TopTop
Begin typing your search above and press return to search.

സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ കീഴില്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഫലങ്ങൾ ഇന്ത്യ അനുഭവിക്കുകയാണ് - ശേഖര്‍ ഗുപ്ത എഴുതുന്നു

സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ കീഴില്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഫലങ്ങൾ ഇന്ത്യ അനുഭവിക്കുകയാണ് - ശേഖര്‍ ഗുപ്ത എഴുതുന്നു

ഇന്ത്യയിലെ ഭരണനിര്‍വഹണത്തെ കുറിച്ച് പ്രമുഖനും പ്രശസ്തനുമായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ വിലയിരുത്തല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജില്ല മജിസ്‌ട്രേറ്റ് (കളക്ടര്‍) എന്നി മൂന്ന് യന്ത്രങ്ങളുടെ ബലത്തിലാണ് അത് ഓടുന്നതെന്നാണ്. ഇത്രയും സുന്ദരമായ ഒരു വിശദീകരണത്തിന്റെ പേരില്‍ ആ വ്യക്തിയെ ഞാന്‍ അഭിനന്ദിക്കുമ്പോഴും വിവേകത്തിന്റെ കാര്യത്തില്‍ ഒരു തെറ്റ് ചെയ്യാനാണ് എനിക്ക് താല്‍പര്യം. അല്ലെങ്കിലും താഴെ വെളിപ്പെടുന്ന ഒരു വാദത്തിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?കൊറോണ വൈറസ് അടിയന്തരാവസ്ഥയുടെ കാലത്തേക്ക് വേണ്ടി കണ്ടെത്തിയ ഒരു വിശദീകരണമല്ല ഇത്. മറിച്ച് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു പ്രതിഭാസത്തിന് അടിവരയിടുന്നതിനായി ഉപയോഗിക്കപ്പെട്ടതാണ്. പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവരാണ നിയമം എന്നിവ നടപ്പിലാക്കിക്കൊണ്ട് സര്‍ക്കാരുകള്‍ പ്രത്യേക അധികാരങ്ങള്‍ നേടിയെടുത്തതോടെ ഇത് കുറച്ചുകൂടി വ്യക്തമായി.ഈ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ കാലത്ത് ഈ മൂന്ന് തട്ടിലുള്ള ഭരണക്രമം ഇന്ത്യയെ മികച്ച രീതിയില്‍ സേവിച്ചോ എന്നതാണ് നമ്മള്‍ ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട ചോദ്യം. അതോ, അസംഘടിത തൊഴിലാളി വര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും വിപരീതഫലം ഉളവാക്കുകയും അവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഉത്തരവാദിയാവുകയും ചെയ്‌തോ?1996 മുതല്‍ 2014 വരെയുള്ള കൂട്ടുകക്ഷി യുഗം അവസാനിച്ച 2014ലെ വേനല്‍ക്കാലത്തിന് ശേഷമാണ് ഈ പ്രധാനമന്ത്രി-മുഖ്യമന്ത്രി-ജില്ല മജിസ്‌ട്രേറ്റ് യുഗം ശക്തിപ്രാപിക്കാന്‍ തുടങ്ങിയത്.കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ മന്ത്രിമാരെ കുറിച്ചൊന്നും അധികമാരും കേള്‍ക്കുന്നില്ല. അവരില്‍ ഏറ്റവും മുതിര്‍ന്നവരായ സുരക്ഷയ്ക്ക് വേണ്ടിയുള്ള കാബിനറ്റ് സമിതിയിലുള്ളവരുടെ (സിസിഎസ്) കാര്യമെടുത്താല്‍ തന്നെ, ഇപ്പോള്‍ അമിത് ഷായെ ഒഴിച്ചുനിറുത്തിയാല്‍, മറ്റാരും കാര്യമായി കണക്കിലെടുക്കപ്പെടുന്നില്ല.കാബിനറ്റ് സംവിധാനം ക്ഷയിച്ചിരിക്കുന്നു. കൂട്ടുത്തരവാദിത്വത്തിന്റെയും ആഭ്യന്തര സംവാദത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും ആശയങ്ങള്‍ ക്ഷയിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.കാബിനറ്റില്‍ നിന്നും ഏകദേശം പൂര്‍ണമായും ഒളിച്ചുവെച്ചുകൊണ്ട് നോട്ട് നിരോധനം പോലുള്ള ഒരു വലിയ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുന്നു. ഇന്ദിര ഗാന്ധിയുടെ മന്ത്രിസഭയില്‍ നിങ്ങള്‍ക്ക് യഥേഷ്ടം അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാമായിരുന്നു എന്ന അര്‍ത്ഥത്തിലല്ല ഇത് പറയുന്നത്.പക്ഷെ ആ മുന്നണി സര്‍ക്കാര്‍ യുഗത്തിലും പ്രാദേശിക സ്വേച്ഛാധിപത്യങ്ങള്‍ ഉദിച്ചുയര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിത. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി, ആന്ധ്രയില്‍ വൈ എസ് രാജശേഖര റെഡ്ഢി, ഉത്തര്‍പ്രദേശില്‍ മായാവതി, പിന്നെ തീര്‍ച്ചയായും ഗുജറാത്തില്‍ നരേന്ദ്ര മോദിയും. ഇവരെല്ലാം ശക്തരായ മുഖ്യമന്ത്രിമാരായിരുന്നു. തങ്ങളുടെ മന്ത്രിമാര്‍ എത്ര അപ്രസക്തരും അധികാരമില്ലാത്തവരുമായി തീരുന്നു എന്നതാണ് അവരും ഇപ്പോഴത്തെ പ്രധാനമന്ത്രിയും തമ്മിലുള്ള പ്രധാന പൊതുസ്വഭാവം. തിരഞ്ഞെടുക്കപ്പെട്ട ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടെ എങ്ങനെ അധികാരം പ്രയോഗിക്കപ്പെടുന്നു എന്നതും മറ്റൊരു സമാനതയാണ്.1897ലെ പ്ലേഗിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഏറ്റവും വലിയ കോളനിയ്ക്കായി ബ്രിട്ടീഷുകാര്‍ രൂപം കൊടുക്കുകയും മധ്യകാല മാര്‍പ്പാപ്പമാരുടെ ഉത്തരവുകള്‍ പോലെ ശക്തിമത്തായ കൊടിയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതുമായ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കാന്‍ മഹാമാരി പശ്ചാത്തലമൊരുക്കി. എല്ലാ അധികാരങ്ങളും പൂര്‍ണമായി കേന്ദ്രീകരിക്കുന്ന സമീപകാലത്തെ ദുരന്ത നിവരാണ നിയമം വഴി അതിനെ കൂടുതല്‍ ബലപ്പെടുത്തിയിട്ടുമുണ്ട്.2004ലെ സുനാമിയുടെ പശ്ചാത്തലത്തില്‍ 2005ല്‍ അങ്ങനെയൊരു നിയമം പാസാക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സാഹചര്യം യുപിഎ മുന്‍കൂട്ടി കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടാണ് പഴയ വിവേകം നിലനില്‍ക്കുന്നത്: ഒരു മോശം നിയമം പ്രത്യേകിച്ചും ദ്രുതഗതിയില്‍ പാസാക്കുന്നതിന് മുമ്പ് നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം.സുനാമി പോലെ ഒന്നോ അല്ലെങ്കില്‍ രണ്ടോ അതുമല്ലെങ്കില്‍ കുറച്ചോ സംസ്ഥാനങ്ങളെ ബാധിക്കുന്നു ദുരന്തത്തെ കുറിച്ച് മാത്രമായിരുന്നിരിക്കണം നിയമത്തിന്റെ സൃഷ്ടാക്കള്‍ ചിന്തിച്ചിട്ടുണ്ടാവുക. ഇവിടെ ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നു. എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതിന് നിയമസാധുതയുള്ള ഒരു അവസരമായി ന്യൂഡല്‍ഹി അതിനെ കാണുന്നു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുമെങ്കിലും മിക്കപ്പോഴും എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കാതിരിക്കുകയും (കഴിഞ്ഞ തവണ അതിന് അവസരം നല്‍കിയിരുന്നു) അതേ സമയം തന്നെ താഴെത്തട്ടിലുള്ള പഞ്ചായത്ത് മുഖ്യന്മാരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും നേരിട്ടു സംസാരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് അധികാര കേന്ദ്രീകരണം സംഭവിക്കുന്നു.സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിളിച്ചു കൂട്ടുന്നത് ഒരര്‍ത്ഥത്തിലും അധാര്‍മ്മികമോ ഭരണഘടന വിരുദ്ധമോ അല്ലെങ്കിലും ആ നടപടി ഒരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നുണ്ട്: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെ അത് എവിടെ ഇരുത്തും? പ്രത്യേകിച്ചും, തുടര്‍ന്നു കൊണ്ടിരിക്കുന്ന തൊഴിലാളി ദുരന്തം പോലെയുള്ള അനിഷ്ടകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍. ആരാണ് ഉത്തരം പറയാന്‍ ബാധ്യസ്ഥരായിട്ടുള്ളത്? ആരാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുക?ഇവിടെ ഒരു വൈരുദ്ധ്യം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഈ രണ്ട് നിയമങ്ങളുടെ മിശ്രണവും ഭൂരിപക്ഷവും എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാക്കുമ്പോള്‍, മുഖ്യമന്ത്രിയുടെ സ്ഥാനം എന്തായിരിക്കും? നിങ്ങളുടെ മൂന്ന് യന്ത്രക്രമത്തോട് അത് എന്താണ് ചെയ്യുന്നത്?ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലേക്ക് ഒന്ന് ശ്രദ്ധ തിരിക്കൂ. സര്‍വാധികാരമുള്ള കേന്ദ്രത്തിന് കീഴില്‍ നിരവധി ചെറുകിട സ്വേച്ഛാധിപത്യങ്ങളും അഭിവൃദ്ധി പ്രാപിക്കും. രാഷ്ട്രീയ കക്ഷി അതിര്‍വരമ്പുകള്‍ക്ക് അപ്പുറമുള്ള ഒരു സാമാന്യ പ്രക്രിയയാണ് അത്. തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും പ്രദേശിക കക്ഷികളില്‍ നിന്നുള്ള ഇത്തരം സര്‍വാധികാരികളായ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ അധികാര സീമകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതേ നിയമങ്ങള്‍ തന്നെ ഉപയോഗിക്കുന്നു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഏകാംഗ നടനം കാഴ്ചവെക്കുന്നു. കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അധികാരങ്ങളുണ്ടായിട്ടും തങ്ങളുടേതായ വഴികളില്‍ അവര്‍ അതുമായി സഹകരിക്കുകയോ അല്ലെങ്കില്‍ ധിക്കരിക്കുകയോ ചെയ്യുന്നു. ഉദാഹരണത്തിന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് താക്കീത് ചെയ്തിട്ടും വളരെ കുറച്ച് പരിശോധനകള്‍ മാത്രമേ തെലുങ്കാനയും പശ്ചിമ ബംഗാളും നടത്തുന്നുള്ളൂ.തങ്ങളുടെ അവയവങ്ങളുടെ എണ്ണമെടുക്കുകയും അതിനെ 16 കൊണ്ട് ഹരിക്കുകയും ചെയ്യുന്നത് പോലെയാണ് ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ കൊറോണ വൈറസ് മരണങ്ങളുടെ കണക്കെടുക്കുന്നത്. കണക്ക് പരിശോധിച്ചിട്ടുണ്ടോ? ദ പ്രിന്റില്‍ അനീഷ ബേദി മേയ് 15ന് വെളിപ്പെടുത്തുകയും പിന്നീട് മറ്റുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്ത കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയാവും. കോണ്‍ഗ്രസുകാര്‍ ഇതില്‍ നിന്നും മുക്തരാണോ? അവര്‍ക്ക് ഒരുപാട് മുഖ്യമന്ത്രിമാരില്ലെങ്കിലും, കഴിഞ്ഞ 45 വര്‍ഷങ്ങള്‍ക്കിടയില്‍ എനിക്ക് അറിയാവുന്ന അദ്ദേഹത്തിന്റെ പൂര്‍വഗാമികളെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ഇപ്പോള്‍ പഞ്ചാബിലെ അമരീന്ദര്‍ സിംഗിനുണ്ട്.ന്യൂഡല്‍ഹിയില്‍ സമ്പൂര്‍ണ അധികാരം കൈയാളുന്നവരും സംസ്ഥാന തലസ്ഥാനങ്ങളില്‍ സമ്പൂര്‍ണ അധികാരങ്ങള്‍ കൈയാളുന്നവരും തമ്മിലുള്ള പുതിയ രാഷ്ട്രീയ ഉടമ്പടി വ്യാമോഹിപ്പിക്കുന്നതാണ്. വളരെ കുറച്ച് അധികാരങ്ങള്‍ മാത്രം കൈയാളുന്ന, മുതുകത്ത് 'അറവുമാട്' എന്ന് മുദ്രകുത്തപ്പെട്ട, തങ്ങളുടെ പരിമിതമായ സാമഗ്രികളിലേക്ക് ചുരുക്കപ്പെട്ട ശിവരാജ് സിംഗ് ചൗഹാനും, വിജയ് രൂപാണിയും ഉള്‍പ്പെടെയുള്ള ചില ബിജെപി നേതാക്കളോട് നമുക്ക് അനുകമ്പ തോന്നും. പക്ഷെ അവിടെയും, യോഗി ആദ്യനാഥ് തന്നെയാണ് അദ്ദേഹത്തിന്റെ യജമാനന്‍. ഒരു പരിധിവരെ ബി എസ് യദ്യൂരപ്പയും. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലും വിജയിക്കും എന്ന സ്വന്തം വിശ്വാസത്തിന്റെ പുറത്ത് നിതീഷ് കുമാര്‍ ഒരു അലങ്കോലപ്പെട്ട രാജ്യം ഭരിക്കുന്നു. ഒഢീഷയില്‍ നവീന്‍ പട്‌നായിക്കും.ഒറ്റ തൂലിക കൊണ്ട് ആലേഖനം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയ ഭൂപ്രദേശമാണ് നമ്മുടേത്. അത്തരത്തിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാന നിയമസഭയില്‍ തങ്ങളുടെ കക്ഷിക്ക് അഞ്ചില്‍ ഒന്ന് ശക്തിമാത്രമേ ഉള്ളൂവെങ്കിലും ഒരു അച്ഛന്റെയും മകന്റെയും സ്വേച്ഛാധിപത്യം പ്രതിന്ധിയില്‍ തന്നിഷ്ടം പ്രകടിപ്പിക്കുകയാണ്.ഇന്ത്യയുടെ വ്യാവസായി/സാമ്പത്തിക ചക്രം ചലിപ്പിക്കാനുള്ള ഉത്തരവാദിത്വം അവരുടെ കൈയിലായിരിക്കുകയും എന്നാല്‍ ആശയക്കുഴപ്പം പിടിച്ച ദുരന്തത്തിന് മുകളില്‍ അവര്‍ അടയിരിക്കുകയും ചെയ്യുന്നതിനാലാണ് തന്നിഷ്ടം എന്ന കടുത്ത പ്രയോഗം നമുക്ക് ആവശ്യമായി വരുന്നത്. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബെയാണ് ഇപ്പോള്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം. രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനോ സാമ്പത്തിക മേഖല വീണ്ടും തുറക്കുന്നതിനോ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. പിന്നെ നിങ്ങളുടെ മന്ത്രിസഭ എവിടെയാണ്? അയ്യോ, എന്റെ അച്ഛനോട്/മകനോട് ചോദിക്കൂ.ഈ ഘട്ടത്തിലാണ് നമ്മള്‍ ജില്ല കളക്ടര്‍മാരിലേക്ക് വരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന ദൗത്യ സംഘത്തിലൂടെ പ്രധാനമന്ത്രി ദേശീയ കോവിഡ് പോരാട്ടം നടത്തുന്നത് പോലെ തന്നെയാണ് സംസ്ഥാന തലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ ഇവരിലൂടെ നടത്തുന്നതും. കേന്ദ്രത്തില്‍ ആരോഗ്യ, ആഭ്യന്തര, കൃഷി, തൊഴില്‍ കാര്യങ്ങള്‍ വഹിക്കുന്ന സുപ്രധാന മന്ത്രിമാര്‍ രാജ്യത്തോട് (മാധ്യമങ്ങളെ കുറിച്ച് നമ്മള്‍ പരാതി പോലും പറയുന്നില്ല) സംസാരിക്കേണ്ട അവസരം പോലും ഒരിക്കലും വരാത്ത തലത്തേക്ക് ഇത് പോയിക്കഴിഞ്ഞു. സംസ്ഥാന മന്ത്രിസഭകളും എംഎല്‍എമാരും എന്ന പോലെ തന്നെ എംപിമാരും ഇപ്പോള്‍ അപ്രസക്തരായി കഴിഞ്ഞിരിക്കുന്നു.ഇത് അടിത്തട്ടിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പക്ഷെ യഥാര്‍ത്ഥമാണ്. യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, അടിത്തട്ടില്‍ നിന്നും വിദൂരതയിലിരിക്കുന്ന ആളുകള്‍ ഉത്തരവുകള്‍ എഴുതുകയും കൈമാറുകയും ചെയ്യുന്നു. അതുകൊണ്ടാണ് തിരുത്തലുകളും വിശദീകരണങ്ങളും കുന്നുകൂടുന്നത്. വെറും നാല് മണിക്കൂറിന്റെ ഇടവേളയില്‍ നടപ്പിലാവുന്ന ഒരു അടച്ചുപൂട്ടല്‍ മൂലം അന്തര്‍ സംസ്ഥാന തൊഴിലിലും തൊഴില്‍സേനയിലും സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളും ഭീതിയും മുന്‍കൂട്ടിക്കാണാന്‍ ഇത്രയും വിശാലമായ ഒരു ഭരണനിര്‍വഹണ ഘടനയിലെ ആര്‍ക്കും സാധിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ലുത്യന്‍ കെട്ടിടങ്ങളുടെയും ഭവനുകളുടെയും ഏകാന്തതയില്‍ ഇരുന്നാണ് അവര്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് മാത്രമേ അത് അര്‍ത്ഥമാക്കുന്നുള്ളൂ.അതുപോലെ തന്നെ, തൊഴില്‍ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളും (മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി) കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളും (ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്) ഇത് മുന്‍കൂട്ടി കാണുന്നതില്‍ തതുല്യമായി പരാജയപ്പെട്ടു. നേതൃത്വങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ സഹജാവബോധം ഏകദേശം മറക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ ജില്ല കളക്ടര്‍മാരെ പോലുള്ളവര്‍ക്ക് പൂര്‍ണമായും അത് ഏല്‍പ്പിച്ചു കൊടുക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത് സംഭവിക്കുന്നത്. അടച്ചുപൂട്ടലിന്റെ ആദ്യഘട്ടം അവസാനിച്ചതോടെ തിരക്കഥ കുറച്ചുകൂടി വികൃതമായി. കുഴപ്പം സംഭവിച്ചിടത്തൊക്കെ ആരുടെ മേലാണ് കുറ്റം ചാര്‍ത്തിയതെന്ന് നോക്കൂ. മഹാരാഷ്ട്രയും ഗുജറാത്തും തങ്ങളുടെ തലസ്ഥാന നഗരസഭകളെ നയിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. അവര്‍ കൂടുതല്‍ 'പരിശോധനകള്‍' നടത്തുന്നതുകൊണ്ടായിരുന്നു നടപടി എന്ന് സ്പഷ്ടമാണ്. ബിഹാര്‍ തങ്ങളുടെ ആരോഗ്യ സെക്രട്ടറിയെ നീക്കിയപ്പോള്‍, മധ്യപ്രദേശ് തങ്ങളുടെ ആരോഗ്യ സെക്രട്ടറിയെയും ആരോഗ്യ കമ്മീഷണറെയും മാറ്റി. പൂര്‍ണമായും ഭരണഘടനാപരവും നിയമസാധുതയുള്ളതുമായ ഈ മൂന്ന് തല സ്വേച്ഛാധിപത്യത്തിന്റെ കീഴില്‍ മഹാമാരിയെ നേരിടുന്നതിന്റെ ദൂഷ്യഫലങ്ങള്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു.


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories