TopTop
Begin typing your search above and press return to search.

മുഖ്യന്റെ ആത്മവിശ്വാസത്തില്‍ തട്ടി തകരുമോ യുഡിഎഫിന്റെ അവിശ്വാസം? സ്വര്‍ണ്ണക്കടത്തിന്റെ രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍

മുഖ്യന്റെ ആത്മവിശ്വാസത്തില്‍ തട്ടി തകരുമോ യുഡിഎഫിന്റെ അവിശ്വാസം? സ്വര്‍ണ്ണക്കടത്തിന്റെ രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍

ഡിപ്ലോമാറ്റിക് ചാനലിലൂടെ കേരളത്തിലേക്ക് സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒരു ഭാഗത്തു പുരോഗമിക്കുമ്പോൾ തന്നെ കേരളത്തിലെ പിണറായി സർക്കാരിനെ എത്രയും പെട്ടെന്ന് താഴെ ഇറക്കുക എന്ന ലക്ഷ്യവുമായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് പ്രതിപക്ഷം. സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയിൽ പ്രമേയം കൊണ്ടുവരാനും സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുമുള്ള ഇന്നലെ ചേർന്ന യു ഡി എഫ് നേതൃയോഗ തീരുമാനത്തിൽ നിന്നും ഇത് വ്യക്തമാണ്. കേസിലെ പ്രതികളയായ സന്ദീപ് നായരും സ്വപ്നയുമായി ബന്ധം ആരോപിച്ചാണ് സ്പീക്കർക്കെതിരെയുള്ള കരുനീക്കം. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ തന്നെ കീഴിൽ പ്രവർത്തിക്കുന്ന ഐ ടി വകുപ്പിന്റെ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പവും അതോടൊപ്പം തന്നെ അവർ ഐ ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കില്‍ ജോലി ചെയ്തിരുന്നുവെന്നതും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള അവിശ്വാസ പ്രമേയ നീക്കം. രണ്ടു പ്രമേയങ്ങൾ കൊണ്ടുവരാൻ യു ഡി എഫ് നേതൃയോഗത്തിൽ തീരുമാനം ആയെങ്കിലും അവ എന്ന് കൊണ്ടുവരണം എന്നത് തീരുമാനിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് വിടുകയാണ് ഉണ്ടായത്.എന്നാൽ പ്രതിപക്ഷത്തിന്റെ ഈ അടവുകളൊന്നും വിലപ്പോകില്ല എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ആത്മവിശ്വാസം മുഖ്യന്റെ വാക്കുകളിൽ മാത്രമല്ല ശരീര ഭാഷയിലും പ്രകടമാണുതാനും. സ്വർണ കള്ളക്കടത്തു കേസ് എൻ ഐ എ അന്വേഷിക്കുന്നുണ്ടെന്നും ആ അന്വേഷണം നല്ല നിലക്ക് തന്നെയാണ് പോകുന്നതെന്നും ഇനിയിപ്പോൾ തന്റെ ഓഫിസിലേക്കും അന്വേഷണം നീണ്ടാൽ അതിനെ ഭയക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെയും വ്യക്തമാക്കിയത്. സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നീക്കത്തെ മുഖ്യമന്ത്രി അവഗണിച്ചത് നിലവിലെ അംഗബലം വെച്ച് പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ ആവില്ല എന്നതുകൊണ്ട് കൂടിയാവണം. അതേസമയം സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. അതൊരു നല്ല കീഴ്വഴക്കം അല്ലെന്നും പ്രത്യേക പരിരക്ഷയുള്ള പദവിയാണ് സ്പീക്കറുടേതുന്നും അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത കാലത്തു സ്വപ്നയോ സന്ദീപോ ആരോപണ വിധേയർ ആയിരുന്നില്ലെന്നും കൂടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേരള നിയമസഭയുടെ തന്നെ ചരിത്രം പരിശോധിച്ചാൽ മുൻപും പലതവണ സ്പീക്കർമാർക്കെതിരെ പ്രമേയം വന്നിട്ടുണ്ടെന്ന് കാണാൻ കഴിയും. കൃത്യമായി പറഞ്ഞാൽ അഞ്ചു തവണ. സ്പീക്കർക്കെതിരായ പ്രമേയങ്ങൾ ഒന്നുകിൽ പിന്‍വലിക്കപ്പെടുകയോ അല്ലെങ്കിൽ പരാജയപ്പെടുകയോ ആണ് ഉണ്ടായിട്ടുള്ളത്. ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന വിഷയം മറ്റൊന്നാകയാൽ തല്ക്കാലം അതിന്റെ വിശദംശങ്ങളിലേക്കു തല്ക്കാലം കടക്കുന്നില്ല.

സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുമെന്ന് പറയപ്പെടുന്ന അവിശ്വാസത്തെ ഭയക്കാതിരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് സന്തോഷം പകരുന്ന ഒന്നുണ്ട്. അതാവട്ടെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കൊണ്ടുവന്ന സംഭവത്തെക്കുറിച്ചുള്ള എൻ ഐ എ അന്വേഷണം പ്രധാനമായും ഊന്നുന്നത് സ്വർണ കള്ളക്കടത്തിനു പിന്നിലെ ദേശ വിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങളിലേക്കും അതിനു കൂട്ടുനിൽക്കുന്ന ആളുകളിലേക്കും ആണെന്നതാണ്. അന്വേഷണത്തിന്റെ കുന്തമുന എന്താണെന്ന് എൻ ഐ എ തന്നെ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. കേസിൽ അറസ്റ്റിലായ സന്ദീപിനെയും സ്വപ്നയെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു വേണ്ടി എൻ ഐ എ കോടതിക്ക് മുൻപാകെ ഉന്നയിച്ച പ്രധാന വാദവും ഇത് തന്നെയായിരുന്നു. പ്രതികൾ ഒളിച്ചു കടത്തുന്ന സ്വർണം പ്രധാനമായും പോകുന്നത് ദേശ വിരുദ്ധ, തീവ്രവാദ പ്രവർത്തങ്ങൾക്കാണെന്നു ആവർത്തിക്കുന്ന എൻ ഐ എ മുൻപ് നടന്ന സ്വർണ കടത്തുകളെക്കുറിച്ചും അന്വേഷിക്കാൻ പോകുകയാണ്. എന്നുവെച്ചാൽ ഇപ്പോൾ പിടിയിലായ സ്വർണക്കടത്തിനെയും ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഡിപ്ലോമാറ്റിക് ചാനൽ വഴി ഇതേ പ്രതികൾ നടത്തിയെന്ന് പറയപ്പെടുന്ന സ്വർണക്കടത്തിനെയും കുറിച്ച് മാത്രമല്ല അതിനും മുൻപ് നടന്ന സ്വർണക്കടത്തു കേസുകളും അന്വേഷിക്കും എന്നർത്ഥം. രണ്ടു തവണ ഇപ്പോൾ പിടിയിലായ പ്രതികളിൽ ഒരാളായ റെമീസിന്റെ മൊഴി പ്രകാരം ഇതേ സംഘം ചാനൽ വഴി ഇതിനു മുൻപ് രണ്ടു തവണ വിജയകരമായി സ്വർണം കൊണ്ടുവന്നത് ഇക്കഴിഞ്ഞ ജൂൺ 24 , 26 തിയ്യതികളിലായിരുന്നു ഇത്. ആദ്യ തവണ 9 കിലോയും രണ്ടാം തവണ 18 കിലോയും കടത്തിയെന്നാണ് മൊഴി.ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കള്ളക്കടത്തു നടത്തുന്നുവെന്നത് അത്യന്തം ഗൗരവമേറിയ വിഷയമാണ്. അതേപോലെ തന്നെ ഗൗരവം അർഹിക്കുന്ന വിഷയം തന്നെയാണ് കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം ദേശവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു എന്നത്. നാട്ടിൽ ഒരു സമാന്തര സമ്പദ് ഘടന ഉണ്ടാകുന്നുവെന്നതിനപ്പുറം അതിലേറെ ആപൽക്കരമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇപ്പോൾ എൻ ഐ എ അന്വേഷണം നടത്തുന്നത്. കേരളത്തിലേക്കെത്തുന്ന വിദേശ സ്വർണത്തിന്റെ പ്രധാന വിനിമയ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണെന്നും എൻ ഐ എ അവകാശപ്പെടുന്നുണ്ട്. ഇതോടൊപ്പം തന്നെ കോഴിക്കോട് കേന്ദ്രീകരിച്ചു ചില മത തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി സ്വർണ സ്വർണക്കള്ളക്കടത്തു രംഗത്ത് പ്രവർത്തിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരും മലബാറിലെ ഒരു പ്രബല രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണെന്നതും കൂടുതൽ പ്രതിരോധത്തിലാക്കുന്നത് യു ഡി എഫിനെ ആണെന്ന തിരിച്ചറിവ് തന്നെയാവണം പിണറായി വിജയൻറെ ആത്‌മവിശ്വാസത്തിനു പിന്നിൽ എന്ന് തന്നെ വേണം കരുതാൻ. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി തന്നെ തീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുമായി കൈകോർക്കാനുള്ള നീക്കം സജീവമായിട്ടുള്ള വേളയിൽ തന്നെയാണ് അത്തരം സംഘടനകളെ കൂടി ലക്‌ഷ്യം വെച്ചുകൊണ്ടുള്ള അന്വേഷണത്തിന് എൻ ഐ എ തുടക്കമിട്ടിരിക്കുന്നത് എന്നതും ഇതോടു ചേർത്ത് വായിക്കേണ്ടതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories