരണകളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്നവ- ധൈഷണികമായും രാഷ്ട്രീയമായും വൈകാരികമായും ഒരു സമൂഹത്തെ തൊട്ടുണര്‍ത്തുന്നവ. നീണ്ടകാലത്തെ ചിന്തയ്ക്കും മനനത്തിനും ഇടനല്‍കിക്കൊണ്ടിരിക്കുന്നവ. സ്വാതന്ത്ര്യ സമരത്തിന്റെ സുപ്രധാന ഘട്ടങ്ങളിലാണ് ഗാന്ധിജി തിരുവിതാംകൂറും കൊച്ചിയും മലബാറുമായി കിടന്ന മലയാള നാട്ടില്‍ എത്തിയതും സമരവീര്യം തുടിക്കുന്ന നാട്ടകങ്ങളെ തൊട്ടുണര്‍ത്തിയ ഒട്ടേറെ പ്രസംഗങ്ങളും സന്ദര്‍ശനങ്ങളും നടത്തിയതുമൊക്കെ. സ്വന്തം ആഭരണങ്ങള്‍ സമര്‍പ്പിച്ച കൗമുദി എന്ന ബാലിക അടക്കം ഗാന്ധിജിയുടെ മനസ്സിനെ സപര്‍ശിച്ച ഒട്ടേറെ സംഭവഗതികള്‍ക്ക് ആ യാത്രകള്‍ സാക്ഷിയായി. ഒരു ജനതയുടെ രണവീര്യവും ആത്മാഭിമാനവും വാനോളം ഉയര്‍ത്തുന്ന സംഭവങ്ങള്‍. നാരായണഗുരുവും അയ്യങ്കാളിയും പോലുള്ള മഹാമനീഷികളുമായി നടത്തിയ കുടിക്കാഴ്ചകളും സംഭാഷണങ്ങളും കേരള സന്ദര്‍ശനങ്ങള്‍ക്കിടെ നടത്തിയ പ്രസംഗങ്ങളും പല പരിപ്രേക്ഷ്യങ്ങളില്‍ വിശദീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു- ഖണ്ഡനപരമായും മണ്ഡനപരമായും ഒക്കെ പില്‍ക്കാലം അവയെ നിരന്തരം സമീപിക്കുന്നു.
സത്യഗ്രഹം എന്ന ഗാന്ധിയന്‍ സമരമാര്‍ഗം ആദ്യമായി പ്രയോഗിച്ച ഇടങ്ങളിലൊന്നായ വൈക്കം സത്യഗ്രഹകാലത്ത് അടക്കം മഹാത്മാഗാന്ധി അഞ്ചു തവണയാണ് കേരളം സന്ദര്‍ശിച്ചത്. ഇക്കാലത്ത് അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകള്‍ പല വിധത്തില്‍ ശ്രദ്ധേയങ്ങളായിരുന്നുവെങ്കിലും അവയില്‍ പ്രത്യേകിച്ച് എടുത്തുപറയേണ്ടതാണ് അയ്യങ്കാളിയുമായി വെങ്ങാനൂരില്‍ നടത്തിയ കൂടിക്കാഴ്ചയും നാരായണ ഗുരുവുമായി ശിവഗിരിയില്‍ നടത്തിയ കൂടിക്കാഴ്ചയും. വിവിധ സന്ദര്‍ശനകാലങ്ങളിലായി ഒട്ടാകെ 50 ഓളം ദിവസങ്ങളാണ് ഗാന്ധിജി കേരളത്തില്‍ ചെലവിട്ടത്. 1925ലും 1934ലും 1937ലും ഗാന്ധിജി ശിവഗിരിയില്‍ എത്തി. 1925ലെ സന്ദര്‍ശനവേളയില്‍ ശിവഗിരിയില്‍ താമസിച്ച അദ്ദേഹം നാരായണഗുരുവുമായി അക്കുറി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. 1937ലെ അവസാന സന്ദര്‍ശനത്തിലാണ് അയ്യങ്കാളിയുമായുള്ള വെങ്ങാന്നൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം ഒരു ദിവസം മാത്രമാണ് നീണ്ടുനിന്നത്. 1920 ഓഗസ്റ്റ് 18ന് ഖിലാഫത്ത് പ്രചരണാര്‍ത്ഥമെത്തിയതായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ അദ്ദേഹം ആദ്യ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത് കോഴിക്കോടായിരുന്നു. ഓഗസ്റ്റ് 18നു വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തെ ഗാന്ധിജി അഭിസംബോധന ചെയ്തു. കെ. മാധവന്‍ നായരായിരുന്നു ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ഖിലാഫത്ത് ഫണ്ടിനുവേണ്ടി പിരിച്ച 2500 രൂപ രാമുണ്ണി മേനോന്‍ ഗാന്ധിജിക്ക് അവിടെ വച്ച് നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഗാന്ധിജി മംഗലാപുരത്തേയ്ക്കു പോയി.

1925 മാര്‍ച്ച് എട്ടു മുതല്‍ 19 വരെയായിരുന്നു രണ്ടാമത്തെ കേരള സന്ദര്‍ശനം. വൈക്കം സത്യഗ്രഹത്തിന്റെ കാലത്തായിരുന്നു ഇത്. ഗാന്ധിജി വൈക്കം സന്ദര്‍ശിച്ചത് താന്‍ ലക്ഷ്യമിട്ട തരത്തില്‍ ഉന്നതമൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ള സത്യഗ്രഹമാണോ നടക്കുന്നത് എന്നു നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായിട്ടായിരുന്നു. മാര്‍ച്ച് എട്ടിനു അദ്ദേഹം കൊച്ചിയിലെത്തി. എട്ടും ഒന്‍പതും കൊച്ചിയില്‍ ചെലവിട്ടു. സ്വീകരണ ചടങ്ങുകളിലും മറ്റും സംബന്ധിച്ചു. 10നു ബോട്ട് മാര്‍ഗം വൈക്കത്ത് എത്തി. അവിടത്തെ പൗരസ്വീകരണത്തില്‍ സംബന്ധിച്ചു. ജനപ്രതിനിധികളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും വൈഎംസിഎ സെക്രട്ടറിയുമായും സത്യഗ്രഹത്തെ എതിര്‍ത്ത ഇണ്ടന്തുരുത്തി നമ്പൂതിരി അടക്കമുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തി. വൈക്കത്തു നടന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംബന്ധിച്ചു.

ഗാന്ധിജി സമരക്കാരോടു പറഞ്ഞു: ''നാം ഈ സമരത്തെ നിഷ്‌കൃഷ്ടമായ അഹിംസാമാര്‍ഗ്ഗത്തിലൂടെ നയിക്കണം- അതായത് യാതനയുടെ സ്വയം സഹനം കൊണ്ട്. അതാണ് സത്യഗ്രഹത്തിന്റെ അര്‍ത്ഥം. നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയോ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നേരിടേണ്ടിവരികയോ ചെയ്യുന്ന ഏതു യാതനയും സഹിക്കാന്‍ നിങ്ങള്‍ക്കു കഴിവുണ്ടോയെന്നതാണ് പ്രശ്‌നം'' സത്യഗ്രഹത്തെ പറ്റിയുള്ള ഗാന്ധിജിയുടെ ആശയത്തിന്റെ വളര്‍ച്ചയ്ക്കും പരീക്ഷണത്തിനും വൈക്കം സത്യഗ്രഹം എപ്രകാരമാണ് ഉപകരിച്ചതെന്ന കാര്യം ഏറെ പരിശോധിക്കപ്പെട്ടതാണ്. വൈക്കം സത്യഗ്രഹികള്‍ കാര്യങ്ങള്‍ നടത്തുന്നതിനു കാണിക്കുന്ന ഈ ചിട്ടയും ക്രമവും തന്നെയാണ് സത്യഗ്രഹത്തിന്റെ വിജയത്തിനുള്ള നല്ല ഉറപ്പെന്ന് ഗാന്ധിജി യംങ് ഇന്ത്യയില്‍ രേഖപ്പെടുത്തുകയും ചെയ്തു.

11 ആലപ്പുഴ വഴി യാത്ര തുടര്‍ന്നു. 12നു കൊല്ലത്ത് വിശ്രമിച്ചശേഷം വര്‍ക്കലയിലെത്തി തിരുവിതാകൂര്‍ ഭരണാധികാരിയായ റീജന്റ് സേതുലക്ഷ്മിഭായിയെ കണ്ട് സംഭാഷണം നടത്തി. തുടര്‍ന്നു ശിവഗിരി മഠത്തില്‍ എത്തുകയും അവിടെ താമസിക്കുകയും ചെയ്തു. വ്യാഴാഴ്ച സായാഹ്നത്തിലും വെള്ളിയാഴ്ച പ്രഭാതത്തിലും ഓരോ സംഭാഷണങ്ങള്‍ ഗാന്ധിജിയും നാരായണ ഗുരുവും തമ്മില്‍ നടന്നതായി ടി. കെ. മാധവന്‍ എഴുതിയിട്ടുണ്ട്. ശിവഗിരിയിലെ എ.കെ. ഗോവിന്ദദാസിന്റെ ഗാന്ധ്യാശ്രമം എന്ന ഭവനത്തില്‍ വച്ചായിരുന്നു അതിലൊന്ന്. ഗാന്ധിജിക്കൊപ്പം സി.രാജഗോപാലാചാരി അടക്കം പല പ്രഗത്ഭ വ്യക്തിത്വങ്ങളും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ മതപരിവര്‍ത്തനത്തിനു നാരായണ ഗുരു അനുവാദം നല്‍കുന്നുണ്ടോയെന്ന് ഗാന്ധിജി ആരാഞ്ഞു.

''മതപരിവര്‍ത്തനം ചെയ്തവര്‍ക്കു സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നല്ലതാണെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.'' ഇതായിരുന്നു നാരായണ ഗുരുവിന്റെ മറുപടി. ആധ്യാത്മിക മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിയ്ക്കുന്നുണ്ടോയെന്നു ഗാന്ധിജി തുടര്‍ന്നു ചോദിച്ചു. അന്യമതത്തിലും മോക്ഷമാര്‍ഗ്ഗങ്ങളുണ്ടല്ലോയെന്നതായിരുന്നു നാരായണ ഗുരുവിന്റെ മറുപടി. ആധ്യാത്മിക മോക്ഷപ്രാപ്തിക്കു ഹിന്ദുമതം ധാരാളം പര്യാപ്തം തന്നെയെന്നും പക്ഷെ ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നതെന്നും തുടര്‍ന്നു ഗുരു ചൂണ്ടിക്കാണിച്ചു. ലൗകീകമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നതെന്നും അത് സഫലമാകാതെ വരുമോയെന്നുമായി ഗാന്ധിജി. ''അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലതയോര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരുമെന്നു തന്നെ പറയണം'' ഇത്തരത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ആ സംഭാഷണത്തിനിടെ ഉണ്ടായി. വൃക്ഷങ്ങളേയും ഇലകളേയും ഉദാഹരിച്ചു എല്ലാത്തിന്റേയും സാരവും സത്തും ഒന്നാണെന്ന് വിശദമാക്കിയ നാരായണ ഗുരു വര്‍ണ്ണാശ്രമങ്ങള്‍ സംബന്ധിച്ച ഗാന്ധിയുടെ കാഴ്ചപ്പാടിനോടുള്ള ഭിന്നതയും ചൂണ്ടിക്കാണിച്ചു.

ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനത്തെ പുരസ്‌ക്കരിച്ച് 'മഹാത്മജിയും സ്വാമിജിയും' എന്ന ശീര്‍ഷകത്തില്‍ ടി.കെ. മാധവന്‍ അദ്ദേഹത്തിന്റെ ദേശാഭിമാനി പത്രത്തില്‍ മാര്‍ച്ച് 14ന് മുഖപ്രസംഗം എഴുതി. ഗാന്ധി ശിഷ്യന്മാരുടേയും സ്വാമി ശിഷ്യന്മാരുടേയും ഉത്സാഹവും നിസ്വാര്‍ത്ഥമായ പ്രവൃത്തിയും മൂലം കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സാധുസമുദായങ്ങള്‍ക്ക് ഉദ്ഗതിയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ആ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

മാര്‍ച്ച് 13നു തിരുവനന്തപുരത്തേക്ക് തിരിച്ച ഗാന്ധിജി ബാലനായ മഹാരാജാവ് ശ്രീചിത്തിര തിരുനാളിനേയും അമ്മ മഹാറാണി സേതു പാര്‍വ്വതിഭായിയേയും സന്ദര്‍ശിച്ച് ക്ഷേത്രപ്രവേശനത്തെ കുറിച്ചും വൈക്കം സത്യഗ്രഹത്തെ കുറിച്ചും ചര്‍ച്ച നടത്തി. ഫോര്‍ട്ട് ഹൈസ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍, മഹാരാജാസ് കോളജ്. ലോകോളജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും സംബന്ധിച്ചു. 14നു ബാലരാമപുരത്ത് പിന്നോക്കക്കാര്‍ പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര, കളിയിക്കാവിള, കുഴിത്തുറ, തക്കല വഴി കന്യാകുമാരിയിലേക്ക് പോയി. 15നു വീണ്ടും തിരുവനന്തപുരത്ത് മടങ്ങിയെത്തി. കഴക്കൂട്ടം, കുണ്ടറ, കൊട്ടാരക്കര, അടൂര്‍, പന്തളം വഴി ചങ്ങനാശ്ശേരിയിലും പിന്നീട് കോട്ടയത്തും എത്തി. 16നു വൈക്കത്ത് താമസിച്ചു. തൊട്ടടുത്ത ദിവസം ഇണ്ടന്തുരുത്തി നമ്പൂതിരിയുമായി ഒരു വട്ടം കൂടി കൂടിക്കാഴ്ച നടത്തി. 18ന് ആലുവ യുസി കോളജും അദ്വൈതാശ്രമവും സന്ദര്‍ശിച്ചു. പറവൂരിലെ സ്വീകരണത്തിലും സംബന്ധിച്ചശേഷം തൃശൂരിലെത്തി. വിവേകോദയം ഹൈസ്‌കൂളിലും തേക്കിന്‍കാട് മൈതാനത്തെ സ്വീകരണത്തിലും ഗാന്ധിജി പങ്കെടുത്തു. 19നു പാലക്കാട്ട് റെയില്‍വെ തൊഴിലാളികളുടെ വക യാത്രയയപ്പില്‍ സംബന്ധിച്ചശേഷം മടക്കം.

1927 ഒക്ടോബര്‍ ഒന്‍പതു മുതല്‍ 25 വരെയായിരുന്നു മൂന്നാം സന്ദര്‍ശനം. നാഗര്‍കോവില്‍ വഴിയായിരുന്നു അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിയെ സന്ദര്‍ശിക്കുകയും വിജെടി ഹാളില്‍ മഹിളാ സമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്തു. ഊളന്‍പാറ ആശുപത്രി സന്ദര്‍ശിക്കുകയും പുത്തന്‍കച്ചേരി മൈതാനത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയുമുണ്ടായി. 11നു കൊല്ലത്തെ പൊതുയോഗത്തിലും സംബന്ധിച്ചു. 12നു കരുവാറ്റ ഇംഗ്‌ളീഷ് സ്‌കൂള്‍ സന്ദര്‍ശിച്ചു. ആലപ്പുഴയിലെ പൊതുയോഗത്തിലും എത്തി. 13നു കൊച്ചി സര്‍ക്കാരിന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചു. ദിവാന്‍ ടി.എസ് നാരായണയ്യര്‍ സന്ദര്‍ശിച്ചു. എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലില്‍ വിശ്രമിച്ച ഗാന്ധിജി അവിടത്തെ ഗുജറാത്തികളെ അഭിസംബോധന ചെയ്തു. 14ന് തൃശൂരിലെത്തി. 15നു തേക്കന്‍കാട് മൈതാനത്ത് പൊതുയോഗം. പാലക്കാട് ശബരി ആശ്രമം സന്ദര്‍ശിച്ചശേഷം കോയമ്പത്തൂരിലേക്ക്. 25നു വീണ്ടും കേരളത്തില്‍. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ വഴി കോഴിക്കോട്. അവിടത്തെ സ്വീകരണത്തില്‍ സംബന്ധിച്ചു.

ഹരിജനോദ്ധാരണത്തിനായിട്ടായിരുന്നു ഗാന്ധിജിയുടെ നാലാം സന്ദര്‍ശനം- 1934 ജനുവരി പത്തു മുതല്‍ 22 വരെ. അക്കുറി കേരളത്തില്‍ വ്യാപകമായി അദ്ദേഹം സന്ദര്‍ശനം നടത്തി. ആ സന്ദര്‍ശനത്തിനിടെ വടകരയില്‍ വെച്ച് കൗമുദി എന്ന ബാലിക താന്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഗാന്ധിജിക്ക് ഊരി നില്‍കിയ സംഭവം ഏറെ പ്രശസ്തമാണ്. ജനുവരി 10നു ഗാന്ധിജി ശബരി ആശ്രമം, ചിറ്റൂര്‍, കൊടുവായൂര്‍, തെങ്കുറിശ്ശി, നെച്ചുള്ളി, കരിമ്പുഴ, ചേര്‍പ്പുളശ്ശേരി, ഒറ്റപ്പാലം വഴി ഗുരുവായൂരിലെത്തി. 11 ഗുരുവായൂരില്‍ പൊതുയോഗം. കുന്നംകുളത്തും പട്ടാമ്പിയിലും നടന്ന പൊതുയോഗങ്ങളിലും സംബന്ധിച്ചു. 12നു പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി. 13നു മാഹി, വടകര, കൊയിലാണ്ടിവഴി കോഴിക്കോട്ടെത്തി ടൗണ്‍ഹാളിലെയും മാതൃഭൂമി ഓഫീസിലേയും ചടങ്ങുകളിലും സംബന്ധിച്ചു. 14നു വയനാട്ടില്‍. അവിടെ നിന്നും വീണ്ടും കോഴിക്കോട്ടെത്തി കടപ്പുറത്ത് പൊതുയോഗത്തില്‍ സംബന്ധിച്ചു. 16നു അയിത്തോച്ചാടനവും ക്ഷേത്രപ്രവേശനവും സംബന്ധിച്ച് സാമൂതിരിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നു തൃശൂരിലെത്തി പിന്നോക്ക ജാതിക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കൂര്‍ക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലുമെത്തി. ആലുവ യുസി കോളജും സന്ദര്‍ശിക്കുകയുണ്ടായി. 17നു എറണാകുളത്ത്. തൃപ്പുണിത്തുറ, എറണാകുളം, കൊച്ചി, പള്ളുരുത്തി, തുറവൂര്‍, ആലപ്പുഴ, നെടുമുടി എന്നിവിടങ്ങളിലൂടെ 19നു കോട്ടയത്തെത്തി. ചങ്ങനാശ്ശേരി ആനന്ദാശ്രമം, അടൂര്‍, പന്മന എന്നിവിടങ്ങളും സന്ദര്‍ശിച്ചു. 20നു വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്ത് എത്തി പിന്നോക്ക ജാതിക്കാരുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു വിവിധ ചടങ്ങുകളില്‍ പങ്കെടുത്തശേഷം നാഗര്‍കോവിലിലേക്ക്.

1937 ജനുവരി 12 മുതല്‍ 21 വരെയായിരുന്നു ഗാന്ധിജിയുടെ അവസാന കേരള സന്ദര്‍ശനം. ഈ സന്ദര്‍ശന കാലത്ത് അയ്യങ്കാളിയുടെ വിപ്ലവകരമായ ഇടപെടലുകളുടെ കേന്ദ്രമായിരുന്ന വെങ്ങാനൂരിലെത്തി ഗാന്ധിജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും പൊതുയോഗത്തില്‍ സംബന്ധിക്കുകയും ചെയ്തത് ഏറ്റവും അധികം ചര്‍ച്ചയായ സംഭവങ്ങളിലൊന്നായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംബന്ധിക്കുന്നതിനായിരുന്നു ഗാന്ധിജിയുടെ അവസാന കേരള സന്ദര്‍ശം. അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയിരുന്നവരോടൊപ്പം അദ്ദേഹം പത്മനാഭ സ്വാമി ക്ഷേത്രം അടക്കമുള്ളിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വിവിധ സ്വീകരണ പരിപാടികള്‍, ഹിന്ദി ബിരുദദാന സമ്മേളനം തുടങ്ങിയവയിലും സംബന്ധിച്ചു.

14നു നെയ്യാറ്റിന്‍കരയും വെങ്ങാനൂരും സന്ദര്‍ശിച്ചു. പിന്നോക്ക ജനതയുടെ ക്ഷേമത്തിനായി അയ്യങ്കാളി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജിക്ക് വലിയ ആദരവാണ് ഉണ്ടായിരുന്നത്.അയ്യങ്കാളിയെ അഭിനന്ദിക്കാനായി വെങ്ങാനൂരെത്തിയ ഗാന്ധിജിക്ക് ഉജ്വല സ്വീകരണം ഒരുക്കിയിരുന്നു. അവിടെ വച്ച് ഗാന്ധിജി അയ്യങ്കാളിയോട് ചോദിച്ചു: അങ്ങയുടെ ഇനിയുള്ള ആഗ്രഹമെന്താണ്? മറുപടിയ്ക്ക് ഒട്ടും താമസമുണ്ടായില്ല: ''എന്റെ സമുദായത്തില്‍ നിന്നും പത്തുപേരെങ്കിലും ബിഎക്കാരായി കാണണം''. ഗാന്ധിജി അയ്യങ്കാളിയുടെ സമൂഹസേവന വ്യഗ്രതയില്‍ വലിയ ആദരവു പ്രകടിപ്പിച്ചു. ''കിരീടം വെയ്ക്കാത്ത രാജാവായ അയ്യങ്കാളിയില്‍ അക്ഷീണനായ ഒരു പ്രവര്‍ത്തകനെ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' വെന്നാണ് ഗാന്ധിജി അവിടെ കൂടിയ ജനതതിയോട് പറഞ്ഞത്. അയ്യങ്കാളി സ്ഥാപിച്ച സ്‌കൂളും ഗാന്ധിജി സന്ദര്‍ശിച്ചു.

കന്യാകുമാരിയിലെത്തി വിശ്രമിച്ച അദ്ദേഹം പിന്നീട് ശിവഗിരി മഠം, കൊല്ലം, തട്ടാരമ്പലം, തകഴി, വൈക്കം വഴി കോട്ടയത്തെത്തി മിഷണറിമാരുമായി സംഭാഷണം നടത്തി. ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, ആറന്മുള, പന്തളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഗാന്ധിജി കൊട്ടാരക്കര വഴിയാണ് മദ്രാസിലേക്ക് പോയത്. പിന്നീട് മഹാത്മാവിന്റെ കേരള സന്ദര്‍ശനം ഉണ്ടായില്ല.

അവലംബം:
1. ഗാന്ധിജിയുടെ കേരള സന്ദര്‍ശനം; സമഗ്ര വിവരങ്ങള്‍-മലയന്‍കീഴ് ഗോപാലകൃഷ്ണന്‍, മാതൃഭൂമി ദിനപത്രം, ഒക്ടോബര്‍ 1, 2018
2. നാരായണ ഗുരു, ജീവിതം, കൃതികള്‍, ദര്‍ശനം-എഡി. കെ.എന്‍. ഷാജി, കറന്റ് ബുക്‌സ്, തൃശൂര്‍
3. നാരായണ ഗുരു-പി.കെ ബാലകൃഷണന്‍, ഡിസി ബുക്‌സ് കോട്ടയം
4. ശ്രീനാരായണ ഗുരു ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍-ജി. പ്രിയദര്‍ശനന്‍, പൂര്‍ണ പ്രിന്റിംഗ് ആന്‍ഡ് പബ്ലീഷിംഗ് ഹൗസ്, വാര്‍ക്കല
5. അയ്യങ്കാളി മുതല്‍ വിടി വരെ-വേലായുധന്‍ പണിക്കശ്ശേരി, കറന്‍ര് ബുക്‌സ്, കോട്ടയം
6. വൈക്കം സത്യഗ്രഹം-എന്‍.കെ ജോസ്, ഹോബി പബ്ലിഷേഴ്‌സ്, വൈക്കം 

Next Story

Related Stories