TopTop
Begin typing your search above and press return to search.

ജനപ്രതിനിധികളുടെ യോഗ്യത നിശ്ചയിക്കുന്ന ചാനല്‍ അവതാരകൻ, സെലക്ടീവ് ധാര്‍മ്മിക രോഷം കൊളളല്‍, മാധ്യമവിമര്‍ശനം; വിവാദകാല ചര്‍ച്ചകളിലെ കേരളം

ജനപ്രതിനിധികളുടെ യോഗ്യത നിശ്ചയിക്കുന്ന ചാനല്‍ അവതാരകൻ, സെലക്ടീവ് ധാര്‍മ്മിക രോഷം കൊളളല്‍, മാധ്യമവിമര്‍ശനം; വിവാദകാല ചര്‍ച്ചകളിലെ കേരളം

കേരളത്തിലെ ചാനല്‍ യുദ്ധത്തിന്റെ ഭാഗമായി അവസാനമായി കേട്ടത് വാര്‍ത്തകള്‍ കൊച്ചുവര്‍ത്തമാനം പറച്ചിലല്ല എന്ന് ഒരു പത്രാധിപര്‍ പറഞ്ഞതിനെയും, അതിന് മറുപടിയെന്നോണം തന്റെ പരിപാടി അവസാനിച്ചപ്പോള്‍ ഇന്നത്തെ കൊച്ചുവര്‍ത്തമാനം നിര്‍ത്തുന്നുവെന്ന് മറ്റൊരു പത്രാധിപര്‍ പ്രതികരിച്ചതിനെയും കുറിച്ചാണ്. വാര്‍ത്ത കൊച്ചുവര്‍ത്തമാനം പോലെ പറയാന്‍ പാടില്ലെന്ന് നിയമം ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ എന്നതും വാര്‍ത്തകളെ എത്രത്തോളം രസംപിടിപ്പിക്കാമെന്നതുമൊക്കെയുള്ള കാര്യങ്ങളില്‍ പത്രാധിപന്മാര്‍ തര്‍ക്കിച്ചോ സംവദിച്ചോ തീരുമാനത്തിലെത്തെട്ടെ. അതില്‍ തീരുമാനമെന്തായാലും, ഇപ്പോള്‍ തന്നെ കേരളത്തിലെ ജനങ്ങളുടെ ആകെ ഏജന്‍സി തങ്ങള്‍ക്ക് മുദ്രപത്രത്തിലൂടെ എഴുതി കിട്ടിയിട്ടുണ്ടെന്ന് കരുതാത്ത ഏതെങ്കിലും അവതാരകനോ അവതാരികയോ സംസ്ഥാനത്തുണ്ടെന്ന് തോന്നുന്നില്ല. ആ തോന്നലിന്റെ ഭാഗമായാണ് ശ്രീരാമകൃഷ്ണന് സ്പീക്കറാകാന്‍ പോയിട്ട് ആ ഓഫീസിലെ പ്യൂണാകാന്‍ പോലും യോഗ്യത ഇല്ലെന്ന തീര്‍പ്പിലേക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ചാനലിന്റെ പ്രധാന അവതാരകന്‍ തീര്‍പ്പ് കല്‍പ്പിച്ചത്. പ്യൂണ്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരിലോ, ജനപ്രതിനിധികളുടെ യോഗ്യത നിശ്ചയിക്കാന്‍, അവരുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അവകാശമുണ്ടോ ഭരണഘടനാപരമായി എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല, അതെങ്ങനെയാണ്. അങ്ങനെ അധികാരമുണ്ടെന്ന് ശരിക്കും ചിലപ്പോൾ ഇവർ കരുതുന്നുണ്ടാകും. സ്പീക്കര്‍ ശ്രീരാമകൃഷണന്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷിനെ ഡിപ്ലോമാറ്റെന്ന് വിശേഷിപ്പിച്ചതാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കാന്‍ അവതാരകനെ പ്രേരിപ്പിച്ചത്.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളും പ്രതികരണങ്ങളും കേരളത്തെ പല രീതിയില്‍ അടയാളപ്പെടുത്തുന്നുവെന്ന് പറയാനാണ് ഈ 'വിധിന്യായ'ത്തെക്കുറിച്ച് പറഞ്ഞത്. ഈ ദിവസങ്ങളില്‍ നടന്ന മാധ്യമ ചര്‍ച്ചകളിലും മാധ്യമങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും ഒളിച്ചു നോട്ടത്തിനെതിരായ വിമര്‍ശനങ്ങളിലുമെല്ലാം കേരളം പലരീതിയില്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നത്. തങ്ങളുടെ സ്ഥാപിത താത്പര്യത്തെ, ഉദാത്തമായ മൂല്യ വിചാരമായി അവതരിപ്പിക്കുയെന്നതാണ് ഈ ദിവസങ്ങളില്‍ കണ്ടത്. ഇനിയും ഇതുതന്നെ കാണുമെന്നാണ് തോന്നുന്നത്.

സ്വപ്‌ന സുരേഷ് എന്ന പേര് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഉയര്‍ന്നുവരികയും അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത പുറത്തുവരികയും ചെയ്തതു മുതല്‍, പിണറായി വിജയന്റെ കാലത്തെ സരിതാ നായരായി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷ് അവതരിപ്പിക്കപ്പെട്ടു. യുഡിഎഫ് മന്ത്രിസഭയിലെ ഒരു വിധം എല്ലാ മന്ത്രിമാര്‍ക്കുമെതിരെ ലൈംഗീക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയാണ് സരിത. അവരെ അധികാരത്തിലുളളവര്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരെ മാത്രമല്ല, ഒട്ടുമിക്ക മന്ത്രിമാരും ആരോപണ വിധേയരായി. സ്വര്‍ണകടത്ത് കേസുമായി അതിന് ഒരു സമാനതയുമില്ല. ഒരു കാര്യത്തില്‍ ഒഴിച്ച്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇവിടെയും ആരോപണ വിധേയമാണ് എന്നതില്‍; അന്താരാഷ്ട്ര മാനമുള്ള ഒരു ക്രിമിനൽ കേസാണിത്.

പക്ഷെ വാര്‍ത്തയെ കൊച്ചുവര്‍ത്തമാനമായി കാണാത്തവര്‍ക്കും ഒരു പ്രധാന വിഷയത്തെ, 'സ്വപ്ന സുന്ദരി ആരുടെയൊക്കെ ഉറക്കം കെടുത്തും' എന്ന തലക്കെട്ടില്‍ ചര്‍ച്ച നടത്തുന്നതിന് തടസ്സമില്ലെന്നും കേരളം കണ്ടു. മറ്റൊരു ചാനലില്‍ അവതാരകന്, നിങ്ങള്‍ ഇന്ന് നല്ല ഫോമിലാണെന്ന് ബിജെപി പ്രതിനിധിയെ ആവേശത്തിനിടയില്‍ അഭിനന്ദിക്കാതിരിക്കാനും കഴിഞ്ഞില്ല. സ്വപ്‌ന സുരേഷില്‍ കേന്ദ്രീകരിച്ച് അവരെ വിശേഷണ പദങ്ങള്‍ ചേര്‍ത്ത് അവതരിപ്പിച്ച്, ഏറ്റവും ഗുരുതരമായ സംഭവത്തെ കൊച്ചുവര്‍ത്തമാനത്തിന്റെ നിലവാരത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ചാനലുകള്‍ മല്‍സരിച്ചു. ഇത് ഒരു ഭാഗത്തുനിന്നുള്ള കാഴ്ച.

ഇനി മറ്റൊരു വശത്ത് നോക്കുമ്പോഴോ, രാഷ്ട്രീയ ശരിയുടെ ഉടുപ്പ് പെട്ടന്ന് എടുത്തണിഞ്ഞ് ഒരു സംഘം അവിടെയും നിലപാടുകള്‍ ഉറക്കെ പറയുന്നുണ്ട്. ഇടതുപക്ഷത്ത് കൂടെ നടക്കുന്നവരാണ് അവര്‍. മാധ്യമങ്ങളെ അപഹസിക്കലും, മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മനോവിര്യം തകര്‍ക്കലുമാണ് മാധ്യമ വിമര്‍ശനം എന്ന് കരുതുന്നവര്‍. ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം സിപിഎം നേതാക്കളെയും സര്‍ക്കാരിനെയും അഭിനന്ദിക്കലാണ് എന്ന് ശരിക്കും കരുതുന്ന ഒരു വലിയ വിഭാഗം ഇക്കൂട്ടത്തിലുണ്ട്. അപകടകരമായ ബോധക്കേടാണ് ഇവരുടെ മുഖമുദ്ര. കേരളത്തിലെ സാമൂഹ്യമാധ്യങ്ങളിലെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുന്നവരാണിവര്‍. സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ചുള്ള വാര്‍ത്തകളെ ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ആ വാര്‍ത്തകളില്‍ അടങ്ങിയ സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷെ സോളാര്‍ കേസ് കത്തി നിന്ന കാലത്ത് സരിതയുമായി ബന്ധപ്പെട്ട സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പ്രചാരണം നല്‍കിയതല്ലേ എന്ന ചോദ്യമൊന്നും ഇക്കൂട്ടരോട് ചോദിക്കരുത്; അവര്‍ക്ക് അത്തരം നിലപാടുകളൊന്നുമില്ല. ഒരു കൂട്ടത്തില്‍പെട്ടവരുടെ ആള്‍ക്കൂട്ട യുക്തികള്‍ക്കപ്പുറം ഇവരുടെ നിലപാടുകളിലെ ശരിയും തെറ്റും അന്വേഷിച്ചിട്ട് കാര്യമില്ല. എന്നിരുന്നാലും അവർ കേരളത്തിൽ വലിയൊരു സംഘം തന്നെയാണ്.

ഇതേക്കാള്‍ രസമാണ് മറ്റൊരു വിഭാഗം. വസ്തുതകളാണ്, അതിലപ്പുറമൊന്നുമില്ലെന്ന് അവർ ആവർത്തിച്ച് പറയും. ആ നിലപാടാണ് ഈ വിഭാഗം ശക്തമായി ഈ ദിവസങ്ങളില്‍ കൈകൊണ്ടത്.കേസില്‍ പ്രതിയാക്കപ്പെടാത്ത സ്വപ്‌ന സുരേഷിനെക്കുറിച്ച് ഒന്നും പറയുന്നത് തന്നെ ശരിയല്ലെന്ന് പറയുന്ന ശുദ്ധവാദികളുടെ വേഷമാണ് ഇവര്‍ക്ക് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കേസൊന്നും ഇല്ലാത്തതിനാല്‍ അതെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന പക്ഷക്കാരാണിവര്‍. കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ഈ നിലപാട് സ്വീകരിക്കുന്ന ഒരു പണ്ഡിതന്‍ പറയുന്നത് കേട്ടത്, ഐടി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സുതാര്യത വേണ്ടേ എന്ന കാര്യം മാത്രമാണ് ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നാണ്. ബാക്കിയൊക്കെ സെന്‍സേഷനിസവും വിവരക്കേടും ചേരുമ്പോള്‍ ഉണ്ടാകുന്ന അപവാദപറച്ചിലുകളാണ്. അത്തരം പരിപാടിക്ക് തന്നെ പോലുള്ളവര്‍ വേണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ചില സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, ജനങ്ങള്‍ ജീവതപ്രശ്‌നവുമായി തെരുവിലറങ്ങിയപ്പോള്‍, 'ഞാന്‍ അവിടെ പോയിട്ടുണ്ട്. എല്ലാ കണ്ടിട്ടുണ്ട് ഒരു പ്രശ്നവും അവിടെയില്ലെ'ന്ന് സര്‍ക്കാരിന് വേണ്ടി എഴുതിയ അതേ ലോജിക്കും അതേ സമര്‍പ്പണവും തന്നെയാണ് ഇവരില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്. മെയ്യഭ്യസത്തിൽ മുൻപ് പറഞ്ഞവരെക്കാൾ സമർത്ഥർ.

ഇല്ലാത്ത അവകാശങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് കരുതി തീര്‍പ്പുകല്‍പ്പിക്കുന്ന അവതാരകര്‍, വിഷയത്തിന്റെ വിവിധ മാനങ്ങളിലേക്ക് കടക്കാതെ, തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചോദ്യങ്ങളാക്കി ഉയര്‍ത്തുന്നവര്‍, നിഷ്പക്ഷതയുടെ കുടപിടിച്ച് ഇത്തവണയും സര്‍ക്കാരിന് വേണ്ടി എഴുതാനും പറയാനും വെമ്പുന്ന മറ്റ് ചിലര്‍... ഇവരാണ് ഈ ദിവസങ്ങളില്‍ കേരളത്തില്‍ നിറഞ്ഞുനിന്നത്. ഒരു ജനാധിപത്യ, രാഷ്ട്രീയ സമൂഹം എന്ന നിലയില്‍ കേരളം എവിടെ നില്‍ക്കുന്നുവെന്ന് ഇവരെ കണ്ടാല്‍ മനസ്സിലാകും. അധികാരത്തിലാരാണെന്ന് നോക്കി മോറല്‍ പോലീസിംഗിനെക്കുറിച്ചും, അതുപോലെ, ക്രിമിനല്‍ - രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ചും, പിന്നെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുമെല്ലാം നിലപാടെടുക്കുന്നവര്‍ തന്നെയാണ് സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വാര്‍ത്തകളുടെ കാലത്തും കേരളത്തില്‍ നിറഞ്ഞു നിന്നത്. അത് അടുത്തകാലത്തൊന്നും മാറുമെന്നും തോന്നുന്നില്ല

Next Story

Related Stories