TopTop
Begin typing your search above and press return to search.

നല്ല കാര്യമാണ് ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലയാളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത്, ഇടയ്ക്ക് വിനായകനെയും മധുവിനെയും കെവിനെയും കൂടി ഓര്‍ക്കണം

നല്ല കാര്യമാണ് ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലയാളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത്, ഇടയ്ക്ക് വിനായകനെയും മധുവിനെയും കെവിനെയും കൂടി ഓര്‍ക്കണം

വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന കറുത്തവന്റെ പ്രതിഷേധം അമേരിക്കൻ നഗരങ്ങളിൽ പ്രകമ്പനം കൊണ്ടിരിക്കുകയാണ്... അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു... നീതിയില്ലെങ്കിൽ സമാധാനമില്ല!

ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്ക നിന്നു കത്തുകയാണ്.

"I CAN'T BREATH' (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന വാക്കുകളാണിത്. അതു അമേരിക്കൻ തെരുവകളിൽ ഉച്ചത്തിൽ മുഴങ്ങുകയാണ്. കറുത്ത വർഗ്ഗക്കാരോട് അമേരിക്കൻ പോലീസ് കാട്ടുന്ന വർഗ്ഗവിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് 46 കാരനായ ജോർജ്ജ് ഫ്ലോയിഡ്. കറുത്തവർഗ്ഗക്കാരെ വെറും രണ്ടാംകിട പൗരന്മാരായി മാത്രം കണക്കാക്കുന്ന അമേരിക്കയുടെ വംശീയ അധികാരികൾക്ക് ഈ കൊലപാതകം വെറും നേരമ്പോക്ക് മാത്രമാണ്. അമേരിക്കയിലെ മിനിസോട്ടയിൽ പ്രതിഷേധത്തിനിടയിൽ നിന്നും ഒരു കറുത്ത വർഗ്ഗക്കാരിയായ സ്ത്രീ വെള്ളക്കാരായ പൊലീസുകാരോടും മാധ്യമങ്ങളോട് ഉറക്കെ പറഞ്ഞു.

"നിങ്ങൾ പറയുന്നത് ഞാൻ കേട്ടില്ലേ....

ഇനി ഞാൻ പറയുന്നത് നിങ്ങളും കേൾക്കൂ...

ഈ തെരുവുകളിൽ രക്തമൊഴുകുന്നുണ്ട് സർ...! അവർ എന്റെ സഹോദരങ്ങളെ കൊന്നൊടുക്കുമ്പോൾ ഞാൻ എങ്ങനെ വെറുതെയിരിക്കും...

അവർ കാരണമാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്...

മൂന്നു സഹോദരങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടത്.

ഇതെങ്ങനെ ശെരിയാകും?

നിങ്ങൾ എന്റെ കണ്ണുകൾ കാണുന്നില്ലേ? എനിക്ക് വേദനിക്കുന്നുണ്ട്...

എന്റെ കൂടെയുള്ളവർക്കും..

എന്റെ നിറം കാരണം എനിക്ക് മരിക്കേണ്ടി വരികയാണെങ്കിൽ... ഞാൻ വെറുതേയിരിക്കില്ല. കറുപ്പ് കാരണം ഞാൻ മരിക്കുകയാണെങ്കിൽ... ഈ പ്രതിഷേധം കൊണ്ട് എന്റെ മക്കൾക്കെങ്കിലും ഈ തെരുവുകളിൽ സ്വതന്ത്രമായി നടക്കാൻ കഴിയണം എല്ലാ മനുഷ്യരെയും പോലെ...

ഇനി ഞാൻ വെറുതെ ഇരിക്കില്ല

ഞാൻ കറുത്തവളാണ്..

അതിൽ ഞാൻ അഭിമാനിക്കുന്നു... ഞാൻ ശക്തയാണ്..

ഒരുമിക്കുമ്പോൾ ഞങ്ങൾ അതിശക്തരാണ്...

ഇവിടെ നീതിയുമില്ല.. സമാധാനവുമില്ല..."

ആ കറുത്ത വർഗ്ഗകാരി ഉറക്കെ വിളിച്ചുപറഞ്ഞു..!

അവരുടെ ബാനറുകളിൽ ജോർജ്ജ് ഫ്ലോയിഡ്ന് വേണ്ടി 'REST IN POWER' എഴുതിയത് കാണുമ്പോൾ തന്നെ മനസ്സിലാവും അവരുടെ പ്രക്ഷോഭത്തിന്റെ തീവ്രത.

മിനിസോട്ടയിൽ സുരക്ഷാ ജീവനക്കാരനായ ജോർജ്ജ് ഫ്ലോയിഡ് ഇരുപത്തിരണ്ടും ആറും വയസ്സുള്ള രണ്ടു പെണ്മക്കളുടെ പിതാവാണ്. ട്രക്ക് ഡ്രൈവർ ആയും ജോലി നോക്കിയിരുന്നു അദ്ദേഹം.അമേരിക്കയിലെ വെള്ളക്കാരായ പോ ലീസിന് കറുത്ത വംശജനായ നിരപരാധിയായ ജോർജ്ജിനെ കള്ളപ്പണത്തിന്റെ പേരിൽ പിടിക്കുകയും പിന്നീട് കയ്യിൽ വിലങ്ങണിയിപ്പിച്ചു തെരുവുകളിലൂടെ നടത്തിപ്പിക്കുകയും ചെയ്തു. ഒടുവിൽ പോലീസ് കുപ്പായത്തിൽ ഒളിഞ്ഞിരുന്ന വെറിപൂണ്ട ജാതിക്കോമരങ്ങൾ ആ പാവം മനുഷ്യനെ കഴുത്തിൽ മുട്ടുകാൽ കൊണ്ട് ചവുട്ടി പിടിച്ചു സന്തോഷം കണ്ടെത്തി. ജോർജ്ജ് അവസാനമായി പറഞ്ഞു, "സർ എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല". തൊട്ടടുത്തു നിന്നവർ പോലീസിനോട് അദ്ദേഹത്തിന് ശ്വസിക്കാൻ പറ്റുന്നില്ല എന്നു വിളിച്ചു പറയുന്നുണ്ട്. പോലീസ് അതു കേൾക്കുന്നില്ല, കാരണം അടിയിൽ കിടന്നു പുളയുന്നത് ഒരു കറുത്ത വർഗ്ഗക്കാരനാണല്ലോ.

ഒന്നു പിടയാൻ പോലും സാധിക്കാതെ നിശ്ചലമായപ്പോൾ ആ നരഭോജി തന്റെ കാലുകൾ എടുത്തു.

ജോർജ്ജ് കായികമായി പോലീസിനെ നേരിട്ടെന്നു പറഞ്ഞെങ്കിലും അതു കള്ളമാണെന്നു പിന്നീട് പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമായി. വർണ്ണവെറിയുടെ ഫലമായി എത്രയോ പേർ അമേരിക്കയിൽ ഇതിനോടകം കൊല്ലപ്പെട്ടുകഴിഞ്ഞു. വാഷിംഗ്‌ടൺ പോസ്റ്റിന്റെ കണക്കു പ്രകാരം 2019 ൽ മാത്രം 1004 പേരാണ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും ആഫ്രോ-അമേരിക്കൻ വംശജരാണ്. ഗാർഡിയൻ 2015 ലെ സർവേ പ്രകാരം വെളുത്ത വർഗ്ഗക്കാരെക്കാൾ കരുത്തവർഗ്ഗക്കാർ ഒൻപത് ഇരട്ടി കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ കാട്ടുന്നത്. ജോർജ്ജ് കൊല്ലപ്പെട്ടതിന് ശേഷം മിനിപോളിസ് മേയർ ജേക്കബ് ഫെറി പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു. "അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനാവുക എന്നത് കൊല്ലപ്പെടാനുള്ള കാരണമല്ല, അതൊരു സത്യമാണ്" എന്ന്.

ഇന്ന് പലരുടെയും ഫേസ്ബുക്കിലും വാട്സ്ആപ് സ്റ്റാറ്റസിലുമൊക്കെ അങ്ങു അമേരിക്കയിൽ കരുത്തവർഗ്ഗക്കാരനായ ജോർജ്ജ്‌ ഫ്ലോയിഡിനെ ഒരു വെളുത്ത വർഗ്ഗക്കാരനായ പോലീസുകാരൻ കാൽമുട്ട് കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നു എന്ന വാർത്ത കാട്ടുതീ പോലെ പടരുന്നത് കണ്ടു.

ഏറെ നാൾ മുന്നേ കേരളക്കരയിലും വംശീയതയുടെ പേരിൽ കുറച്ചു മനുഷ്യർ കൊല്ലപ്പെട്ടിരുന്നു. പേര് പോലും പലരും മറന്നിട്ടുണ്ടാകാം. തൃശൂരിൽ പോലീസ് മർദനത്തിന് ഇടയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകൻ.

ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി മർദ്ദത്തിനിരയായി മരണപ്പെട്ട ആദിവാസി യുവാവ് മധു .

ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിൻ.

ഇതിലേക്കെല്ലാം ആഴത്തിൽ നോക്കുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും വരുന്നത് കറുപ്പും ജാതിയും മതവുമൊക്കെതന്നെയാണ്.

അന്നൊന്നും ഇവരുടെ ഫേസ്ബുക് വാളിലും വാട്സ്ആപ് സ്റ്റാറ്റസിലും ഒന്നും കാണാത്ത പുതു വികാരമാണ് ഇന്ന് അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് മരിച്ചപ്പോൾ കണ്ടത്. നല്ല കാര്യമാണ് പിന്തുണയ്ക്കുന്നത്. പക്ഷെ ഈ കൂട്ടരുടെ ഉള്ളിലുള്ള ഒളിഞ്ഞുകിടക്കുന്ന ആ വികാരം എന്താണെന്ന് ഇതുവരെയും പിടികിട്ടുന്നില്ല. ഒന്നോർത്താൽ രണ്ടിടത്തും സംഭവിച്ചത് ഒരേ കാര്യമാണ്. നമ്മുടെ സാക്ഷര കേരളത്തിൽ, അതും അല്ലെങ്കിൽ നമ്മുടെ ഭാരതത്തിലാകുമ്പോൾ അതു താഴ്ന്ന ജാതിക്കാരനെന്നും അതു പുറംരാജ്യത്തേക്ക് കടക്കുമ്പോൾ കറുത്തവർഗ്ഗക്കാരൻ എന്ന പേരിലേക്കും ചേക്കേറുന്നു.

പക്ഷെ കൊലയാളിയുടെ ഉള്ളിലെ വികാരം എന്നും ഒന്ന് തന്നെ!

ആ വെള്ളക്കാരൻ പോലീസുകാരൻ അമർത്തി ചവിട്ടുമ്പോൾ ജോർജ്ജ് ഫ്ലോയിഡ്ന്റെ ശരീരവും ഞരമ്പുകളും വലിഞ്ഞു മുറുകീട്ടുണ്ടാവും ഒരു ഇറ്റു ശ്വാസത്തിനു വേണ്ടി .

മറുപുറത്ത് വെറിപൂണ്ട പോലീസുകാരന്റെ ഞരമ്പുകളും വലിഞ്ഞുമുറുകീട്ടുണ്ടാവും അയാളുടെ മരണത്തിനു വേണ്ടി. ഒരു നിമിഷമെങ്കിലും ആ പോലീസുകാരന് ചിന്തിക്കാമായിരുന്നു.

അദ്ദേഹത്തിന് ഒരു കുടുംബം ഉണ്ടെന്ന്..

അദ്ദേഹം ഒരു മനുഷ്യനാണെന്ന്...

അദ്ദേഹം തന്നെപ്പോലെ വെളുത്തതാണെന്ന്..

ആ.. അവിടെയാണ് തെറ്റിയത്. ജോർജ്ജ് ഫ്ലോയിഡ് കറുപ്പായിരുന്നു. ഇനി വേറൊന്നും ചിന്തിക്കണ്ടല്ലോ. ഇത് വിദേശ രാജ്യങ്ങളിൽ മാത്രമല്ല, നമ്മുടെ കേരളത്തിലേക്ക്‌ കൈ ചൂണ്ടുമ്പോഴും ജാതിയും - മതവും - കറുപ്പും ഒക്കെ ഇപ്പോഴും നിലനിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുകളിൽ പറഞ്ഞ വിനായകനും കെവിനും മധുവുമൊക്കെ. പലരുടെയും ഉള്ളിൽ കിടന്നു പുകയുന്ന ഒന്നാണ് ജാതി. മനുഷ്യൻ മനുഷ്യനായി മാത്രം നിന്നിരുന്നിങ്കിൽ എന്ന്‌ ചിന്തിച്ചപ്പോൾ, ചില മനുഷ്യർ ചിന്തിച്ചു; മനുഷ്യരായൽ മാത്രം പോര, നമുക്ക് ജാതിയും മതവും വേണം. അതിൽ തന്നെ കറുപ്പും വെളുപ്പും വേണം. മനുഷ്യർ തമ്മിൽ തല്ലാൻ ഇതിൽ കൂടുതൽ ഒന്നും ഇല്ല എന്നു പിന്നീടിങ്ങോട്ടുള്ള കാലം തെളിയിച്ചുകഴിഞ്ഞു. ജാതി അങ്ങനെ പൂത്തുവളർന്നു.

മനുഷ്യൻ നിർമിച്ച ജാതിക്കും മതത്തിനും പല വർണ്ണങ്ങളിലുള്ള രക്തം കൂടി കൊടുക്കാമായിരുന്നു എന്നു ചിന്തിച്ചുപോകുന്നു ഈ അവസരത്തിൽ. ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ഭാഗ്യത്തിന് രക്തത്തിന്റെ നിറത്തിന് മാത്രം ഏതായാലും മാറ്റമൊന്നുമില്ല. കറുത്തവനായാലും വെളുത്തവനയാലും മേൽജാതിക്കാരനായാലും കീഴ്ജാതിക്കാരനായാലും ശരീരം മുറിഞ്ഞാൽ വരുന്ന രക്തത്തിന് ഒരേ നിറം. 'ചുവപ്പ്', ആഹാ എന്താ ഒത്തൊരുമ ആ കാര്യത്തിൽ. ആശുപത്രിയിൽ മരിക്കാൻ കിടക്കുമ്പോൾ കുത്തിവയ്ക്കുന്ന രക്തം ആരുടെയാണെന്നു ആരും ചിന്തിക്കാറെ ഇല്ല. അപ്പോൾ ജീവൻ മാത്രം തിരിച്ചു കിട്ടിയാൽ മതി എന്ന ചിന്ത മാത്രമേ ഉള്ളു ഓരോ മനുഷ്യനും. ആശുപത്രി വിട്ടാൽ ചില മനുഷ്യർക്ക് ജാതിയും മതവുമൊക്കെ പതിയെ പൊട്ടിമുളയ്ക്കും. ജാതി ചോദിക്കുന്നവന്റെ മുഖം നോക്കി തുപ്പണം എന്നു പറയാറില്ലേ... ഇപ്പോഴും ജാതിവെറിപൂണ്ടു നടക്കുന്ന, പുറമെ ചിരിക്കുന്ന അകത്ത് കറുത്ത പൂപ്പൽ പിടിച്ച മനുഷ്യക്കോലങ്ങളുടെ മുഖത്തേക്കാവട്ടെ ആ തുപ്പ്!

ഈ കാട്ടുനീതിക്കെതിരെ ലോകമെമ്പാടും പ്രക്ഷോഭം കാട്ടുതീപോലെ പടർന്നു കഴിഞ്ഞു. ഫ്ലോയിഡിനു വേണ്ടി തെരുവിൽ ഇറങ്ങിയവർ കറുത്തവർഗ്ഗക്കാരെ ഇനി വരുന്ന കാലത്ത് അംഗീകരിക്കണം എന്നൊരു ഉറപ്പിനുവേണ്ടിയാണത്.

പെട്ടന്ന് ഒന്നോർത്തു പോകുന്നു, "എനിക്കൊരു സ്വപ്നമുണ്ട്", കറുത്തവന്റെ വിമോചനം സ്വപ്നം കണ്ട് 57 വർഷം മുമ്പ് വാഷിങ്ടണിൽ പ്രസംഗിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശബ്ദം. അത് വീണ്ടും മുഴങ്ങി കേൾക്കുന്നു പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ചില സ്വപ്നങ്ങൾക്കായി... നീതിയുടെ ആകാശങ്ങള്‍ പിറവിയെടുക്കുവാൻ. വേണ്ടി ഈ ലോകമെങ്ങും മുഴങ്ങട്ടെ. നമ്മളെല്ലാം ഒന്നൊർക്കണം. ഈ ലോകം നമുക്കെല്ലാം തുല്യമായി അവകാശപ്പെട്ടതാണ്. അതുകൊണ്ട് ഇനി ഒരു ശ്വാസവും നിലയ്ക്കാതിരിക്കട്ടെ. കറുപ്പും വെളുപ്പും എന്ന വേർതിരിവ് ഉടലെടുക്കാതിരിക്കട്ടെ. ഒന്നു ചിന്തിച്ചാൽ സമാനപാത പിന്തുടരുന്ന എത്രയോ വിവേചനങ്ങൾ ചുറ്റിലുമുണ്ട്. ജീവിക്കുന്ന ഇടത്തിന്റെ അടിസ്ഥാനത്തിൽ, തൊഴിലിന്റെ അടിസ്ഥാനത്തിൽ, പേരിന്റെ അടിസ്ഥാനത്തിൽ, വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ എണ്ണിയാൽ തീരാത്തത്ര. താടിയും മുടിയും വളർത്തിയാൽ കള്ളനെന്നും കഞ്ചാവെന്നും, താമസിക്കുന്ന ഇടവും വസ്ത്രവും നോക്കി നിലവാരം അളക്കുന്നവർ വരെ എത്തിനിൽക്കും ഈ വെറിപൂണ്ട മനുഷ്യര്‍. എല്ലാവരിലും ഈ രോഗം കാണാറില്ല, പക്ഷെ ഉള്ളവരിൽ നന്നായിട്ട് മൂർച്ഛിച്ചു പോയിട്ടുണ്ട്. അതു മാറാൻ വളരെ പാടാണ്.

ജാതി വേലിക്കെട്ടുകൾ തകരട്ടെ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ദിനരാത്രങ്ങളിലും ജാതിയും മതവും നിറവുമൊക്കെ ഹിമാലയം പർവ്വതം പോലെ ഉയരത്തിൽ മനസ്സിൽ കൊണ്ടുനടക്കുന്നവരുടെ മുഖത്തേക്കിരിക്കട്ടെ, ലോകമെമ്പാടും നിന്നുള്ള ഈ നീട്ടി തുപ്പൽ...I CANT BREATH!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories